ഭാര്യ നൽകിയ ഗാർഹിക പീഡനക്കേസിൽ സീരിയൽ താരം രാഹുൽ രവിക്ക് സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഭാര്യ ലക്ഷ്മി എസ്.നായർ നൽകിയ പരാതിയിൽ രാഹുലിനെതിരെ ചെന്നൈ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുൻകൂർ ജാമ്യം തേടി രാഹുൽ രവി കോടതിയിലെത്തിയത്.
രാഹുൽ ശാരീരികമായി ഉപദ്രവിച്ചുവെന്ന് ആരോപിച്ചാണ് ലക്ഷ്മി പരാതി നൽകിയത്. ഇക്കാര്യം ഉൾപ്പെടെയുള്ള വിവരങ്ങൾ ചെന്നൈ പൊലീസിന്റെ പ്രഥമവിവര റിപ്പോർട്ടിലുണ്ട്. രാഹുൽ ഒരു പെൺകുട്ടിക്കൊപ്പം സ്വന്തം അപാർട്ട്‌മെന്റിലുണ്ടെന്നു വിവരം ലഭിച്ച ലക്ഷ്മി, 2023 ഏപ്രിൽ 26 ന് അർധരാത്രിയിൽ പൊലീസിനും അപ്പാർട്ട്‌മെന്റ് അസോസിയേഷൻ അംഗങ്ങൾക്കുമൊപ്പം അവിടെയെത്തിയപ്പോൾ രാഹുലിനൊപ്പം ഒരു പെൺകുട്ടിയെ കണ്ടെന്നും ലക്ഷ്മിയെ രാഹുൽ മർദിക്കാറുണ്ടെന്നും എഫ്‌ഐആറിൽ പറയുന്നു.
പ്രണയത്തിലായിരുന്ന രാഹുലും ലക്ഷ്മിയും 2020ലാണ് വിവാഹിതരായത്. അതിനു ശേഷമാണ് പ്രശ്‌നങ്ങൾ തുടങ്ങിയതെന്നാണ് ലക്ഷ്മിയുടെ ആരോപണം. ലക്ഷ്മിക്കു മാനസിക വിഭ്രാന്തി ഉണ്ടെന്ന രാഹുലിന്റെ ആരോപണം തള്ളിയ മദ്രാസ് ഹൈക്കോടതി, നവംബർ 3ന് രാഹുലിന്റെ ജാമ്യം റദ്ദാക്കിയെന്നും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
മോഡലിങ്ങിൽനിന്ന് അഭിനയ രംഗത്തെത്തിയ രാഹുൽ 'പൊന്നമ്പിളി' എന്ന സീരിയലിലൂടെയാണ് ശ്രദ്ധ നേടുന്നത്. പിന്നീട് തമിഴ് സീരിയലിലും ശ്രദ്ധേയ സാന്നിധ്യമായി. ഇന്ത്യൻ പ്രണയകഥ, കാട്ടുമാക്കാൻ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഉദയ ടിവി, സൺ ടിവി നെറ്റ്‌വർക്കുകളിൽ സംപ്രേഷണം ചെയ്യുന്ന ബഹുഭാഷാ സീരിയലായ നന്ദിനി ഉൾപ്പെടേയുള്ള സീരിയലുകളിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരമാണ് രാഹുൽ രവി. സൺ ടിവിയിലെ 'കണ്ണനക്കണ്ണേ' ആയിരുന്നു അദ്ദേഹത്തിന്റെ അവസാന തമിഴ് പ്രോജക്റ്റ്.
മോഡലിങ്ങിൽനിന്ന് അഭിനയ രംഗത്തെത്തിയ വ്യക്തിയാണ് രാഹുൽ. ഫഹദ് ഫാസിൽ നായകനായ ഇന്ത്യൻ പ്രണയകഥ, കാട്ടുമാക്കാൻ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. രാഹുലും ലക്ഷ്മിയും വേർപിരിഞ്ഞന്ന തരത്തിൽ അടുത്തിടെ വാർത്തകൾ പുറത്ത് വന്നിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോൾ രാഹുലിനെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കിയ വാർത്ത പുറത്തുവന്നിരിക്കുന്നത്. പ്രണയം പറഞ്ഞുകൊണ്ടുള്ള പോസ്റ്റുകൾ പരസ്പരം പങ്കിട്ടിരുന്നുവെങ്കിലും ആ പോസ്റ്റുകൾ എല്ലാം ഇരുവരും സോഷ്യൽ മീഡിയയിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്.