Latest News

ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം; അമിതാഭ് ബച്ചന്‍ മേള ഉദ്ഘാടനം ചെയ്യും; രജനീകാന്തിന് ഐക്കണ്‍ ഓഫ് ഗോള്‍ഡന്‍ ജൂബിലി പുരസ്‌കാരം

Malayalilife
 ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം; അമിതാഭ് ബച്ചന്‍ മേള ഉദ്ഘാടനം ചെയ്യും;   രജനീകാന്തിന് ഐക്കണ്‍ ഓഫ് ഗോള്‍ഡന്‍ ജൂബിലി പുരസ്‌കാരം

 ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം. ഗോവ തലസ്ഥാനമായ പനജിയില്‍ ഇന്ന് മുതല്‍ നവംബര്‍ 28 വരെയാണ് മേള. 76 രാജ്യങ്ങളില്‍നിന്നുള്ള ഇരുനൂറിലധികം ചിത്രങ്ങള്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും. വൈകുന്നേരം, ഡോ. ശ്യാമപ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തില്‍ ബോളിവുഡ് താരം അമിതാഭ് ബച്ചനാണ് മേള ഉദ്ഘാടനം ചെയ്യുന്നത്. പ്രശസ്ത സംവിധായകന്‍ ഗാരന്‍ പാസ്‌കലേവിക് സംവിധാനംചെയ്ത 'ഡെസ്പൈറ്റ് ഫോഗ്' ആണ് മേളയുടെ ഉദ്ഘാടന ചിത്രം. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന് ഐക്കണ്‍ ഓഫ് ഗോള്‍ഡന്‍ ജൂബിലി പുരസ്‌കാരം നല്‍കുന്നു എന്ന പ്രത്യേകതയും ഈ ചലച്ചിത്ര മേളയ്ക്കുണ്ട്.

9000-ലധികം പേരാണ് മേളയില്‍ പങ്കെടുക്കാനായി ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ 41 ചിത്രങ്ങളായിരിക്കും പ്രദര്‍ശിപ്പിക്കുക. ഇവയില്‍, 26 എണ്ണം ഫീച്ചര്‍ വിഭാഗത്തിലും 15 എണ്ണം നോണ്‍ ഫീച്ചര്‍ വിഭാഗത്തിലുമാണ്. മലയാളത്തിന്റെ അത്ഭുത സംവിധായകന്‍ പ്രിയദര്‍ശനാണ് ഫീച്ചര്‍ വിഭാഗത്തിന്റെ ജൂറി ചെയര്‍മാന്‍. സംവിധായകന്‍ അഭിഷേക് ഷായുടെ ഗുജറാത്തി ചിത്രം 'ഹെല്ലരോ' ആണ് ഫീച്ചര്‍ വിഭാഗത്തിലെ ആദ്യ പ്രദര്‍ശന ചിത്രം.

കേരള കരയില്‍ നിന്ന് മനു അശോകന്‍ സംവിധാനം ചെയ്ത 'ഉയരെ', ടികെ രാജീവ് കുമാറിന്റെ 'കോളാമ്പി' തുടങ്ങിയ മലയാള ചിത്രങ്ങളും പ്രദര്‍ശനത്തിന് എത്തുന്നുണ്ട്. നോണ്‍ ഫീച്ചര്‍ വിഭാഗത്തിലാകട്ടെ, ജയരാജിന്റെ 'ശബ്ദിക്കുന്ന കലപ്പ', നൊവിന്‍ വാസുദേവിന്റെ 'ഇരവിലും പകലിലും ഒടിയന്‍' എന്നീ ചിത്രങ്ങളും ഇടം പിടിച്ചിട്ടുണ്ട്. മേളയുടെ സുവര്‍ണ ജൂബിലിയുമായി ബന്ധപ്പെട്ട് വലിയ ആഘോഷങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.

ഹികാരി സംവിധാനംചെയ്ത ജാപ്പനീസ് ചിത്രം '37 സെക്കന്‍ഡ്‌സ്', കാന്‍ ചലച്ചിത്രമേളയില്‍ ക്വീര്‍ പാം പുരസ്‌കാരം നേടിയ ഫ്രഞ്ച് സംവിധായിക സെലിന്‍ സിയാമയുടെ 'പോര്‍ട്ടറേറ്റ് ഓഫ് എ ലേഡി ഓണ്‍ ഫയര്‍' തുടങ്ങിയവ പ്രദര്‍ശിപ്പിക്കും.

സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി വലിയ ആഘോഷങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. മേളയില്‍ വ്യത്യസ്തവിഭാഗങ്ങളില്‍ മാറ്റുരയ്ക്കുന്നത് 50 വനിതാ സംവിധായകരുടെ സിനിമകളാണ്. അന്താരാഷ്ട്രതലത്തില്‍ അംഗീകാരങ്ങള്‍ നേടിയ മികച്ച 50 ചിത്രങ്ങളാണ് വനിതാ സംവിധായകരുടേതായി പ്രദര്‍ശിപ്പിക്കുക.v

Read more topics: # goa,# international film festival
goa international film festival

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES