വണ്ണം കുറയ്ക്കണമെന്ന് ചിന്തിക്കാൻ തുടങ്ങിയിട്ട് കുറെ കാലാമായി എന്നാണ് വീണ പറയുന്നത്. പക്ഷേ, ഓരോരോ തിരക്കുകളും മറ്റുമായി തീരുമാനം നീണ്ടു പോയി. ബിഗ് ബോസ കഴിഞ്ഞപ്പോൾ തന്റെ ഭാരം 81 കിലോ ആയിരുന്നു. എന്നാൽ ലോക്ക് ഡൗൺ ആയപ്പോൾ ഭക്ഷണക്രമത്തിൽ മാറ്റം വന്നതോടെ വണ്ണം കൂടി തൊണ്ണൂറ്റേഴിലെത്തി. വണ്ണം കുറയ്ക്കാൻ തീരുമാനിച്ചതിന് പിന്നാലെ മേക്കോവര്‍ ആവശ്യമുള്ള ഒരു കഥാപാത്രവും തേടിയെത്തുകയായിരുന്നു. ഇതിനെ തുടർന്നാണ് ശരീരഭാരം കുറയ്ക്കാൻ തീരുമാനിക്കുന്നത്.ഇനിയും കൃത്യമായ പരിചരണത്തിലൂടെ വണ്ണം കൂടുതൽ കുറയ്ക്കാനാണ് തീരുമാനമെന്നും വീണ പറഞ്ഞു.
അധികം വണ്ണം കുറഞ്ഞിട്ടില്ലെന്നാണ് വീണ പറയുന്നത്. ഹെയർ സ്റ്റൈൽ കൂടി മാറ്റിയതോടെ കൂടുതൽ മെലിഞ്ഞതായി ഫീല്‍ ചെയ്യുന്നുണ്ട്. പുതിയ ചിത്രം കണ്ട് പലരും മേക്ക് ഓവർ കൊള്ളാം എന്നൊക്കെ മെസേജ് അയക്കുന്നു. ഇനിയും കുറയ്ക്കണം എന്നുണ്ട്. അതിനായി ശ്രമിക്കുമെന്നും നടി പറഞ്ഞു. നിലവിൽ 85 കിലോയാണ് വീണയുടെ ശരീരഭാരം.
ആയുർവേദ ചികിത്സയിലൂടെയാണ് ഭാരം കുറച്ചത്. 16 ദിവസത്തെ ഒഴിച്ചിലും പിഴിച്ചിലുമായിരുന്നു. കൂടാതെ ബാക്ക് പെയിനിന്റെ ചികിത്സ കൂടി ചെയ്തിരുന്നു. ഭക്ഷണത്തിന് നല്ല നിയന്ത്രണമുണ്ടെന്നും വീണ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.അവിടെ ഭക്ഷണ നിയന്ത്രണം ഉണ്ടായിരുന്നു. ഹെവി ഡയറ്റ് ആയിരുന്നില്ലെന്നും വീണ പറയുന്നു.
അവിടെ ഫ്രൂട്ട്സ് ആണ് പ്രധാനം. കൊഴുപ്പുള്ള ഒന്നും തരില്ല. തേങ്ങ എല്ലാത്തിലും പൊതുവായി ചേർക്കും. രാവിലെ ആറ് മണിക്ക് നാരങ്ങാവെള്ളത്തിൽ തേൻ ചേർത്ത് തരും. പ്രാതലിന് ഫ്രൂട്ട്സ്. കൂടുതലും പൈനാപ്പിളും തണ്ണിമത്തനും പപ്പായയുമാണ്. അത് വേണ്ടാത്തവർക്ക് മറ്റുള്ളവ നൽകും. ഉച്ചയ്ക്ക് തോരനും അവിയലുമാണ് പ്രധാനം. ഒപ്പം ഫ്രൂട്സ്. ഇടയ്ക്ക് കഞ്ഞി തരും. ചില ദിവസം പരിപ്പും കിച്ചടിയും. തീരെ പറ്റുന്നില്ലെങ്കിൽ വൈകിട്ട് ഒരു ചപ്പാത്തി. വെജ് സൂപ്പ് രണ്ടു നേരം നിർബന്ധം. രാത്രിയിൽ സൂപ്പും അവിയലേ തോരനോ പയറ് വേവിച്ചതോ. ഇതിനൊപ്പം 14 ദിവസവും യോഗ, സ്റ്റീം ബാത്ത്, മസാജ് , മരുന്നുകളും നൽകിയെന്ന് വീണ പറഞ്ഞു.