ഫ്‌ളവേഴ്‌സ് ചാനലിലെ ജനപ്രിയ പരമ്പരയായ ഉപ്പും മുളകിലേക്ക് നടന്‍ ബിജു സോപാനം തിരിച്ചെത്തുന്നുവെന്ന് സൂചന. 'ലൊക്കേഷന്‍' എന്ന ഹാഷ്ടാഗോടെ ഉപ്പും മുളകും താരങ്ങള്‍ക്കൊപ്പം പങ്കുവെച്ച ചിത്രമാണ് നടന്റെ തിരിച്ചുവരവിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. ഉപ്പും മുളകില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അല്‍സാബിത്ത്, ശിവാനി, നന്ദൂട്ടി, കലാദേവി എന്നിവര്‍ക്കൊപ്പമുള്ള ചിത്രമാണ് ബിജു സോപാനം പങ്കുവെച്ചത്. എന്നാല്‍, പരമ്പരയിലേക്കുള്ള താരത്തിന്റെ തിരിച്ചുവരവിനെ കുറിച്ചുള്ള ഔഗ്യോഗിക അറിയിപ്പുകള്‍ ഇതുവരെ വന്നിട്ടില്ല. എങ്കിലും, ആരാധകര്‍ ഇക്കാര്യം ഉറപ്പിച്ചു കഴിഞ്ഞു
ഉപ്പും മുളകും താരങ്ങളായ ബിനോജ് കുളത്തൂര്‍, അമേയ എന്നിവരും മിനിസ്‌ക്രീന്‍ താരങ്ങളായ സ്‌നേഹ ശ്രീകുമാര്‍, അമൃത നായര്‍ തുടങ്ങിയ താരങ്ങളും പോസ്റ്റിന് താഴെ കമന്റുകള്‍ പങ്കുവെച്ച് സന്തോഷം അറിയിച്ചു. ലൊക്കേഷന്‍ എന്ന ഹാഷ്ടാഗോടെയാണ് ബിജു സോപാനം പുതിയ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
'ഇനി നീലു അമ്മയും കൂടി തിരിച്ചു വരണം' എന്നാണ് മറ്റൊരാളുടെ കമന്റ്. 'തിരിച്ചു വന്നോ. ഇത്രേം നാള്‍ നാഥനില്ലാ കളരി ആയിരുന്നു. ബാലു അച്ഛന്റെ തിരിച്ചു വരവ് പ്രതീക്ഷിച്ചു'', എന്ന് ഒരാളും കമന്റിട്ടു. 'ഈയൊരു തിരിച്ചുവരവ് കാണാന്‍ എത്ര നാളായി കാത്തിരിക്കുകയാണ്'എന്നാണ് മറ്റൊരു കമന്റ്.
ഉപ്പും മുളകും പരമ്പരയില്‍ അഭിനയിച്ചിരുന്ന പ്രമുഖ നടി ബിജു സോപാനത്തിനും നടന്‍ എസ് പി ശ്രീകുമാറിനുമെതിരെ ലൈംഗികാതിക്രമത്തിന്റെ പേരില്‍ കേസ് കൊടുത്തിരുന്നു. ഇതേത്തുടര്‍ന്നാണ് ഇരുവരും സീരിയലില്‍ നിന്ന് വിട്ടുനിന്നത്. പരാതി വ്യാജമാണെന്നും അത് തെളിയിക്കുമെന്നും ഇരുവരും നേരത്തെ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതുവരെ 2000 എപ്പിസോഡുകള്‍ ഉപ്പും മുളകും പൂര്‍ത്തിയാക്കി കഴിഞ്ഞു.
പരമ്പരയുടെ മൂന്നാം സീസണാണ് ഇപ്പോള്‍ നടക്കുന്നത്. പ്രധാന കഥാപാത്രങ്ങളായ ബിജു സോപാനം, നിഷ സാരംഗ് എന്നിവര്‍ പരമ്പരയില്‍ നിന്നും വിട്ടുനിന്നതിനെ തുടര്‍ന്ന് അല്‍സാബിത്ത്, ജൂഹി റുസ്തഗി, ശിവാനി മേനോന്‍, ബേബി അമേയ എന്നിവരുടെ കഥാപാത്രങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ കഥ മുന്നോട്ട് പോകുന്നത്.