മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ഈ വാരത്തെ എലിമിനേഷനിലും മോഹന്‍ലാല്‍ പ്രേക്ഷകര്‍ക്കും ബിഗ്ബോസ് അംഗങ്ങള്‍ക്കുമായി ഒരുക്കിയത് വമ്പന്‍ ട്വിസ്റ്റാണ്. സാബുമോന്‍ പുറത്തായ തരത്തില്‍ ഇന്നലെ പ്രോമോ വീഡിയോ വന്നതിന് ശേഷം ആരാധകരെല്ലാം മുള്‍മുനയിലായിരുന്നു. എന്നാല്‍ പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് സാബുമോന് പകരം ഇന്നത്തെ എലിമിനേഷനില്‍ പുറത്തായത് അര്‍ച്ചനയാണ്.
എല്ലാ തവണത്തെ പോലെ ഇക്കുറിയും എലിമിനേഷനും പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തി തന്നെയായിരുന്നു ബിഗ്ബോസ് നല്‍കിയത്. ഷോ ആരംഭിച്ചപ്പോള്‍ തന്നെ മോഹന്‍ലാല്‍ എലിമിനേറ്റായത് സാബു ആണെന്ന് പ്രഖ്യാപിച്ചു. ഇത് അംഗങ്ങള്‍ക്കാര്‍ക്കും വിശ്വസിക്കാനായില്ല, എന്നാല്‍ മോഹന്‍ലാല്‍ സാബുവിനോട് പെട്ടിയെടുത്ത് വാതില്‍ തുറന്ന് തന്റെ അടുത്തേക്ക് എത്താന്‍ പറയുകയായിരുന്നു. എന്നാല്‍ പെട്ടിയെടുത്ത് വാതില്‍ക്കലെത്തിയെങ്കിലും വാതില്‍ തുറക്കുന്നതില്‍ സാബു പരാജയപ്പെട്ടു. ഇതേതുടര്‍ന്ന് മോഹന്‍ലാല്‍ സാബുവിനെ വീട്ടിനുള്ളിലേക്ക് തിരികേ വിളിച്ചു. തുടര്‍ന്ന് വാതില്‍ തുറക്കാന്‍ സാധിക്കാത്തതിനാല്‍ തന്നെ സാബു പുറത്ത് പോകേണ്ടതില്ലെന്നും മോഹന്‍ലാല്‍ പ്രഖ്യാപിക്കുകയായിരുന്നു.
തുടര്‍ന്ന് പേളിയെയും മോഹന്‍ലാല്‍ പെട്ടിയുമെടുപ്പിച്ച് വാതില്‍ക്കല്‍ വരെയെത്തിച്ചു. എന്നാല്‍ പേളിക്കും വാതില്‍ തുറക്കാനായില്ല. തുടര്‍ന്ന് പേളി സുരക്ഷിതയാണെന്നും വീട്ടിലേക്ക് തിരികേ പോകാമെന്നും ബിഗ്ബോസിന്റെ അറിയിപ്പ് വന്നു. തുടര്‍ന്ന് അര്‍ച്ചനയോടും എല്ലാവരൊടും യാത്രപറഞ്ഞ് പെട്ടിയുമെടുത്ത് വരാന്‍ ലാല്‍ ആവശ്യപ്പെട്ടു. എന്നാല്‍ പെട്ടിയുമായി എത്തിയ അര്‍ച്ചനയ്ക്ക് വാതില്‍ തുറക്കാന്‍ സാധിച്ചു. തുടര്‍ന്ന് അര്‍ച്ചന പുറത്തായെന്നും ഷിയാസ് സുരക്ഷിതനാണെന്നും മോഹന്‍ലാല്‍ അറിയിക്കുകയായിരുന്നു. വാതില്‍ തുറക്കില്ലെന്നും അര്‍ച്ചന തിരികേയെത്തുമെന്നും പ്രതീക്ഷിച്ചിരുന്ന അംഗങ്ങള്‍ക്കും അര്‍ച്ചന പുറത്തായത് വിശ്വസിക്കാനായില്ല.