ഭാര്യ സീരിയലിലെ രോഹിണി ആയി എത്തി പ്രേക്ഷകമനം കവര്‍ന്ന സീരിയല്‍ നടിയാണ് മൃദുല വിജയ്. ഭര്‍ത്താവിനെ കാണാതായിട്ടും വര്‍ഷങ്ങള്‍ കാത്തിരിക്കുന്ന കണ്ണീര്‍ കഥാപാത്രമായിരുന്നു സീരിയലിലെ തുടക്കത്തിലെ രോഹിണി. എങ്കിലും എപിസോഡുകള്‍ പിന്നിട്ടതോടെ രോഹിണി ബോള്‍ഡായി മാറി. ഇപ്പോള്‍ ഭാര്യ സീരിയല്‍ അവസാനിച്ചിട്ടും തന്നെ ഇപ്പോഴും രോഹിണി വിട്ടുപോയില്ലെന്നാണ് മൃദുല പറയുന്നത്. ഒപ്പം ഒരു സര്‍പ്രൈസും രോഹിണി പങ്കുവയ്ക്കുന്നു.
കൃഷ്ണ തുളസി, കല്യാണ സൗഗന്ധികം തുടങ്ങിയ സീരിയലുകളിലും വേഷമിട്ടിട്ടുണ്ടെങ്കിലും ഭാര്യയിലെ രോഹിണിയാണ് മൃദുലയ്ക്ക് ബ്രേക്ക് നല്‍കിയത്. അതേസമയം സിനിമയില്‍ നായിക ആയി പതിനഞ്ചാം വയസില്‍ എത്തിയ ശേഷം സീരിയലില്‍ ചേക്കേറിയ ആളാണ് മൃദുല എന്നതാണ് സത്യം. വെറും 22 വയസേ ഉള്ളുവെങ്കിലും ഭാര്യയില്‍ ഏഴുവയസുള്ള കുട്ടിയുടെ അമ്മയായിട്ടാണ് മൃദുല വേഷമിട്ടത്. സീരിയലലില്‍ ഭര്‍ത്താവായിരുന്ന രാജേഷ് ഹെബ്ബാറിന്റെ മകന് തന്നെക്കാള്‍ പ്രായമുണ്ടായിരുന്നു എന്നും മൃദുല പറയുന്നു. തന്റെ കുട്ടിത്തം കാമറയ്ക്ക് മുന്നില്‍ കാണിക്കാതിരിക്കാന്‍ പരിശ്രമിച്ചെന്നും മൃദുല പറയുന്നു. അച്ഛന്റെ പ്രായമുള്ള ആളുടെ ഭാര്യയായി അഭിനയിച്ചതിന്റെ പേരില്‍ പലരും താരത്തെ കളിയാക്കി. മൂന്നു വര്‍ഷത്തോളമാണ് രോഹിണി മൃദുലയായി തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചത്. സോനു സതീഷിന് പകരമായിട്ടാണ് മൃദുല സീരിയലിലേക്ക് എത്തിയത്. താന്‍ ഒരിക്കലും സോനുവിനെ പോലെ ആകാന്‍ ശ്രമിച്ചില്ലെന്നും തന്റേതായ രീതിയില്‍ അഭിനയിക്കാന്‍ വേണ്ടി പഴയ എപിസോഡുകള്‍ പോലും കണ്ടില്ലെന്നും താരം പറയുന്നു.
ഭാര്യ തന്റെ ജീവിതത്തിലെ നാഴികകല്ലായിരുന്നെന്നും ഇപ്പോള്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മൃദുല വ്യക്തമാകുന്നു. അതിനാല്‍ ഭാര്യയുടെ പാക്ക് അപ്് ദിവസം കരച്ചിലടക്കാന്‍ പറ്റിയില്ലെന്നും താരം പറയുന്നു. കഥാപാത്രത്തെ അത്രമേല്‍ നെഞ്ചേറ്റിയതിനാല്‍ മറ്റുള്ളവരോട് ഇടപഴകുമ്പോള്‍ പോലും ചിലപ്പോള്‍ താന്‍ രോഹിണിയായി മാറുമായിരുന്നു. ഇപ്പോഴും രോഹിണി തന്നെ വിട്ടുപോയില്ലെന്നും താരം വെളിപ്പെടുത്തുന്നു. അതേസമയം മറ്റൊരു സര്‍പ്രൈസ് കൂടി താരം ആരാധകരുമായി പങ്കുവച്ചു. പൂക്കാലം വരവായ് എന്ന പുതിയ സീരിയലില്‍ കേന്ദ്രകഥാപാത്രത്തെ മൃദുലയാണ് അവതരിപ്പിക്കുന്നത്. ഭാര്യയില്‍ നിന്നും തികച്ചും വ്യത്യസ്ഥമായ കഥാപാത്രത്തെയാണ് ഇതില്‍ മൃദുല അവതരിപ്പിക്കുന്നത്. തന്റേടിയായ ഒരു പെണ്‍കുട്ടിയെയാണ് താരം ഇതില്‍ അവതരിപ്പിക്കുന്നത്. എപ്പോഴും പ്രശ്‌നങ്ങളില്‍ ചെന്ന് ചാടുന്ന ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന്റെ ത്രില്ലിലാണ് ഇപ്പോള്‍ മൃദുല. ഏറ്റവും രസകരമായ കാര്യമെന്താണെന്ന് വച്ചാല്‍ ഭാര്യയില്‍ മൃദുലയുടെ ആദ്യ ഭര്‍ത്താവിനെ അവതരിപ്പിച്ച അരുണ്‍ ജി രാഘവ് ആണ് ഈ സീരിയലില്‍ മൃദുലയുടെ നായകനാകുന്നത്. ഭാര്യയിലൂടെ പ്രേക്ഷകപ്രീതി നേടിയ ജോഡികള്‍ വീണ്ടുമെത്തുമ്പോള്‍ പ്രേക്ഷകരും ഏറെ പ്രതീക്ഷയിലാണ്.
തിരുവനന്തപുരമാണ് മൃദുലയുടെ സ്വദേശം. പാപ്പനംകോട് ദ്വാരകയില്‍ വിജയകുമാറിന്റെയും റാണിയുടെയും മകളാണ് മൃദുല വിജയ്. പ്രശസ്തനായ സിനിമാ എഡിറ്റര്‍ എം. എന്‍. അപ്പുവിന്റെ കൊച്ചുമകളുമാണ് മൃദുല. കല്യാണാലോചനകള്‍ വരുന്നുണ്ടെങ്കിലും ഇപ്പോള്‍ അതേക്കുറിച്ച് ആലോചിക്കുന്നില്ലെന്ന് മൃദുല പറയുന്നു.