ടിആര്‍പി റേറ്റിങ്ങില്‍ മുന്നില്‍നില്‍ക്കുന്ന ചാനല്‍ ഏഷ്യാനെറ്റാണ്. അതുപോലെ തന്നെയാണ് സീരിയലുകളുടെ കാര്യവും. ഒന്നിനൊന്ന് മികച്ച സീരിയലുകള്‍ സംപ്രേക്ഷണം ചെയ്യുന്ന ഏഷ്യാനെറ്റിലെ എല്ലാം സീരിയലുകളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവയാണ്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം അവസാനിപ്പിച്ച ചന്ദനമഴയും പരസ്പരവും അമ്മയുമെല്ലാം ഇപ്പോഴും പ്രേക്ഷകരുടെ മനസില്‍ തങ്ങി നില്‍ക്കുന്നവയാണ്. ഇപ്പോഴിതാ സ്വാമി അയ്യപ്പന്റെ സീരിയല്‍ കൂടി സംപ്രേക്ഷണം ചെയ്യാന്‍ ഏഷ്യാനെറ്റ് ഒരുങ്ങുമ്പോള്‍ നമ്മുടെ പ്രിയ സീരിയലുകളുടെ സമയക്രമത്തില്‍ മാറ്റങ്ങള്‍ സംഭവിച്ചിരിക്കയാണ്.
സ്വാമി അയ്യപ്പനാണ് ഏഷ്യാനെറ്റ് സീരിയല്‍ ശ്രേണിയിലേക്ക് പുതിയതായി എത്തുന്ന സീരിയല്‍. ശബരി മല യുവതീ പ്രവേശനം കൊടുമ്പിരികൊണ്ടിരിക്കുന്ന വേളയില്‍ ഭക്തര്‍ക്കിടയില്‍ അയ്യപ്പന്റെ ജീവചരിത്രം ഒന്നുകൂടി എത്തിക്കുകയും അതു വഴി വിശ്വാസം ഊട്ടിയുറപ്പിക്കാനുമാണ് ഏഷ്യാനെറ്റ് ലക്ഷ്യമിടുന്നത്. മകരവിളക്ക് ദിവസമായ തിങ്കളാഴ്ചയാണ് സീരിയല്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യ്ത് തുടങ്ങുക. സീതാകല്യാണം സംപ്രേക്ഷണം ചെയ്തിരുന്ന 9 മണി സ്ലോട്ടിലേക്കാണ് സ്വാമി അയ്യപ്പന്‍ എത്തുന്നത്. സീതാ കല്യാണമാകട്ടെ 9.30ലേക്ക് മാറുകയും ചെയ്യും. സാധാരണ വീട്ടമ്മമാരും ജോലിക്ക് പോകുന്ന പ്രേക്ഷകരും 9.30ന് സീതാ കല്യാണം കഴിഞ്ഞ് ടിവി ഓഫ് ചെയ്യാറാണ് പതിവ്. എന്നാല്‍ അയ്യപ്പന്‍ സീതാ കല്യാണം കഴിഞ്ഞ് 9.30 സ്ലോട്ടിലിട്ടാല്‍ പ്രേക്ഷകര്‍ കുറയുമെന്ന കാരണത്താലാണ് 9 മണിക്ക് എത്തുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലായ സീതാ കല്യാണം പ്രേക്ഷകര്‍ മിസ് ആക്കില്ല എന്ന കാരണത്താല്‍ തന്നെ 9.30ലേക്ക് സീതാ കല്യാണം മാറിയാലും പ്രേക്ഷകര്‍ 10 മണി വരെയിരുന്നു സീരിയല്‍ കാണുമെന്നും ഏഷ്യാനെറ്റ് കണക്കുകൂട്ടുന്നു.
അതുപൊലെ തന്നെ തിങ്കള്‍ മുതല്‍ വെളളി വരെ 9.30ന് സംപ്രേക്ഷണം ചെയ്തിരുന്ന കോമഡി സ്റ്റാര്‍സ് 10 മണിയിലേക്കും മാറ്റിയിട്ടുണ്ട്. റേറ്റിങ്ങില്‍ താഴെ പോയ ഭാര്യ സീരിയില്‍റെ സമയമായ 6.30ന് അയ്യപ്പന്‍ എത്തുമെന്നാണ് കരുതിയതെങ്കിലും പ്രേക്ഷകര്‍ കുറവായേക്കുമെന്ന ആശങ്കയിലാണ് ഇപ്പോള്‍ 9 മണിയിലേക്ക് മാറ്റിയത്. അതേസമയം മറ്റൊരു ഭക്ത സീരിയലായ കണ്ണന്റെ രാധയും ഏഷ്യാനെറ്റില്‍ ശ്രദ്ധ നേടി മുന്നേറുകയാണ്.