ഗോവ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മലയാളത്തില്‍ നിന്ന് ജല്ലിക്കെട്ട് ഉള്‍പ്പടെ അഞ്ച് മലയാള ചിത്രങ്ങള്‍ പ്രദര്‍ശനത്തിന്. ജല്ലിക്കട്ടിന് പുറമെ മനു അശോകന്റെ ഉയരെ, ടികെ രാജീവ് കുമാര്‍ ചിത്രം കോളാമ്പി, തുടങ്ങിയവയാണ് ഫീച്ചര്‍ ഫിലിം വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മറ്റു ചിത്രങ്ങള്‍. പനോരമയുടെ നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ ജയരാജിന്റെ ശബ്ദിക്കുന്ന കലപ്പ, നോവിന്‍ വാസുദേവ് സംവിധാനം ചെയ്ത ഇരവിലും പകലിലും ഒടിയന്‍ എന്നീ സിനിമകളും തിരഞ്ഞെടുക്കപ്പെട്ടു. ഇത്തവണത്തെ ചലച്ചിത്ര മേള നവംബര്‍ 20 മുതല്‍ 28വരെയാണ് നടക്കുക.
ഇന്ത്യന്‍ പനോരമയില്‍ ആകെ 26 ഫീച്ചര്‍ ചിത്രങ്ങളും 15 നോണ്‍ ഫീച്ചര്‍ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. 76 രാജ്യങ്ങളില്‍ നിന്നുളള 200ലധികം സിനിമകളാണ് ഇത്തവണത്തെ മേളയിലുളളത്. പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശനാണ് ഇത്തവണത്തെ ജൂറി ചെയര്‍മാന്‍. ഫീച്ചര്‍ ഫിലിം വിഭാഗത്തിലാണ് അദ്ദേഹം വിധി നിര്‍ണയിക്കുക. പതിനായിരത്തോളം ഡെലിഗേറ്റുകള്‍ ഇത്തവണ എത്തുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി പ്രകാശ് ജാവേദ്കര്‍ പറഞ്ഞു.
സൂവര്‍ണ ജൂബിലി വര്‍ഷം പ്രമാണിച്ച് വിവിധ ഭാഷകളിലെ അമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ 12 പ്രധാന സിനിമകള്‍ ഇത്തവണ മേളയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് അറിയുന്നു. ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനെ മേളയില്‍ ആദരിക്കും. അതോടൊപ്പം അദ്ദേഹത്തിന്റെ തിരഞ്ഞെടുത്ത സിനിമകളുടെ പ്രദര്‍ശനവും മേളയില്‍ ഉണ്ടാവും.