ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് സാജന്‍ സൂര്യ. ഒരു ചെറിയ ഇടവേളക്ക് ശേഷം താരം നായകനായി അഭിനയിച്ച 'ഗീതാഗോവിന്ദം' എന്ന പരമ്പര അടുത്തിടെയാണ് അവസാനിച്ചത്. ഈ സീരിയലില്‍ സാജന്റെ നായികയായിരുന്ന ബിന്നി സെബാസ്റ്റ്യന്‍ ഈ വര്‍ഷത്തെ ബിഗ് ബോസ് മലയാളം സീസണില്‍ മത്സരാര്‍ത്ഥിയായിരുന്നു. സുഹൃത്തുക്കളില്‍ പലരും ബിഗ് ബോസില്‍ മാറ്റുരച്ചപ്പോഴും താന്‍ എന്തുകൊണ്ട് ഷോയില്‍ പോയില്ല എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് സാജന്‍ സൂര്യ.
'ഞാന്‍ അഭിനയിച്ചിരുന്ന 'ഗീതാഗോവിന്ദം' സീരിയല്‍ അവസാനിച്ച സമയത്താണ് ഇത്തവണ ബിഗ് ബോസ് ആരംഭിച്ചത്. എല്ലാ സീസണുകളിലും എനിക്ക് ക്ഷണം ലഭിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഈ തവണ എനിക്ക് വേണമെങ്കില്‍ കൃത്യമായി ഷോയില്‍ പങ്കെടുക്കാമായിരുന്നു. അങ്ങനെയൊരു സാഹചര്യം ഇത്തവണ ഒത്തുവന്നിരുന്നു,'' സാജന്‍ പറഞ്ഞു.
ഇതിനെക്കുറിച്ച് വീട്ടില്‍ സംസാരിച്ചപ്പോള്‍ നടന്ന രസകരമായ സംഭവവും അദ്ദേഹം പങ്കുവെച്ചു: ''ഇത്തവണ ബിഗ് ബോസില്‍ പോകുന്നതിനെക്കുറിച്ച് ഞാന്‍ വെറുതെ വീട്ടില്‍ ഒരു അഭിപ്രായം ചോദിച്ചു. വലിയ ചര്‍ച്ചകള്‍ വരെ വീട്ടില്‍ നടന്നു. ഒടുവില്‍, എന്റെ ഭാര്യ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു: 'നിങ്ങളെ എനിക്ക് ഒട്ടും വിശ്വാസമില്ലാത്തതുകൊണ്ട് ബിഗ് ബോസില്‍ പോകേണ്ട!'''
ഭാര്യയുടെ ഈ രസകരമായ ഇടപെടല്‍ കാരണമാണ് താരം ബിഗ് ബോസ് പോലൊരു റിയാലിറ്റി ഷോയില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്നാണ് അഭിമുഖത്തില്‍ നിന്നും വ്യക്തമാകുന്നത്.
ഞാന്‍ നിങ്ങള്‍ കാണുന്ന സാജന്‍ സൂര്യയല്ല. ഇന്റര്‍വ്യൂകളില്‍ വളരെ ഡീസന്റായി സംസാരിക്കും പെരുമാറും. പക്ഷേ ഈ സ്വഭാവമേയല്ല എനിക്ക് എന്റെ വീട്ടില്‍. ഞാന്‍ മാത്രമല്ല എല്ലാവരും അങ്ങനെയായിരിക്കും ചിലപ്പോള്‍. ഞാന്‍ എന്തിന് എന്റെ യഥാര്‍ത്ഥ സ്വഭാവം കാണിച്ച് പ്രേക്ഷകരെ വെറുപ്പിക്കണം. എന്റേത് നല്ല സ്വഭാവമാണെന്ന് എല്ലാവരും ഇപ്പോള്‍ പറയുന്നുണ്ട്. മാത്രമല്ല, എല്ലാവര്‍ക്കും എന്നോട് ഒരു ഇഷ്ടവുമുണ്ട്. വീട്ടില്‍ ഞാന്‍ ഇതൊന്നുമല്ല. പ്രതികരിക്കുകയും പെട്ടന്ന് ട്രിഗറാവുകയും ചെയ്യും'', സാജന്‍ സൂര്യ അഭിമുഖത്തില്‍ പറഞ്ഞു.