ഇന്ത്യൻ സംസ്ഥാനമായ തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിലെ ഒരു പ്രത്യേക ഗ്രേഡ് പഞ്ചായത്ത് പട്ടണമാണ് വേളാങ്കണ്ണി. വിശ്വാസവും ശാന്തി നിറഞ്ഞുതുളുമ്പുന്നയിടമെന്ന് വിശേഷിപ്പിക്കാവുന്നതാണ് വേളാങ്കണ്ണി. ഏറെ പേര് കേട്ട ക്രൈസ്തവ തീർത്ഥാടനകേന്ദ്രമാണ് ഇവിടം. ബംഗാൾ ഉൾക്കടലിന്റെ കോറമാണ്ടൽ തീരത്ത്, ചെന്നൈയിൽ നിന്ന് 350 കിലോമീറ്റർ തെക്ക്, നാഗപട്ടണത്തിന് 12 കിലോമീറ്റർ തെക്ക് ഈ പട്ടണം സ്ഥിതിചെയ്യുന്നു. റോമും ഗ്രീസുമായി വ്യാപാരം നടത്തിയ ഒരു തുറമുഖം ആയ ഈ പട്ടണം നാഗപട്ടണം എന്ന വലിയ നഗരത്തിൻറെമുമ്പിൽ ഈ ചെറിയ വാണിജ്യ കേന്ദ്രത്തിന് ക്രമേണ അതിന്റെ പ്രാധാന്യം നഷ്ടപ്പെട്ടു. ഈ പട്ടണത്തെ വേദരണ്യവുമായി ബന്ധിപ്പിക്കുന്നതിന് നിർമ്മിച്ച കനാൽ ഇപ്പോഴും പടിഞ്ഞാറ് ഭാഗത്താണ്.
കാവേരി നദിയുടെ ഒരു ചെറിയ ശാഖയായ വെല്ലയാർ പട്ടണത്തിന്റെ തെക്ക് ഭാഗത്തേക്ക് കടന്ന് കടലിലേക്ക് ഒഴുകുന്നു. 2004-ലെ ഇന്ത്യൻ മഹാസമുദ്ര ഭൂകമ്പത്തിൽ ഉണ്ടായ സുനാമിയിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് ഈ പട്ടണത്തിനാണ്. ഉണ്ണിയേശുവിനെ കൈയിലേന്തിയുള്ള വേളാങ്കണ്ണി മാതാവിന്റെ രൂപം കാണാനും പ്രാർത്ഥിക്കാനുമായി എല്ലാ ജാതിമതക്കാരും ഇവിടേക്ക് എത്തുന്നുണ്ട്. പ്രതിവർഷം 20 ദശലക്ഷത്തോളം പേർ ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമായി വേളാങ്കണ്ണിയിലെത്തുന്നുവെന്നാണ് കണക്ക്. സെപ്തംബർ മാസത്തിലെ എട്ടുനോമ്പ് പെരുന്നാളിനാണ് ഏറ്റവുമധികം തിരക്ക്.
രാവിലെ അഞ്ചുമുതൽ വൈകീട്ട് ഒമ്പതുവരെ തുറന്നിരിക്കുന്ന പള്ളിയിൽ 5.45 മുതൽ രണ്ടുമണിക്കൂർ ഇടവിട്ട് തമിഴ്, ഇംഗ്ലീഷ്, മലയാളം, തെലുങ്ക്, കന്നട ഭാഷകളിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കും. ആരാധനക്കെത്തുന്ന മുഴുവൻ പേർക്കും സൗജന്യനിരക്കിൽ ഭക്ഷണം നൽകാൻ രാവിലെ ആറ് മുതൽ രാത്രി 10 വരെ പ്രവർത്തിക്കുന്ന പള്ളിവക കാന്റീനും സജ്ജമാണ്. അതുകൊണ്ടു തന്നെ നിരവധി ആൾക്കാർ ആണ് വന്നു പോകുന്നത്. നേർച്ചയ്ക്കും കാര്യസാധ്യത്തിനുമൊക്കെ ഇവിടേയ്ക്ക് ആളുകൾ എത്തി ചേരാറുണ്ട്.
കിഴക്കിന്റെ ലൂർദെന്നു കൂടി അറിയപ്പെടുന്ന വേളാങ്കണ്ണി പള്ളിയെ മാർപ്പാപ്പ 1962-ൽ ബസിലിക്കയായി ഉയർത്തി. ഉണ്ണിയേശുവിനെ കൈയ്യിലേന്തിയുള്ള വേളാങ്കണ്ണി മാതാവിന്റെ രൂപം പ്രശസ്തവും എന്നാൽ ലോകത്തിന്റെ ഇതര ഭാഗങ്ങളിൽ പ്രചാരത്തിലിരിക്കുന്നവയിൽ നിന്നു വ്യത്യസ്തവുമാണ്.