Latest News

മൂന്നാറിനെ ചുവപ്പണിയിച്ചു സ്പാത്തോഡിയ പുഷ്പങ്ങൾ

Malayalilife
topbanner
മൂന്നാറിനെ ചുവപ്പണിയിച്ചു സ്പാത്തോഡിയ പുഷ്പങ്ങൾ

കാശത്തേക്ക് മിഴിതുറന്ന് നിറയെ സ്പാത്തോഡിയ പുഷ്പങ്ങൾ. ചുവപ്പിൽ കുളിച്ച് കിഴക്കിന്റെ കാശ്മീർ. നിറയെ പൂവിട്ട സ്പാത്തോഡിയ മരങ്ങളാണ് കിഴക്കിന്റെ കാശ്മീരെന്നറിയപ്പെടുന്ന മൂന്നാറിനെ ചുവപ്പണിയിച്ചിട്ടുള്ളത്.

ഒക്ടോബറിലാണ് മൂന്നാറിൽ സ്പാത്തോഡിയ മരങ്ങൾ പൂവിട്ടുതുടങ്ങിയത്. ഇപ്പോൾ ഇത് മൂന്നാറിന്റെ സമീപപ്രദേശങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. വേനൽ അവസാനിക്കുവോളം മരങ്ങൾ പൂവിടുന്നത് തുടരുമെന്നാണ് പ്രദേശവാസികൾ നൽകുന്ന വിവരം.

ഹൈറേഞ്ചിൽ പരക്കെ മലേറിയമരം എന്നറിയപ്പെടുന്ന ഇത് ഇവിടെ എത്തിച്ചത് ബ്രിട്ടീഷുകാരാണന്നാണ് ചരിത്രം. പണ്ട് പൂഞ്ഞാർ രാജവംശത്തിന്റേതായിരുന്നു മൂന്നാർ. പൂഞ്ഞാർ രാജകുടുബത്തിലെ സാമന്തനെന്ന നിലയിൽ മൂന്നാർ പ്രദേശങ്ങളുടെ ഭരണം നടത്തിയിരുന്നത് കണ്ണൻ തേവൻ മന്നാടിയെന്ന ഗിരിവർഗരാജാവായിരുന്നു. ഈ കാരണത്താലാണെത്രേ പിൽക്കാലത്ത് മൂന്നാറിനെ കണ്ണൻ തേവൻ മലനിരകളെന്ന് അറിയപ്പെട്ടിരുന്നത്.

1887-ൽ മൺറോ സായിപ്പ് മഹാരാജാവിൽനിന്ന് 227 ചതുരശ്ര മൈൽ പ്രദേശങ്ങൾ വിലക്കുവാങ്ങി മൂന്നാർമേഖലയിൽതേയില കൃഷി ആരംഭിച്ചു. ഇതോടെയാണ് കണ്ണൻ തേവൻ മലകളിൽ ബ്രിട്ടീഷുകാർ ആധിപത്യം ഉറപ്പിക്കുന്നത്. തേയില തോട്ടങ്ങളിൽ ജോലിക്കായി അന്ന് തമിഴ്‌നാട്ടിൽ നിന്നും ധാരാളം തൊഴിലാളികളും എത്തിയിരുന്നു. അക്കാലത്ത് തോട്ടങ്ങളിൽ ജോലി ചെയ്തിരുന്ന നിരവധി തൊഴിലാളികൾ മലേറിയ രോഗം ബാധിച്ചു മരിച്ചു. ഇതേത്തുടർന്ന് കൊതുകുകളെ തുരത്താൻ അന്നത്തെ ബ്രിട്ടീഷ് മാനേജർമാർ കണ്ടെത്തിയ മാർഗമാണ് സ്പാത്തോഡിയ മരങ്ങൾ.

ചുവപ്പ് നിറത്തിൽ ആകാശത്തേക്ക് മിഴിതുറന്നു മരത്തിൽ വിടരുന്ന പൂക്കളിൽ തേൻകണങ്ങൾ പോലെ മധുരമുള്ള പശയോടുകൂടിയ ദ്രാവകം ഊറിവരുന്നുണ്ട്. ഇതിന് പ്രത്യേക ഗന്ധവുമുണ്ട്. ഗന്ധത്തിൽ ആകൃഷ്ടരായി കൊതുകുകൾ പറന്നെത്തുകയും ഈ പശയിൽ കുരുങ്ങി ജീവൻ നഷ്ടപ്പെടുകയും ചെയ്യും.

സായിപ്പന്മാരുടെ ഈ തന്ത്രത്തിൽ 'കുടുങ്ങി' കൊതുകുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയ സാഹചര്യത്തിൽ ഏതാനും വർഷങ്ങൾക്കുള്ളിൽ മേഖലയിൽ മലേറിയ നിയന്ത്രണവിധേയമായി. ഈ തിരിച്ചറിവിൽ പിൻതലമുറക്കാർ സംരക്ഷിച്ചു പോരുന്ന സ്പാത്തോഡിയ മരങ്ങളാണ് ഇപ്പോൾ മൂന്നാറിൽ പുഷ്പിച്ചിട്ടുള്ളതെന്നാണ് സൂചന. ശൈത്യകാല ആരംഭത്തോടെ പൂവിടുന്ന സ്പാത്തോഡിയ മരങ്ങൾ മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികളുടെയും ശ്രദ്ധകേന്ദ്രമായി മാറിക്കഴിഞ്ഞു.

Read more topics: # spathodea-flowers-in-munnar
spathodea-flowers-in-munnar

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES