ഉരുള്‍പൊട്ടലില്‍ സര്‍വ്വതും നഷ്ടപ്പെട്ട വയനാടിന്റെ അതിജീവനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാട്ടും.
'ചുരം നടന്ന് വന്നിടാം
കരള്‍ പകുത്തു തന്നിടാം
ഉള്ളുപൊട്ടിയെങ്കിലും
ഉലകമുണ്ട് കൂട്ടിനായ്...'
എന്ന് തുടങ്ങുന്ന പാട്ട് പ്രമുഖരുടെ സമൂഹമാധ്യമ പേജുകളിലൂടെ പുറത്തിറക്കി. സംസ്ഥാന സര്‍ക്കാരിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുകയാണ് പാട്ടിലൂടെ ലക്ഷ്യമിടുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.
മാധ്യമപ്രവര്‍ത്തകനും ചലച്ചിത്ര ഗാനരചയിതാവുമായ വിവേക് മുഴക്കുന്ന് ആണ് വരികള്‍ എഴുതിയിരിക്കുന്നത്. വയനാടിനോട് ചേര്‍ന്ന് കിടക്കുന്ന കണ്ണൂര്‍ ജില്ലയിലെ മുഴക്കുന്ന് സ്വദേശിയാണ് വിവേക്.
'വയനാട് നേരിട്ട ദുരന്തം സമാനതകള്‍ ഇല്ലാത്തതാണ്. രക്ഷപ്പെട്ടവര്‍ക്ക് മെച്ചപ്പെട്ട ജീവിതം സാധ്യമാക്കേണ്ടതുണ്ട്. ആ നാടിനെ വീണ്ടെടുക്കാന്‍ കേവലമായ ശ്രമങ്ങള്‍ മാത്രം പോര. രാഷ്ട്രീയത്തിനപ്പുറം നാട് ഒറ്റക്കെട്ടായി നില്‍ക്കുക എന്നതാണ് ഏറ്റവും പ്രധാനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പരമാവധി സഹായം എത്തിക്കാന്‍ ഓരോരുത്തര്‍ക്കും ഉത്തരവാദിത്തമുണ്ട്. അതിന്റെ ഭാഗമാണ് ഈ പാട്ടും' - വിവേക് പറയുന്നു
സംഗീതവും ആലാപനവും രഞ്ജിത്ത് ജയരാമന്‍. ബിജിബാലിന്റെ ശിഷ്യനായ രഞ്ജിത്ത് വാനം നീലയാണ് ബായ് (ഡാ തടിയാ), പൂക്കാലം കൈ വീശി (മഹേഷിന്റെ പ്രതികാരം), ഞാനെന്നും കിനാവ്... (ആദ്യരാത്രി) തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങള്‍ പാടിയിട്ടുണ്ട് രഞ്ജിത്ത് ജയരാമന്‍. കൊച്ചി സ്വദേശിയാണ്.