തെലങ്കാനയിലെ അതിരാവിലെയുള്ള കർക്കിടക കാറ്റിന് ശക്തികൂടുതലാണ്, കുളിരും. നാലമ്പലദർശനത്തിന്റെ ആവേശത്തെ പക്ഷെ അതൊന്നും ബാധിച്ചില്ല. നേരത്തേ ബുക്ക് ചെയ്ത വണ്ടിയും കാത്ത്, കമലാനഗർ അയ്യപ്പക്ഷേത്രത്തിന്റെ മുന്നിൽ നിൽക്കുമ്പോൾ അകത്തുനിന്നും രാമായണത്തിന്റെ ഈരടികൾ ഒഴുകിവരുന്നുണ്ടായിരുന്നു.
എന്നും അതിരാവിലെ ഉറക്കമുണരുന്ന നഗരത്തെരുവുകൾക്ക് ഒഴിവുദിനങ്ങളില്ല. അതുകൊണ്ട് തന്നെ തിരക്ക് ഒഴിവാക്കുവാൻ ഔട്ടർ റിങ് റോഡിലൂടെയായിരുന്നു യാത്ര. വഴികാട്ടിയായി മുന്നിൽ ആകാശത്ത് ബാലസൂര്യൻ. കടും ചുവപ്പ് ഗോളത്തിൽ നിന്നും കണ്ണിലേക്ക് അടിക്കുന്ന പ്രകാശം തടയുവാൻ, മുൻവശത്തെ ഷീൽഡ് ഒരല്പം താഴ്‌ത്തി ഡ്രൈവർ പാഷാ ഭായ് സ്റ്റിയറിംഗിൽ ശ്രദ്ധകേന്ദ്രീകരിച്ചു.
'ഇസ് ബാർ ബാരിഷ് കം ഹേ ത്തോ ഭി സർദ്ദി കം നഹീ ഹേനാ' ഹൈദരാബാദിന്റെ സ്വന്തം ഹിന്ദിയിൽ അയാൾ അത് മൊഴിയുമ്പോൾ, തണുത്തു വിറയ്ക്കുന്നുണ്ടായിരുന്നു. ഇരുവശവും വളർന്നു നിൽക്കുന്ന വേപ്പുമരങ്ങൾക്കിടയിലൂടെ പായുന്ന വണ്ടിയുടെ മുൻസീറ്റിൽ എന്റെ നെഞ്ചോട് ചേർന്ന് പ്രകൃതിഭംഗി ആസ്വദിച്ചു കിടന്ന കണ്ണൻ മെല്ലേ ഉറക്കമാരംഭിച്ചു.
വ്യോമസേനയിലേക്ക് പുതുതായി ചേർന്നവർക്ക് പരിശീലനം നൽകുന്ന ദുന്ദുഗൽ എയർഫോഴ്‌സ് അക്കാദമി. സൈന്യം എന്ന മലയാള ചിത്രത്തിന് പശ്ചാത്തലമായ അക്കാദമി മലയാളികൾക്കേറെ പരിചയമുള്ള ഒന്നാണ്. അക്കാദമിയും പിന്നിട്ട് ആറേഴ് കിലോമീറ്റർ, ഹൈവേയിലൂടെ യാത്രചെയ്താൽ ഗുമ്മഡിദല ഇന്ന വ്യവസായ മേഖല. പല പ്രശസ്ത മരുന്നു കമ്പനികൾക്കും ആസ്ഥാനമായ ഈ വ്യവസായമേഖ അവസാനിക്കുന്നിടത്ത് വലതു ഭാഗത്തായി ഇനിയും പണിതു തീർന്നിട്ടില്ലാത്ത ഒരു കമാനം കാണാം. അതിനടിയിലൂടെ ടാറിട്ട വീതികുറഞ്ഞ ഒരു റോഡ്. അത് ചെന്നെത്തുന്നത് ഗുമ്മഡിദല എന്ന കാർഷിക ഗ്രാമത്തിലാണ്.
ഏതൊരു തെലങ്കാന ഗ്രാമത്തേയും പോലെ, വീതികുറഞ്ഞ നിരത്തുകൾക്കിരുപുറവുമായി കുറേ വീടുകൾ. ഇടക്ക് ഒന്നു രണ്ട് പീടികമുറികൾ. വഴിയരികിലെ കുഴൽക്കിണറിൽ കുടവുമായി കുടിവെള്ളത്തിന് കാത്തുനിൽക്കുന്ന സ്ത്രീകൾ. ഗ്രാമക്കാഴ്‌ച്ചകൾ പിന്നിട്ട് വണ്ടി പിന്നെയും മുന്നോട്ട് നീങ്ങി.
റോഡിന് വലതുവശത്തായി ഒരു ചെറിയ കുന്ന്. അത് ആരംഭിക്കുന്നിടത്ത് പടർന്ന് പന്തലിച്ച ഒരു ആൽമരം. അതിന്റെ കീഴിലെ തറയിൽ പ്രഭാതകുളിരിനോപ്പം, ഇളംവെയിലിന്റെ ചൂടും ആസ്വദിക്കുവാൻ കൂടിയിരിക്കുന്ന ഒരു കൂട്ടം ഗ്രാമീണർ. അവർക്കരികിലായി വണ്ടി നിർത്തി.
കുന്നു കയറിയാൽ മുകളിലായാണ്, ഗുമ്മഡിദല ശ്രീരാമക്ഷേത്രം എന്നറിയപ്പെടുന്ന പുരാതന ക്ഷേത്രം. മഹാക്ഷേത്രങ്ങളുടെ ആകാരഭംഗിയോ ഭാവഹാവാദികളോ ഇല്ലാത്ത ഒരു കൊച്ചു ക്ഷേത്രം. ചുറ്റുമതിലുകൾ ഇല്ലാത്ത ക്ഷേത്രത്തിന് പക്ഷെ ഒരു പടിവാതിലുണ്ട്. കരിങ്കൽ തൂണുകൾക്ക് മീതെ ഒരു ശിലാപാളിവച്ച് മേൽക്കൂരതീർത്ത ഒരു പടിപ്പുര. അതുകഴിഞ്ഞാൽ, എന്തിനെന്നറിയാതെ നിൽക്കുന്ന കുറേ കരിങ്കൽ തൂണുകൾ. പണിപൂർത്തിയാകാതെ പോയതാകാം. അല്ലെങ്കിൽ കാലത്തിന്റെ വികൃതിയിൽ നശിച്ചുപോയൊരു പൂമുഖത്തിന്റെ അവശിഷ്ടങ്ങളാകാം. അതു കടന്നാൽ ഒരു കരിങ്കൽ മണ്ഡപം. നാലു തൂണുകൾ താങ്ങി നിർത്തിയിരിക്കുന്ന ശിലാപാളികൾ തന്നെയാണ് ഇതിന്റെയും മേൽക്കൂര. അതും കഴിഞ്ഞാലാണ് പ്രധാന ക്ഷേത്രം.
നിലവും ചുമരുകളും മാത്രമല്ല, മേൽക്കൂരയും കരിങ്കൽ പാളികളാൽ നിർമ്മിച്ച ക്ഷേത്രം. ഉയരം കുറഞ്ഞ പ്രധാന കവാടത്തിലൂടെ തല കുനിച്ചുവേണം അകത്ത് കടക്കാൻ. അകത്തെത്തിയാൽ ആദ്യം ഉള്ളത് ഒരു ചെറിയ ഇടനാഴിയാണ്. ചെറിയ രീതിയിലുള്ള കൊത്തുപണികളോടുകൂടിയ വലിയ കരിങ്കൽ തൂണുകൾ നിരനിരയായി നിൽക്കുന്ന ഇടനാഴിയിലൂടെ ഗർഭഗൃഹത്തിനു മുന്നിലെത്താം. കത്തുന്ന നിലവിളക്കിന്റെ പ്രകാശം മാത്രമുള്ള ഇരുണ്ട ഗർഭ ഗൃഹത്തിനുള്ളിൽ എട്ടു പ്രതിഷ്ഠകളാണ്. ദാശരഥന്മാരുടെയേയും അവരുടെ പത്‌നിമാരുടേയും. ശ്രീരാമചന്ദ്രനും സഹോദരരും പത്‌നീ സമേതരായി കുടികൊള്ളുന്ന ക്ഷേത്രം ഒരുപക്ഷെ ഇതൊന്നുമാത്രമെ കാണൂ. മാത്രമല്ല, ഏതൊരു ശ്രീരാമ ക്ഷേത്രത്തിലേയും സാന്നിദ്ധ്യമായ, ശ്രീരാമ ഭക്തൻ ആഞ്ജനേയന്റെ പ്രതിഷ്ഠ ഇവിടെ ഇല്ല എന്നതും ഒരു പ്രത്യേകതയാണ്.
' രാമചന്ദ്രനും സഹോദരന്മാരും വിവാഹം കഴിഞ്ഞ് അയോദ്ധ്യയിലേക്ക് വരും വഴി, ഇതിലൂടെയാണത്രെ വന്നത്. പ്രകൃതിരമണീയമായ ഇടം കണ്ട്, യാത്രാക്ഷീണം ഒഴിവാക്കുവാൻ അവർ ഇവിടെയിറങ്ങി വിശ്രമിച്ചുവത്രെ!' ക്ഷേത്രത്തിലെ പ്രധാന പുരോഹിതനായായ രാമൻ തന്ത്രി ക്ഷേത്രത്തിന്റെ ഐതിഹ്യം വിവരിച്ചു. ' അന്ന് ഹനുമാൻ സ്വാമി, ശ്രീ രാമചന്ദ്രനെ പരിചയപ്പെട്ടിട്ടില്ല. അതാണത്രെ ഇവിടെ ഹനുമാന്റെ സാന്നിദ്ധ്യമില്ലാത്തത്.''
'വർഷങ്ങൾക്ക് ശേഷം ഇവിടെ ഭഗവദ് സാന്നിദ്ധ്യം വെളിച്ചപ്പെട്ടു. അന്ന് അത് തിരിച്ചറിഞ്ഞ പൗരപ്രമുഖർ, നാടുവാണിരുന്ന കാകതീയ രാജാവിനെ വിവരമറിയിച്ചു. കൊട്ടാര ജ്യോത്സ്യന്റെ നിർദ്ദേശ പ്രകാരം അദ്ദേഹമാണ് ഈ ക്ഷേത്രം നിർമ്മിച്ചത്. തമിഴ്‌നാട്ടിൽ നിന്നും ഒരു ബ്രാഹ്മണകുടുംബത്തെ പൂജാ കർമ്മങ്ങൾക്കായി വരുത്തിച്ചു' തന്ത്രി പറഞ്ഞു നിർത്തി.
ആ കുടുംബത്തിന്റെ ഇപ്പോഴത്തെ നാഥനാണ് രാമൻ തന്ത്രി.
'എന്തായാാലും തമിഴ് എന്നിൽ അവസാനിച്ചു. എന്റെ മക്കളും കൊച്ചുമക്കളുമൊക്കെ ഇപ്പോൾ തെലുങ്കിലാണ് സംസാരിക്കുന്നത്.' നല്ല ചെന്തമിഴിൽ മൊഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ വാക്കുകളിൽ ഒരു നഷ്ടബോധം നിഴലിക്കുന്നുണ്ടായിരുന്നു.
ആരതിയുഴിഞ്ഞ്, ഞങ്ങൾ കൂടെക്കൊണ്ടുപോയിരുന്ന മാലകൾ ചാർത്തി, മധുരപലഹാരങ്ങൾ നേദിച്ച്, കൂടെയുണ്ടായിരുന്നവർ, ഗർഭഗൃഹത്തിനു മുന്നിലായി ഇരുന്നു രാമസങ്കീർത്തനം ആലപിക്കാനാരംഭിച്ചു. അതിൽ താത്പര്യമില്ലാത്തതിനാൽ മെല്ലെ ക്ഷേത്രത്തിനു പുറത്തേക്ക് കടന്നു.. പൊട്ടിത്തകർന്ന പ്രദക്ഷിണവരിയിലൂടെ പ്രദക്ഷിണം വയ്ക്കുമ്പോൾ പടിഞ്ഞാറുനിന്നും കർക്കിടകക്കാറ്റ് ആഞ്ഞു വീശുന്നുണ്ടായിരുന്നു.
പ്രദക്ഷിണവരിക്കപ്പുറത്ത് കാക്കപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്ന മുറ്റം. പിന്നെ കൊങ്ങിണിപ്പൂക്കൾ തീർക്കുന്ന അതിർത്തിക്കപ്പുറം കുത്തനെയുള്ള ഇറക്കം. ഒരു സിഗററ്റിനു തീകൊടുത്ത് പുകയൂതിവിട്ട് ഒരൽപം സാഹസികതയോടെ തന്നെ ഇറക്കമിറങ്ങി. ഒരു ചെറിയ ജലാശയം അതുകഴിഞ്ഞാൽ ചക്രവാളങ്ങൾ സ്പർശിച്ചുകിടക്കുന്ന കടുക് പാടങ്ങൾ. വയൽക്കരയിൽ ഒറ്റയാനായി തലയുയർത്തി നിൽക്കുന്ന ഒരാൽമരം. ആൽമരത്തിനു കീഴിൽ പുകയൂതിവിട്ട് നിൽക്കുമ്പോൾ, ഏകദേശം എൺപത് വയസ്സിനുമേൽ പ്രായമുള്ള ഒരു ഗ്രാമീണൻ അവിടെ എത്തി. പ്രായം തളർത്താത്ത ആവേശവുമായി പാടത്തേക്കിറങ്ങുന്നതിനു മുൻപായി അയാൾ അടുത്തെത്തി.
'ഇവിടെ ആദ്യമായിട്ടാണലെ ?' തെലുങ്കിൽ അയാൾ ചോദിച്ചു. ആ ആൽമരത്തിനു കീഴിൽ പുകവലി പോലുള്ള ദുശ്ശീലങ്ങളൊന്നും പാടില്ലാത്രെ. സഹോദരന്മാരിൽ നിന്നും ഒരല്പം മാറി ഏകാന്തതകൊതിച്ച് സീതാരാമന്മാർ ഇതിനു കീഴിൽ ഇരുന്നുവത്രെ! രാമായണത്തിൽ ഏറെ പ്രതിപാദിക്കാത്ത ഒന്നാണ് പ്രണയം എന്ന സങ്കല്പം അങ്ങനെ ആദ്യമായി തിരിച്ചറിയുവാൻ ഈ രാമായണകാലത്തായി.
ആഡംബരങ്ങൾക്കിടയിൽ ബാല്യകൗമാരങ്ങൾ പിന്നിട്ട്, കാനന ജീവിതത്തിന്റെയും ഒറ്റപ്പെടലിന്റെയും കഠിനദുഃഖങ്ങൾക്കിടയിലും മനസ്സിനുള്ളിൽ അവർ ഒളിപ്പിച്ചു വെച്ച പ്രണയം പക്ഷെ ആദികവി വേണ്ടവിധം ശ്രദ്ധിച്ചിരുന്നോ എന്ന് സംശയമാണ്. മനസ്സിൽ ഒരു വിങ്ങലായി ആ ചിന്ത ഉയർന്നുവന്നു. അറിയാതെപോയ, പറയാതെപോയ പ്രണയങ്ങളുടെ കുത്തുന്ന ഓർമ്മകളും പേറി തിരിച്ചുകയറിയെത്തിയപ്പോഴേക്കും സങ്കീർത്തനാലാപനം കഴിഞ്ഞ് കൂടെ വന്നവരും മടക്കയാത്രക്ക് തയ്യാറായിരുന്നു.