മലയാളി മിനിസ്‌ക്രീന്‍ ആരാധകര്‍ക്ക് സുപരിചിതയായ നടനാണ് സാജന്‍ സൂര്യ. ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും തിളങ്ങിയ താരം ഒരിടവേളയ്ക്ക് ശേഷമാണ് അഭിനയത്തിലേക്ക് മടങ്ങിയെത്തിയത്. ഇപ്പോള്‍ ജീവിത നൗകയില്‍ കേന്ദ്രകഥാപാത്രത്തെയാണ് സാജന്‍ അവതരിപ്പിക്കുന്നത്. പുതുതായി പരമ്പരയിലേക്ക് എത്തുന്ന നിതിനെ പരിചയപെടുത്തുന്നതിനൊപ്പം തന്നെ മുന്‍പ് റേറ്റിങ്ങില്‍ മുന്‍പന്തിയില്‍ നിന്ന പരമ്പരയില്‍ ഉണ്ടായ അനുഭവത്തെ കുറിച്ചും സാജന്‍ വ്യക്തമാക്കുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരം ഇരു കാര്യങ്ങളെക്കുറിച്ചും സംസാരിക്കുന്നത്.
ഇവനാണവന്‍ മെഗാ സീരിയലുകളില്‍ അഭിനേതാക്കള്‍ മാറുന്നത് ഒരു പുതിയ കാര്യമല്ല. അഭിനയിതാക്കളുടെ അസൗകര്യങ്ങള്‍ ,മരണം, ജാട,മൊട എന്നിങ്ങനെ കാരണങ്ങള്‍ പല വിധം. പണ്ടൊക്കെ ജാട ,മൊട എന്നിവയ്ക്ക് മാലയിടലായിരുന്നു. പ്രധാന പ്രതിവിധി. എന്റെ ആദ്യത്തെ സീരിയലുകളില്‍ ഒന്നായ സ്ത്രീജന്മം എന്ന സൂപ്പര്‍ ഹിറ്റ് സീരിയല്‍മുതലാണന്നു തോനുന്നു (ഞാന്‍ ഒരു സീനില്‍ ആണ് അതില്‍ അഭിനയിച്ചത്) വിജയകരമായി മായമ്മ വന്നേ... പിന്നെ അത് മാറി മായമ്മ പോയേ ... എന്ന് പറഞ്ഞ് അഭിനേതാക്കളെ മാറ്റി പരീക്ഷിച്ചത്.
അത് മെഗാ വിജയമായപ്പോള്‍ മാലയിടല്‍ അവസാനിച്ചു എന്ന് പറയാം. പ്ലാസ്റ്റിക്ക് സര്‍ജറി വഴിയും അഭിനേതാക്കള്‍ മാറി വന്നിട്ടുണ്ട്. ഒരു സീരിയല്‍ നടക്കുമ്പോള്‍ കുറഞ്ഞത് 50 കുടുംബങ്ങള്‍ക്കാണ് അത്താണി അതിനാല്‍ എന്തു പ്രതിവിധിയും തേടും.
അത് കൂടാതെ ഒരു പ്രമുഖ ചാനലില്‍ ഒരു സ്‌ളോട്ട് കിട്ടുക എന്നത് തീരെ ചെറിയ കാര്യവുമല്ല. ഇതിന്റെയൊന്നും പ്രയാസമറിയാത്ത ചില അഭിനേതാക്കളും പ്രവര്‍ത്തകരും വില്ലന്മാരാകുമ്പോള്‍ നിലനില്‍പ്പിനുവേണ്ടി എന്തും ചെയ്തു പോകുന്നതാണ്. ഇത്രയും പറയുമ്പോള്‍ എന്റെ ഒരു അനുഭവം കൂടി കേള്‍ക്കണേ.
എന്റെ സുഹൃത്ത് സുബിന്ദ് ചേട്ടന്‍ ഒരു പ്രധാന ചാനലിനു വേണ്ടി പ്രൊഡ്യൂസ് ചെയ്ത ഒരു സീരിയല്‍ വിജയകരമായി പൊയ്‌ക്കേണ്ടിരിക്കുമ്പോള്‍ പ്രധാന വില്ലന് അസ്‌ക്കിതം. എന്തിന്റെ.. ആ.. കൃത്യമായി പൈസ കിട്ടുന്നതിന്റെയാകണം എന്ന് അനുമാനം. ഡേറ്റ് പറഞ്ഞപ്പോള്‍ പുള്ളിക്ക് വരാന്‍ മൂഡ് . ഇല്ലാ പോലും തലങ്ങും വിലങ്ങും ഞങ്ങള്‍ പലരും വിളിച്ചു ,മൂഡ് തരുമോ സഹോദരാ എന്ന് ചോദിച്ച്. മൂഡ് പോയിട്ട് ലാസ്റ്റ് മുണ്ടാട്ടം. പോലും ഇല്ല ഫോണിന്. ചാനലില്‍ വിളിച്ച് കാര്യം പറഞ്ഞപ്പോള്‍ നിര്‍ത്തല്‍ ഭീഷണിയും.
കെഞ്ചി കാലുപിടിച്ച് ഞാനുള്‍പ്പടെയുള്ള ആള്‍ക്കാര്‍ കരഞ്ഞു. കാരണം സീരിയല്‍ ഓട്ടം അപ്പോ ഭീകര നഷ്ടത്തിലാണേ. അവസാന ശ്രമം ഞങ്ങളുടെ സംഘടന ആത്മ മാത്രം. വിളിച്ചു ഞാന്‍ തന്നെ ജനറല്‍ സെക്രട്ടറി ദിനേശ് പണിക്കര്‍ ചേട്ടനെ. ദിനേശ് ചേട്ടന്‍ അറിയാവുന്ന നയത്തിലും ഭീഷണിയിലും പറഞ്ഞു നോക്കി. അഭിനേതാവിന് വരാന്‍ മൂഡില്ലന്ന പല്ലവിയും കൂടുതല്‍ നല്ല അവസരങ്ങള്‍ കിട്ടി ജീവിതം പരിപോഷിപ്പിയ്ക്കാന്‍ പളനിയിലേക്ക് ഉള്ള തീര്‍ത്ഥാടനത്തിലാണന്നും അഴകൊഴാന്ന് പറഞ്ഞ് ഒപ്പിച്ചുവെന്ന്.പളനിമല കയറാന്‍ നമ്മളൊക്കെ ദിവസങ്ങള്‍ വ്രതമെടുക്കുമ്പോള്‍ പുള്ളിക്ക് വ്രതമൊരു ലഹരിയാണന്ന്. അന്നാണ് മനസ്സിലായത്. (ആളാരാണന്ന് ആരും ചോദിക്കരുത് പറയില്ല . അന്നേ ഒരു പരാതിപോലും കൊടുക്കാതെ ഞങ്ങള്‍ സഹിച്ചതാണ് എന്റെ എഫ്ബി ഫ്രണ്ട് കൂടിയായ ടി സ്വാമിജിയുടെ പ്രവര്‍ത്തിയെ) മറ്റൊരു കഥാപാത്രത്തിനെ കൊണ്ടുവന്ന് ചാനലിനെ തൃപ്ത്തിപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഞങ്ങളുടെ കാര്യപ്രാപ്തി ചോദ്യം ചെയ്യപ്പെട്ട് സീരിയല്‍ നിര്‍ത്തി.
100 കോഴിക്ക് അരകാട എന്ന കാട മാഹാത്മ്യം പോലെയാണ് ഇതു പോലെയുള്ള മൂഡന്മാര്‍.ഇതിനിടയില്‍ ഇതുമായി ബന്ധപ്പെട്ട് ഇനിയും നിറയെ കഥകള്‍. അനുഭവകഥകള്‍) ഉണ്ടങ്കിലും എഴുത്ത് നീളം കൂടി പോകും എന്നതിനാല്‍ മറ്റൊരവസരത്തില്‍ കുറിയ്ക്കാം. അഭിനേതാക്കള്‍ മാറുന്ന, ബുദ്ധിമുട്ടിക്കുന്ന ഒരു കാരണം പറഞ്ഞുവെന്നേയുള്ളൂ. ഈ ഫോട്ടോയുടെ ഉദ്ദേശവും ഒരു മാറ്റത്തിന്റെ കാര്യം പറയാനാണ്. ഞാനിപ്പോള്‍ ചെയ്യുന്ന മഴവില്‍ മനോരമയുടെ 'ജീവിതനൗക ' (രാതി 7.30 ന്) എന്ന സീരിയലില്‍ എന്റെ അനിയനായി ചെയ്ത വിന്‍സാഗര്‍ മാറി ഇന്നു മുതല്‍ നിതിന്‍ ആണ് ചെയ്യുന്നത്.
കൊറോണകാലത്ത് പുതിയ തരം പ്രതിസന്ധികളിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്. ജോലിചെയ്യുന്ന ഓഫീസിന്റെ ക്യാന്റീനില്‍ വന്ന് ഊണു കഴിച്ചു പോയ ഒരാര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ വിന്‍സാഗറിന് നഷ്ടമായത് ഹരികൃഷ്ണനെയാണ്. കൈയ്യില്‍ കൂടുതല്‍ എപ്പിസോഡുകള്‍ ഇല്ലാത്തതിനാല്‍ സങ്കടത്തോടെയാണങ്കിലും മാറ്റം അനിവാര്യമായിരുന്നു .ഈ രോഗ വ്യാപനസാധ്യത മനപ്പൂര്‍വ്വമോ അശ്രദ്ധയോ അല്ലങ്കിലും ഒരു മികച്ച കഥാപാത്രമാണ് അവന് നഷ്ടമായത്. സാരമില്ല വിന്‍സാഗര്‍ നിനക്ക് ഉടനെ മറ്റൊരു മികച്ച കഥാപാത്രം ലഭിക്കട്ടെ.
ഒരു കാര്യം കൂടി, മാസ്‌ക്ക് ധരിക്കാതിരിക്കുക, സാമൂഹിക അകലം പാലിക്കാതെയിരിക്കുക, ക്വാറന്റീന്‍ ലംഘനം എന്നീ മനപ്പൂര്‍വ്വമായ ധിക്കാരം മറ്റ് അനേകം പേരുടെ ജീവിതം ,ജീവന്‍ ,തൊഴില്‍ , കുടുബം എന്തിന് ലോകത്തിന് തന്നെ ഭീഷണിയാകും എന്ന് ഞാന്‍കൂടി ഓര്‍മ്മിപ്പിക്കട്ടെ. ജീവിതനൗക കാണാനും അഭിപ്രായം അറിയിക്കാനും മറക്കണ്ട. നിതിനിലൂടെ ഹരിയെ നിങ്ങള്‍ സ്‌നേഹിക്കും തീര്‍ച്ച.