ആന്റണി പെരുമ്പാവൂരിന്റെ ചലച്ചിത്ര നിര്‍മാണ കമ്പനിയായ ആശിര്‍വാദ് സിനിമാസ് 26 വര്‍ഷം പൂര്‍ത്തിയാക്കി. മോഹന്‍ലാലിനൊപ്പം കേക്ക് മുറിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്താണ് ഈ സന്തോഷം ആന്റണി പെരുമ്പാവൂര്‍ ആരാധകരുമായി പങ്കുവച്ചത്. വീഡിയോ വളരെ പെട്ടന്ന് സോഷ്യല്‍ മീഡിയയില്‍ െവെറലായി.
താടി ഷേവ് ചെയ്ത്, മീശ പിരിച്ചുളള കിടിലന്‍ ലുക്കിലാണ് വീഡിയോയില്‍ മോഹന്‍ലാല്‍ എത്തുന്നത്. മോഹന്‍ലാലിന്റെ ഭാര്യ സുചിത്രയെയും വീഡിയോയില്‍ കാണാം. കേക്ക് മുറിച്ച മോഹന്‍ലാല്‍ അത് ആന്റണിക്കും സുചിത്രയ്ക്കും നല്‍കി. ആന്റണി കേക്കിന്റെ മധുരത്തിനൊപ്പം സ്നേഹചുംബനവും മോഹന്‍ലാലിന് നല്‍കി.
' 26 വര്‍ഷങ്ങള്‍. അത് വെറുമൊരു സംഖ്യയല്ല. ഞങ്ങളോടൊപ്പം പ്രവര്‍ത്തിച്ച, പിന്തുണച്ച, പങ്കാളികളായ , ഞങ്ങള്‍ക്കൊപ്പം സിനിമകള്‍ കണ്ട എല്ലാവര്‍ക്കും നന്ദി'. വീഡിയോ പങ്കുവച്ചുകൊണ്ട് ആന്റണി പെരുമ്പാവൂര്‍ കുറിച്ചു.
ഈ നുറ്റാണ്ടിന്റെ തുടക്കത്തില്‍ 2000-ത്തിലാണ് ആശിര്‍വാദ് സിനിമാസ് പിറവിയെടുക്കുന്നത്. 2000 ജനുവരി 26-ന് തിയേറ്ററുകളില്‍ എത്തിയ ' നരസിംഹ' മാണ് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ആദ്യ ചിത്രം. മോഹന്‍ലാലിനെ നായകനാക്കി 33 ചിത്രങ്ങളാണ് ആശിര്‍വാദ് ഇതുവരെ നിര്‍മിച്ചത്. ദൃശ്യം 3 യാണ് അടുത്തതായി പുറത്തിറങ്ങാനുളള ആശിര്‍വാദ് ചിത്രം.