കാല്‍നൂറ്റാണ്ട് മുന്‍പു ചെറുവാഞ്ചേരിയിലെ വീട്ടുമുറ്റത്ത്, ബോംബേറില്‍ കാലു തകര്‍ന്ന് ആറ് വയസുകാരി അസ്‌ന; കണ്ണീരിനൊടുവില്‍ കാത്തിരുന്ന മാംഗല്യവും; 31-ാം വസയില്‍ വിവാഹിതയായി; വരന്‍ ഷാര്‍ജക്കാരന്‍ എഞ്ചിനീയര്‍

Malayalilife
കാല്‍നൂറ്റാണ്ട് മുന്‍പു ചെറുവാഞ്ചേരിയിലെ വീട്ടുമുറ്റത്ത്, ബോംബേറില്‍ കാലു തകര്‍ന്ന് ആറ് വയസുകാരി അസ്‌ന; കണ്ണീരിനൊടുവില്‍ കാത്തിരുന്ന മാംഗല്യവും; 31-ാം വസയില്‍ വിവാഹിതയായി; വരന്‍ ഷാര്‍ജക്കാരന്‍ എഞ്ചിനീയര്‍

കാല്‍നൂറ്റാണ്ട് മുന്‍പു ചെറുവാഞ്ചേരിയിലെ വീട്ടുമുറ്റത്ത്, ബോംബേറില്‍ കാലു തകര്‍ന്ന് ചോരയില്‍ കുളിച്ചു കിടന്ന ആറു വയസ്സുകാരി അസ്‌നയുടെ മുഖം കേരളജനത മറന്നിട്ടുണ്ടാകില്ല. ആത്മവിശ്വാസത്തിന്റെ പടവുകള്‍ കയറിയ ഡോക്ടറായ അസ്‌നയുടെ വിജയങ്ങള്‍ കേരളം ഒന്നിച്ചായിരുന്നു ആഘോഷിച്ചത്. ഇപ്പോഴിത അക്രമ രാഷ്ട്രീയത്തിന്റെ ഇരയായ അസ്‌ന ഇപ്പോള്‍ വിവാഹിതയായിരിക്കുകയാണ്. ആലക്കോട് അരങ്ങം വാഴയില്‍ വീട്ടില്‍ വി.കെ.നാരായണന്റെയും ലീന നാരായണന്റെയും മകനും ഷാര്‍ജയില്‍ എന്‍ജിനീയറുമായ നിഖിലാണ് അസ്‌നയെ വിവാഹം കഴിച്ചിരിക്കുന്നത്. വീട്ടില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. 31-ാം വയസിലാണ് അസ്‌ന വിവാഹം കഴിക്കുന്നത്. ജീവിതത്തില്‍ എല്ലാം അവസാനിച്ചു എന്നതില്‍ നിന്ന് ഇന്ന് ഡോക്ടറായും പിന്നീട് വിവാഹത്തിലും എത്തിനില്‍ക്കുന്നതിന് ഒറ്റ ഉത്തരമേ ഉള്ളൂ അസ്‌നയുടെ ആത്മവിശ്വാസം മാത്രം.

തന്റെ ഏറ്റവും വലിയ ദിനത്തിലും അച്ഛന്‍ ഇല്ലാ എന്ന സങ്കടത്തിലായിരുന്നു അസ്‌ന. കാരണം അസ്‌നയെ ഇന്ന് കാണുന്ന അസ്‌നയാക്കാന്‍ പ്രധാന പങ്കുവഹിച്ചത് അച്ഛനായിരുന്നു. അമ്മയ്‌ക്കൊപ്പം ബന്ധുക്കളും നാട്ടുകാരും സഹോദരനും എല്ലാവരും ചേര്‍ന്ന് അസ്‌നയുടെ വിവാഹം ഭംഗിയാക്കി നടത്തി. കാല്‍ നഷ്ടപ്പെട്ടത് മുതില്‍ പിന്നീട് അങ്ങോട്ടുള്ള അസ്‌നയുടെ എല്ലാ നല്ല കാര്യങ്ങളും നാട്ടുകാര്‍ ആഘോഷമാക്കിയിരന്നു. ഇന്ന് വിവാഹം നടക്കുമ്പോള്‍ അതും ആഘോഷമായിട്ട് തന്നെയാണ് നാട്ടുകാര്‍ നടത്തിയതും. 24 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അസ്‌നയുടെ ജീവിതത്തിലെ ആ നശിച്ച ദിനം സംഭവിക്കുന്നത്. 

2000 സെപ്റ്റംബര്‍ 27നു ബോംബേറിലാണ് 6 വയസ്സുകാരി അസ്നയ്ക്കു കാല്‍ നഷ്ടപ്പെട്ടത്. പോളിങ് സ്റ്റേഷനായിരുന്ന പൂവത്തൂര്‍ എല്‍പി സ്‌കൂള്‍ ബൂത്തിനു സമീപം, വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു അസ്ന. കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു അത്. രാഷ്ട്രീയ ആക്രമങ്ങള്‍ക്കെതിരെ അസ്നയുടെ മുഖം കേരളം ചര്‍ച്ചയാക്കി. പഠിച്ച് മിടുക്കിയായി അസ്ന ഡോക്ടറുമായി. അസ്നയുടെ കണ്ണീര്‍ കേരളം ഏറ്റെടുത്ത വേദനകളിലൊന്നാണ്. ആ ആക്രമണത്തില്‍ അമ്മ ശാന്തയ്ക്കും അനിയന്‍ ആനന്ദിനും സാരമായി പരുക്കേറ്റു. അസ്നയുടെ വലതുകാല്‍ മുട്ടിനുതാഴെ മുറിച്ചുമാറ്റേണ്ടി വന്നു. എല്ലാ പ്രയാസങ്ങളും മറികടന്നു പഠനത്തില്‍ മികച്ച വിജയം നേടിയ അസ്ന 2013 ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എംബിബിഎസ്എസിനു ചേര്‍ന്നു. മികച്ച ജയം നേടി ഡോക്ടറായി. അതും കേരളം ആഘോഷത്തോടെ ഏറ്റെടുത്തു. അപൂര്‍വ്വ അതിജീവന ഉദാഹരണമായി അസ്ന മാറി. എംബിബിഎസ് പഠനകാലത്ത് അസ്നയ്ക്ക് ക്ലാസ് മുറിയിലേക്കു പടി കയറാന്‍ ബുദ്ധിമുട്ടിയപ്പോള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ലിഫ്റ്റ് നിര്‍മിച്ചു നല്‍കി. ഇപ്പോള്‍ വടകരയിലെ സ്വകാര്യ ക്ലിനിക്കില്‍ ഡോക്ടറായി ജോലി ചെയ്യുന്നു. ആ അസ്നയുടെ വിവാഹവും നാട്ടുകാര്‍ ആഘോഷമാക്കിയിരിക്കുകയാണ്. 

കണ്ണൂരിന്റെ ദുഃഖപുത്രിയായിരുന്നു ഏറെക്കാലം അസ്ന. കണ്ണൂരിലെ കണ്ണില്ലാത്ത അക്രമരാഷ്ട്രീയത്തിനിരയായി വലതുകാല്‍ നഷ്ടപ്പെട്ട ചെറുവാഞ്ചേരിയിലെ അസ്ന ഏറെക്കാലം വാര്‍ത്തകളില്‍നിറഞ്ഞുനിന്നു. 2000 സെപ്തംബര്‍ 27-ന് നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് ദിനത്തിലാണ് സഹോദരന്‍ ആനന്ദിനൊപ്പം വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന അഞ്ചു വയസ്സുകാരിയായ അസ്നയുടെ നേര്‍ക്ക് ബോംബ് വന്നുവീണത്. വീടിനു സമീപം പൂവത്തൂര്‍ ന്യൂ എല്‍.പി.സ്‌കൂളിലായിരുന്നു പോളിങ് സ്റ്റേഷന്‍. അവിടെയുണ്ടായ അക്രമത്തിനിടെ എറിഞ്ഞ ബോംബ് അസ്നയുടെ വീട്ടുമുറ്റത്തേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ അസ്നയ്ക്ക് പിന്നീട് വലതുകാല്‍ മുറിച്ചുമാറ്റേണ്ടിവന്നു. പോരാട്ടമായിരുന്നു അസ്നയ്ക്ക് തുടര്‍ന്നുള്ള ജീവിതം. കൃത്രിമക്കാല്‍ ഘടിപ്പിച്ചായിരുന്നു ഓരോ കാല്‍വെപ്പും.

2013-ലായിരുന്നു അസ്ന മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടിയത്. ഇതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പണം സ്വരൂപിച്ച് നിര്‍ധനരായ അസ്നയുടെ കുടുംബത്തിന് വീട് നിര്‍മിച്ചു നല്കി. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശപ്രകാരം അസ്നയ്ക്ക് ഉപയോഗിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേക ലിഫ്റ്റ് സൗകര്യവും ഏര്‍പ്പാട് ചെയ്തിരുന്നു. സിപിഎമ്മും അസ്‌നയെ സഹായിച്ചു. ഹൗസ് സര്‍ജന്‍സിയും കഴിഞ്ഞ് നാട്ടില്‍ തന്നെ ജോലിയും കിട്ടി. ഒരു നാടിന്റെ കണ്ണീരായി മാറിയ അസ്‌ന പിന്നെ ചങ്കുറപ്പും ദൃഢനിശ്ചയവും കൊണ്ടാണ് കേരളത്തിന്റെ ഹൃദയം കവര്‍ന്നത്. രാഷ്ട്രീയ അക്രമങ്ങളുടെ അടയാളമായി ജീവിച്ച അസ്‌ന ഇന്ന് അതിജീവനത്തിന്റെ പ്രതീകമാണ്. വലതുകാല്‍പാദം നഷ്ടപ്പെട്ട് മൂന്നു മാസം വേദന കടിച്ചമര്‍ത്തി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സമയത്ത് ഡോക്ടര്‍മാരില്‍ നിന്ന് ലഭിച്ച സ്നേഹവും പരിചരണവുമാണ് ഡോക്ടറാവുക എന്ന ആഗ്രഹം അസ്‌നയില്‍ വളര്‍ത്തിയത്. അതുപോലെ വേദന അനുഭവിക്കുന്ന നിരവധിപേര്‍ക്ക് സാന്ത്വനമാണ് ഇന് അസ്ന ഡോക്ടര്‍. ഈ ഡോക്ടറാണ് ജീവിതത്തിന്റെ പുതിയ ഇന്നിംഗ്സിന് ഒരുങ്ങുന്നത്.

asna marriage engineer nikhil

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES