സമകാലിക വിഷയങ്ങളില്‍ തന്റെതായ നിലപാടുകള്‍ തുറന്നുപറയുകയും അത് സമര്‍ത്ഥിക്കുകയും ചെയ്ത് എപ്പോഴും വാര്‍ത്തകളിലും വിവാദങ്ങളിലും നിറഞ്ഞ് നില്‍ക്കുന്നയാളാണ് രാഹുല്‍ ഈശ്വര്‍.ടെലിവിഷന്‍ അവതാരകനായി കരിയര്‍ ആരംഭിച്ച രാഹുല്‍ ഈശ്വറിനെ റിയാലിറ്റി ഷോകളിലൂടെയും ചാനല്‍ ചര്‍ച്ചകളിലൂടെയുമാണ് കൂടുതല്‍ മലയാളികള്‍ക്കും പരിചിതനാകുന്നത്. ചില സിനിമകളിലും മുഖം കാണിച്ചിട്ടുള്ള രാ?ഹുല്‍ അവതാരകയായ ദീപയെയാണ് വിവാഹം ചെയ്തത്. ഇരുവരുടെയും ഒരു പ്രണയ വിവാഹമായിരുന്നു.
അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെയും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സിന്റെയും (ഗ്ലോബല്‍ ലീഡര്‍ഷിപ്പ്) പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് അദ്ദേഹം. മൂന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡുകളില്‍ അദ്ദേഹം ഉള്‍പ്പെടുന്നു.തത്ത്വചിന്ത, വിദ്യാഭ്യാസം, പുരാതന സംസ്‌കാരത്തിന്റെ ഉള്‍ക്കാഴ്ചകളുടെ സമാന്തരങ്ങള്‍, ആധുനിക ശാസ്ത്ര കണ്ടുപിടുത്തങ്ങള്‍ എന്നിവയെക്കുറിച്ച് ഈശ്വര്‍ 3 പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. യുഎസ്എ, യുകെ, ജപ്പാന്‍, ഹോങ്കോംഗ്, മലേഷ്യ, ശ്രീലങ്ക, മിഡില്‍ ഈസ്റ്റ്, മൗറീഷ്യസ് എന്നിവയുള്‍പ്പെടെ ലോകമെമ്പാടുമുള്ള പത്തിലധികം രാജ്യങ്ങളില്‍ അദ്ദേഹം പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്.
ദേശീയ, പ്രാദേശിക മാധ്യമങ്ങളിലായി 1200-ലധികം സംവാദങ്ങളില്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ബിബിസി, സിഎന്‍എന്‍, ന്യൂയോര്‍ക്ക് ടൈംസ്, ചാനല്‍ 4 (യുകെ), അല്‍ ജസീറ, സ്പുട്‌നിക് റഷ്യ, ദൂരദര്‍ശന്‍, റിപ്പബ്ലിക്, ടൈംസ് നൗ, എന്‍ഡിടിവി, ഇന്ത്യാ ടുഡേ, ന്യൂസ് 18, സീ ഹിന്ദി, ആജ് തക് (ഹിന്ദി) തുടങ്ങിയ ഇന്ത്യന്‍ ദേശീയ വാര്‍ത്താ മാധ്യമങ്ങളിലും ഏഷ്യാനെറ്റ്, മനോരമ, മാതൃഭൂമി, മീഡിയ വണ്‍ തുടങ്ങിയ പ്രാദേശിക മാധ്യമങ്ങളിലും അദ്ദേഹം ഫീച്ചര്‍ ചെയ്തിട്ടുണ്ട്.ഐഐടി മദ്രാസ്, ഐഐഎം കെ, എന്‍എംഐഎംഎസ് എന്നിവയുള്‍പ്പെടെ ഇന്ത്യയിലുടനീളമുള്ള 400-ലധികം കോളേജുകളില്‍ അദ്ദേഹം വിദ്യാഭ്യാസ സെഷനുകള്‍ എടുത്തിട്ടുണ്ട്.
ഇപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായി ബലാത്സംഗ ആരോപണം ഉന്നയിച്ച പരാതിക്കാരിയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വര്‍ റിമാന്‍ഡിലായിരിക്കുകയാണ്. ഇതോടെ താന്‍ ജയിലില്‍ നിരാഹാര സമരം തുടങ്ങുമെന്നാണ് പ്രഖ്യാപനം. രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ കേസില്‍, ചാനല്‍ ചര്‍ച്ചയില്‍ സ്ഥിരം മുഖമായി മാറിയ രാഹുല്‍, ഒളിവില്‍ പോയ എം എല്‍ എയ്ക്കായി ശക്തിയുക്തം വാദിക്കുകയും, ആ ആളുടെ പേരിലെ കേസുമായി ബന്ധപ്പെട്ടുതന്നെ ജയിലില്‍ പോവുകയും ചെയ്തത്.
ഇതിനുമുമ്പും ഒരുവട്ടം രാഹുല്‍ ഈശ്വര്‍ അറസ്റ്റിലായിരുന്നു.ശബരിമല യുവതീപ്രവേശന വിധിക്ക് പിന്നാലെ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ രാഹുല്‍ ഈശ്വര്‍ 'ചോര ചീന്താന്‍' പോലും പദ്ധതിയിട്ടു എന്ന് വെളിപ്പെടുത്തി വിവാദം ക്ഷണിച്ചുവരുത്തിയിരുന്നു. അയ്യപ്പ ധര്‍മ്മ സേന പ്രസിഡന്റ് എന്ന നിലയിലാണ് രാഹുല്‍ ഈശ്വര്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. ശബരിമല തന്ത്രി കുടുംബമായ താഴമണ്‍ മഠാംഗമെന്ന നിലയിലും, പ്രമുഖ ചാനല്‍ ചര്‍ച്ചാ പാനലിസ്റ്റ് എന്ന നിലയിലും ശ്രദ്ധേയനായ രാഹുല്‍ ഈശ്വര്‍ പലപ്പോഴും വിവാദങ്ങള്‍ക്കൊപ്പമാണ് സഞ്ചരിക്കുന്നത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153-ാം വകുപ്പ് (കലാപമുണ്ടാക്കാന്‍ പ്രേരിപ്പിക്കുന്നതിനായി പ്രകോപനം സൃഷ്ടിക്കല്‍) പ്രകാരമാണ് രാഹുല്‍ ഈശ്വറിനെ 2018 ഒക്ടോബറില്‍ പോലീസ് അറസ്റ്റ് ചെയ്തത്. സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ ശബരിമലയില്‍ നടന്ന പ്രക്ഷോഭങ്ങള്‍ക്ക് രാഹുല്‍ ഈശ്വറായിരുന്നു മുന്‍നിരയില്‍. 'അയ്യപ്പ ധര്‍മ്മ സേന' പ്രസിഡന്റ് എന്ന നിലയില്‍, വിധി നടപ്പാക്കുന്നത് തടയാനായി ഒരു 'അടിയന്തര പദ്ധതി' തങ്ങള്‍ക്കുണ്ടായിരുന്നതായി രാഹുല്‍ ഈശ്വര്‍ വെളിപ്പെടുത്തിയിരുന്നു.
'വിലക്കേര്‍പ്പെടുത്തിയ പ്രായപരിധിയിലുള്ള ഏതെങ്കിലും യുവതി സന്നിധാനത്ത് എത്തിയാല്‍, ക്ഷേത്രപരിസരത്ത് ചില ഭക്തരെക്കൊണ്ട് ചോര ചിന്തിച്ച് ക്ഷേത്രം അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതമാക്കുന്നതിനുള്ള ഒരു രഹസ്യ പദ്ധതി തങ്ങള്‍ക്കുണ്ടായിരുന്നു', എന്നായിരുന്നു രാഹുല്‍ ഈശ്വറിന്റെ വിവാദ വെളിപ്പെടുത്തല്‍.
ആക്ടിവിസ്റ്റ് എന്ന് പേരിലാണ് രാഹുല്‍ ഈശ്വര്‍ ദേശിയ മാധ്യമങ്ങളില്‍ മുന്‍പ് പ്രത്യക്ഷപ്പെട്ടിരുന്നതെങ്കില്‍ അടുത്ത കാലത്തായി അദ്ദേഹം കേരളത്തിലെ ചാനല്‍ ചര്‍ച്ചകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത് പുരുഷന്മാര്‍ക്ക് വേണ്ടി സംസാരിക്കുന്ന വ്യക്തിയെന്ന് നിലയിലായിരുന്നു. എന്നാല്‍ പുരുഷന്മാര്‍ക്ക് വേണ്ടി സംസാരിച്ച് ശ്രദ്ധ നേടുന്നതിന് മുന്‍പ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയ ഒരു വാചകമുണ്ട്. അഭിലാഷേ... ഒരു 30 സെക്കന്റ് തരൂ.....വെന്ന ഹിറ്റ് ഡയലോ ഗ് ആയിരുന്നു അത്. രാഹുല്‍ ഈശ്വറിന്റെ പേര് കേള്‍ക്കുമ്പോള്‍ പലര്‍ക്കും ആദ്യം മനസിലേക്ക് ഓര്‍മ്മ വരുന്നതും ഈ വാചകങ്ങള്‍ തന്നെയാണ്.
ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ചര്‍ച്ച നടന്നപ്പോള്‍ അവതാരകനായ അഭിലാഷ് മോഹനനുമായി നടന്ന വാക്ക് തര്‍ക്കങ്ങള്‍ക്കിടെ രാഹുല്‍ ഈശ്വര്‍ രോഷത്തോടെ തനിക്കൊരു മുപ്പത് സെക്കന്‍ഡ് തരൂ എന്ന് ആവശ്യപ്പടുന്നതായിരുന്നു സന്ദര്‍ഭം. ഈ വാക്ക് പിന്നീട് ട്രോളന്മാര്‍ ഏറ്റെടുത്തതോടെ ഈ വാചകം ഹിറ്റായി. എന്തിനേറെ സിനിമയില്‍ വരെ ഈ വാക്കുകള്‍ നര്‍മ്മത്തിന്റെ രൂപത്തിലെത്തി. ഇപ്പോള്‍ രാഹുല്‍ ഈശ്വറിനെതിരെ സോഷ്യല്‍ മീഡിയിയല്‍ ട്രോളന്മാര്‍ ഉപയോ ഗിക്കുന്നത് ഇതേ വാചകങ്ങള്‍ തന്നെയാണ്.
ഇന്നലത്തെ രാഹുലിന്റെ അറസ്റ്റ് മുതല്‍ ഈ വാക്ക് വീണ്ടും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാകുകയാണ്. ഇപ്പോള്‍ കോടതി രാഹുലിനെ റിമാന്‍ഡ് ചെയ്തതോടെ സൈബറിടത്ത് ട്രോള്‍ പൂരമാണ്. ഇന്നലെ സാറെ എനിക്ക് 7 മണിക്ക് ചര്‍ച്ചയുണ്ട് എന്നെ വിടുമോ എന്ന് ചോദിച്ച് പോയ ആള്‍ ഇന്ന് ഇനി ജയില്‍ പൊലീസുകാരോട് 'സാറെ എനിക്ക് ജയിലിലൊരു മുപ്പത് സെക്കന്‍ഡ് തരുമോ'? ,രാഹുല്‍ മാങ്കൂട്ടത്തിലിനെ കിട്ടിയില്ല, പകരം രാഹുല്‍ ഈശ്വറിനെ കിട്ടി. രണ്ടും രാഹുല്‍ താനെ. ചരിത്രത്തില്‍ ആദ്യമായി മറ്റൊരാള്‍ ഉണ്ടാക്കിയ ഗര്‍ഭക്കേസില്‍ അതുമായി യാതൊരു ബന്ധവുമില്ലാത്ത ഒരുത്തന്‍ അകത്തായി ഇങ്ങനെ രാഹുല്‍ ഈശ്വറിനെ ട്രോളി കൊല്ലുകയാണ് സോഷ്യല്‍ മീഡിയ
ഹാദിയ കേസിലെ 'ലൗ ജിഹാദ് ടേപ്പുകള്‍' ശബരിമല വിവാദത്തിന് മുന്‍പും രാഹുല്‍ ഈശ്വര്‍ ശ്രദ്ധേയമായ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. ഹാദിയയുടെ (അഖില അശോകന്‍) മാതാപിതാക്കളുടെ അനുമതിയോടെ അവരുമായി സംസാരിച്ച രാഹുല്‍ ഈശ്വര്‍, പിന്നീട് തര്‍ക്കവിഷയമായ 'ലൗ ജിഹാദ് ടേപ്പുകള്‍' പുറത്തുവിട്ടു. മതം മാറാനുള്ള തന്റെ അവകാശത്തെക്കുറിച്ച് ഹാദിയ മാതാപിതാക്കളുമായി വാദിക്കുന്ന ദൃശ്യങ്ങളായിരുന്നു ഇത്. ഹാദിയ സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം ചെയ്തതെന്ന നിലപാട് രാഹുല്‍ ഈശ്വര്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ തന്ത്രി കുടുംബാംഗമെന്ന നിലയില്‍ വിശ്വസിച്ചാണ് സംസാരിക്കാന്‍ അനുവദിച്ചതെന്നും, രാഹുല്‍ ഈശ്വര്‍ തീവ്രവാദ സംഘടനകളുടെ ഉപകരണമായി പ്രവര്‍ത്തിക്കുന്നുവെന്നും ആരോപിച്ച് ഹാദിയയുടെ പിതാവ് ഇദ്ദേഹത്തിനെതിരെ പരാതി നല്‍കി.
2015-ല്‍ ദാദ്രി ലിഞ്ചിങ് സംഭവത്തില്‍ പ്രതിഷേധിച്ച് കേരളത്തിലെ വിവിധ കോളജുകളില്‍ സംഘടിപ്പിച്ച 'ബീഫ് ഫെസ്റ്റിവലിന്' പിന്തുണ നല്‍കാന്‍ രാഹുല്‍ ഈശ്വര്‍ വിസമ്മതിച്ചിരുന്നു. ഇതേ തുടര്‍ന്ന് കായംകുളത്തെ മിലത് ഇ ഷെരീഫ് മെമ്മോറിയല്‍ കോളജിലെ ചില വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തിന്റെ വഴി തടഞ്ഞ് കാറിന് കേടുവരുത്തിയിരുന്നു. രാഹുലിന്റെ പരാതിയില്‍ 25 വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. നടിമാര്‍ക്കെതിരെ അധിക്ഷേപം, പരാതി രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ആദ്യമായി ആക്ഷേപം ഉന്നയിച്ച നടിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയെന്ന പരാതിയും കേസായിരുന്നു. മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ ഈശ്വര്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. നടി മുഖ്യമന്ത്രിക്കും പൊലീസിനും നല്‍കിയ പരാതിയിലായിരുന്നു കേസ്.
സമൂഹമാധ്യമങ്ങള്‍ വഴി തനിക്കെതിരായി അപകീര്‍ത്തികരമായ പ്രചാരണം നടത്തുന്നുവെന്നാണ് പരാതി. മുമ്പ് ബോചെയ്ക്ക് എതിരെ പരാതി നല്‍കിയ മറ്റൊരു നടിക്കെതിരെയും രാഹുല്‍ അധിക്ഷേപ വാക്കുകള്‍ ചൊരിഞ്ഞതായി പരാതി ഉയര്‍ന്നിരുന്നു. ആ കേസില്‍ ബോചെ അറസ്റ്റിലാവുകയും ചെയ്തു.
പുരുഷ ആക്റ്റിവിസവും പുരുഷ കമ്മീഷനും
കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമം നടത്തിയ കേസില്‍ മുമ്പ് അറസ്റ്റിലായ സവാദിനെ പിന്തുണച്ച് എത്തിയ രാഹുലിന് പ്രതി വീണ്ടും അറസ്റ്റിലായതോടെ പണി കിട്ടിയിരുന്നു. അന്നത്തെ പരാതിക്കാരിയെ പിന്തുണച്ച് രാഹുല്‍ മലക്കം മറിയുകയും ചെയ്തു. പുരുഷന്മാര്‍ എന്ത് തെറ്റ് ചെയ്താലും പിന്തുണയ്ക്കുന്നതല്ല പുരുഷ ആക്ടിവിസമെന്നും പരാതിക്കാരിയെ വിളിച്ച് സംസാരിച്ചുവെന്നും രാഹുല്‍ പറഞ്ഞിരുന്നു. 'പുരുഷന്മാര്‍ എന്ത് തെറ്റ് ചെയ്താലും പിന്തുണക്കുന്നതല്ല പുരുഷ ആക്ടിവിസം. ആണുങ്ങള്‍ തെറ്റ് ചെയ്യുമ്പോള്‍ അതിനെ തെറ്റെന്നു പറയുകയും, ആണുങ്ങള്‍ക്ക് നേരെ വ്യാജ പരാതി വരുമ്പോള്‍ അതിനെ വ്യാജ പരാതി എന്ന് പറയുന്നതാണ് പുരുഷ കമ്മീഷന്‍ ആക്ടിവിസം. അന്ന് പരാതിപ്പെട്ട യുവതിയെ ഫോണില്‍ വിളിച്ചിരുന്നു. പരാതിക്കാരി അന്ന് ഉയര്‍ത്തിയ കാര്യങ്ങള്‍ കൂറേ കൂടി ഗൗരവമായി നമ്മള്‍ എല്ലാവരും എടുക്കണമായിരുന്നു, അത് ചെയ്യാത്തതിന് ഖേദം പ്രകടിപ്പിച്ചു.
സൗഹാര്‍ദ്ദപരമായ സംഭാഷണം.
ഞാന്‍ വ്യക്തിപരമായി സവാദിനെ ഒരിക്കലും അനുകൂലിച്ചിരുന്നില്ല, അങ്ങനെയുള്ള ഒരു ചര്‍ച്ചയിലും പങ്കെടുത്തിട്ടുമില്ല. സവാദിനെ പൂമാല അണിയച്ചതിനെ, ഏതു ആരോപണ വിധേയനെയും പൂമാലയണിയിക്കുന്നതിനെ എതിര്‍ക്കുകയും ചെയ്ത വ്യക്തി ആണ്. എന്നാല്‍ സ്വന്തം ജീവിതത്തിലെ വേദനകള്‍, വ്യാജ പരാതികള്‍ ആണ് നമ്മുടെ പല പുരുഷ സുഹൃത്തുക്കളെ 'മാല അണിയിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന' വേദന മനസിലാക്കുന്നു. കഴിയുന്നതും അത്തരം 'അമിത ആവേശ പ്രയോഗങ്ങള്‍' ഒഴിവാക്കണം, നിരുത്സാഹപ്പെടുത്തണം. പുരുഷന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം, എന്നാല്‍ ഇന്നും സ്ത്രീകള്‍ തന്നെയാണ് കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത് എന്ന് മറക്കുകയും ചെയ്യരുത്.'-രാഹുല്‍ ഈശ്വര്‍ അന്ന് ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയാണ്.
അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ അറസ്റ്റിലായപ്പോഴും ഇതാണ് പുരുഷ കമ്മീഷന്‍ വേണമെന്ന് പറയുന്നതാണ് രാഹുല്‍ പ്രതികരിച്ചത്. തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്നും യുവതിയുടെ ഫോട്ടോ എവിടേയും ഇട്ടിട്ടില്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ഏറ്റവും ഒടുവില്‍ അതിജീവിതയെ അപമാനിച്ചതിന് റിമാന്‍ഡിലായപ്പോഴും, രാഹുല്‍ ആവര്‍ത്തിച്ച് പറഞ്ഞത് ഇത് ആണുങ്ങള്‍ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരമെന്നാണ്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും, കള്ളക്കേസാണെന്നും, ജയിലില്‍ നിരാഹാര സമരം ആരംഭിക്കുമെന്നും മാധ്യമങ്ങളോട് വിളിച്ചുപറഞ്ഞുകൊണ്ടാണ് രാഹുല്‍ ഈശ്വര്‍ ജയിലിലേക്ക് പോയത്. റിമാന്‍ഡിലാകുമ്പോള്‍ മെന്‍സ് കമ്മീഷന്‍ എന്നഴുതിയ ടീ ഷര്‍ട്ടും ധരിച്ചാണ് രാഹുല്‍ കോടതിയില്‍ എത്തിയത് എന്നതും ശ്രദ്ധേയമാണ്.