ബോളിവുഡ് നടന്‍ വരുണ്‍ ധവാനും നടി കീര്‍ത്തി സുരേഷും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'ബേബി ജോണ്‍'. ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച് കീര്‍ത്തി സുരേഷ് വരുണ്‍ ധവാനെ മലയാളം പറയാന്‍ പഠിപ്പിക്കുന്ന വീഡിയോയാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ശ്രദ്ധനേടുന്നത്.
'ഐ ലവ് യു' എന്ന് മലയാളത്തിലും തമിഴിലും തെലുങ്കിലും പറയാനാണ് കീര്‍ത്തി നടനെ പഠിപ്പിക്കുന്നത്. തമിഴില്‍ നിഷ്പ്രയാസം പറഞ്ഞ വരുണ്‍ ധവാന്റെ നാക്ക് ഉളുക്കുന്നത് മലയാളത്തില്‍ എനിക്ക് നിങ്ങളെ എല്ലാവരെയും വളരെ ഇഷ്ടമാണെന്ന് പറയുമ്പോഴാണ്.
ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷന്‍ ആയിരുന്ന കടല്‍ തീരത്ത് വെച്ചാണ് നടി നടനെ പഠിപ്പിക്കുന്നത്. കന്നടയില്‍ ഇഷ്ടമാണെന്ന് പറയാന്‍ തനിക്കറിയില്ലെന്നും ആദ്യം താന്‍ പഠിച്ചിട്ട് വരുണിനെ പഠിപ്പിക്കുമെന്നും കീര്‍ത്തി പറയുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായെത്തിയിരിക്കുന്നത്.
അതേസമയം വരുണ്‍ ധവാനെ നായകനാക്കി സംവിധായകന്‍ കാലീസ് ഒരുക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ ബേബി ജോണ്‍ ഡിസംബര്‍ 25 ന് തിയേറ്ററുകളിലെത്തും. അറ്റ്‌ലീ സംവിധാനം ചെയ്ത് വിജയ് നായകനായെത്തിയ ബ്ലോക്ക്ബസ്റ്റര്‍ ആക്ഷന്‍ ചിത്രം തെരി യുടെ റീമേക്കാണ് ബേബി ജോണ്‍.
ജിയോ സ്റ്റുഡിയോ, സിനി 1 സ്റ്റുഡിയോ, ആപ്പിള്‍ പ്രൊഡക്ഷന്‍സിന് കീഴില്‍ അറ്റ്ലി, മുറാദ് ഖേതാനി, ജ്യോതി ദേശ്പാണ്ഡെ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. സുമിത് അറോറയാണ് ചിത്രത്തിന്റെ ഡയലോഗുകള്‍ എഴുതിയിരിക്കുന്നത്. കീര്‍ത്തി സുരേഷ്, വാമിക ഗബ്ബി, ജാക്കി ഷ്‌റോഫ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. ചിത്രത്തില്‍ സല്‍മാന്‍ ഖാനും അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.