Latest News

പെരുമ്പാവൂരിലെ അപകടത്തിൽ കണ്ണീർക്കയമായി സെമിനിവാലി എസ്റ്റേറ്റ് ലയങ്ങൾ

സ്വന്തം ലേഖകൻ
പെരുമ്പാവൂരിലെ അപകടത്തിൽ കണ്ണീർക്കയമായി സെമിനിവാലി എസ്റ്റേറ്റ് ലയങ്ങൾ

ഏലപ്പാറ: സെമിനിവാലി എസ്റ്റേറ്റ് ലയം കണ്ണീർക്കയം. അപ്രിതീക്ഷിതമായി എത്തിയ ദുരന്ത വാർത്ത ഇവിടുത്തെ അന്തേവാസികളെ ഒന്നടങ്കം ദുഃത്തിലാഴ്തി. ഇന്നലെ വരെ തങ്ങളോടൊപ്പം ജോലി ചെയ്തിരുന്നവരെ അപടത്തിന്റെ രൂപത്തിൽ മരണം തട്ടിയെടുത്തെന്ന യാഥാർത്ഥ്യം ഇപ്പോഴും ഇവർക്ക് ഉൾക്കൊള്ളാനായിട്ടില്ല. കോരിച്ചൊരിയുന്ന മഴയും വ്യാപകമായ മൂടൽമഞ്ഞും മൂലമുള്ള കൊടും തണുപ്പും സഹിക്കാനാവാതെ നേരത്തെ നിദ്രയിലേയ്ക്ക് വഴുതിവീണ ഏലപ്പാറക്കടുത്തുള്ള ചെമ്മണ്ണ് ഗ്രാമം ദുരന്ത വാർത്തപരന്നതോടെ അക്ഷരാർത്ഥത്തിൽ കണ്ണീർക്കടലായി.

കാർ ഓടിച്ചിരുന്ന ഡ്രൈവർ ഏലപ്പാറ കോഴിക്കാനം മൂലയിൽ വിൽസന്റെ മകൻ വിജയ് (22)ഒഴികെ മറ്റെല്ലാവരും ചെമ്മണ്ണ് എസ്‌റ്റേറ്റ് ലയത്തിലും ചുറ്റുപാടുമായിട്ടാണ് താമസിക്കുന്നത്. മരിച്ചവരിൽ ഭൂരിപക്ഷവും ദരിദ്രചുറ്റുപാടിൽ ജീവിയിക്കുന്ന എസ്റ്റേറ്റ് തൊഴിലാളികളാണെന്ന് വാർഡ് മെമ്പർ രാജേന്ദ്രൻ പറഞ്ഞു. പരിക്കേറ്റ് ആലുവ രാജഗിരി ആശുപത്രിയിൽക്കഴിയുന്ന ചെമ്മണ്ണ് വാഗക്കാട് പുതുവയൽ യേശുദാസിന്റെ മകൻ ജിബിനെ(22) യാത്രയാക്കാൻ നെടുമ്പാശേരി എയർപോർട്ടിലേക്ക് തിരിച്ച സഹോദരൻ ജെറിനടക്കം കാറിലുണ്ടായിരുന്ന 5 പേർക്കാണ് ജിവൻ നഷ്ടമായത്. ജിബിന് ഗൾഫിൽ ജോലി തരപ്പെട്ടതിൽ ഉറ്റവരും സുഹൃത്തുക്കളും ഏറെ സന്തോഷത്തിലായിരുന്നു.

കുടുംബത്തിന്റെ കഷ്ടപ്പാട് തിരിച്ചറിഞ്ഞ് പിതാവ് യേശുദാസിനൊപ്പം തോട്ടത്തിൽ പണിക്കിറങ്ങിയവരാണ് ജിബിനും ജെറിനും. ഇന്നലെ രാത്രി 10 മണിയോടടുത്താണ് ഇവർ ചെമ്മണ്ണിൽ നിന്നും നെടുമ്പാശേരിക്ക് പുറപ്പെട്ടത്. ഒരമണിയോടടുത്തായിരുന്നു അപകടം. ഇവർ സഞ്ചിരിച്ചിരുന്ന കാറ് ബസ്സുമായി നേർക്ക് നേർ ഇടിക്കുകയായിരുന്നെന്നാണ് പുറത്തായ വിവരം. എസ്റ്റേറ്റ് ലയത്തിൽ ഏകദേശം നൂറോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട് .ദുരന്ത വാർത്ത പരന്നതോടെ ഇവിടം ശോകമൂകമാണ്. ഉള്ളുപിളർക്കും വേദനയുമായി കണ്ണീർ വാർക്കുന്ന മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെയും ഉറ്റവരെയും അശ്വസിപ്പിക്കാൻ വാക്കുകൾകിട്ടാതെ ചുറ്റുമുള്ളവർ അനുഭവിക്കുന്ന വിഷമം വിവരണാതീതമാണ്.

അപകടവിവരം അറിഞ്ഞതോടെ സ്ത്രീകൾ ഒഴിച്ചുള്ള മരണടഞ്ഞവരുടെ അടുത്ത ബന്ധുക്കൾ പെരുമ്പാവൂരിലേയ്ക്ക് തിരിച്ചു. പെരുമ്പാവൂർ ,മൂവാറ്റുപുഴ,കോതമംഗലം താലൂക്ക് ആശുപത്രികളിലായിട്ടാണ് പോസ്റ്റുമോർട്ടം ക്രമീകരിച്ചിട്ടുള്ളത്. പെരുമ്പാവൂരിൽ കാറും ബസും കൂട്ടിയിടിച്ച് അഞ്ചുപേർ മരിക്കാനിടയായത് കാർ ഡ്രൈവറുടെ അശ്രദ്ധയും അമിത വേഗതയുമെന്ന് പ്രാഥമിക നിഗമനം. മോട്ടോർ വാഹന വകുപ്പ് നടത്തിയ പ്രാഥമിക പരിശോധനയിലും തെളിവെടുപ്പിലുമാണ് ഇക്കാര്യം വ്യക്തമായത്. സ്ഥിരം അപകട മേഖലയിലാണ് ദുന്തം ഉണ്ടായത്. തടി ലോറിയെ ഓവർടേക്ക് ചെയ്യുമ്പോഴായിരുന്നു അപകടം. അതുകൊണ്ട് തന്നെ ഡ്രൈവറുടെ ഉറക്കമല്ല മരണകാരണമെന്നാണ് പൊലീസും നൽകുന്ന സൂചന.

അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമല്ല. കാർ യാത്രികരായ ഇടുക്കി ഏലപ്പാറ സ്വദേശികളായ ജെറിൻ (22),ഉണ്ണി (21), വിജയ്, കിരൺ (21), ജനീഷ് (22) എന്നിവരാണ് മരിച്ചത്. ആന്ധ്രയിൽനിന്നുള്ള അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന ബസുമായി ഇവരുടെ കാർ ഇടിക്കുകയായിരുന്നു. പരിക്കേറ്റ സുജിത്, ജിബിൻ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. പെരുമ്പാവൂർ വല്ലത്ത് വെച്ച് ഒരു തടിലോറിയെ മറികടന്ന് എത്തിയ കാർ ബസിൽ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. കാർ പൂർണമായും ബസിനുള്ളിലേക്ക് ഇടിച്ചു കയറി. ഇടിയുടെ ആഘാതത്തിൽ ബസ് റോഡിന് കുറുകെയായി. കനത്ത മഴ രക്ഷാപ്രവർത്തനം തടസ്സപ്പെടുത്തി. മണിക്കൂറുകൾക്ക് ശേഷമാണ് ബസ് റോഡിൽ നിന്ന് മാറ്റിയത്. ഇത് ഗതാഗത തടസ്സത്തിനും കാരണമായിരുന്നു. അമിത വേഗതയാണ് വില്ലനായതെന്ന് ദൃക്സാക്ഷികളും പറയുന്നു.

സ്ഥിരമായി അപകടമുണ്ടാകുന്ന സ്ഥലമാണ് ഇവിടമെന്നാണ് നാട്ടുകാർ പറയുന്നത്. കനത്തമഴയും അപകടത്തിന്റെ വ്യാപ്തി കൂട്ടിയെന്നും കരുതുന്നു. ഡ്രൈവർ മദ്യപിച്ചിരുന്നോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. ആന്ധ്രയിൽ നിന്നും എത്തിയ തീർത്ഥാടക സംഘം ആഹാരം കഴിച്ച ശേഷം വീണ്ടും പുറപ്പെടാൻ ബസ് എടുത്തതേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടു തന്നെ ബസ് സാവധാനമായിരുന്നു വന്നതെന്നും വിമാനത്താവളത്തിൽ സമയത്ത് ചെക്കിൻ ചെയ്യേണ്ടതുള്ളതിനാൽ അത് ലക്ഷ്യമിട്ട് ഡ്രൈവർ കാർ അമിത വേഗത്തിൽ ഓടിച്ചിരിക്കാമെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

perumbavoor accident seminivally estate layam

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES