കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ വൈറലായ ഒന്നായിരുന്നു അവതാരകയും നടിയും ആര്‍ജെയുമെല്ലാമായ വര്‍ഷ രമേശ് പങ്കുവെച്ചൊരു റീല്‍. 2025 എന്ന വര്‍ഷം തന്റെ ജീവിതത്തില്‍ കൊണ്ടുവന്ന നേട്ടങ്ങളും കോട്ടങ്ങളും മാറ്റങ്ങളുമായിരുന്നു ചെറിയ റീലില്‍ വര്‍ഷ അവതരിപ്പിച്ചത്. എന്നാല്‍ താന്‍ പങ്കുവെച്ച വീഡിയോയെ തുടര്‍ന്നുള്ള ചര്‍ച്ചകള്‍ അതിശയോക്തിപരമാണെന്നും നിലവില്‍ ഇതൊരു വലിയ വിഷയമായി താന്‍ കാണുന്നില്ലെന്നും വര്‍ഷ രമേശ് പറഞ്ഞിരിക്കുകയാണ്. ഏഷ്യാനെറ്റിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കരിയറില്‍ ഉയര്‍ച്ചകള്‍ ഉണ്ടായപ്പോഴും വ്യക്തിജീവിതത്തില്‍ നേരിട്ട നഷ്ടങ്ങളെക്കുറിച്ചായിരുന്നു വീഡിയോയില്‍ പ്രധാനമായും പരാമര്‍ശിച്ചിരുന്നത്. ഈ വീഡിയോ 2025-ന്റെ ഒരു റീക്യാപ്പ് എന്ന നിലയിലാണ് താന്‍ ചെയ്തതെന്ന് വര്‍ഷ രമേശ് അഭിമുഖത്തില്‍ വിശദീകരിച്ചു. 'ഒരു വര്‍ഷം അവസാനിക്കുമ്പോള്‍ നേട്ടങ്ങളെക്കുറിച്ച് പറയില്ലേ, അതിനുപകരമാണ് ഞാന്‍ ഇങ്ങനെ ഒരു വീഡിയോ ചെയ്തത്. എനിക്ക് ഇക്കഴിഞ്ഞ വര്‍ഷം നിരവധി ഉയര്‍ച്ചകളും താഴ്ച്ചകളും ഉണ്ടായിരുന്നു. അതാണ് ഞാന്‍ പറഞ്ഞത്,' അവര്‍ വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന തലക്കെട്ടുകള്‍ സൂചിപ്പിക്കുന്നതുപോലെ വലിയ പ്രശ്‌നങ്ങളൊന്നും നിലവിലില്ലെന്നും, പലരും ഇത് വളച്ചൊടിച്ച് പലരീതിയിലാക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇതിനോടൊന്നും താന്‍ പ്രതികരിക്കാതിരുന്നത് 'അവര്‍ ചെയ്യട്ടെ' എന്ന് കരുതിയാണെന്നും, ഇതൊന്നും ഇപ്പോള്‍ തനിക്ക് വലിയ വിഷയമല്ലെന്നും വര്‍ഷ രമേശ് പറഞ്ഞു. ഞാന്‍ അതിലൊന്നും പ്രതികരിക്കാത്തത് 'ലെറ്റ് ദം ഡൂ' എന്ന് വിചാരിച്ചിട്ടാണ്. അല്ലാതെ എനിക്ക് അതൊരു വലിയ ഇഷ്യൂ അല്ല ഇപ്പോള്‍. അത് എന്നെ അറിയാവുന്ന എല്ലാവര്‍ക്കും അറിയുന്ന കാര്യമാണെന്നും അവര്‍ വ്യക്തമാക്കി.
'ഇതൊക്കെ 2025-ന്റെ തുടക്കത്തിലുണ്ടായ ചില കാര്യങ്ങളാണ്. അതിനപ്പുറത്തേക്ക് ഇതൊരു വലിയ വിഷയമായി നിലവിലില്ല,' അവര്‍ വ്യക്തമാക്കി. പ്രശ്‌നങ്ങള്‍ വരുമ്പോള്‍ തളര്‍ന്നുപോകാതെ, സ്വയം മുന്നോട്ട് പോകാന്‍ പ്രേരിപ്പിക്കുകയാണെന്നും, മാനസികമായി ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്ത് മുന്നോട്ട് പോകുമ്പോള്‍ മൂഡ് മാറുമെന്നും വര്‍ഷ രമേശ് വിശദീകരിച്ചു. ജീവിതത്തില്‍ ആദ്യമായി ഉത്കണ്ഠയ്ക്കും പാനിക് അറ്റാക്കിനുമുള്ള മരുന്നുകള്‍ കഴിക്കാന്‍ തുടങ്ങിയ വര്‍ഷം 2025 ആണെന്ന് വീഡിയോയില്‍ പറഞ്ഞിരുന്നു. എന്നാല്‍, അത് ഇപ്പോഴും തുടരുന്നു എന്നല്ല ഇതിനര്‍ത്ഥമെന്നും, തെറാപ്പിക്ക് പോയിട്ടുണ്ടെന്നും വര്‍ഷ രമേശ് കൂട്ടിച്ചേര്‍ത്തു.
നമുക്ക് പ്രശ്‌നങ്ങള്‍ വരും, അപ്പോള്‍ ഡെസ്പ് ആയിട്ട് ഇരിക്കും. അത് കഴിഞ്ഞാല്‍ പിന്നെയും ഡെസ്പ് ആയിട്ട് ഇരിക്കാന്‍ പറ്റില്ലല്ലോ. താങ്ങാനൊന്നും അങ്ങനെ ഒരു ആളില്ലാത്തതുകൊണ്ട് നമുക്ക് പ്രശ്‌നം വന്നാല്‍ നമ്മള്‍ തന്നെ ഒറ്റയ്ക്ക് തരണം ചെയ്യണം. അപ്പോള്‍ ഞാന്‍ എന്നെ സ്വയം പുഷ് ചെയ്യും. മാനസികമായി ഓക്കെ അല്ലെങ്കിലും നമ്മള്‍ ചെയ്യേണ്ട കാര്യങ്ങള്‍ നമ്മള്‍ ചെയ്യുക. ചെയ്തു തുടങ്ങി കഴിഞ്ഞാല്‍ മൂഡ് പെട്ടെന്ന് മാറുമല്ലോ, എന്നുപറഞ്ഞാല്‍ നമ്മള്‍ വിഷമിച്ചിരിക്കുന്നത് കുറച്ചു കഴിയുമ്പോഴെക്കും ഭയങ്കര ഹാപ്പി ആയിട്ട് മാറും. അപ്പോള്‍ എനിക്ക് ചെയ്യാന്‍ തന്നെയേ ഉള്ളൂ. ഈ ഒരു വിഷമത്തിന്റെ കൂടെ തന്നെ നമ്മള്‍ നമ്മുടെ കാര്യങ്ങള്‍ ചെയ്ത് മൂവ് ഓണ്‍ ആവുക എന്നുള്ളതാണ് കാര്യം.
ഉത്കണ്ഠ, പാനിക് അറ്റാക്ക് തുടങ്ങിയവയ്ക്കുള്ള മരുന്നുകള്‍ ജീവിതത്തില്‍ ആദ്യമായി കഴിക്കാന്‍ തുടങ്ങിയ വര്‍ഷം എന്ന് പറഞ്ഞെങ്കിലും, അത് ഇപ്പോഴും തുടരുന്നു എന്നല്ല. തെറാപ്പിക്ക് ഒക്കെ പോയിട്ടുണ്ടായിരുന്നു. അത് ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍. ഒന്ന് രണ്ട് തവണ ഒക്കെ ഞാന്‍ പോയിട്ടുണ്ട്. പിന്നെ ഉത്കണ്ഠ എനിക്ക് ഉണ്ടായിരുന്ന സമയത്ത് അത് ഭയങ്കര ഇഷ്യൂ ആയ ഒരു സമയത്ത് ഡോക്ടറെ കണ്ട് മരുന്നു വാങ്ങിയിരുന്നു. അതല്ലാതെ എനിക്ക് അങ്ങനെ വേറെ വലിയ രീതിയിലോട്ട് അത് മാറേണ്ടി വന്നിട്ടില്ല. ചെറിയ രീതിയില്‍ ഒരു മെഡിക്കേഷന്‍ ഒക്കെ ഉണ്ടായിട്ടുള്ളൂ. ബാക്കിയൊക്കെ ഞാന്‍ ഓക്കെയാണ്. പിന്നെ എനിക്ക് മരുന്ന് പൊതുവേ കഴിക്കാന്‍ മടിയുള്ള കൂട്ടത്തിലാണ്. അതുകൊണ്ട് തന്നെ മരുന്ന് എഴുതി തന്നാലും ഞാന്‍ പൊതുവേ കഴിക്കില്ല. ഞാന്‍ പോകുമ്പോഴൊക്കെ എന്തെങ്കിലും എനിക്ക് തരും. പക്ഷെ ഞാന്‍ അത് കഴിക്കുന്നത് വളരെ കുറവാണ്. ഉത്കണ്ഠക്ക് ഞാന്‍ മരുന്ന് എടുത്തിട്ടുണ്ട്. അത് പിന്നെ എനിക്ക് അങ്ങനെ തുടരേണ്ടി വന്നിട്ടില്ല. അത് വലിയ കുഴപ്പമില്ലാതെ പോയി. അത് എന്തെങ്കിലും ഒരു ഭയങ്കരമായിട്ട് ഒരു സീന്‍ വരുന്ന സമയത്ത് ഉണ്ടാകുന്ന ഉത്കണ്ഠക്ക് അപ്പുറത്തേക്കൊന്നുമില്ല. പിന്നെ ഈ പറഞ്ഞ പോലെ അങ്ങനെ ഭയങ്കരമായിട്ട് ഫുള്‍ ടൈം ഡിപ്രഷനിലോട്ട് ഒന്നും പോയിട്ടില്ല.
ഞാന്‍ ഇന്ന് ഇപ്പോള്‍ മലപ്പുറത്ത് എന്റെ വീട്ടിലാണുള്ളത്. ഞാന് ഇങ്ങോട്ട് വരുന്ന സമയത്ത് എനിക്കൊരു ടെന്ഷനുണ്ടായിരുന്നു. കാരണം ഞാന് ചെയ്ത വീഡിയോ ഇങ്ങനെയൊക്കെ ന്യൂസിലൊക്കെ വന്നു. അപ്പോള്‍ ഫാമിലിക്ക് അതൊരു ബുദ്ധിമുട്ടായോ എന്ന് സംശയിച്ചു. പക്ഷേ എന്റെ വീട്ടില് വന്നപ്പോള്‍ അവര് നേരെ തിരിച്ചാണ് റിയാക്ട് ചെയ്തത്. അവര് ഭയങ്കര ചില്ലയായിട്ടാണ് ഇത് എടുത്തത്. അച്ഛന്റെ ഫ്രണ്ട്‌സ് ആണെങ്കിലും വര്‍ഷ നന്നായിട്ട് വീഡിയോ ചെയ്തിട്ടുണ്ട് എന്നാണ് പറഞ്ഞത്. പിന്നെ എന്നെ അറിയാവുന്നവര്‍ക്ക് ഈ കാര്യങ്ങളെ കുറിച്ച് ധാരണയുണ്ട്. ഞാന്‍ എന്താണ് ആ വീഡിയോയില്‍ പറഞ്ഞതെന്നും, എന്താണ് സത്യാവസ്ഥയെന്നും ധാരണയുണ്ടായിരുന്നു. പിന്നെ മീഡിയ ഇങ്ങനെ പലതും എഴുതിയിടും എന്നുള്ള കാര്യവും വീട്ടുകാര്‍ക്ക് അറിയാം. അതുകൊണ്ട് എന്റെ വീട്ടില്‍ ഇത് ഒട്ടും അഫക്ട് ചെയ്തിട്ടില്ല എന്നുള്ളതാണ് സത്യം. ഞാന്‍ ചെയ്ത കണ്ടെന്റ് എന്താണെന്ന് പൂര്‍ണ്ണമായിട്ടും അച്ഛനും അമ്മയ്ക്കും അറിയാം. അപ്പോള്‍ അതില്‍ നിന്ന് അവിടുന്നും ഇവിടുന്നും എടുത്തിട്ടുള്ള ഒരു ഭാഗം മാത്രം എടുത്ത് ന്യൂസ് ഇടുന്നുണ്ടെങ്കില്‍, അവര്‍ അത് മൈന്‍ഡ് ചെയ്യില്ല.
ഇത്തരത്തില്‍ വാര്‍ത്തകള്‍ വരുമ്പോള്‍ വേറൊരാളെയും കൂടി അതില്‍ പിടിച്ചിടുകയാണ് ചെയ്യുന്നത്. കുറേ നാള്‍ മുമ്പ് റെഡ്ഡിറ്റില്‍ ഇങ്ങനെ കുറെ ആള്‍ക്കാര്‍ എന്തൊക്കെയോ എഴുതിയെന്ന് സുഹൃത്തുക്കള്‍ പറഞ്ഞറിഞ്ഞു. ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും ഫോളോ ചെയ്യുന്നില്ല, ഫോട്ടോസ് ഡിലീറ്റ് ചെയ്തു എന്നൊക്കെയായിരുന്നു ആരോപണങ്ങള്‍. ഞാന്‍ അന്ന് ഒന്നും പറയാത്തതിന് കാരണം ഇവര്‍ക്ക് ഇതില്‍ കൂടുതല്‍ ഈ വിഷയത്തെ പറ്റിയൊന്നും എഴുതാനോ പറയാനോ പറ്റില്ലല്ലോ. ഞാനീ വീഡിയോയില് ഇങ്ങനെ ഒരു കാര്യം മെന്ഷന് ചെയ്തതുകൊണ്ടാണ് പണ്ട് അവര്ക്ക് തോന്നിയ കാര്യവും കൂടി ചേര്‍ത്ത് ഇങ്ങനെ ഓരോ വാര്‍ത്തകള്‍ വരുന്നത്. ഇത് ഞങ്ങളുടെ വ്യക്തിപരമായ കാര്യമല്ലേ.. അതുകൊണ്ട് എനിക്ക് എന്തായാലും ഇതേക്കുറിച്ച് ഇപ്പോള്‍ എവിടെയും പറയാന്‍ ഉദ്ദേശമില്ല. കാരണം അത് രണ്ടുപേരെയും ബാധിക്കുന്ന കാര്യങ്ങളാണ്. അപ്പോള്‍ അത് പറയേണ്ട ആവശ്യമില്ലല്ലോ' - വര്‍ഷ വ്യക്തമാക്കി.