ജനപ്രീതി കൊണ്ട് ഏറെ മുന്നിലെത്തിയ ടെലിവിഷന്‍ കോമഡി പരമ്പരയാണ് ഉപ്പും മുളകും. കഴിഞ്ഞ ഒന്‍പതു വര്‍ഷത്തോളമായി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കിടയില്‍ ജൈത്രയാത്ര തുടരുന്ന ഈ പരമ്പരയില്‍ നിന്നും ഇക്കാലത്തിനിടയ്ക്ക് നിരവധി താരങ്ങള്‍ കൊഴിഞ്ഞു പോവുകയും നിരവധി പേര്‍ പുതുതായി വരികയും ചെയ്തിട്ടുണ്ട്. എങ്കിലും പരമ്പരയുടെ റേറ്റിംഗിനെ തന്നെ തകിടം മറിച്ച പോക്കായിരുന്നു പരമ്പരയിലെ നീലുവിന്റേയും ബാലുവിന്റേയും മൂത്ത പുത്രനായ വിഷ്ണു എന്ന മുടിയന്റേത്. സംവിധായകനും അണിയറ പ്രവര്‍ത്തകരുമായുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയാണ് മുടിയനെ പുറത്താക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. എങ്കില്‍ ഇപ്പോഴിതാ, ഒരു വര്‍ഷത്തോളമായി മുടിയനെ പുറത്താക്കി മാറ്റിനിര്‍ത്തിയ നയത്തിന് മാറ്റം വന്നിരിക്കുകയാണെന്ന സന്തോഷ വാര്‍ത്തയാണ് പുറത്തുവരുന്നത്.
ആരൊക്കെ വന്നാലും പോയാലും നീലുവും ബാലുവും അഞ്ചു മക്കളും ഇല്ലെങ്കില്‍ അതൊരു രസവുമില്ലെന്ന് ഉപ്പും മുളകും ആരാധകര്‍ നിരന്തരമായി പറയുന്നതാണ്. പരമ്പരയില്‍ നിന്നും ആദ്യകാലത്ത് നിഷാ സാരംഗും ജൂഹിയുമെല്ലാം പടലപ്പിണക്കങ്ങളുടെ പേരില്‍ പിന്മാറിയിട്ടുണ്ടെങ്കിലും അവരെല്ലാം തിരിച്ചു വന്നിരുന്നു. എന്നാല്‍, മൂത്തമകനായി അഭിനയിക്കുന്ന മുടിയന്‍ എന്ന വിഷ്ണു കൃത്യം ഒരു വര്‍ഷം മുമ്പാണ് പരമ്പരയില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ടത്. നടന്‍ തന്നെയാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ ഇന്റര്‍വ്യൂവില്‍ ഇക്കാര്യം തുറന്നു പറഞ്ഞത്. കണ്ണീരോടെയായിരുന്നു മുടിയന്‍ ആ വാക്കുകള്‍ ആരാധകരിലേക്ക് എത്തിച്ചത്.
തുടര്‍ന്ന് മുടിയനെ തിരിച്ചെത്തിക്കണമെന്ന് പറഞ്ഞ് ആരാധകര്‍ കമന്റുകളുമായി രംഗത്തുവന്നെങ്കിലും ഒന്നും ഫലം കണ്ടിരുന്നില്ല. തുടര്‍ന്ന് പരമ്പരയിലേക്ക് ഒരു കൂട്ടം പുത്തന്‍ താരങ്ങളുടെ ഒഴുക്ക് തന്നെയുണ്ടായി. പക്ഷെ, എന്നിട്ടൊന്നും തകര്‍ന്നു പോയ പരമ്പരയുടെ റേറ്റിംഗ് തിരിച്ചു കൊണ്ടുവരാന്‍ സാധിച്ചിരുന്നില്ല. കോമഡി പരമ്പര എന്ന ആശയത്തില്‍ നിന്നും തനി സീരിയലായി ഉപ്പും മുളകും മാറിയെന്നതായിരുന്നു അതിന്റെ പ്രധാന കാരണം. കോമഡി നഷ്ടപ്പെട്ടുപോയ ഉപ്പും മുളകില്‍ സ്ഥിരം അടിയും വഴക്കും കുശുമ്പും കുന്നായ്മയും നിറഞ്ഞതോടെ യൂട്യൂബ് കാഴ്ചക്കാരില്‍ പോലും വന്‍ ഇടിവുണ്ടായി.
തുടര്‍ന്ന് മുടിയന്‍ ബിഗ്ബോസിലേക്കും പോയി. അവിടെയും ഉപ്പും മുളകും ആരാധകരെ വിസ്മയിപ്പിച്ച പ്രകടനമായിരുന്നു മുടിയന്‍ നടത്തിയത്. നടന്റെ പ്രേക്ഷക പ്രീതി ഇടിയുമെന്ന് കരുതി കാത്തിരുന്നവര്‍ക്ക് വലിയ തിരിച്ചടിയായിരുന്നു മുടിയന്റെ പ്രകടനം. ഇതോടെയാണ് മുടിയനെ വീണ്ടും പരമ്പരയിലേക്ക് തിരിച്ചെത്തിക്കുവാന്‍ ചാനല്‍ അധികൃതരുടെ ഭാഗത്തു നിന്നുതന്നെ വലിയ ശ്രമമുണ്ടായത്. അതിന്റെ ഭാഗമായി ഇപ്പോഴിതാ, മുടിയനെ പരമ്പരയിലേക്ക് തിരിച്ചെത്തിച്ചിരിക്കുകയാണെന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. ഉപ്പും മുളകും കുടുംബത്തിന്റെ മനോഹരമായ ചിത്രം നിഷാ സാരംഗ് പങ്കുവച്ചതോടെയാണ് ഈ വിശേഷം ആരാധകരും അറിഞ്ഞത്. പാറുക്കുട്ടിയെ എടുത്ത് നില്‍ക്കുന്ന മുടിയന്റെ ഫോട്ടോ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറിയത്.
മുടിയന്‍ മാത്രമല്ല, ജൂഹി അവതരിപ്പിക്കുന്ന ലച്ചുവിന്റെ ഭര്‍ത്താവായ സിദ്ധാര്‍ത്ഥ് ആയി അഭിനയിച്ചിരുന്ന ഡെയ്ന്‍ ഡേവിസും പരമ്പരയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട് എന്നതാണ് ഇരട്ടി മധുരം. ലച്ചു-സിദ്ധു വിവാഹം വലിയ ചര്‍ച്ചയായിരുന്നു. സീരിയല്‍ ലോകത്തെ തന്നെ പ്രകമ്പനം കൊള്ളിച്ച വിവാഹമായിരുന്നു. മറ്റ് പരമ്പരകളിലെ താരങ്ങളും കല്യാണ എപ്പിസോഡില്‍ അതിഥികളായി എത്തിയിരുന്നു. പ്രേക്ഷകരെ കൂടി ഉള്‍പ്പെടുത്തിയായിരുന്നു കല്യാണ എപ്പിസോഡ് ചിത്രീകരിച്ചത്.