എടുത്തുചാട്ടക്കാരനെന്ന് വിശേഷിപ്പിക്കാവുന്ന ബിഗ്‌ബോസ് മത്സരാര്‍ഥിയാണ് ഷിയാസ്. കേരളമെങ്ങും പ്രളയക്കെടുതിയിലാണെന്ന വിവരം മോഹന്‍ലാല്‍ പറഞ്ഞതോടെ ഷിയാസ് വളരെ ടെന്‍ഷനിലായിരുന്നു. മറ്റു മത്സരാര്‍ഥികള്‍ക്ക് തങ്ങളുടെ വീട്ടുകാരുമായി സംസാരിക്കാന്‍ അവസരം കിട്ടിയപ്പോള്‍ ഷിയാസിന്റെ വീട്ടുകാരുമായി കണക്ട് ചെയ്യാന്‍ ബിഗ്‌ബോസിനോട് സാധിക്കാതെ പോയതാണ് ഷിയാസിനെ വിഷമിപ്പിച്ചത്.
കേരളമാകെ വിറപ്പിച്ച മഴക്കെടുതി ബിഗ്‌ബോസ് കുടുംബാംഗങ്ങളെ ടെന്‍ഷന്‍ അടിപ്പിച്ചത് ചില്ലറയൊന്നുമല്ല. ഏറ്റവും കൂടുതല്‍ ഭയപ്പെട്ടത് ഷിയാസാണ്. പെരുമ്പാവൂരിലെ തന്റെ കുടുംബത്തിന്റെ അവസ്ഥയെക്കുറിച്ചോര്‍ത്ത് താരം വളരെ ഭയപ്പെട്ടു.തന്റെ വീട്ടിലും വെള്ളം കയറിയിട്ടുണ്ടാകുമെന്നും അവിടെ എന്തായിരിക്കും അവസ്ഥയെന്നുമറിയാതെ ഷിയാസ് വളരെ അസ്വസ്ഥനായി. ടാസ്‌ക്കിനിടയിലും ഉമ്മയെ വിളിക്കണമെന്ന് താരം ആവര്‍ത്തിച്ചിരുന്നു. മറ്റുള്ളവര്‍ കുടുംബാംഗങ്ങളുടെ ശബ്ദം കേട്ട സന്തോഷത്തിലിരിക്കുമ്പോള്‍ താരം പരിഭ്രാന്തനാകുകയും ചെയ്തു. ടെന്‍ഷന്‍ കാരണം തനിക്ക് ഉറങ്ങാനായിരുന്നില്ലെന്നാണ് താരം കഴിഞ്ഞ ദിവസം പറഞ്ഞത്. അദ്ദേഹത്തിന്റെ ടെന്‍ഷനെക്കുറിച്ച് മനസ്സിലാക്കിയ അനൂപ് അദ്ദേഹത്തെ ആശ്വസിപ്പിക്കാനും വിഷയം മാറ്റാനുമൊക്കെ ശ്രമിച്ചിരുന്നു. എന്നാല്‍ ഉമ്മയുടെ ശബ്ദം കേള്‍ക്കാതെ തനിക്ക് ആശ്വാസമാകില്ലെന്നായിരുന്നു താരം പറഞ്ഞത്.
ഷിയാസിന്റെ ഉമ്മയെ വിളിക്കാനായി ബിഗ്‌ബോസ് അണിയറപ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നുവെങ്കിലും ലൈനില്‍ കിട്ടിയിരുന്നില്ലെന്നും ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. പിന്നീട്, ഷിയാസിനോട് കണ്‍ഫെഷന്‍ റൂമിലേക്ക് എത്താന്‍ ബിഗ് ബോസ് നിര്‍ദേശിച്ചപ്പോള്‍ ഭയന്നാണ് ഷിയാസ് അവിടേക്ക് എത്തിയത്. എന്നാല്‍ ആശ്വാസകരമായ വാര്‍ത്തയായിരുന്നു താരത്തെ കാത്തിരുന്നത്. വീട്ടില്‍ എല്ലാവരും സുരക്ഷിതരായിരിക്കുന്നുവെന്നും അതേക്കുറിച്ച് ഇനി ആശങ്കപ്പെടേണ്ടതില്ലെന്നും ബിഗ് ബോസ് അറിയിച്ചു. പിന്നാലെ ഉമ്മയുടെ ശബ്ദമെത്തി. തനിക്കും വീട്ടുകാര്‍ക്കും ഒന്നും സംഭവിച്ചിട്ടില്ലെന്നും ഇക്കാര്യത്തെക്കുറിച്ച് ഓര്‍ത്ത് പേടിക്കണ്ടെന്നും ഉമ്മ പറഞ്ഞു. തന്റെ വീട്ടില്‍ വെള്ളം കയറിയിട്ടില്ലെന്നും മറ്റുള്ളവരോടൊപ്പം ഉമ്മ ഇപ്പോള്‍ ക്യാംപിലാണെന്നും എല്ലാവരും സുരക്ഷിതരാണെന്ന് ഉമ്മ അറിയിച്ചുവെന്നും താരം പറഞ്ഞതോടെയാണ് ബിഗ്‌ബോസ് മത്സരാര്‍ഥികള്‍ക്കും ആശ്വാസമായത്.