ആര്‍ജെ, വിജെ, എഴുത്തുകാരി, അവതാരക എന്നീ പദവികളില്‍ തിളങ്ങിയ അശ്വതി ശ്രീകാന്ത് വ്യത്യസ്തമായ അവതരണ ശൈലി കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. റേഡിയോ ജോക്കിയായിരുന്ന അശ്വതി കോമഡി സൂപ്പര്‍ നൈറ്റില്‍ അവതാരകയായി എത്തിയാണ് ശ്രദ്ധ നേടിയത്. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരം ഏറെ സജീവമാണ്. എന്നാൽ ഇപ്പോൾ താരം പങ്കുവച്ച ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
അശ്വതിയുടെ കുറിപ്പ്
ഏറ്റവും നല്ല മകള്‍, ഏറ്റവും നല്ല പെങ്ങള്‍, ഏറ്റവും നല്ല കൂട്ടുകാരി, ഏറ്റവും നല്ല കാമുകി, ഭാര്യ, അമ്മ, മരുമകള്‍, ഏറ്റവും നല്ല ഉദ്യോഗസ്ഥ.. അങ്ങനെയാവാന്‍ ആയിരുന്നു ആഗ്രഹം. അങ്ങോട്ടേക്കെത്താനുള്ള കൈകാലിട്ടടി മാത്രമായിരുന്നു ജീവിതം. എന്നിട്ടോ? പോരാ, കുറച്ച് കൂടി സമയം ഞങ്ങള്‍ക്ക്, കുറച്ച് കൂടി അദ്ധ്വാനം ഞങ്ങള്‍ക്ക്, കുറച്ചു കൂടി പരിഗണന ഞങ്ങള്‍ക്ക്, കുറച്ച് കൂടി ശ്രദ്ധ ഞങ്ങള്‍ക്ക്, കുറച്ച് കൂടി ‘നിന്നെ’ ഞങ്ങള്‍ക്ക് വേണമെന്ന് ചുറ്റുമുള്ളവര്‍ നിരന്തരം ഓര്‍മ്മിപ്പിച്ചു, പരാതിപ്പെട്ടു, പരിഭവിച്ചു… !
നല്ലതെന്ന് പറയിപ്പിക്കല്‍ മാത്രം അല്ല ജീവിതം എന്ന് അപ്പോഴാണ് എനിക്ക് വെളിപാട് ഉണ്ടായത്. നാളെയോടി എത്തേണ്ട ഇടങ്ങളോര്‍ത്ത് ഭാരം പേറിയ നെഞ്ചിന്, തല പിളര്‍ക്കുന്ന വേദനയുമായി ഉറങ്ങാന്‍ പോയ രാത്രികള്‍ക്ക്, തൊട്ടാല്‍ പുളയുന്ന പിന്‍ കഴുത്തിലെ കല്ലിപ്പുകള്‍ക്ക്, താണു പോയ കണ്‍തടങ്ങള്‍ക്ക്, ആരാണ് നന്ദി പറഞ്ഞിട്ടുള്ളത്. പോട്ടെ, ആഗ്രഹിച്ചിട്ട് പോകാതിരുന്ന യാത്രകളെ, മാറ്റി വച്ച നൂറ് നൂറ് സന്തോഷങ്ങളെ കടമ എന്നല്ലാതെ ആരാണ് വിശേഷിപ്പിച്ചിട്ടുള്ളത്?
അങ്ങനെയാണ് ‘പെര്‍ഫെക്റ്റ്’ ആവാനുള്ള ശ്രമം ഉപേക്ഷിച്ച് ‘പറ്റും പോലെ’ മാത്രം ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചത്. അതാണ് ഞാന്‍ എന്നോട് കാണിച്ച ഏറ്റവും വലിയ നീതിയും. എല്ലാരുടേം പരാതി തീര്‍ത്തിട്ടൊന്നും ജീവിക്കാന്‍ പറ്റൂല്ലടീന്ന് ഇന്ന് രാവിലെ കൂടെ പറഞ്ഞ അമ്മയ്ക്കും ശരീരം കൊണ്ടോ മനസ്സ് കൊണ്ടോ സ്ത്രീകളായ സകലര്‍ക്കും വനിതാ ദിന ആശംസകള്‍. ഒപ്പം നിന്ന് ഈ യാത്ര മനോഹരമാക്കുന്ന പുരുഷന്മാരോട് സ്നേഹം..’