100 ദിവസത്തിലേക്ക് എത്താന്‍ ഇനി ഏതാനും ദിവസങ്ങള്‍ കൂടി മാത്രം ബാക്കിയുളളപ്പോഴാണ് ബിഗ്‌ബോസിന് അപ്രതീക്ഷിതമായി അവസാനം ഉണ്ടായത്. ബിഗ്‌ബോസ് താത്കാലികമായി അവസാനിപ്പിക്കുകയാണ് എന്ന് അണിയറ പ്രവര്‍ത്തകരും പ്രേക്ഷകരുമടക്കം നേരത്തെ അറിഞ്ഞപ്പോള്‍ വരാന്‍ പോകുന്ന വലിയ വാര്‍ത്തയെക്കുറിച്ച് യാതൊരു ധരണയുമില്ലാതെയാണ് അവര്‍ പത്തുപേര്‍ ആ വീട്ടില്‍ കഴിഞ്ഞത്. ആര്യ, പാഷാണം ഷാജി, ഫുക്രു, രഘു, എലീന, സുജോ, അലസാന്‍ഡ്ര, ദയ, അഭിരാമി അമൃത എന്നിവരാണ് ഷോയില്‍ അവസാനിച്ചിരുന്നവര്‍.
ബിഗ് ബോസ് ഷോ നമ്മള്‍ താത്കാലികമായി നിര്‍ത്തുകയാണ്. മോഹന്‍ലാല്‍ പറഞ്ഞ ഈ വാക്കുകള്‍ കേട്ടപ്പോള്‍ അധികം അമ്പരപ്പൊന്നും മത്സരാര്‍ഥികളില്‍ കണ്ടില്ല. അതിനെക്കാള്‍ വലുതായിരുന്നു പുറത്ത് കൊവിഡ് 19 രോഗാവസ്ഥയെക്കുറിച്ച് അറിഞ്ഞപ്പോഴുളള അവരുടെ ഞെട്ടല്‍. മത്സരബുദ്ധിയെല്ലാം വീടിനകത്ത് ഉപേക്ഷിച്ച് പുറത്തിറങ്ങിയാല്‍ തങ്ങള്‍ ഒരുമിച്ച് രോഗപ്രതിരോധത്തിനായി പരിശ്രമിക്കും എന്നായിരുന്നു ഇവരുടെ വാക്കുകള്‍.
തീരുമാനം അറിയിച്ച് മോഹന്‍ലാല്‍ യാത്രയായതിനു പിന്നാലെ ഒന്നിച്ചു സൗഹൃദം പങ്കിട്ട ഇവര്‍ ബിഗ് ബോസുമായി രൂപപ്പെട്ട ആത്മബന്ധവും മറച്ചു വെച്ചില്ല. അവസാനമായി ബിഗ് ബോസിന്റെ ശബ്ദം അവര്‍ക്കു ചുറ്റും മുഴങ്ങിക്കേട്ടു- ഇത് തികച്ചും അപ്രതീക്ഷിതമായ വേര്‍പാടാണ്. പക്ഷെ അനിവാര്യവുമാണ്. സംഭവബഹുലമായി കടന്നു പോയ ദിവസങ്ങളില്‍ പലപ്പോഴും പല അസുഖങ്ങളും ഇവിടെ കടന്നു വന്നു. അതിനെ എല്ലാം അതിജീവിച്ച് മുന്നോട്ടു പോകുന്ന ഈ അവസരത്തിലാണ് കൊറോണ വൈറസ് എന്ന വിപത്ത് ലോകം മുഴുവന്‍ വ്യാപിക്കുന്നത്. എല്ലാവരും ആരോഗ്യം വളരെയധികം ശ്രദ്ധിക്കുക, ജാഗ്രതയോടെ സുരക്ഷിതരായി ഇരിക്കുക. ഈ സാഹചര്യത്തില്‍ നിങ്ങള്‍ ഈ ബിഗ് ബോസ് വീടിനോട് വിട പറയുകയാണ്. ഒപ്പം നിങ്ങളെ കണ്ടുകൊണ്ടും കേട്ടുകൊണ്ടും നിങ്ങളുടെ സ്വന്തമായി മാറിയ ഈ ശബ്ദവും. ഇത് നിങ്ങളുടെ ബിഗ് ബോസ്.'', ബിഗ് ബോസ് പറഞ്ഞവസാനിപ്പിച്ചപ്പോള്‍ വി ലവ് യൂ എന്ന ആരവത്തോടെയാണ് മത്സരാര്‍ഥികള്‍ ആ വാക്കുകള്‍ എതിരേറ്റത്.
മത്സരാര്‍ഥികള്‍ എല്ലാവരും ഒന്നിച്ച് എഴുന്നേറ്റ് കൈകള്‍ കോര്‍ത്തു പിടിച്ച് ബിഗ് ബോസിനു നന്ദി പറയുകയായിരുന്നു. 'ഈ കഴിഞ്ഞ 74 ദിവസങ്ങളില്‍, ഞങ്ങളുടെ കൂടെ, ഞങ്ങളുടെ എല്ലാമെല്ലാം ആയി, ഞങ്ങളുടെ വലിയ മുതലാളിയായി, ഞങ്ങളെ എല്ലാവരെയും ഒരുപോലെ എല്ലാ മൂഡ് സ്വിങ്സും സഹിച്ച് ഞങ്ങളുടെ വഴക്കും വക്കാണവും കളി, ചിരി, കുസൃതി, ബഹളം എല്ലാം സഹിച്ച് ഞങ്ങളുടെ കൂടെ തഗ്ഗായിട്ട് നിന്ന ഞങ്ങളുടെ പൊന്നു ബിഗ് ബോസേ, വി ലവ് യൂ.' എല്ലാവര്‍ക്കും വേണ്ടി ആര്യ പറഞ്ഞു.