തൃശ്ശൂര്‍: നിര്‍മ്മിത ബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ചു ചിട്ടപ്പെടുത്തിയ മലയാളത്തിലെ ആദ്യത്തെ ഓണപ്പാട്ടുകളുടെ ഓഡിയോ കളക്ഷന്‍, 'കണ്ണിന്‍ ചിറകിലൊരു മഴത്തുള്ളി' റിലീസ് ചെയ്തു. ഡിജിറ്റല്‍ ഫിലിം മേക്കേഴ്സ് ഫോറം ട്രസ്റ്റ് ചെയര്‍മാനും കവിയുമായ സതീഷ് കളത്തില്‍ എഴുതിയ വരികള്‍ എ ഐ മ്യൂസിക് സൈറ്റായ സുനോ ഡോട്ട് കോമിലൂടെ സംഗീതവും ആലാപനവും ചെയ്ത പാട്ടുകളാണ് പുറത്തിറക്കിയിരിക്കുന്നത്.
ഓഡിയോ കളക്ഷന്റെ കവര്‍ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഭാസി പാങ്ങില്‍ പ്രകാശനം ചെയ്തു. നിര്‍മ്മിത ബുദ്ധി ഉള്‍പ്പെടെ, ഡിജിറ്റല്‍ വിവര സാങ്കേതിക വിദ്യ വിവിധ മേഖലകളില്‍ പ്രയോജനപ്പെടുന്ന ഇക്കാലത്ത്, കലാലോകവും അതിനെ ഗുണകരമായി പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്ന് ഭാസി പാങ്ങില്‍ അഭിപ്രായപ്പെട്ടു.
മ്യൂസിക് ഡയറക്ടര്‍ അഡ്വ. പി. കെ. സജീവ് ഏറ്റുവാങ്ങി. സമീപഭാവിയില്‍, രാഗം അടിസ്ഥാനമാക്കിയുള്ള ഗാനങ്ങളും എ ഐ വഴി ഉണ്ടാക്കാന്‍ കഴിയുമെന്ന് സജീവ് പറഞ്ഞു. വരികള്‍ക്ക് അനുസരിച്ചുള്ള സംഗീതം പലപ്പോഴും ലഭിക്കണമെന്നില്ല. നിലവില്‍, ഇടത്തട്ടുകാരായ പാട്ടെഴുത്തുകാര്‍ക്കും കവികള്‍ക്കും തങ്ങളുടെ വരികള്‍ക്കു താരതമേന്യേ ഭേദപ്പെട്ടൊരു ഈണവും ആലാപനവും നല്കാന്‍ കഴിയുമെന്നതാണ് ഇപ്പോഴുള്ള ഇതിന്റെ പ്രധാന നേട്ടം.
ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ സുനില്‍കുമാര്‍ കണ്ടംകുളത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ട്രഷറര്‍ സാജു പുലിക്കോട്ടില്‍, ദേവദാസ് മനക്കാട്ടുംപടി, മോഹന്‍ദാസ് ഇടശ്ശേരി എന്നിവര്‍ സംസാരിച്ചു. കെ.പി. രമ സ്വാഗതവും സതീഷ് കളത്തില്‍ നന്ദിയും പറഞ്ഞു.
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിനെ അടിസ്ഥാനമാക്കി, 'മണ്‍പുഴയുടെ സ്മൃതിമണ്ഡപം' എന്ന പാട്ടും തൃശ്ശൂരിലെ പുലിക്കളിയെകുറിച്ചുള്ള 'പുലിക്കൊട്ടും പനംതേങ്ങേം' എന്ന പാട്ടും ഉള്‍പ്പെടെ എട്ട് ലിറിക്കുകളിലായി പത്ത് പാട്ടുകളുണ്ട്. ഓണം ഓര്‍മ്മയിലെ പ്രണയത്തെകുറിച്ചു പറയുന്ന 'കണ്ണിന്‍ ചിറകിലൊരു മഴത്തുള്ളി' എന്ന ടൈറ്റില്‍ സോങ്ങിന് മെയില്‍, ഫീമെയില്‍, ഡ്യൂയറ്റ് വേര്‍ഷനുകളും അത്തംമുതല്‍ തിരുവോണംവരെയുള്ള പൂക്കളങ്ങളുടെ പ്രത്യേകതകള്‍ പറയുന്ന, 'പോരുന്നോ കൂടെ, പൂക്കളം കണ്ടു നടക്കാന്‍' എന്ന പാട്ട് ഉള്‍പ്പെടെ ഓണത്തിന്റെ ആഘോഷങ്ങളെ പ്രതിപാദിക്കുന്ന പാട്ടുകളുമുണ്ട്. സത്യം ഓണ്‍ലൈനില്‍ പബ്ലിഷ് ചെയ്ത ഓണപ്പാട്ടുകളാണ് കളക്ഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച ഇന്ത്യയിലെ ആദ്യത്തെ പരീക്ഷണ ചലച്ചിത്രങ്ങളായ വീണാവാദനം ഡോക്യുമെന്ററി, ജലച്ചായം സിനിമ എന്നിവ ചെയ്തിട്ടുള്ള സതീഷ് കളത്തില്‍ കലാ- സാംസ്‌കാരിക പ്രസിദ്ധീകരണമായ ഉത്തരീയം മാഗസിന്റെ അസോസിയേറ്റ് എഡിറ്ററാണ്.
സൗണ്ട് ക്ലൗഡ് ഡോട്ട് കോമില്‍ പാട്ടുകള്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്.
ലിങ്ക്:https://soundcloud.com/shoot-and-cut