Latest News

സമുദ്ര ബീച്ച്

മധു മാമൻ
topbanner
സമുദ്ര ബീച്ച്

ഴിഞ്ഞ ഓണക്കാലത്ത്  തിരുവനന്തപുരത്ത് നിന്നും കോവളം ബീച്ചിലേക്കുള്ള ഒരു യാത്രയില്‍ ആണ് സമുദ്ര ബീച്ച് എന്ന ബോര്‍ഡ്‌ കണ്ണില്‍ പെട്ടത് . കോവളം ബീച്ച് എത്തുന്നതിനു ഏകദേശം രണ്ടു കിലോമീറ്റര്‍  മുന്‍പ്  വലതു വശത്തായി കണ്ട  സമുദ്ര ബീച്ച് 800m എന്ന ബോര്‍ഡും ആ ബീച്ചിന്റെ പേരും എനിക്ക് പുതിയ അറിവായിരുന്നു. അറിയപ്പെടുന്ന കോവളം  വീണ്ടും വീണ്ടും കാണുന്നതിനെക്കാള്‍ നല്ലതാണ് അറിയപ്പെടാത്ത ഒരു ചെറിയ സ്ഥലം കാണുന്നത് എന്ന തോന്നല്‍ മനസ്സില്‍ വന്നപ്പോള്‍ ഞങ്ങള്‍ അവിടേക്ക് വണ്ടി തിരിച്ചു വിട്ടു ...പുതിയ ഒരു തീരം തേടി ... 

കോവളം ബീച്ചിലേക്കുള്ള വീതിയേറിയ റോഡില്‍ നിന്നും വീതി കുറഞ്ഞ ടാറിട്ട റോഡിലൂടെ പതുക്കെ വണ്ടി ഓടിച്ചു. ഇരു വശത്തും നിറയെ ചെറിയ ചെറിയ വീടുകള്‍ ,ഇടയിലായി ഒരു മുസ്ലിം പള്ളി , ഓണക്കാലമായതിനാല്‍ റോഡില്‍ അങ്ങോട്ടും ഇങ്ങോട്ടും തിരക്കിട്ട് പോകുന്ന നിറയെ ആളുകള്‍ . കൂടുതല്‍ ആളുകളും മുസ്ലിം വേഷധാരികള്‍ . കേരളത്തിന്‌ പുറത്തു വേറെ ഏതോ നാട്ടില്‍ വന്ന പ്രതീതിയായിരുന്നു മനസ്സില്‍ തോന്നിയത്

അല്പം കൂടി പോയപ്പോള്‍ ആ കാഴ്ചകള്‍ എല്ലാം മാറി. പിന്നെ കണ്ടത് ചില റിസോര്‍ട്ടുകള്‍ ആയിരുന്നു . പലപ്പോഴും പരസ്യങ്ങളില്‍  കണ്ടിട്ടുള്ള  ആ റിസോര്‍ട്ടുകള്‍ അവിടെയാണ് എന്നതും പുതിയ ഒരു അറിവായിരുന്നു . അകത്തും പുറത്തും ആയി കുറെ വണ്ടികള്‍ . കുടുംബത്തോടൊപ്പം വൈകുന്നേരം അറിയപ്പെടാത്ത ഒരു കടപ്പുറത്ത് എത്തിയാല്‍ എങ്ങനെ ആകും എന്ന ആശങ്കയും അതോടെ മനസ്സില്‍ നിന്നും പോയി . അല്പം അകലെ ആയി തിരയടിച്ചു മറയുന്ന കടലും കണ്ടു

ബീച്ചിലേക്ക് കടക്കുന്നതിന്റെ മുന്‍വശത്ത്  പച്ച പുല്ലുകള്‍ പിടിപ്പിച്ച ഒരു ചെറിയ പാര്‍ക്ക് കണ്ടു .  അതിനരുകില്‍ വണ്ടിയും പാര്‍ക്ക് ചെയ്തു ചില ചെറിയ പടികള്‍ ഇറങ്ങി ബീച്ചിലെത്തി. പ്രതീക്ഷിച്ചതിലും വളരെ നല്ല കാഴ്ചയായിരുന്നു അവിടെ. സുന്ദരമായ കടല്‍ .. ആള്‍തിരക്ക്‌ ഒട്ടും ഇല്ലാതെ രസകരമായി കിടന്നു തിരയടിക്കുന്നു. ഒരു ഭാഗത്ത്‌ കടല്‍ കയറി വരാതിരിക്കാനായി പാറക്കല്ലുകള്‍  ഇട്ടിട്ടുണ്ടായിരുന്നു  . അവ കടല്‍ ഭിത്തി പണിയാന്‍ കൊണ്ട് വന്നതായിരിക്കണം . പക്ഷെ ഒരു പണിയും നടത്താതെ അവിടെ വെറുതെ കിടന്നു കരയ്ക്ക്‌ ഒരു ചെറിയ സംരക്ഷണം മാത്രം അവ നല്കുന്നുണ്ടായിരുന്നു.

ആ  കടപ്പുറത്തിന്റെ ഒരു വശം മുഴുവന്‍ വളരെ ഉയരത്തിലുള്ള പാറകൂട്ടങ്ങള്‍ ആയിരുന്നു. "ROCKY BEACH " എന്ന് വിശേഷിപ്പിക്കാവുന്ന ഇത്തരം ബീച്ചുകള്‍ കേരത്തില്‍ അധികം സ്ഥലത്ത് കണ്ടിട്ടില്ല. ഒരു ഗോവ യാത്രയില്‍ സന്ദര്‍ശിച്ച,  കമല ഹാസന്റെ ഹിന്ദി ചിത്രമായ "ഏക്‌ ദുജെ കേലിയെയിലെ " ചില രംഗങ്ങള്‍ ഷൂട്ട്‌ ചെയ്ത ഗോവയിലെ ഡോണ പൌല ബീച്ചിനെയും, നമ്മുടെ ബേക്കല്‍ കോട്ടയുടെ പിന്‍ഭാഗത്തെ പാറകള്‍ നിറഞ്ഞ  കടപ്പുറത്തെയും   ഈ സമുദ്ര ബീച്ച് ഓര്‍മിപ്പിച്ചു.

പാരീസില്‍ ഒരു ഇലക്ട്രീഷ്യന്‍ ആയി ജോലി നോക്കുകയായിരുന്നു ഇത്രയും നാള്‍ എന്നും,  ആ ജോലി വിട്ടപ്പോള്‍ കിട്ടിയ പണം കൊണ്ട് , കൂട്ടുകാരിയുടെ ഒപ്പം ആറു മാസം കൊണ്ട്  ഇന്ത്യ മുഴുവന്‍ കണ്ടു തീര്‍ക്കാന്‍ ഇറങ്ങിയതാണ് എന്നും വിദേശി പയ്യന്‍ പറഞ്ഞു കേട്ടപ്പോള്‍ അയാളോട് അസൂയയാണ് തോന്നിയത്.  ഇന്ത്യ മുഴുവന്‍ ആറുമാസം എടുത്തു കണ്ടു തീര്‍ക്കാന്‍ ഭാഗ്യം കിട്ടിയിട്ടുള്ള ഇന്ത്യക്കാര്‍ പോലും വളരെ കുറവായിരിക്കും എന്ന് തോന്നി . ഇനി തിരിച്ചു ചെന്ന് വേണം പുതിയ ജോലി അന്വേഷിക്കാന്‍ എന്നും, പത്തുവര്‍ഷത്തിനുള്ളില്‍ ലോകത്തിലെ പ്രധാന സ്ഥലങ്ങള്‍  മുഴുവനും കണ്ടു തീര്‍ക്കണം എന്നാണ് ആഗ്രഹിക്കുന്നതെന്നും  ഇരുപത്തിയഞ്ച് വയസ്സോളം തോന്നിക്കുന്ന ആ വിദേശി പറഞ്ഞു കേട്ടപ്പോള്‍  അസൂയ വീണ്ടും കൂടി . ജീവിതത്തിന്റെതായ യാതൊരു ടെന്‍ഷനും ഇല്ലാതെ ഇഷ്ടപ്പെട്ട പെണ്‍കുട്ടിയോടൊപ്പം ഇത്രയും ചെറുപ്പത്തില്‍ ലോകവും കണ്ടു നടക്കുന്ന അവരോടു എന്നെപോലെയുള്ള ഒരു സാധാരണ ഇന്ത്യക്കാരന് മറ്റെന്താണ് തോന്നുക ?

വീണ്ടും കാണില്ല എന്നുറപ്പ് ഉണ്ടെങ്കിലും വീണ്ടും കാണാം എന്നും പറഞ്ഞു വിദേശികളെ വിട്ട ശേഷം കുറെ നേരം കൂടി അവിടെയിരുന്നു. പാറകളില്‍ തട്ടി വെള്ളം പാല്നുരയായി  ചിതറുന്നതും നോക്കി ആ  പാറക്കൂട്ടത്തില്‍ കുടുംബത്തോടൊപ്പം ഇരുന്നു .അവിടെ പതുക്കെ സൂര്യന്‍ അസ്തമിക്കാന്‍ തുടങ്ങിയിരുന്നു. ഒപ്പമുള്ളവര്‍  എല്ലാവരും മടങ്ങിയിരുന്നു  . അപരിചിതമായ ഒരു സ്ഥലം ആയിട്ടും നേരം ഇരുട്ടിയിട്ടും അവിടെ നിന്നും പോരാന്‍ മനസ്സ് വരാത്തത് പോലെ.

ഒടുവില്‍ ഞങ്ങള്‍ മടങ്ങി .. വീണ്ടും ഒരു തവണ കൂടി ഇവിടെ വരണം ... ഈ ബീച്ചിലൂടെ നടന്നു ഒരു തവണ കോവളത്ത് എത്തണം എന്ന് വിചാരിച്ചു കൊണ്ട് ... പല തവണ കോവളത്ത് വന്നപ്പോഴും ആരും പറഞ്ഞു തന്നിട്ടില്ലാത്ത ഈ ചെറിയ തീരം ഇത്തവണത്തെ ഓണത്തിന് കിട്ടിയ ഏറ്റവും നല്ല ഓര്‍മയായി മനസ്സില്‍ സൂക്ഷിച്ചു കൊണ്ട് ഞങ്ങള്‍ മടങ്ങി ....

travel-experience-samudra-beach

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES