കുട്ടികളെ കഠിനമായി നിയന്ത്രിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും.ഇത്തരക്കാര്‍ തങ്ങളുടെ താല്പര്യങ്ങള്‍ നിരന്തരം കുട്ടികളില്‍ അടിച്ചേല്‍പ്പിക്കാറുണ്ട്. അവര്‍ എന്ത് കളിക്കണം, എങ്ങനെ കളിക്കണം, എന്ത് കഴിക്കണം, എങ്ങനെ പഠിക്കണം തുടങ്ങിയ കാര്യങ്ങളെല്ലാം അടിച്ചേല്പ്പിക്കാറാണ് മിക്കവാറും മാതാപിതാക്കള്‍ ചെയ്യാറ്.
ഇത്തരം കുട്ടികള്‍ വൈകാരിക തീവ്രതയുള്ളവരായിരിക്കും. ഇവര്‍ക്ക് വികാരങ്ങളെ നിയന്ത്രിക്കാനോ, പഠനങ്ങളില്‍ ശക്തമായി ശ്രദ്ധ കേന്ദ്രീകരിക്കാനോ കഴിയില്ല. ഇവര്‍ക്ക് സ്‌കൂളുകളിലും മറ്റും പലതരം പ്രശ്നങ്ങള്‍ ഉണ്ടാകും. നല്ല സുഹൃത്തുക്കളെ നേടാനോ, പഠനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനോ ഇവര്‍ക്ക് കഴിയില്ല. അതിനാല്‍ കുട്ടികളുടെ മേലുള്ള അമിതനിയന്ത്രണം മാതാപിതാക്കള്‍ പരമാവധി ഒഴിവാക്കണം. അത് അവരുടെ മാനസിക വളര്‍ച്ചയ്ക്കുതന്നെ തടസ്സമാകുമെന്ന കാര്യം ഓര്‍ക്കുക
വേണം ലാളനയും പരിഗണനയും
ജന്മം നല്‍കുന്ന മാതാപിതാക്കള്‍ കുട്ടികളെ എങ്ങനെ വളര്‍ത്തണമെന്നതും അത് അവരുടെ ഭാവിക്ക് എങ്ങനെ ഉതകണമെന്നതും ചിന്തിക്കേണ്ടത് അത്യാവശ്യമാണ്. ഒറ്റ കുട്ടി ഉള്ള വീടാണെങ്കിലും ഒന്നിലേറെ കുട്ടികള്‍ ഉണ്ടെങ്കിലും സ്നേഹലാളനകള്‍ നല്‍കുന്നതിലും അവശ്യസാധനങ്ങളും കളിപ്പാട്ടങ്ങളും വാങ്ങി നല്‍കുന്നതിലും തുല്യത പുലര്‍ത്തണം.
ചങ്ങാതിമാരാകണം
കുട്ടികളുടെ ഏറ്റവും നല്ല ചങ്ങാതിമാരായി മാതാപിതാക്കള്‍ മാറണം. മാനസികമായ പിന്തുണയും സ്‌നേഹവും നല്‍കി വളര്‍ത്തണം. ചോദിക്കുന്നതെന്തും വാങ്ങിക്കൊടുക്കുന്നതല്ല സ്‌നേഹം എന്നു മാതാപിതാക്കള്‍ അറിയണം. സ്‌നേഹം അറിഞ്ഞു വളരുന്ന കുട്ടി മറ്റുളളവരെ സ്‌നേഹിക്കാനും പഠിക്കും. ടി.വിയുടെ മുന്നിലിരുന്ന് സീരിയല്‍ കാണുകയും ഫേസ്ബുക്കും വാട്സാപ്പും നോക്കിയും ചാറ്റ് ചെയ്തും ഒഴിവു സമയം കളയുന്ന മാതാപിതാക്കള്‍ കുട്ടികളുമായി ചങ്ങാത്തത്തില്‍ ഏര്‍പ്പെടുകയും അവരോടൊപ്പം കളിക്കുകയും അവരുടെ കാര്യങ്ങള്‍ കേള്‍ക്കാനും ശ്രദ്ധിക്കണം.
കുട്ടികള്‍ ഉറങ്ങും മുമ്പേ അച്ഛന്‍ വീട്ടിലെത്തുകയും അവരുമായി സംവദിക്കാനും ശ്രദ്ധിക്കണം. ഒഴിവു ദിവസങ്ങളില്‍ അവരെ ഔട്ടിങ്ങിനു കൊണ്ടു പോകണം. ചെറിയ വീഴ്ചകളെ നിസാരമായി കാണാന്‍ പഠിപ്പിക്കണം. മക്കളുടെ കാര്യത്തില്‍ അമിത ആകാംക്ഷ നല്ലതല്ല. അങ്ങനെയുള്ള കുട്ടികള്‍ തൊട്ടാവാടികളായി മാറുകയും പ്രതിസന്ധികളില്‍ തളരുകയും ചെയ്യുന്നതായാണ് നിരവധി അനുഭവങ്ങള്‍ പറയുന്നത്.
ഭയം ചെലുത്തരുത്
കുട്ടികളെ ടെലിവിഷനു മുന്നിലിരുത്തി മറ്റുകാര്യങ്ങളില്‍ മുഴുകുന്ന മാതാപിതാക്കള്‍ കുട്ടികള്‍ മറ്റൊരു മാധ്യമത്തിന് തങ്ങളുടെ മുഴുവന്‍ ശ്രദ്ധയും കൊടുക്കുന്നു എന്ന മോശവശം മറക്കരുത്. കുട്ടികളോട് ധാരാളം സംസാരിക്കുന്നത് ഭാഷാ മികവും ആശയവിനിമയ ശേഷിയും കൂട്ടാന്‍ സഹായകമാകും. തെറ്റുകള്‍ തിരുത്തി മുന്നോട്ടു പോകാന്‍ തുറന്ന ആശയവിനിമയം വഴിയൊരുക്കും. ഒറ്റപ്പെടലില്‍ നിന്ന് അറിവിന്റെ ലോകത്തേക്ക് എത്താനും ചിന്തകള്‍ വിശാലമാകാനും പുസ്തക വായന കുട്ടികളെ സഹായിക്കുന്നു. സമൂഹത്തോടിണങ്ങിച്ചേരാന്‍ കുട്ടികളെ പരിശീലിപ്പിക്കണം.
മറ്റു കൂട്ടികള്‍ക്ക് ഭക്ഷണവും കളിപ്പാട്ടങ്ങളും പങ്കു വെക്കാന്‍ കുട്ടിയെ പ്രേരിപ്പിക്കണം. നല്ല ജീവകാരുണ്യ പ്രവര്‍ത്തകരായി അവരെ വളര്‍ത്തണം. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പോകുന്നതോടൊപ്പം അനാഥരും വൃദ്ധരും താമസിക്കുന്ന ആലയങ്ങളില്‍ കൊണ്ടുപോയി അവരുടെ വേദനയും വിഷമവും മനസ്സിലാക്കി കൊടുക്കണം. കരുണയോടെ പരിഗണിക്കുന്ന മാതാപിതാക്കളെ കണ്ടുവളരുന്ന കുട്ടികളും അനുതാപമുളളവരായി മാറും. ജാതി, മത, വലിപ്പ, ചെറുപ്പ വ്യത്യാസങ്ങളില്ലാതെ എല്ലാവരോടും ഇടപഴകാന്‍ പഠിപ്പിക്കണം. സ്വാര്‍ഥതയില്ലാത്തവരാക്കിയും ഈശ്വര വിശ്വാസികളാക്കിയും വളര്‍ത്തണം. എന്നാല്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നാം പിന്തുടരുന്നത് നമ്മുടെ കുട്ടികള്‍ക്കും ദോഷകരമായി തീരും എന്നത് മനസ്സിലാക്കണം.