ചെറുപ്പത്തിൽ എന്നും രാവിലെ എഴുന്നേൽക്കുമ്പോൾ കേട്ടിരുന്നത് പക്ഷികളുടെ കളകളാരവമായിരുന്നു. ഇന്ന് കരയാൻ ഒരു കാക്കപോലുമില്ലാത്ത കോൺക്രീറ്റ് കാടായി മാറിയിരിക്കുന്നു എന്റെ വണ്ണപ്പുറം. ഈ പക്ഷികളെല്ലാം എവിടെപ്പോയി? അറിയില്ല. ഒരുപക്ഷെ ജീവിക്കുന്നുണ്ടാവും ഏതെങ്കിലും സംരക്ഷിത ഭൂവിൽ. പക്ഷേ എവിടെ. ആ ചോദ്യത്തിനുള്ള ഉത്തരമായിരുന്നു തട്ടേക്കാട്, സലിം അലി പക്ഷി സങ്കേതം. അതും എന്റെ നാട്ടിൽ നിന്നും വെറും 40 കിലോമീറ്റർ ദൂരെ. എന്നാപ്പിന്നെ അതൊന്നു കാണേണ്ടെ? ഞാനും ബേസിലും ഒരു ദിവസം രാവിലെ ബൈക്കുമെടുത്ത് തിരിച്ചു പക്ഷികളുടെ സ്വർഗ്ഗം തേടി. പക്ഷികളുടെ രാജ്യം എത്തും മുൻപേ കേൾക്കാം എവിടെയും സംഗീത സാന്ദ്രമായ കളകൂജനങ്ങൾ. പലതരത്തിലുള്ള പല പല ശബ്ദങ്ങൾ. നീട്ടിപ്പാടുന്ന കുയിലുകളും, ടക് ടക് ശബ്ദ്ത്തോടെ മരം തുളയ്ക്കുന്ന മരംകൊത്തിയും മറ്റനേകം പക്ഷികളും.
(പോകുന്ന വഴിയിലെ പുതിയ പാലം കാണിച്ച് ബേസിൽ പറഞ്ഞു ഇവിടെയാണ് 2007 ഫെബ്രുവരി 20നു വള്ളം മുങ്ങി 18 കുരുന്നു ജീവനുകൾ പൊലിഞ്ഞുപോയത്. മൂന്നു വള്ളങ്ങൾ കൂട്ടിക്കെട്ടി അതിന്മുകളിൽ പ്ലാറ്റ്ഫോം അടിച്ചതായിരുന്നു ഇവിടുത്തെ കടത്തു വള്ളം.) പെരിയാറിലെ അണക്കെട്ടായ ഭൂതത്താൻ കെട്ട് ഡാമിന്റെ ക്യാച്ച്മെൻറ്റ് ഏരിയയിലാണ് പക്ഷി സങ്കേതം.
ചുറ്റും ധാരാളം വെള്ളം നിറഞ്ഞ ചതുപ്പുനിലങ്ങളും കുന്നിൻ ചെരിവുകളും അടങ്ങിയതാണ് ഈ പ്രേദേശം. സങ്കേതത്തോടു ചേർന്നുതന്നെ ഒരു ചെറിയ മൃഗശാലയുണ്ട്. പലതരത്തിലുള്ള പാമ്പുകളെയും മറ്റ് വന്യജീവികളെയും ഇവിടെ കൂടുകളിൽ കാണാം. തൊട്ടടുത്തുള്ള ഡിയർപാർക്കിൽ മാൻ, മ്ളാവ്, കേഴ തുടങ്ങിയ ജീവികളെയും കാണാം. പക്ഷിസങ്കേതത്തിൽ അധികം ഉള്ളിലേക്ക് പോകണമെങ്കിൽ പ്രത്യേകം അനുവാദം വേണ്ടിവരും. എങ്കിലും മുളങ്കാടുകൾക്കിടയിലും മറ്റും ചുറ്റിനടന്നു നമുക്ക് ധാരാളം പക്ഷികളെ കാണാം. പല വിദേശരാജ്യങ്ങളിൽ നിന്നും ഇവിടേക്ക് ദേശാടനക്കിളീകൾ വരാറുണ്ട്. അടുത്ത ഡെസ്റ്റിനേഷൻ ഇടമലയാറിലെ വൈശാലി ഗുഹ. ഭൂതത്താൻ കെട്ട് ഡാമിന്റെ മുകളിലൂടെ യാണു യാത്ര എന്നതിനാൽ ഡാമും കാണാം.
ഭൂതത്താൻ കെട്ട്. കോതമംഗലം ടൗണിൽനിന്നും ഏകദേശം 12കിലോമീറ്റർ മാത്രം ദൂരത്താണ് എറണാകുളം ജില്ലയിലെ പ്രസിദ്ധമായ ഈ ടൂറിസ്റ്റ് കേന്ദ്രം. മനോഹരമായ ഭൂപ്രകൃതിയും പെരിയാറിന്റെ വശ്യസൗന്ദര്യവും കൂടിച്ചേരുന്ന ഇവിടെ എത്രനേരം ഇരുന്നാലും മതി വരില്ല. മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷന്റെ ഭാഗമായ, നാഗരികത തൊട്ടുതീണ്ടിയിട്ടില്ലാത്ത ഈ വനഭൂവിൽ പക്ഷികളുടെ സ്വരമാധുര്യം ആസ്വദിച്ച് കുറച്ചുനേരം ഇരിക്കാൻ കഴിയുന്നതു തന്നെ ഒരു മഹാ ഭാഗ്യമായി ഞാൻ കരുതുന്നു
ഭൂതത്താൻ കെട്ട് എന്ന പേരിനുപിന്നിലും രസകരമായ ഒരു ഐതിഹ്യം ഒളിഞ്ഞിരിപ്പുണ്ട്. പെരിയാർ തീരത്തുള്ള ത്രിക്കരിവൂർ എന്ന പുരാതന ശിവക്ഷേത്രം വെള്ളത്തിൽ മുക്കിക്കളയാൻ വേണ്ടി, ഏതോ കുരുത്തംകെട്ട രാക്ഷസൻ വലിയ പാറകൾ കൊണ്ടുവന്ന് അടുക്കിയാതാണ് ഈ അണക്കെട്ടെന്നും (പാവം പുള്ളിക്കാരൻ പകുതി ഡാം പണിതപ്പോഴേക്കും ശിവൻ ത്രിക്കണ്ണു തുറന്നെന്നും അതോടെ നേരം വെളുത്തെന്ന് കരുതി ആ ഭൂതം പണി നിർത്തി പോയതാണെന്നും)അതല്ല ഒരു ഭയങ്കര വെള്ളപ്പൊക്കത്തിൽ മലയിടിഞ്ഞുവന്ന പാറക്കഷ്ണങ്ങൾ അടിഞ്ഞുണ്ടായാതാണെന്നും രണ്ടഭിപ്രായമുണ്ട്.പിന്നീട് രാഷ്ട്രീയ രാക്ഷസർ ആ പാറ കുറച്ചു പൊട്ടിച്ചുമാറ്റി അവിടെ ഡാം പണിയുകയായിരുന്നു എന്നാണ് അവിടെകണ്ട ഒരു മുത്തശ്ശി പറഞ്ഞത്. എന്തായാലും ഡാമിനു താഴ്ഭാഗം ധാരാളം വലിയ പാറക്കല്ലുകൾ നിറഞ്ഞതാണ്. പുഴയുടെ കരയിലായി വനത്തിനുള്ളിലായി നമുക്ക് ഇരിക്കാൻ പാകത്തിൽ ഇരിപ്പിടങ്ങളും മറ്റും നിർമ്മിച്ചിട്ടുണ്ട്. ഇനി ഇടമലയാറിലേക്ക്. വർത്തമാനകാലത്തിലെ രാഷ്ടിയ ചരിത്രത്തിൽ വളരെ അധികം പരാമർശിക്കപ്പെട്ട ഒരു അണക്കെട്ടാണ് ഇടമലയാർ. 1980കളിൽ അന്നത്തെ പ്രതിപക്ഷനേതാവായിരുന്ന സ. വി.എസ്. വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്ന ബാലകൃഷ്ണപ്പിള്ളക്കെതിരെ നടത്തിയ അഴിമതി ആരോപണങ്ങളും തുടർന്നുണ്ടായ കേസ്സും ഏവർക്കും അറിവുള്ളതാണല്ലോ ?
ഭൂതത്താൻ കെട്ട് അണക്കെട്ടിൽനിന്നും ഏകദേശം 12 കിലോമീറ്റർ വനപാതയിലൂടെ യാത്രചെയ്താൽ മാത്രമേ കാടിനു നടുവിലുള്ള ഈ മനോഹരമായ പ്രദേശത്ത് എത്തിച്ചേരാൻ സാധിക്കുകയുള്ളൂ.(ഈ വഴി ഇപ്പോൾ താൽക്കലികമായി അടച്ചതായി കേൾക്കുന്നു.) ഈ വഴിയെ വടാട്ടുപാറ വരെ ബസ്സ് സൗകര്യം ലഭ്യമാണ്. 1985ൽ പണികഴിപ്പിച്ച ഈ വിവിധോദ്ദേശ ഡാം കേരളത്തിലെ ഏറ്റവും പുതിയ ഡാം ആയാണ് കണക്കാക്കപ്പെടുന്നത്.
ആനയും പുലിയും കടുവയും മറ്റു വന്യ ജീവികളും യധേഷ്ടം വിഹരിക്കുന്ന കൊടുംകാടിനുനടുവിലാണ് ഈ അണക്കെട്ട്. പോകുംവഴി ഞങ്ങൾക്ക് മലയണ്ണാനെയും വേഴാമ്പലിനേയും മറ്റും കാണാൻ സാധിച്ചിരുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ രാജവെമ്പാല(KingCobra) ഉള്ളതു ഈ വനത്തിലാണെന്നാണറിയാൻ കഴിഞ്ഞത്. വഴിമുഴുവൻ ചിതറിക്കിടക്കുന്ന ആനപ്പിണ്ഡം സഹ്യപുത്രന്മാരുടെ സജീവ സാനിദ്ധ്യം അറിയിക്കുന്നു. അണക്കെട്ടിനോടു ചേർന്നുള്ള ഗ്യാലറിയിൽ ഇരുന്നാൽ ഈ ഡാമിന്റെയും സമീപ വനത്തിന്റെയും ഒരു പനോരമിക് ചിത്രം തന്നെ കാണാൻ സാധിക്കും.
ഡാമിനിരുവശവും തിങ്ങി നിറഞ്ഞു വളരുന്ന ഈറ്റക്കാടുകൾ ആനകൾക്കു മാത്രമല്ല ഇരുകാലികൾക്കും വളരെ പ്രിയപ്പെട്ടതാണ്. ഇവിടെ ധാരാളം ആദിവാസികൾ പാർക്കുന്നുണ്ട്. വനത്തിനുള്ളിലേക്ക് ആദിവാസികളെയും ഈറ്റവെട്ടുകാരെയും മാത്രമേ സാധാരണഗതിയിൽ കടത്തിവിടാറുള്ളൂ. എങ്കിലും നമുക്ക് വൈശാലി ഗുഹവരെ അനുമതിയുണ്ടായിരുന്നു. വൈശാലി ഗുഹയെന്നത് മലമുകളിൽ പാറ തുരന്നുണ്ടാക്കിയ ഒരു വലിയ ടണലാണ്.
വൈശാലി എന്ന സിനിമയിലെ ഗാനരംഗങ്ങൾ ഇവിടെ ചിത്രീകരിച്ചതിനാലാണ് ഈ പേരുവന്നിരിക്കുന്നത്. പക്ഷെ ഇവിടെ എത്തിച്ചേരൽ സാഹസം നിറഞ്ഞതാണ്. മുകളിലേക്കു വണ്ടി കയറിപ്പൊകുമോ എന്ന ചോദ്യത്തിനു ഒരു തദേശവാസിയുടെ കമന്റ് “കാശുകൊടുത്തു വണ്ടിവാങ്ങിയവരാരും വണ്ടി കയറ്റാറില്ല” എന്നായിരുന്നു. അതിനാൽ തന്നെ പൊട്ടിപ്പൊളിഞ്ഞ പഴയ കാട്ടുവഴികളിലൂടെ എങ്ങനെയായാലും ബൈക്ക് മുകളിൽ കയറ്റണം എന്നത് എന്റെ ഒരു വാശിയായിരുന്നു. ഒരു കല്ലിൽ നിന്നും മറ്റൊരു കല്ലിലേക്ക് ചാടിച്ചാടിയാണ് ഞാൻ വണ്ടി ഓടിച്ചത്.
വൈശാലിപ്പാറ കാട്ടാനകളുടെ വിഹാര കേന്ദ്രമാണിവിടമെന്ന് വഴി കണ്ടപ്പോൾ തന്നെ മനസിലായി. കൂടെ പോത്തട്ടയെന്ന ഭീകരനും.
ആദിവാസിക്കോളനി ലക്ഷ്യമാക്കി കുറച്ചു മുന്നോട്ടു പോയപ്പോഴേക്കും എനിക്കൊരു പന്തികേട്. വഴിയിൽ അസാധാരണമായ വിധം കുഴികൾ കുറ്റിച്ചെടികൾ. ഇതെന്താടാ വഴി ഇങ്ങനെ ഞാൻ ബേസിലിനോട് ചോദിച്ചു. മച്ചൂ വഴി അപ്പുറത്താ, നമ്മൾ ആനത്താരയിലൂടെയാണു (ആനകളുടെ നാഷ്ണൽ ഹൈവേ) പോകുന്നതു - ബേസിലിന്റെ കമന്റ്. അതോടെ തിരിച്ചു. വീട്ടിൽ ഡാഡിയും മമ്മിയും കാത്തിരിപ്പുണ്ടേ ! അങ്ങോട്ടു കയറാനാണ് എളുപ്പമെന്ന് തിരിച്ചിറങ്ങിയപ്പോളാണ് മനസിലായത്. നേരം ഇരുട്ടിത്തുടങ്ങുന്നു. ആനപ്പേടി മാത്രമല്ല ഇക്കുറി പുലി കടുവ കരടി കൂടാതെ ദേ ഇപ്പോൾ രാജവെമ്പാലയും. അതുകൊണ്ടു ഡാമിന്റെ അടുത്തെത്തി ചായക്കടയിൽ നിന്നും ചൂടൻ ബോണ്ടയും ചായയും കഴിച്ച്, വടാട്ടുപാറ-കോതമംഗലം വഴി തിരികെ നേരെ വീട്ടിലേക്ക്. യാത്രക്കിടയിൽ ക്യാമറ എടുക്കാൻ മറന്നതിനാൽ ചിത്രങ്ങൾ മുഴുവനും ഗൂഗിൾ ഭഗവാൻ വരമായി തരേണ്ടിവന്നു.