രണ്ടാമത്തെ പ്രസവത്തിനു ഒരാഴ്ച മാത്രം ബാക്കിനിൽക്കെ ഭാര്യ ഒരാഗ്രഹം പറഞ്ഞു. വീടിനു പുറത്തിറങ്ങിയിട്ട്
രണ്ടാഴ്ചയായി എവിടെയെങ്കിലും കൊണ്ടുപോകണം എന്ന്. മനസ്സില്‍ ചിരിയാണ് വന്നത് . ഗര്‍ഭത്തിന്റെ ഏഴാം
മാസത്തില്‍ വയനാടും എട്ടാം മാസത്തില്‍ ഗോവയും കറങ്ങി വന്നതെയുള്ളു. അതിനെക്കുറിച്ച് അറിഞ്ഞവരെല്ലാം എന്നെയാണ് ചീത്ത പറഞ്ഞത് . ഗര്‍ഭിണിയായ ഭാര്യയെയും മൂന്നു വയസ്സായ മകനെയും കൊണ്ട് ഒറ്റയ്ക്ക് ഇത്രവഴി. എല്ലാവരുടെയും ചീത്ത കേട്ട് ചെവിക്കല്ലുപോട്ടിയ സമയത്താണ് ഭാര്യ വീണ്ടും ആവശ്യപ്പെടുന്നത് . പ്രേമ വിവാഹമായതുകൊണ്ടും, അതിന്റെ പേരില്‍ നാല് വര്‍ഷത്തോളം രണ്ടു വീട്ടില്‍ നിന്നും വിട്ടു നിന്നതുകൊണ്ടും
ആര് പറഞ്ഞാലും അനുസരിക്കുന്ന സ്വഭാവം ഞങ്ങള്‍ രണ്ടുപേര്‍ക്കും ഇല്ലായിരുന്നു. വീടും പൂട്ടി പുറത്തിറങ്ങിയാല്‍
കാശ് കഴിയുമ്പോള്‍ മാത്രം തിരിച്ചു വരുന്ന യാത്രകളായിരുന്നു പലതും.
തിരുവനന്തപുരത്തെ ശാസ്തമംഗലത്താണ് ഭാര്യ വീട്. ഏകദേശം എല്ലാ സ്ഥലങ്ങളും പത്തിലധികം തവണ
ഒരുമിച്ചു പോയിട്ടുള്ളതാണ്. കുറച്ചുകൂടി ആലോചിച്ചപ്പോള്‍ കോവളത്ത് മാത്രം വളരെ കുറച്ചേ ഒരുമിച്ചു പോയിട്ടുള്ളൂ എന്ന് തോന്നി. അതും ഹ്രസ്വ സന്ദര്‍ശനങ്ങൾ. ഇത്തവണ ഒരു ദിവസ്സം മുഴുവനും കോവളത്ത് ചെലവഴിക്കാന്‍ തീരുമാനിച്ചു. ഭാര്യയുടെ അച്ഛനോടും അമ്മയോടും ഉച്ചക്ക് ഊണിനു മുന്‍പേ വരാമെന്നും പറഞ്ഞു വണ്ടിയെടുത്തു. അവര്‍ വെറുതെ ചിരിച്ചുകൊണ്ട് മകന് ടാറ്റ കൊടുത്തു . ഞങ്ങള്‍ രാത്രിയിലെ ഭക്ഷണവും കഴിച്ചിട്ടേ എത്തുകയുള്ളൂ എന്നവര്‍ക്കറിയാമായിരുന്നു.
ആറ് വര്‍ഷം പഴക്കമുള്ള സ്കൂട്ടി പെപ്പായിരുന്നു ഞങ്ങളുടെ വാഹനം.കിഴക്കേകോട്ടയില്‍ നിന്നും ഏകദേശം പതിനഞ്ചു കിലോമീറ്റർ ഉണ്ട് കോവളം ബീച്ചിലേക്ക് . വീട്ടില്‍ നിന്നും മൊത്തം ഇരുപത്തിരണ്ടു കിലോമീറ്റർ. നഗരത്തിലെ തിരക്കിലൂടെ വളരെ പതുക്കെയേ വണ്ടിയോടികാന്‍ കഴിയുകയുള്ളൂ . പിന്നിലിരിക്കുന്ന ഭാര്യയും മകനും രണ്ടാഴ്ച്ചക്കുശേഷം പുറം ലോകം കണ്ടതിന്റെ ആവേശത്തിലാണ് . ഞാനാണെങ്കില്‍ സ്കൂട്ടി പെപ്പുമായി മല്പിടുത്തത്തിലായിരുന്നു, ബ്രേക്ക് കയ്യിലാണെന്ന കാര്യം മറന്നു പലപ്പോഴും കാലുകൊണ്ട് ബ്രേക്കിടാന്‍ പലതവണ നോക്കി. സ്ഥിരമായി ബൈക്ക് ഓടിച്ചിട്ട് പെട്ടെന്ന് വണ്ടി മാറിയപ്പോള്‍ വന്ന ചെറിയ പരിചയക്കേട്.
അങ്ങിനെ ഏകദേശം ഒരു മണിക്കൂറെടുത്തു കൊവളത്തിനടുതെത്താന്‍ . അതിനുമുന്‍പ് അതിമനോഹരമായ ഒരു പാറമടയുണ്ട് വഴിയില്‍ . പാറ പൊട്ടിച്ചു വലുതായ ഒരു കുളം . അതില്‍ നിറഞ്ഞു കിടക്കുന്ന തെളിഞ്ഞ വെള്ളം . എന്നും അവിടെ ഇറങ്ങി ഫോട്ടോ എടുത്തിട്ടേ പോകാറുള്ളൂ . ഇത്തവണയും പതിവ് തെറ്റിച്ചില്ല . മനോഹരമായ കുറച്ചു ഫോട്ടോകള്‍ എടുത്തു വീണ്ടും യാത്രയായി. അങ്ങിനെ ഒടുവില്‍ കോവളത്തെത്തി .
കോവളത്ത് പ്രധാനമായും രണ്ടു ബീച്ചാണ് കാണാനുള്ളത് . ഒന്ന് ലൈറ്റ് ഹൌസ് ബീച്ച് , രണ്ടാമത്തേത് ഈവ്സ് ബീച്ച് അഥവാ ഹവ്വ ബീച് . അവിടെ മനോഹരമായ കുന്നിന്റെ മുകളില്‍ ലൈറ്റ് ഹൌസ് ഉള്ളതുകൊണ്ട് ആ ബീച്ചിനു ലൈറ്റ് ഹൌസ് ബീച്ചെന്ന് പേരുവന്നു . പണ്ട് തരുണീമണികളായ വിദേശ വനിതകള്‍ ടോപ്ലെസ്സ് ആയി കുളിക്കാരുള്ളതുകൊണ്ടാണ് രണ്ടാമത്തെ ബീച്ചിനു ഈവ്സ് ബീച്ച് അഥവാ ഹവ്വ ബീച് എന്ന് പേരുവന്നത് . ഇപ്പോള്‍ അതെല്ലാം മാറി . ബീച്ചില്‍ കുളിക്കുന്ന സ്തീകള്‍ മിനിമം രണ്ടു കഷണം തുണിയെങ്കിലും ഉടുക്കണം എന്നാണ് അവിടത്തെ നിയമം. (ഓരോരോ നിയമങ്ങൾ, കുളിക്കുന്നിടത്തും അപ്പിയിടുന്നിടത്തുപോലും നിയമങ്ങള്‍ കൊണ്ടുവരുന്നത് ആരാണാവോ ? കല്യാണം കഴിഞ്ഞിട്ടും, കുട്ടിയുണ്ടായിട്ടും ബാച്ചിലര്‍ ആയി നടക്കുന്ന എന്നില്‍ ധാര്‍മികരോഷം ഉടലെടുത്തു.)
ലൈറ്റ് ഹൌസ് ബീച്ചിലേക്ക് ഇറങ്ങുന്ന വഴിയില്‍ ഇടതുവശത്തായി കുറച്ചു കടകളുണ്ട് . ഒരു ചെറിയ കാറിനുപോകാന്‍ മാത്രം വീതിയുള്ള കുത്തനെയുള്ള ഇറക്കമുള്ള റോഡ് .ആരും വണ്ടി കൊണ്ടുപോകാറില്ല, ചിലര്‍ ബൈക്ക് ചാടിച്ചു കൊണ്ടുപോകുന്നത് മാത്രം കാണാം .വഴിയരുകില്‍ നിന്നും എനിക്കും മകനും ബര്‍മുടയും തോര്‍ത്തും വാങ്ങി. നിറവയറുമായി നില്‍ക്കുന്ന ഭാര്യയെ കണ്ടപ്പോള്‍ കച്ചവടക്കാരി എത്ര മാസമായെന്നു ചോദിച്ചു . ഉടന്‍ തന്നെ കല്ലുവെച്ച നുണ ഭാര്യയില്‍ നിന്നും പുറത്തുവന്നു. ആറ്. നന്നായി വയറുണ്ടല്ലോ. ഇപ്പോള്‍ ഇത്ര വയറുണ്ട് എങ്കില്‍ പെണ്‍കുട്ടി തന്നെ . അവര്‍ പണം വാങ്ങുന്നതിനിടയില്‍ ഇത്തിരി അറിവും പങ്കുവെച്ചു .സത്യം പറഞ്ഞിരുന്നെങ്കില്‍ തിരുവനന്തപുരം ഭാഷയില്‍ ഒരു തെറി കേള്‍ക്കാമായിരുന്നു .
ബീച്ചിലേക്ക് ഇറങ്ങിചെന്നപ്പോള്‍ തന്നെ വലിയോരാള്‍ക്കൂട്ടം കണ്ടു. ആര്‍ക്കോ അപകടം പറ്റിയിട്ടുണ്ട് എന്നാണ് തോന്നിയത് . വേഗം ഓടിച്ചെന്നു നോക്കി . വിദേശിയരായ രണ്ടു പേര്‍ ഒപ്പം അവരുടെ മൂന്നു കുട്ടികള്‍ . മൂന്ന്, അഞ്ച് , ഏഴ് അത്ര പ്രായം തോന്നിപ്പിക്കുന്ന ആ കുട്ടികള്‍ അവരുടെ അഭ്യാസപ്രകടനം പുറത്തെടുക്കുകയാണ്. ജിമ്നാസ്റ്റിക്ക്സ് പഠിച്ചിട്ടുണ്ട് അവരെല്ലാം എന്ന് പ്രകടനത്തില്‍ നിന്നും ബോദ്ധ്യമായി. തലകുത്തി നിന്നും, ശരീരത്തില്‍ എല്ലില്ല എന്നുതോന്നിപ്പിക്കുന്ന വിധത്തില്‍ ആരെയും അത്ഭുതപ്പെടുത്തുന്ന അഭ്യാസങ്ങൾ.
ആളുകള്‍ സന്തോഷം കൊണ്ടും അത്ഭുതം കൊണ്ടും കയ്യടിക്കുകയും കൂവിവിളിക്കുകയും ചെയ്യുന്നുണ്ടായിരുന്നു . ഞാനും മോനും അവരോടൊപ്പം കൂടി. ഭാര്യ എവിടെയാണ് എന്ന് പോലും നോക്കാതെ ...
വിദേശികള്‍ നമ്മുടെ നാട്ടില്‍ വന്നു കൈയ്യടി നേടുന്നത് സഹിക്കാന്‍ കഴിയാത്ത ഒരാള്‍ അകത്തേക്ക് വന്നു തലകുത്തി നിന്ന് ഡാന്‍സ് കളിക്കലും ശരീരം വളക്കലും തുടങ്ങി . അവനും കിട്ടി കുറെ കയ്യടി . അവന്‍ കളരി പഠിച്ചിട്ടുണ്ടെന്നു ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലായി. വിദേശികള്‍ക്കും അവന്റെ പ്രകടനം ഇഷ്ടമായി . അവര്‍ എല്ലാം വീഡിയോയില്‍ പകർത്തുന്നുണ്ടായിരുന്നു. എന്തായാലും ഇന്ത്യക്കാരുടെ മാനം കാത്തല്ലോ ? എനിക്ക് ആശ്വാസമായി .....
ഈ രസകരമായ നിമിഷങ്ങള്‍ . അധികം നീണ്ടുനിന്നില്ല. ബീച്ചിനെ സംരക്ഷിക്കാന്‍ നടക്കുന്ന പോലീസുകാര്‍ ഈ കാഴ്ച കണ്ടു കൊണ്ട് വന്നു. അവരും ഇത് കണ്ടു നില്കും എന്നാണ് കരുതിയത് . എന്നാല്‍ അവര്‍ നിറുത്താന്‍ പറഞ്ഞു മലയാളത്തില്‍ . വിദേശികള്‍ക്കും എന്തോ പന്തികേട് തോന്നി . അവര്‍ അഭ്യാസം അവസാനിപ്പിച്ചു . പോ പോ എല്ലാവരും പിരിഞ്ഞു പോ . ഇവിടെ ഇതൊന്നും പറ്റില്ല . ഇതൊക്കെ കാണിച്ചു കഴുത്തോടിഞ്ഞാല്‍ ആശുപത്രിയില്‍ കൊണ്ടുവാന്‍ ഞങ്ങളെകൊണ്ട് പറ്റില്ല.
ഇന്ത്യക്കാരന്‍ അഭ്യാസി പതുക്കെ ആള്‍കൂട്ടത്തില്‍ സ്കൂട്ടായി. ആളുകള്‍ പതുക്കെ പിരിഞ്ഞു .
ഇതാണ് ഞാന്‍ മുന്‍പേ പറഞ്ഞ നിയമം. ഒരു ബീച്ചില്‍ സ്വതന്ത്രമായി ഒന്ന് കളിക്കുവാന്‍ (കുളിക്കുവാനും) സമ്മതിക്കാത്ത നിയമവും നിയമപാലകരും . ആര്‍കും ഒരു ഉപദ്രവവും ഉണ്ടാക്കിയിട്ടില്ല , എന്നിട്ടും ആ കുട്ടികളുടെ സന്തോഷത്തെ തല്ലിക്കെടുതിയത് കണ്ടപ്പോള്‍ സങ്കടം തോന്നി . കളി കണ്ടു നിന്നപ്പോള്‍ ഒരു നല്ല ഫോട്ടോ പോലും എടുത്തില്ല . നിരാശനായി നടന്നു അടുത്ത കാഴ്ചക്കായി.
കുറച്ചു കാത്തിരിപ്പിന് ശേഷം ഭക്ഷണം കിട്ടി. ചിക്കന്‍ ബിരിയാണിയില്‍ ചിക്കന്റെ ചെറിയ ചെറിയ കഷണങ്ങള്‍ എല്ലില്ലാതെ ഇട്ടിരിക്കുന്നു . ചീസിന്റെ ചെറിയ കഷണങ്ങളും. സ്പൂണും ഫോര്‍കും ഉപയോഗിച്ച് സുഗമായി കഴിക്കാം. സാധാരണ ചിക്കന്‍ കാലുമായി കടിപിടികൂടി കഴിക്കുകയാണ് പതിവ് . ഇത് തികച്ചും വ്യത്യസ്ഥമായി തോന്നി. എന്നാല്‍ കൊഞ്ച് അത്ര രസകരമായി തോന്നിയില്ല . ആദ്യമായാണ് കഴിക്കുന്നത് , ഒരു പക്ഷെ അതുകൊണ്ടായിരിക്കും(അച്ഛന്‍ നാട്ടിന്‍പുറത്തെ ഒരു പാവപെട്ട ബാര്‍ബര്‍ ആയതുകൊണ്ട് കഞ്ഞി, കപ്പ, ചമ്മന്തി ഇങ്ങനെയുള്ള ഫൈവ് സ്റ്റാര്‍ വിഭവങ്ങള്‍ കഴിച്ചേ എനിക്ക് ശീലമുള്ളൂ ) . കോവളത്ത് സീസനായാല്‍ ഒരു പ്ലേറ്റ് കൊഞ്ചിന് അവര്‍ ആയിരം രൂപയോളം വാങ്ങാരുണ്ടെന്നു ഓര്‍ഡര്‍ എടുക്കാന്‍ വന്ന ആള്‍ പറഞ്ഞിരുന്നു.
ഇതിനിടയില്‍ സാരിയുടുത്ത് സുന്ദരിയായ ഒരു സ്ത്രീയും പിറകെ അവരുടെ ഭര്‍ത്താവും റസ്റ്റോറന്റിലേക്ക് വന്നു .എന്റെ ഭാര്യയുടെ പുറകിലെ സീറ്റിലാണ് ആ സ്ത്രീ ഇരുന്നത് . ഞാന്‍ ഭക്ഷണം കഴിക്കുന്നതിനിടയില്‍ അവരറിയാതെ അവരെ ശ്രദ്ധിച്ചു . ഏതോ നല്ല പണക്കാരായ ദമ്പതികള്‍ .
മകന്റെ സംസാരവും കേട്ടും അവനോടു ചിരിച്ചും കഴിക്കല്‍ തുടരുമ്പോള്‍ കാലിലൊരു തോണ്ടല്‍ . സ്വന്തം ഭാര്യയാണ് . ഒന്നും ചോദിക്കാതെ അവളെ നോക്കി . അവളുടെ ചെവിയില്‍ വിരലുകൊണ്ട് പിടിച്ചിട്ടുണ്ട് അവള്‍ . മിണ്ടാതിരുന്നു പുറകിലെ സംസാരം ശ്രദ്ദിക്കാനാണ് ഈ ചെവി സിഗ്നല്‍ . ഞങ്ങള്‍ക്ക് മാത്രം മനസ്സിലാകുന്ന ഇത്തരം ചില സിഗ്നലുകള്‍ പല നല്ല കാഴ്ചകളും തരാറുണ്ട് . ചെവി വട്ടം പിടിച്ചു . അല്പം മുന്‍പ് വന്ന ചേട്ടന്‍ മൊബൈലില്‍ സംസാരിക്കുകയാണ് . പച്ച മലയാളത്തില്‍ . " എത്ര പറഞ്ഞാലും പതിനയ്യായിരം രൂപയൊക്കെ വളരെ കൂടുതല്ലേ ബായി . ഒരു രാത്രി മതി, രാവിലെ ഞാന്‍ പോകും. ഒരു നിമിഷം മറ്റേ തലക്കല്‍ നിന്നും എന്തോ പറഞ്ഞു . അയാള്‍ വീണ്ടും തുടര്‍ന്ന് " ഞാന്‍ മലയാളിയാ. ഈ അടുത്ത നാട്ടുകാരനാ. വെള്ളക്കരോട് പറയുന്നതുപോലുള്ള റേറ്റ് എന്നോട് പറയരുത് . അതെ ആള്‍ എന്റെ മുന്‍പിലുണ്ട് , മറ്റേ റസ്റ്റോറന്റില്‍ , കണ്ടു. സംസാരിച്ചു, കുഴപ്പമില്ല പക്ഷെ റേറ്റ് ഒന്നു കുറക്കണം ". മറുതലക്കല്‍ നിന്നും കുറെ വേറെ എന്തൊക്കെയോ പറയുന്നുണ്ടായിരിന്നു. അവസാനം എന്തോ തീരുമാനമായി . ഇതിനിടയില്‍ മകനെന്തോ പറഞ്ഞതുകൊണ്ട് മുഴുവന്‍ കേള്‍ക്കാന്‍ കഴിഞ്ഞില്ല . അല്പം കഴിഞ്ഞപ്പോള്‍ "ആ നല്ല കുടുംബത്തില്‍ പിറന്ന സ്ത്രീ" അയാളുടെ മൊബൈല്‍ നമ്പര്‍ ചോദിച്ചുവാങ്ങി എഴുന്നേറ്റു പോയി . പിന്നെ അയാള്‍ ബീര് ഓര്‍ഡര്‍ ചെയ്യുന്നതും കണ്ടു .
കോവളത്തെ മാംസ കച്ചവടത്തെ കുറിച്ച് ഒരുപാട് കഥകള്‍ കേട്ടിടുണ്ട് . ഇപ്പോള്‍ നേരില്‍ ഒരു വിലപേശലും . ഭാര്യയും അന്തം വിട്ടിരിക്കുകയാണ് . ബാംഗ്ലൂര്‍ , ഗോവ ഇവിടങ്ങളിലൊക്കെ ഇത്തരക്കാരെ കുറെ ഞങ്ങള്‍ പല യാത്രകളിലും കണ്ടിട്ടുണ്ടെങ്കിലും കേരളത്തില്‍ ഇത് ആദ്യമായിരുന്നു . അതും ഇത്ര സുന്ദരിയായ ഒരു സ്ത്രീ . എന്തിനാ അവര്‍ ?
ഭക്ഷണം കഴിഞ്ഞു ബീച്ചില്‍ കുളിക്കാനിറങ്ങി. കോവളത്തെ കടലിനു ആഴം കുറവാണ് . അപകടങ്ങള്‍ ഒരു പരിധിവരെ കുറവാണ് . പിന്നെ ലൈഫ് ഗാര്‍ഡുകള്‍ അവരുടെ ജോലി നന്നായി ചെയുന്നുണ്ടായിരുന്നു . ഒരു നിശ്ചിത ദൂരം വിട്ടു നീന്തിയാല്‍ അവര്‍ വിസില്‍ അടിച്ചു ആളുകളെ മടക്കി വിളിക്കും , ചിലപ്പോള്‍ ചീത്തയും വിളിക്കും . ഉച്ച വെയിലിനെ വകവെക്കാതെ തിരയില്‍ മറയുന്ന സ്വദേശികളും വിദേശികളും . വിദേശികളുടെ രണ്ടു കഷണം വസ്ത്രം പല സ്വദേശികളും ആസ്വദിക്കുകയും അവരറിയാതെ ഫോട്ടോ എടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു. കുളിയുടെ ഇടയില്‍ ഭാര്യയുടെ കയ്യില്‍ നിന്നും ക്യാമറ വാങ്ങി ഞാനും കുറച്ചെണ്ണം എടുത്തു . കുറച്ച് ചെറുപ്പക്കാര്‍ അവരില്‍ ഒരാളെ മണല്‍ കൊണ്ട് തലയോഴികെ എല്ലാം മൂടുന്നുണ്ടായിരുന്നു . അവരുടെ അടുത്ത് ചെന്ന് ഫോട്ടോയെടുത്തു .
കുളിയും കളിയുമെല്ലം കഴിഞ്ഞു . ബീച്ചിനടുത്തുള്ള തെങ്ങിന്‍ ചുവട്ടിലിരുന്നു ഐസ്ക്രീമും കഴിച്ചു. കുറെ സമയം വിശ്രമിച്ചു. സമയം കടന്നു പോയതറിഞ്ഞില്ല . ഒരു നല്ല ദിവസം തീരാറായി . ബാഗ് എടുത്ത് പുറത്തിട്ടു , ഒരു കൈയില്‍ മകനും മറുകയ്യില്‍ ഭാര്യയുമായി തിരിച്ചു നടന്നു . കയറ്റം കയറി. വണ്ടികളെല്ലാം പാര്‍ക്ക് ചെയ്യുന്നത് കുറച്ച് താഴെയാണ് . വണ്ടി പാര്‍ക്ക് ചെയ്യുന്ന്നതിന്റെ അടുത്ത വേറെ ഒരു ബീച് ഉണ്ട് . വണ്ടിയുമായി, വണ്ടിയില്‍ നിന്നും ഇറങ്ങാതെ അവിടെ ഒന്നു കറങ്ങി. ആളുകള്‍ മീന്‍ പിടിക്കുന്നതും മറ്റും ഫോട്ടോയെടുത്തു . അവിടെയും കുറച്ച് പേര്‍ കുളിക്കുണ്ടായിരുന്നു. പല ആളുകളും വണ്ടി പാര്‍ക്ക് ചെയ്തു നോക്കുമ്പോള്‍ കാണുന്ന ആദ്യത്തെ ബീച്ചായ ഇവിടെ വന്നു കുളിച്ചുശേഷം ഇതാണോ കോവളം എന്നും പറഞ്ഞു കളിയാക്കി മടങ്ങി പോരാറുണ്ട് എന്ന സത്യം , ഈ അക്കിടി പറ്റിയ എന്റെ സ്നേഹിതന്‍ എന്നോട് പറഞ്ഞത് ഓര്‍മ്മ വന്നു.
തിരിച്ചു മടങ്ങുമ്പോള്‍ പഴം വിറ്റ അമ്മൂമ്മയെ കണ്ടു . ഇങ്ങനെ വിദേശികളെ പറ്റിക്കുന്നത് തെറ്റല്ലേ ? അവര്‍ സത്യം അറിയുമ്പോള്‍ നമ്മളെ കുറിച്ച് എന്താ കരുതുക ? എന്നൊക്കെയുള്ള എന്റെ ചോദ്യം ഞാന്‍ മനസ്സിലൊതുക്കി.....
അടുത്ത ആഴ്ചയില്‍ ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരാന്‍ കാത്തിരിക്കുന്ന ആളുമായി ഇവിടെ ഈ സുന്ദരസ്ഥലത്ത് ,വീണ്ടും വരാന്‍ കഴിയണേ എന്ന പ്രാര്‍ത്ഥനയോടെ അവിടം വിട്ടു............