തിരുവനന്തപുരം: ഇനിയും ഒരമ്മക്കും തന്നെ ഗതി വരാതിരിക്കാൻ ഉരുട്ടിക്കൊലക്കേസിലെ പ്രതികൾക്ക് കടുത്ത ശിക്ഷ നൽകണമെന്ന് കൊല്ലപ്പെട്ട ഉദയകുമാറിന്റെ അമ്മ പ്രഭാവതി മാധ്യമങ്ങളോട് പറഞ്ഞു. നീണ്ട 13 വർഷമായി നീതിക്കുവേണ്ടിയുള്ള യുദ്ധത്തിലായിരുന്നു പ്രഭാവതി. ഒടുവിൽ ഹൈക്കോടതി ഇടപെട്ടാണ് കേസ് സിബിഐക്ക് വിട്ടത്.
കോടതി തന്നെ കൈവിടില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നും പ്രഭാവതി പറഞ്ഞു. തനിക്കൊപ്പം നിന്നവരോട് തീർത്താൽ തീരാത്ത നന്ദിയുണ്ടെന്നും അവർ പറഞ്ഞു. തന്നെ ജീപ്പിടിച്ച് കൊല്ലാനും പൊലീസുകാർ ശ്രമിച്ചു. കേസിൽ നിന്ന് പിന്തിരിയാൻ വീട്ടിലേക്ക് ആളുകളെത്തി. അപ്പോഴെല്ലാം ഉറച്ചു നിന്നു. ലോകമറിയാത്ത തന്നെ മുന്നോട്ട് കൊണ്ടു പോയത് ലോക ഭഗവാനും മണ്ണടി അമ്മയും ചേർന്നാണ്. ഇനിയൊരു അമ്മയ്ക്കും ഈ ഗതി വരരുത്. എന്റെ പിള്ളയ്ക്ക് അനുഭവിക്കേണ്ടി വന്ന വേദനയും ആരും അനുഭവിക്കരുത്. എനിക്ക് ഇനി കൊള്ളി വയ്ക്കാൻ ആളില്ല. വായ്കരി ഇടാനും മകനില്ല. ഇത്രയും ദിവസം ഇതെല്ലാം മനസ്സിൽ ഒതുക്കി വച്ചിരിക്കുകയായിരുന്നു. ഇനിയെന്ത് സംഭവിക്കുമെന്നും അറിയില്ല.-പൊട്ടിക്കരഞ്ഞു കൊണ്ട് അമ്മ പറഞ്ഞു.
ഫോർട്ട് പൊലീസ് സ്റ്റേഷനിൽ ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസിൽ അഞ്ച് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധിച്ചിരുന്നു. 2005 സെപ്റ്റംബർ 27-നാണ് ഫോർട്ട് പൊലീസ് സിഐ. ഇ.കെ.സാബുവിന്റെ ക്രൈംസ്‌ക്വാഡ് ഉദയകുമാറിനെ പിടികൂടിയത്. മോഷണക്കുറ്റമാരോപിച്ചാണ് ഉദയകുമാറിനെ പൊലീസുകാർ മർദിച്ചത്.
ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ 13 വർഷത്തിനു ശേഷം വിധി വ്ന്നത്. പ്രതികളായ ആറ് പൊലീസുകാരും കുറ്റക്കാരാണെന്ന് തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയുടെ വിധി. ഒന്നും രണ്ടും പ്രതികൾക്കെതിരെ കൊലക്കുറ്റം നിലനിൽക്കുമെന്നും കോടതി കണ്ടെത്തി. മൂന്നു പ്രതികൾക്കെതിരെ വ്യാജരേഖചമയ്ക്കൽ, ഗൂഢാലോചനകുറ്റങ്ങൾ നിലനിൽക്കുമെന്നും കോടതി കണ്ടെത്തി. കേസിലെ മൂന്നാം പ്രതി സോമൻ വിചാരണയ്ക്കിടെ മരണമടഞ്ഞിരുന്നു. ജിതകുമാർ, എസ്‌പി ശ്രീകുമാർ എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ. ഡി.വൈ.എസ്‌പി അജിത്, എസ്‌പി റാങ്ക് വിരമിച്ച ഇ.കെ സാബു, ഹരിദാസ് എന്നിവരാണ് മറ്റു പ്രതികൾ. ഇ.കെ സാബുവും ഹരിദാസും ഐ.പി.എസ് പട്ടികയിൽ പേരുണ്ടായിരുന്ന പ്രതിയായതിനാൽ തള്ളിപ്പോയി.
വിചാരണ വേളയിൽ കൂറുമാറിയ പ്രധാന സാക്ഷി സുരേഷിനെതിരെ വേണമെങ്കിൽ നടപടി സ്വീകരിക്കാമെന്നും കോടതി സിബിഐയോട് നിർദ്ദേശിച്ചു. വിചാരണയിൽ മൊഴി മാറ്റാൻ പൊലീസുകാർ തനിക്ക് 20 ലക്ഷം രൂപ നൽകിയെന്ന സുരേഷിന്റെ വെളിപ്പെടുത്തൽ ഒരു ചാനലിന്റെ ഒളികാമറയിൽ കിട്ടിയിരുന്നു. ഉദയകുമാറിന്റെ അമ്മയുടെ പോരാട്ടമാണ് ഈ കേസിൽ നിർണ്ണായകമായത്. പൊലീസ് അന്വേഷണം വഴി തെറ്റിയപ്പോൾ അമ്മ സിബിഐയെ കൊണ്ടു വരാൻ ഹൈക്കോടതിയിൽ പോയി. എല്ലാം കണ്ട ഉദയകുമാറിനൊപ്പമുണ്ടായിരുന്ന സുരേഷിന്റെ മൊഴി മാറ്റമായിരുന്നു ഇതിന് കാരണം. ഇതാണ് സത്യം പുറത്തുവരാൻ നിർണ്ണായകമായത്.
ഫോർട്ട് പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ എടുത്ത ഉദയകുമാർ എന്നയാളെ പൊലീസുകാർ ഉരുട്ടിക്കൊന്നുവെന്നാണ് കേസ്. 2005 സെപ്റ്റംബർ 27ന് രാത്രി ഫോർട്ട് സർക്കിൾ ഇൻസ്പെക്ടറുടെ പ്രത്യേക സ്‌ക്വാഡ് ആയിരുന്നു ഉദയകുമാറിനെ അറസ്റ്റു ചെയ്തത്. സുഹൃത്ത് സുരേഷിനൊപ്പം പാർക്കിൽ ഇരിക്കുമ്പോഴാണ് കസ്റ്റഡിയിൽ എടുത്തത്. പൊലീസിന്റെ ചോദ്യംചെയ്യലിനിടെ ഇരുമ്പുദണ്ഡ് കൊണ്ട് കാലിന്റെ തുടകളിൽ ഉരുട്ടലിന് വിധേയനായ ഉദയകുമാർ മരണമടഞ്ഞുവെന്നാണ് കേസ്. തദ്ദേശഭരണ തെരഞ്ഞെടുപ്പ് നടക്കുന്ന സമയമായതിനാൽ ഉന്നത ഉദ്യോഗസ്ഥർ എല്ലാം മറ്റു ചുമതലകളിലായിരുന്നു. ഇതോടെ അന്യായ കസ്റ്റഡി ആണെന്നത് ഒഴിവാക്കാൻ മോഷണക്കുറ്റം ചുമത്താനായി ഉദയകുമാറിനെതിനെതിരെ വ്യാജരേഖയും ഉണ്ടാക്കിയിരുന്നു. ഉദയകുമാറിന്റെ പോക്കറ്റിൽ നിന്ന് 4000 രൂപ കണ്ടെടുത്തുവെന്നും എഴുതിച്ചേർത്തു. എന്നാൽ പൊലീസ് കസ്റ്റഡിയിൽ ഉദയകുമാർ മരിച്ചശേഷമാണ് മോഷണക്കുറ്റം ചുമത്തിയതെന്നും മൃതദേഹത്തിനെതിരെയാണ് കേസെടുത്തിരിക്കുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസിൽ ഉദ്യോഗസ്ഥരെ കോടതിയിൽ ഹാജരാക്കുമ്പോൾ മാധ്യമങ്ങളിൽ നിന്ന് മറച്ചുപിടിക്കാൻ ആൾമാറാട്ടം നടത്തിയതും വിവാദമായിരുന്നു. ഇതിനു ചുക്കാൻ പിടിച്ച ഓഫീസറും അന്ന് അച്ചടക്ക നടപടി നേരിട്ടിരുന്നു. ഉദയകുമാറിനൊപ്പം കസ്റ്റഡിയിൽ എടുത്തിരുന്ന മുഖ്യസാക്ഷികൂടിയായ സുരേഷ്‌കുമാർ വിചാരണ വേളയിൽ കൂറുമാറി പ്രതിഭാഗം ചേർന്നിരുന്നു. കേസിലെ മാപ്പുസാക്ഷികൂടിയായ മുൻ ഹെഡ് കോൺസ്റ്റബിൾ വിജയകുമാറും നേരത്തെ കൂറുമാറിയിരുന്നു. അതുകൊണ്ട് തന്നെ മകന്റെ മരണത്തിൽ കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ വൃദ്ധയായ അമ്മ നടത്തിയ പോരാട്ടത്തിനു കൂടിയാണ് വിജയമുണ്ടായത്.