Latest News

പുഞ്ചിരിക്കുന്ന ചിത്രം പങ്ക് വച്ച് ഹരീഷ് കണാരന്‍; ബാദുഷയ്ക്കുള്ള മറുപടിയോ എന്ന ചോദ്യവുമായി സോഷ്യല്‍മീഡിയ; നടന് അവസരങ്ങള്‍ നഷ്ടപ്പെട്ടത് സ്വഭാവം കൊണ്ടെന്ന വെളിപ്പെടുത്തലുമായി ബാദുഷ

Malayalilife
 പുഞ്ചിരിക്കുന്ന ചിത്രം പങ്ക് വച്ച് ഹരീഷ് കണാരന്‍; ബാദുഷയ്ക്കുള്ള മറുപടിയോ എന്ന ചോദ്യവുമായി സോഷ്യല്‍മീഡിയ; നടന് അവസരങ്ങള്‍ നഷ്ടപ്പെട്ടത് സ്വഭാവം കൊണ്ടെന്ന വെളിപ്പെടുത്തലുമായി ബാദുഷ

ചലച്ചിത്ര താരം ഹരീഷ് കണാരന്റെ ആരോപണത്തിന് മറുപടി നല്കി നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍ എം ബാദുഷ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കടം വാങ്ങിയ പണം തിരികെ ചോദിച്ചപ്പോള്‍ സിനിമയില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ശ്രമിച്ചു എന്നായിരുന്നു ഹരീഷിന്റെ ആരോപണം.

ബാദുഷ ഉന്നയിച്ച കടുത്ത ആരോപണങ്ങള്‍ക്കും നിയമനടപടി ഭീഷണികള്‍ക്കും ഇടയില്‍ പുഞ്ചിരിക്കുന്ന ചിത്രം പങ്കുവച്ച് മറുപടി നല്‍കിയിരിക്കുകയാണ് നടന്‍ ഹരീഷ് കണാരന്‍. വാക്കുകള്‍ കൊണ്ടുള്ള വാക്‌പോരിന് നില്‍ക്കാതെ സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവച്ച ചിത്രം ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഹരീഷിന് പിന്തുണയുമായി നിരവധി ആരാധകരും സഹപ്രവര്‍ത്തകരുമാണ് രംഗത്തെത്തിയിരിക്കുന്നത്.

നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍.എം. ബാദുഷ തന്നില്‍ നിന്ന് 20 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നും സിനിമകളില്‍ നിന്ന് തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുന്നുവെന്നും ഹരീഷ് കണാരന്‍ നേരത്തെ ആരോപിച്ചിരുന്നു. ഇതിനെതിരെ കൊച്ചിയില്‍ വാര്‍ത്താസമ്മേളനം വിളിച്ച ബാദുഷ, ആരോപണങ്ങള്‍ പൂര്‍ണ്ണമായും തള്ളി. 20 ലക്ഷമല്ല, മറിച്ച് 14 ലക്ഷം രൂപയാണ് താന്‍ വാങ്ങിയതെന്നും അതില്‍ 7 ലക്ഷം രൂപ തിരികെ നല്‍കിയെന്നും ബാദുഷ വ്യക്തമാക്കി. ബാക്കി തുക ഹരീഷിന്റെ സിനിമകള്‍ക്ക് വേണ്ടി കഴിഞ്ഞ 5 വര്‍ഷമായി താന്‍ ചെയ്ത സേവനങ്ങള്‍ക്കുള്ള പ്രതിഫലമായി കണ്ടുവെന്നും അദ്ദേഹം പറഞ്ഞു.

തന്റെ കുടുംബത്തിന് നേരെ സൈബര്‍ ആക്രമണം നടക്കുന്നുവെന്നും മക്കള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്നും ബാദുഷ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഹരീഷിനെതിരെയും തനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെയും പൊലീസില്‍ പരാതി നല്‍കിയതായി അദ്ദേഹം അറിയിച്ചു.;സത്യം ഒരു ദിവസം വെളിച്ചത്ത് വരും; എന്നായിരുന്നു പരാതിയുടെ രസീത് പങ്കുവെച്ച് അദ്ദേഹം കുറിച്ചത്.  ഇതിനു പിന്നാലെയാണ് തന്റെ പുഞ്ചിരിക്കുന്ന ചിത്രവുമായി ഹരീഷ് കണാരന്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയത്.

ബാദുഷയുടെ വാക്കുകള്‍: ഹരീഷ് കണാരന്‍ കഴിഞ്ഞ ഒന്നര മാസം മുന്‍പ് നടത്തിയ പ്രസ്താവന മൂലം എനിക്കും എന്റെ കുടുംബത്തിനും വലിയ വിഷമം ഉണ്ടായി. സമൂഹ മാധ്യമങ്ങളില്‍ എന്ത് പോസ്റ്റിട്ടാലും അതിനടിയില്‍ അനാവശ്യമായ കമന്റുകളാണ് വരുന്നത്. പ്രതികരിക്കേണ്ട എന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ഓരോ ദിവസവും കഴിയുമ്പോള്‍ കാര്യങ്ങള്‍ വഷളായി കൊണ്ടിരിക്കുകയാണ്. പിടിച്ചുനില്‍ക്കാന്‍ കഴിയാത്തതുകൊണ്ടാണ് കാര്യങ്ങള്‍ തുറന്നു പറയാന്‍ തീരുമാനിച്ചത്. 

കടം മേടിച്ച തുക തിരിച്ചു നല്‍കാത്തതിന്റെ പേരില്‍ എആര്‍എം സിനിമയില്‍ നിന്ന് പുറത്താക്കിയെന്നാണ് ഹരീഷ് കണാരന്റെ ആരോപണം. ആര്‍ട്ടിസ്റ്റുകള്‍ക്കു കൊടുക്കേണ്ടതിനേക്കാള്‍ വലിയ തുക ടെക്നിക്കല്‍ സൈഡില്‍ മുടക്കേണ്ടി വന്ന സിനിമയാണ് എആര്‍എം. ആ സിനിമകളില്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് വലിയ തുക കൊടുക്കാന്‍ ഉണ്ടായിരുന്നില്ല. ഈ കാര്യങ്ങള്‍ സംസാരിച്ചു തന്നെയാണ് ആര്‍ട്ടിസ്റ്റുകളെ ഉറപ്പിച്ചത്. ഹരീഷ് കണാരന്റെ 50 ദിവസത്തെ ഡേറ്റാണ് വേണ്ടിയിരുന്നത്. 

അഞ്ചു ലക്ഷം രൂപ മാത്രമേ ശമ്പളം നല്‍കാന്‍ ഉണ്ടാകൂ എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് അത് പോരായിരുന്നു. 15 ലക്ഷമെങ്കിലും വേണമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രൊഡ്യൂസറായ സക്കറിയ തോമസ് ആണ് എആര്‍എം സിനിമയില്‍ നിന്ന് ഹരീഷിനെ മാറ്റിയത്. തുടര്‍ന്ന് ഡയറക്ടര്‍ ഹരീഷ് കണാരനോട് സംസാരിക്കാന്‍ വിളിച്ചു. പല പ്രാവശ്യം വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല. അതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന് ആ പടം നഷ്ടപ്പെട്ടത്. 

അഞ്ചു വര്‍ഷത്തോളം ഹരീഷ് കണാരന്‍ അടക്കം മൂന്ന് ആര്‍ട്ടിസ്റ്റുകളുടെ ഡേറ്റുകള്‍ മാനേജ് ചെയ്തിരുന്നത് ഞാനായിരുന്നു. അദ്ദേഹത്തിനു വേണ്ടി ജോലി ചെയ്തിരുന്നത് കൊണ്ടാണ് ഒരിക്കല്‍ പൈസ ആവശ്യം വന്നപ്പോള്‍ ഹരീഷിനോടു തന്നെ പൈസ ചോദിച്ചത്. മറ്റ് രണ്ട് ആര്‍ട്ടിസ്റ്റുകളോടും പൈസ ചോദിച്ചിരുന്നു. അവര്‍ 20 ലക്ഷം തരികയും തിരിച്ചുതരാം എന്ന് പറഞ്ഞപ്പോള്‍ വേണ്ടെന്നു പറയുകയും ചെയ്തു. ഇത്രയും കാലം ഞങ്ങള്‍ക്കു വേണ്ടി പണിയെടുത്തതല്ലേ എന്ന് പറഞ്ഞാണ് അവര്‍ പൈസ തന്നത്. 

'സ്വര്‍ണം കുതിച്ചപ്പോള്‍ ജ്വല്ലറികള്‍ക്കും പണികിട്ടി.. വ്യാപാരം നഷ്ടത്തിലേക്ക്? വാങ്ങാനാളില്ല' ഹരീഷ് കണാരനോട് 20 ലക്ഷം ചോദിച്ചെങ്കിലും 10 ലക്ഷം മാത്രമാണ് തന്നത്. അതിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ എന്റെ കയ്യില്‍ ഉണ്ട്. ഒരു മാസം കഴിഞ്ഞപ്പോള്‍ നാല് ലക്ഷം രൂപ കൂടി തന്നു. ആ നാലു ലക്ഷം രൂപയും തിരിച്ചു നല്‍കി. പിന്നീട് മൂന്ന് ലക്ഷം രൂപയും തിരിച്ചുകൊടുത്തു. ഇനി എഴു ലക്ഷം കൊടുക്കാനുണ്ട്. 

20 ലക്ഷം വാങ്ങിച്ചു എന്നു പറയുന്നത് തന്നെ പച്ചക്കള്ളമാണ്. അഞ്ചു വര്‍ഷം അയാള്‍ക്കു വേണ്ടി വര്‍ക്ക് ചെയ്തു. 72 സിനിമകളില്‍ അയാള്‍ക്കു വേണ്ടി ജോലി ചെയ്തിട്ടുണ്ട്. എന്നാല്‍ തനിക്ക് പ്രതിഫലമായി ഒന്നും തന്നിട്ടില്ല. സൗഹൃദം കാരണം ശമ്പളം ചോദിച്ചില്ല. ഇനി നിയമപരമായി നീങ്ങാനാണ് തീരുമാനം. എന്റെ മകന്‍ പ്രശ്നം ഉണ്ടായ അന്ന് കോളജില്‍ പോകുന്നത് നിര്‍ത്തി. ഇന്നു വരെ കോളജില്‍ പോയിട്ടില്ല. കുട്ടികളുടെ ഭാവി പോലും അവതാളത്തിലായി. ഹരീഷ് കണാരന്റെ അവസരങ്ങള്‍ നഷ്ടപ്പെട്ടത് അയാളുടെ സ്വഭാവം കൊണ്ടാണ്. പല സെറ്റിലും പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. പല ഡയറക്ടര്‍മാര്‍ക്കും പ്രൊഡ്യൂസര്‍മാര്‍ക്കും അനുഭവം ഉണ്ട് - ബാദുഷ കൂട്ടിച്ചേര്‍ത്തു.

hareesh kanaran photo post badusha responds

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES