Latest News

മരിക്കുന്നതിന് നാല് മണിക്കൂര്‍ മുന്‍പ് വരെ ഓണ്‍ലൈനില്‍; ഭീഷണിപ്പെടുത്തി വിളിച്ചുവരുത്തി കൊന്നതാണ്; എന്റെ മകള്‍ ഒരിക്കലും ഇങ്ങനെ ചെയ്യില്ല; ആയിഷയുടെ മരണത്തില്‍ പൊട്ടിക്കരഞ്ഞ് മാതാപിതാക്കള്‍

Malayalilife
മരിക്കുന്നതിന് നാല് മണിക്കൂര്‍ മുന്‍പ് വരെ ഓണ്‍ലൈനില്‍; ഭീഷണിപ്പെടുത്തി വിളിച്ചുവരുത്തി കൊന്നതാണ്; എന്റെ മകള്‍ ഒരിക്കലും ഇങ്ങനെ ചെയ്യില്ല; ആയിഷയുടെ മരണത്തില്‍ പൊട്ടിക്കരഞ്ഞ് മാതാപിതാക്കള്‍

21 വയസുകാരി ആയിഷ റഷയുടെ ആത്മഹത്യ ബന്ധുക്കളെയും മാതാപിതാക്കളെയും സുഹൃത്തുക്കളെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. മകള്‍ ആത്മഹത്യ ചെയ്‌തെന്ന് ഇവര്‍ക്ക് ഇപ്പോഴും വിശ്വസിക്കാന്‍ സാധിക്കുന്നില്ല. ആണ്‍സുഹൃത്തിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തന്റെ മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും അവളെ കൊന്നതാണ് എന്നുമാണ് മാതാപിതാക്കളും അയിഷയെ അറിയാവുന്ന അടുത്ത് സുഹൃത്തുക്കളും പറയുന്നത്. ആയിഷയുടെ ആണ്‍സുഹൃത്തിനെതിരെ മാതാപിതാക്കള്‍ ഗുരുതര ആരേപണമാണ് ഉന്നയിക്കുന്നത്. 

ആണ്‍സുഹൃത്തായ ബഷീറുദ്ദീന്‍ ആയിഷയെ ബ്ലാക്ക്മെയില്‍ ചെയ്തതാണെന്ന് ബന്ധുക്കള്‍ പറയുന്നത്. ആയിഷയുടെ ബന്ധുവായ മുസ്തഫയുടെ വാക്കുകള്‍ പ്രകാരം, ''അവളെ മാനസികമായി വളരെ പീഡിപ്പിച്ചിരുന്നു. മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയും, അവയെ ഉപയോഗിച്ച് അവളെ വിളിച്ചുവരുത്തുകയും ചെയ്തതാണ്. ഇത് സാധാരണ ഭീഷണി അല്ല, വ്യക്തമായ ബ്ലാക്ക്മെയിലിങ് ആണ്. ബഷീറുദ്ദീന്‍ എല്ലാം പ്ലാന്‍ ചെയ്ത് ചെയ്തതാണ്. ''ക്ലാസുകള്‍ നടക്കുന്ന സമയത്ത് ആയിഷ വീട്ടുകാര്‍ക്ക് ഒന്നും പറയാതെ എങ്ങും പോകില്ലെന്ന് അയാള്‍ക്കറിയാം. അതുകൊണ്ടാണ് അവധിക്കാലം തിരഞ്ഞെടുത്തത്. അത്തരത്തിലുള്ള ഫോട്ടോകള്‍ കാണിച്ചാല്‍ അവള്‍ അവന്റെ വഴിക്കുവരുമെന്ന ധാരണ അയാള്‍ക്കുണ്ടായിരുന്നു. 

കുടുംബം പറയുന്നത്, ആയിഷയ്ക്ക് അത്തരത്തിലുള്ള സമ്മര്‍ദങ്ങളെ നേരിടാനുള്ള ആത്മവിശ്വാസമോ കഴിവോ ഉണ്ടായിരുന്നില്ല. ഭീഷണിയും മാനസിക സമ്മര്‍ദവും അവളെ പൂര്‍ണമായും തളര്‍ത്തിയിരിക്കാമെന്നാണു ബന്ധുക്കളുടെ അഭിപ്രായം. ''അവള്‍ മനസ്സില്‍ വലിയൊരു സംഘര്‍ഷം അനുഭവിച്ചിരിക്കാം. അതായിരിക്കാം ആത്മഹത്യ ചെയ്തത് എന്ന് ബന്ധുക്കള്‍ ദേഷ്യത്തിലും സങ്കടത്തിലും പറയുന്നു. മരിക്കുന്നതിന് വെറും നാലു മണിക്കൂര്‍ മുന്‍പ് വരെ ആയിഷ പൂര്‍ണമായും സാധാരണ പോലെ പെരുമാറിയിരുന്നുവെന്ന് മറ്റൊരു ബന്ധുവായ അനസ് പറയുന്നു. ''മരണത്തിന് നാല് മണിക്കൂര്‍ മുന്‍പ് അവള്‍ ഇന്‍സ്റ്റഗ്രാമില്‍ ഓണ്‍ലൈനിലുണ്ടായിരുന്നു. സുഹൃത്തുക്കള്‍ക്ക് മെസേജുകളും അയച്ചിരുന്നു. അവളുടെ ആ അവസാന സന്ദേശങ്ങളില്‍ ഒരിടത്തും പ്രശ്‌നത്തിന്റെ സൂചനകളൊന്നും കാണാന്‍ കഴിഞ്ഞിരുന്നില്ല. 

ആയിഷയുടെ അടുത്ത സുഹൃത്തിനെ വിളിച്ചറിഞ്ഞപ്പോള്‍ അവളും ആത്മഹത്യയുടെ സാധ്യത പൂര്‍ണമായി തള്ളിക്കളഞ്ഞു. ആയിഷ ഒരിക്കലും അങ്ങനെ ചെയ്യില്ല. അവള്‍ മാനസികമായി അത്രയും ശക്തയായിരുന്നു. എന്നാല്‍ ഇതിന് പിന്നില്‍ ബഷീറുദ്ദീന്‍ തന്നെയുണ്ടാവുമെന്ന് സുഹൃത്ത് ഉറച്ചു പറഞ്ഞു. അവന്റെ സ്വഭാവം കുറച്ച് മോശമാണെന്നും മുന്‍പും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതായും സുഹൃത്ത് പറഞ്ഞിരുന്നു എന്ന് അനസ് വ്യക്തമാക്കി. മുന്‍പും ഇയാള്‍ ആയിഷയെ ഉപദ്രവിച്ചിട്ടുണ്ട്. കുറച്ച് നാള്‍ മുന്‍പ് ചിരവ കൊണ്ട് അടിച്ചിരുന്നു എന്ന് സുഹൃത്ത് പറഞ്ഞു. ഇത് ആയിഷയുടെ കുറച്ച് സുഹൃത്തുക്കള്‍ക്ക് അറിയാമായിരുന്നു. പക്ഷേ ആ സംഭവത്തെ കുറിച്ച് കൂട്ടുകാര്‍ ചോദിച്ചപ്പോള്‍ ആയിഷ് മറ്റൊരു കാരണം പറഞ്ഞു. അന്ന് അത് ഗൗരവമായി എടുത്തില്ലെങ്കിലും ഇപ്പോഴാണ് സംഭവങ്ങളുടെ ഗൗരവം മനസ്സിലാകുന്നത്. 

ഞായറാഴ്ച രാത്രിയാണ് എരഞ്ഞിപ്പാലത്തെ ബഷീറുദ്ദീന്റെ വാടകവീട്ടില്‍ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. താന്‍ പുറത്തുപോയി തിരിച്ചെത്തിയപ്പോള്‍ ആയിഷ റഷയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയെന്നാണ് ഇയാളുടെ മൊഴി. തുടര്‍ന്ന് ഇയാള്‍ത്തന്നെയാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. വിദ്യാര്‍ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് ഇയാളില്‍നിന്ന് പോലീസ് മൊഴിയെടുത്തിട്ടുണ്ട്. മംഗളൂരുവില്‍ ബിഫാം വിദ്യാര്‍ഥിനിയായ ആയിഷ റഷ ഓണാവധിക്കായാണ് മൂന്നുദിവസം മുന്‍പ് നാട്ടിലെത്തിയത്. എന്നാല്‍, വീട്ടില്‍ പോയിരുന്നില്ല. ആണ്‍സുഹൃത്തിനൊപ്പം എരഞ്ഞിപ്പാലത്തെ വീട്ടിലായിരുന്നു താമസം. പെണ്‍കുട്ടിയുടേത് ആത്മഹത്യ തന്നെയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്. ആദ്യം ഭാര്യയെന്നാണ് ഇയാള്‍ ആശുപത്രി അധികൃതരോട് പറഞ്ഞതെന്നും പിന്നീട് സുഹൃത്തെന്ന് പറഞ്ഞതായും ബന്ധുക്കള്‍ ആരോപിക്കുന്നു. ആശുപത്രിയില്‍നിന്ന് അധികൃതര്‍ നടക്കാവ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ യഥാര്‍ഥ മരണകാരണം വ്യക്തമാവുകയുള്ളൂ.

aisha death parents against boy friend

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES