മനുഷ്യസ്നേഹവും കരുണയും നിറഞ്ഞ ചെറിയ പ്രവര്‍ത്തനങ്ങള്‍ പോലും ഒരാളെ എന്നും എല്ലാവരുടെ മനസ്സില്‍ ജീവനോടെ നിലനിര്‍ത്തും. ചിലര്‍ സ്വന്തം സന്തോഷത്തേക്കാള്‍ മറ്റുള്ളവരുടെ സന്തോഷത്തിന് മുന്‍തൂക്കം നല്‍കും. ചിലര്‍ സ്വന്തം പ്രയാസങ്ങളെയും ബുദ്ധിമുട്ടുകളെയും മറന്ന്, മുന്നിലുള്ളവരുടെ കണ്ണുനീര്‍ തുടയ്ക്കാനാണ് ഓടിക്കൊണ്ടിരിക്കുന്നത്. ജീവിതത്തില്‍ സ്വന്തം നേട്ടങ്ങള്‍ ശേഖരിക്കാനല്ല, മറിച്ച് മറ്റുള്ളവര്‍ക്ക് ആശ്വാസവും പ്രതീക്ഷയും നല്‍കാനാണ് ചിലരുടെ ജീവിതം. അവരുടെ മനസിന്റെ ആ ചൂടും സ്‌നേഹവും പലര്‍ക്കും കരുത്തും ധൈര്യവും പകരും. അത്തരത്തിലുള്ളവരാണ് സമൂഹത്തിന് ഒരു മാതൃകയും പ്രചോദനവുമായിത്തീരുന്നത്. അത്തരത്തില്‍ എല്ലാ മനുഷ്യര്‍ക്കും പ്രചോദനമാക്കാന്‍ പറ്റിയ ഒരാളാണ് അപര്‍ണ ലവകുമാര്‍. ഒരു സാധരണ വീട്ടമ്മയായിരുന്ന അപര്‍ണ പോലീസിലേക്ക് എത്തുന്നത് യാദൃശ്ചികമായാണ്.
ചികിത്സയ്ക്കിടെ മരിച്ച സ്ത്രീയുടെ മൃതദേഹം വിട്ടുകിട്ടാന്‍ പണമില്ലാതെ വിഷമിച്ച വീട്ടുകാര്‍ക്ക് പണയംവയ്ക്കാന്‍ സ്വന്തം വളയൂരി നല്‍കിയ പോലീസുകാരി. മുടി കൊഴിഞ്ഞ കാന്‍സര്‍ രോഗികള്‍ക്ക് വിഗ് ഉണ്ടാക്കി നല്‍കുന്നതിനായി തന്റെ മുടി മുഴുവനായി മുറിച്ചുനല്‍കിയ ഉദ്യോഗസ്ഥ. അതെ, അപര്‍ണ ലവകുമാറിനെ മലയാളികള്‍ അത്ര പെട്ടെന്ന് മറക്കാന്‍ സാധ്യതയില്ല. തൃശ്ശൂര്‍ സിറ്റി വനിത പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ ആണ് ഇന്നവര്‍. ഉത്തരവാദിത്തങ്ങള്‍ ഒരിക്കലും അവസാനിക്കുന്നില്ലെന്ന് വീണ്ടും തെളിയിക്കുകയാണ് ഇപ്പോഴും അപര്‍ണ. രൂക്ഷമായ ഗതാഗതക്കുരുക്കിനിടെ അത്യാസന്ന നിലയില്‍ രോഗിയുമായി ആംബുലന്‍സ് മുന്നില്‍ ഓടി വഴിയൊരുക്കുന്ന അപര്‍ണയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. ഇന്ന് അപര്‍ണ ഇത്രയും നല്ല പോലീസ് ഓഫീസര്‍ ആയതിന്റെ പിന്നില്‍ കഷ്ടപ്പാടിന്റെ കഥയുണ്ട്.
വളരെ കഷ്ടപ്പാട് നിറഞ്ഞ ജീവിതത്തില്‍ നിന്നുമാണ് അപര്‍ണ പോലീസില്‍ യൂണിഫോം അണിഞ്ഞത്. വളരെ പാവപ്പെട്ട കുടുംബത്തിലാണ് അപര്‍ണ ജനിച്ചത്. ജീവിക്കാനുള്ള ഓട്ടത്തിലായിരുന്നു അപര്‍ണയും കുടുംബവും. സ്വന്തമെന്ന് പറയാന്‍ ഒരു വീടോ ഒന്നും ഇല്ലാതിരുന്ന കാലഘട്ടം അപര്‍ണ്ണയ്ക്ക് ഉണ്ടായിരുന്നു. എവിടെയാണോ കെട്ടിടത്തിന്റെ, പാലത്തിന്റെ, ഡാമിന്റെ ഒക്കെ പണി നടക്കുന്നതോ, അവിടേക്ക് പോകും ചായക്കട ഇടാന്‍. അങ്ങനെ ചായക്കട ഇടുന്ന സ്ഥലത്താണ് അമ്മയും അച്ഛനും അനിയനും ഒക്കെ കിടന്നിരുന്നത്. അവരുടെ ചായക്കട തന്നെയായിരുന്നു അവരുടെ വീടും. തൃശൂര്‍ ആമ്പല്ലൂരിലാണ് അപര്‍ണയുടെ വീട്. അന്ന് ചിമ്മിന് ഡാമിന്റെ പണി നടക്കുന്ന സമയത്ത് അപര്‍ണയുടെ അച്ഛന്‍ ലവകുമാര്‍ അവിടെ ഒരു ചായക്കട ഇട്ടു. ആ കടയിലായിരുന്നു അമ്മ ശാന്തയുടെയും അനിയന്‍ അനീഷിന്റെയും ഒപ്പം അപര്‍ണയും ഉറങ്ങിയിരുന്നതും കഴിച്ചിരുന്നതും എല്ലാം. ഡാം പണി കഴിഞ്ഞ് പിന്നീട് പോകുന്നത് നെടുമ്പാശേരി വിമാനത്താവളം പണിയുന്നിടത്തേക്ക്. ഇങ്ങനെ ഓടി നടന്നാണ് പകുതി ജീവിതവും മുന്നോട്ട് കൊണ്ടുപോയത്.
ഇങ്ങനെ കുട്ടികളെയും കൊണ്ട് ഓടി നടക്കേണ്ട എന്ന് കരുതിയാണ് അപര്‍ണയെ അമ്മവീട്ടിലേക്ക് മാറ്റുന്നത്. നന്നായിട്ട് പഠിക്കുമായിരുന്ന അപര്‍ണയെ അച്ഛന്‍ കഷ്ടപ്പെട്ട് പഠിപ്പിക്കാന്‍ വിട്ടു. കാശൊന്നും കൈയ്യില്‍ ഇല്ലാതിരുന്നത് കൊണ്ട് അച്ഛന്‍ അപര്‍ണയെ ഓര്‍ഫണേജിലാക്കി. ആറാം ക്ലാസ് മുതില്‍ ക്രൈസ്റ്റ് വില്ല പുവര്‍ ഹോം ഓര്‍ഫനേജില്‍ നിന്നാണ് അപര്‍ണ പഠിക്കുന്നത്. പഠിച്ചിരുന്ന സ്‌കൂളിലെ സിസ്റ്റര്‍മാരും കൂട്ടുകാരുമൊക്കെയാണ് അന്ന് അപര്‍ണയ്ക്ക് നല്ല വസ്ത്രങ്ങളും ഭക്ഷണങ്ങളും ഒക്കെ നല്‍കിയിരുന്നത്. കഷ്ടപ്പെട്ട് പഠിച്ച് പ്രീഡ്രിഗ്രി പാസായി. ശേഷം സര്‍വേയര്‍ കോഴ്‌സ് പാസായി. ജോലിയെക്കുറിച്ചൊന്നും അന്ന് ചിന്തിച്ചിരുന്നില്ല. കോഴ്‌സ് പഠനം കഴിഞ്ഞ ഉടനെ തന്നെ കല്ല്യാണം ആലോചനകള്‍ വന്ന് തുടങ്ങി. ഗര്‍ഫില്‍ ജോലി ഉണ്ടായിരുന്ന രാജന്‍ എന്നയാള്‍ക്ക് അപര്‍ണയെ വിവാഹം കഴിപ്പിച്ച് നല്‍കി. വിവാഹത്തിന് ശേഷവും ജോലിയെ പറ്റി ഒന്നും ചിന്തിച്ചിരുന്നില്ല. പിന്നെയാണ് പിഎസ് സി എഴുതാന്‍ തീരുമാനിക്കുന്നത്. തന്റെ 26-ാമത്തെ വയസിലാണ് ആ തീരുമാനം എടുക്കുന്നത്. അങ്ങനെ ആദ്യ പരീക്ഷ എഴുതി. ആ ടെസ്റ്റില്‍ തന്നെ പാസായി. 2002 ല്‍ സിവില്‍ പോലീസ് ഓഫീസറായി ജോലിക്ക് കയറി അപര്‍ണ.
ജോലി കിട്ടി എല്ലാം സന്തോഷത്തോടെ പോകുമ്പോഴാണ് മറ്റൊരു ദുരന്തം അപര്‍ണയുടെ ജീവിതത്തില്‍ സംഭവിക്കുന്നത്. നാട്ടില്‍ ഭര്‍ത്താവ് തുടങ്ങിയ ബിസിനസ് പൊട്ടുന്നത്. തുടര്‍ന്ന് വലിയ കടമാണ് ഉണ്ടായത്. ബാങ്ക് ജപ്തി നോട്ടീസ് അയച്ചതിന് പിന്നാലെ 2009ല്‍ അപര്‍ണയുടെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. പിന്നീട് തനിച്ചായിരുന്നു അപര്‍ണയുടെയും മക്കളുടെയും ജീവിതം. അങ്ങനെ ഇരിക്കെയാണ് ഒല്ലൂര്‍ സ്റ്റേഷനില്‍ ഡ്യൂട്ടിക്കിടെ ജില്ലാ ആശുപത്രിയിലെത്തിയപ്പോള്‍ ഐസിയുവിന് മുന്നില്‍ വലിയ ആള്‍ക്കൂട്ടം. അന്വേഷിച്ചപ്പോള്‍ മരിച്ച സ്ത്രീയുടെ മൃതദേഹം വിട്ട് കിട്ടാന്‍ വേണ്ടി പണം അടയ്ക്കാന്‍ ഇല്ലാതെ വിഷമിച്ച് നില്‍ക്കുന്ന ബന്ധുക്കളെയാണ് അപര്‍ണ കണ്ടത്. തുടര്‍ന്ന് ആശുപത്രിക്കാരോട് സംസാരിച്ച് കൊടുക്കേണ്ട പണം പകുതിയാക്കി. പക്ഷേ അവരുടെ കൈയ്യില്‍ കൊടുക്കാന്‍ ഒരു രൂപ പോലും ഉണ്ടായിരുന്നില്ല. അങ്ങനെയാണ് അപര്‍ണ കൈയ്യില്‍ ഉണ്ടായിരുന്ന മൂന്ന് സ്വര്‍ണ്ണ വള ഊരി നല്‍കിയത്. അതിന് ശേഷം അയാള്‍ വള തിരികെ നല്‍കുകയും ചെയ്തിരുന്നു.
പിന്നീട് സ്‌കൂളില്‍ ക്ലാസ് എടുക്കാന്‍ പോകുമ്പോഴാണ് കീമോ ചെയ്ത കുട്ടിക്ക് മുടി നഷ്ടമായതുകൊണ്ട് കൂട്ടുകാര്‍ കളിയാക്കുന്നു എന്ന് പറഞ്ഞത്. അത് കേട്ടപ്പോള്‍ കണ്ണ് നിറഞ്ഞ അപര്‍ണ സ്വന്തം മുടി മുറിച്ച് ആ കുട്ടിക്ക് ദാനം ചെയ്യുന്നത്്. രണ്ട് പെണ്‍മക്കളാണ് അപര്‍ണയ്ക്ക്. ദേവികയും, ഗൗരിയും. പ്രവര്‍ത്തന മികവിനും പ്രശസ്ത സേവനത്തിനുമുള്ള 2015ലെ മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ അപര്‍ണയ്ക്ക് ലഭിച്ചിട്ടുണ്ട്. തൃശൂര്‍ അമല ആശുപത്രിയില്‍ വിഗ്ഗുണ്ടാക്കാന്‍ അപര്‍ണ സ്വന്തം മുടി നല്‍കിയിട്ടുണ്ട്.