നിരവധി സീരിയലുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ആര്യാ അനില്‍. മുറ്റത്തെ മുല്ലയിലെ അശ്വതിയായും ഇപ്പോള്‍ സ്വയംവരത്തിലെ ശാരികയായും തിളങ്ങുന്ന ആര്യയിതാ ഇപ്പോള്‍ വിവാഹ ജീവിതത്തിലേക്ക് കടക്കുകയാണ്. പ്രശസ്ത ഫോട്ടോഗ്രാഫറും വെഡ്ഡിംഗ് കമ്പനി ഉടമയുമായ ശരത് കെ എസ് എന്ന കക്ഷിയാണ് ആര്യയുടെ കഴുത്തില്‍ താലി ചാര്‍ത്തുന്നത്. ഇരുവരുടേയും പ്രണയ വിവാഹമാണെന്നാണ് റിപ്പോര്‍ട്ട്. ഈമാസം മാര്‍ച്ച് 28നാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. വിവാഹ നിശ്ചയം നേരത്തെ തന്നെ കഴിഞ്ഞിരുന്നു. ഇപ്പോഴിതാ, വിവാഹം അതിഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് ഇരുവരും.
മോഡലിംഗിലൂടെ സീരിയലിലേക്ക് എത്തിയ ആര്യ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത മുറ്റത്തെ മുല്ല എന്ന പരമ്പരയിലെ അശ്വതിയിലൂടെയാണ് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയത്. പാവപ്പെട്ടവളും പത്താംക്ലാസ് തോറ്റവളുമാണെന്ന അപകര്‍ഷതാ ബോധത്തില്‍ നിന്നും അശ്വതിയ്ക്കുണ്ടാകുന്ന അമിത ആഢംബര ഭ്രമവും ആഗ്രഹങ്ങളും താന്‍ മറ്റുള്ളവരേക്കാള്‍ വിദ്യാസമ്പന്നയും ധനികയുമാണെന്ന് കാണിക്കാനുള്ള ശ്രമവും ദാര്‍ഷ്ട്യവും അശ്വതിയുടെ ജീവിതത്തിലും മറ്റുള്ളവര്‍ക്കും ഉണ്ടാക്കുന്ന പ്രശ്നങ്ങളുമാണ് സീരിയലിലൂടെ പറഞ്ഞിരുന്നത്. ആയിരത്തിലധികം എപ്പിസോഡികളിലൂടെ മുന്നോട്ടു പോയ പരമ്പര ഈ വര്‍ഷം ആദ്യമാണ് അവസാനിച്ചത്.
പൂക്കാലം വരവായ്, സ്ത്രീപദം തുടങ്ങിയ സീരിയലുകളിലൂടെയും മറ്റും ശ്രദ്ധേയനായ നടന്‍ നിരഞ്ജനാണ് പരമ്പരയില്‍ ആര്യയുടെ ഭര്‍ത്താവായി അഭിനയിച്ചിരുന്നത്. ആലപ്പുഴ ചേര്‍ത്തല സ്വദേശിയാണ് ആര്യ. അച്ഛനും അമ്മയും ഒരനുജനും അടങ്ങുന്നതാണ് ആര്യയുടെ കുടുംബം. ഏഴു മാസം മുമ്പായിരുന്നു ആര്യയും ശരത്തും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞത്. ബിബിഎ കഴിഞ്ഞ് ടിക് ടോക്കിലൂടെയും മറ്റും സോഷ്യല്‍ മീഡിയയില്‍ സജീവമായ ആര്യ 24 വയസുകാരിയാണ്. നല്ലൊരു ഡാന്‍സര്‍ കൂടിയായ ആര്യ ഇന്‍സ്റ്റഗ്രാമിലുടേയും ഫോട്ടോഷൂട്ട് മോഡല്‍ രംഗത്തൂടെയും മറ്റുമാണ് സീരിയല്‍ രംഗത്തേക്ക് എത്തിയത്.
മുറ്റത്തെ മുല്ല അവസാനിച്ച ശേഷമാണ് സ്വയംവരം എന്ന സീരിയലിലേക്ക് ആര്യ പ്രവേശിച്ചത്. നടി പല്ലവി ഗൗഡ അവതരിപ്പിച്ചിരുന്ന ശാരിക എന്ന കഥാപാത്രമാണ് ആര്യ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. വിവാഹത്തിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ആര്യ സ്വയംവരത്തിലേക്ക് എത്തിയത്. ആര്യയുടെ എല്ലാ ഇഷ്ടങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും ഒപ്പം നില്‍ക്കുന്ന വ്യക്തിയാണ് ഭാവിവരന്‍ ശരത്. ആര്യയ്ക്ക് ആദ്യമായി ലഭിച്ച അവാര്‍ഡ് വാങ്ങുവാനും ശരത് ഒപ്പം വന്നിരുന്നു. അതുകൊണ്ടു തന്നെ വിവാഹശേഷവും ആര്യ മിനിസ്‌ക്രീനില്‍ സജീവമായിരിക്കുമെന്ന് ഉറപ്പാണ്.