ഗോവന്‍ സംസ്‌കാരത്തെ അടുത്തറിയാം, ബിഗ് ഫൂട്ട് മ്യൂസിയത്തിലൂടെ

വിപിന്‍ ചാലിമന
ഗോവന്‍ സംസ്‌കാരത്തെ അടുത്തറിയാം, ബിഗ് ഫൂട്ട് മ്യൂസിയത്തിലൂടെ

ര്‍ഷങ്ങള്‍ക്ക് പിന്നിലെ ഗോവന്‍ സംസ്‌ക്കാരവും ഗ്രാമീണ ജീവിത ശൈലിയുമെല്ലാം വളരെ ഭംഗിയായി പുനരാവിഷ്‌ക്കരിക്കപ്പെട്ടത് ബിഗ് ഫൂട്ട് മ്യൂസിയത്തിലെ ജീവസ്സുറ്റ ശില്‍പങ്ങളിലൂടെയാണ്.  ഗോവന്‍ പഴമക്കാരുടെ തൊഴിലും അതുമായി ബന്ധപ്പെടുത്തി അവര്‍ തന്നെ കെട്ടിപ്പടുത്ത സംസ്‌കാരവും ഈ തുറന്ന മ്യൂസിയത്തില്‍ വളരെ കൃത്യതയോട് കൂടി ക്രമീകരിച്ചിരിക്കുന്നു. ഗോവ കാണാനെത്തുന്ന ഏതൊരു സഞ്ചാരിയും കണ്ടിരിക്കേണ്ടതാണ് ഈ സ്ഥലം. 

ഗോവന്‍ തലസ്ഥാനം പനാജിയില്‍ നിന്നും ഒരു ടാക്‌സി വിളിച്ച് മുപ്പത് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മതിയാകും ഇവിടെയെത്താന്‍. വര്‍ഷത്തില്‍ മുന്നൂറ്റി അറുപത്തഞ്ച് ദിവസവും കാലത്ത് ഒന്‍പത് മണി മുതല്‍ വൈകിട്ട് ആറ് മണി വരെ സഞ്ചാരികള്‍ക്ക് ഇവിടം സന്ദര്‍ശിക്കാം.  പത്ത് വയസ്സിന് മുകളിലുള്ളവര്‍ക്ക് അന്‍പത് രൂപയും താഴെയുള്ളവര്‍ക്ക് ഇരുപത്തിയഞ്ച് രൂപയും കൊടുത്ത് ഇവിടെ പ്രവേശന ടിക്കറ്റെടുക്കാം. 

ടിക്കറ്റെടുത്ത് പ്രവേശന കവാടത്തിലൂടെ അകത്ത് കടക്കുന്നവരെ സ്വീകരിക്കുന്നത് അലങ്കരിച്ച താലത്തില്‍ വിളക്കും പുഷ്പങ്ങളും കുങ്കുമവുമെല്ലാമെടുത്തു പിടിച്ച് നില്‍ക്കുന്ന സുന്ദരികളായ ഗോവന്‍ യുവതികളാണ്. കുങ്കുമം സന്ദര്‍ശകര്‍ ഓരോരുത്തരുടേയും നെറ്റിയില്‍ തൊട്ട് വിളക്കു കൊണ്ടുഴിഞ്ഞ് എല്ലാവിധ ആതിഥ്യ മര്യാദയോടും കൂടി അവര്‍ മ്യൂസിയത്തിനകത്തേക്ക് ആനയിക്കുന്നു.  സന്ദര്‍ശകര്‍ക്ക് മ്യൂസിയത്തിനുള്ളിലൂടെ നടക്കാനുള്ള പാത പ്രത്യേകം ഒരുക്കിയിട്ടുണ്ട്.  അവര്‍ക്ക് കണ്ട് മനസ്സിലാക്കാനുള്ള ഓരോ കാര്യങ്ങളും വൃത്തിയോടും ഭംഗിയോടും കൂടി നടപ്പാതക്ക് ഇരുവശത്തുമായി ക്രമീകരിച്ചിരിച്ചിട്ടുമുണ്ട്.

മത്സ്യ ബന്ധനം, പാത്ര നിര്‍മ്മാണം, കൊല്ലപ്പണി, കൃഷി, കച്ചവടം, നെയ്ത്ത് തുടങ്ങിയവ ഉള്‍പ്പെട്ട ഗോവന്‍ ഗ്രാമീണരുടെ തൊഴില്‍ രംഗം ആകര്‍ഷണീയമായ രീതിയില്‍ ജീവന്‍ തുടിക്കുന്ന പ്രതിമകളുടെ സഹായത്തോടെ ഇവിടെ പുനരാവിഷ്‌ക്കരിച്ചിരിക്കുന്നു.  ഇതിന് പുറമെ മരുന്ന് ചെടികളുടെ ഉദ്യാനവും, വര്‍ണങ്ങളുടെ മനോഹാരിത സ്വന്തം ചിറകുകളിലാവാഹിച്ച പക്ഷികളുടെ പാര്‍ക്കും മ്യൂസിയത്തിനുള്ളില്‍ ഒരുക്കിയിട്ടുണ്ട്.  പഴയ കാല ഗോവന്‍ കുടിലുകളുടെ ചെറു മാതൃകകളും, ഗോവയെന്നു കേട്ടാല്‍ മനസ്സിലെത്തുന്ന ഗോവന്‍ഫെനിയുടെ നിര്‍മ്മാണ പ്രക്രിയകളുമെല്ലാം ഇംഗ്ലീഷ് ഭാഷയിലുള്ള വിവരണങ്ങളോട് കൂടി ഇവിടെ ഒരുക്കിയിട്ടുണ്ട്.  മ്യൂസിയത്തിനുള്ളില്‍ അവിടവിടെയായി ഗോവന്‍ സ്‌പെഷല്‍ സാധനങ്ങള്‍ വില്‍ക്കുന്ന കച്ചവടക്കാരികളേയും കാണാം.

ലിംക ബുക്കില്‍ ഇടം പിടിച്ച പതിനാല് മീററര്‍ നീളമുള്ള മീരാഭായുടെ ചെങ്കല്‍ ശില്‍പമാണ് ബിഗ് ഫൂട്ട് മ്യൂസിയത്തില്‍ ഏറ്റവുമധികം ശ്രദ്ധപിടിച്ചുപറ്റുന്ന നിര്‍മിതി.  ഇത് ഇന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടിയ ചെങ്കല്‍ ശില്‍പമാണ്.  ഈ ശില്പത്തിന്റെ അടുത്തേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല.  ഒരു നിശ്ചിത അകലം പാലിച്ച് വേണം നില്‍കാന്‍.  ശില്പത്തിനടുത്തായി അല്പം മാറി ഒരു സെല്‍ഫി പൊയന്റുണ്ട്.  ഇവിടെനിന്ന് സെല്‍ഫിയെടുത്താല്‍ പടമെടുക്കുന്നവന്റെ പശ്ചാതലത്തില്‍ ഈ ശില്പം പൂര്‍ണമായും കാണാന്‍ സാധിക്കും.  മ്യൂസിയത്തിന്റെ ഉടമയും കലാകാരനുമായിരുന്ന എം.ജെ.എ അല്‍വാരസ്  (Maendra Jocelino Araujo Alvares)  ആണ് ഈ ശില്‍പത്തിന്റെ നിര്‍മാതാവ്.  

മ്യൂസിയം കണ്ട് കഴിഞ്ഞാല്‍ സന്ദര്‍ശകര്‍ ഒരു സുവനീര്‍ ഷോപ്പിലൂടെ നടന്നു വേണം പുറത്ത് കടക്കാന്‍.  യാത്രയ്‌ക്കൊപ്പം യാത്ര ചെയ്യുന്ന സ്ഥലങ്ങളിലെ പ്രത്യേകതയുള്ള വസ്തുക്കള്‍ ശേഖരിക്കുന്നവരെയും ഷോപ്പിങ്ങില്‍ കമ്പമുള്ളവരെയും മുന്നില്‍ കണ്ടാണ് മ്യൂസിയത്തിനുള്ളിലെ വലിയ നടത്തത്തിന്റെ അവസാനം ഇങ്ങനെ ക്രമീകരിച്ചിരിക്കുന്നത്. സന്ദര്‍ശകര്‍ക്ക് വിജ്ഞാനം പകര്‍ന്ന് കൊടുക്കുന്നതോടൊപ്പം വിനോദസഞ്ചാരത്തെ ഒരു വരുമാന മാര്‍ഗമായി ഉപയോഗിക്കാനും മ്യൂസിയം നടത്തിപ്പുകാര്‍ മറക്കുന്നില്ല. സന്ദര്‍ശകര്‍ക്ക് മ്യൂസിയത്തിനുള്ളില്‍ മെച്ചപ്പെട്ട സൗകര്യങള്‍ നല്‍കാനും, മ്യൂസിയത്തെ നന്നായി പരിപാലിക്കനും ഈ വരുമാനം അവര്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട്. പ്രവേശന ഫീസ് ഒരു ചെറിയ സംഖ്യയില്‍ നിലനിര്‍ത്തുവാനവര്‍ക്ക് സാധിക്കുന്നതും മ്യൂസിയവുമായി ബന്ധപ്പെട്ട ഇത്തരത്തിലുള്ള  ഇതര വരുമാനമാര്‍ഗങ്ങളാണ്.

Read more topics: # travelogue,# goa,# big foot museum
travelogue,goa,big foot museum

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES