മലയാളത്തിലെ യുവനടന്മാരില്‍ ശ്രദ്ധേയനാണ് റോഷന്‍ മാത്യു. മലയാളവും കടന്ന് തമിഴിലും ബോളിവുഡിലുമെല്ലാം റോഷന്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്. അനുരാഗ് കശ്യപ് ഒരുക്കിയ ചോക്ക്ഡിലൂടെയാണ് റോഷന്‍ ബോളിവുഡിലെത്തുന്നത്. പിന്നീട് ആലിയ ഭട്ടിനൊപ്പം ഡാര്‍ലിങ്സിലും അഭിനയിച്ചു. വിജയ് വര്‍മ, ഷെഫാലി ഷാ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ഡാര്‍ലിങ്സ്. ഇപ്പോള്‍ ബോളിവുഡ് താരങ്ങളുമായി അഭിനയിച്ചപ്പോഴുള്ള വിശേഷങ്ങള്‍ നടന്‍ പങ്ക് വച്ചതാണ് ശ്രദ്ധ നേടുന്നത്.
ഷാരൂഖ് ഖാന്‍ ആയിരുന്നു ഡാര്‍ലിങ്സിന്റെ നിര്‍മാണം. ആലിയ ഭട്ടിനൊപ്പം അഭിനയിച്ചതിനെക്കുറിച്ചും ഷൂട്ടിങ് കാണാന്‍ ഷാരൂഖ് ഖാന്‍ വന്നതിനെക്കുറിച്ചുമാണ് റോഷന്‍ സംസാരിക്കുന്നത്.
''ഞാന്‍ കൂടെ അഭിനയിച്ചിട്ടുള്ളവരില്‍ ഏറ്റവും പ്രൊഫഷണലും കഴിവുള്ളതുമായ അഭിനേതാക്കളില്‍ ഒരാളാണ് ആലിയ ഭട്ട്. പ്രാക്ടീസ് ചെയ്തുണ്ടാക്കിയ പ്രൊഫഷണലിസം ആണ് ആലിയയുടേത്. വന്ന് നിന്ന് ആ മൊമന്റില്‍ അഭിനയിച്ച് പൊളിക്കുന്ന ആളായിട്ടല്ല ഡാര്‍ലിങ്സില്‍ തോന്നിയിട്ടുള്ളത്. ശരിക്കും പണിയെടുത്ത് പണിയെടുത്ത് കഥാപാത്രത്തെ അവിടെ എത്തിക്കുകയാണ്. അത് കാണാന്‍ ഭയങ്കര രസമാണ്'' എന്നാണ് നടിയെക്കുറിച്ച് റോഷന്‍ പറയുന്നത്.
ജസ്മീത് റീന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഡാര്‍ലിങ്സ്. നെറ്റ്ഫ്ളിക്സ് ചിത്രമായിരുന്ന ഡാര്‍ലിങ്സ് നിര്‍മിച്ചത് ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റും ആലിയ ഭട്ടും ചേര്‍ന്നായിരുന്നു. ഒരു ദിവസം ഷൂട്ടിങ് കാണാന്‍ ഷാരൂഖ് ഖാന്‍ നേരിട്ടെത്തിയ അനുഭവവും റോഷന്‍ പങ്കുവെക്കുന്നുണ്ട്.
''ഷൂട്ട് കാണാന്‍ ഒരു ദിവസം ഷാരൂഖ് ഖാന്‍ വന്നിരുന്നു. ഞാനൊരു ദിവസം സെറ്റില്‍ ചെന്നപ്പോള്‍ എല്ലാവരുടേയും മുഖം വല്ലാണ്ടിരിക്കുന്നു. എന്തുപറ്റിയെന്ന് ചോദിച്ചപ്പോള്‍ തിരിഞ്ഞുനോക്കാന്‍ പറഞ്ഞു. അവിടെ ഒരു മൂലയ്ക്കു നിന്ന് അദ്ദേഹം സിഗരറ്റ് വലിക്കുകയായിരുന്നു. ഒരു മൂലയ്ക്ക് ഒന്നും മിണ്ടാതിരിക്കുകയായിരുന്നു. കണ്ടതും ഞാന്‍ സ്റ്റക്കായി. ശരിക്കും സ്റ്റാര്‍ സ്രറ്റക്കായി. ഞങ്ങള്‍ ഷൂട്ട് ചെയ്യുന്നത് കുറച്ച് നേരം കണ്ടു നിന്ന ശേഷം എല്ലാവരോടും യാത്ര പറഞ്ഞ് പോയി. കെട്ടിപ്പിടിച്ചിട്ടാണ് പോയത്. ഞാന്‍ എന്തോ മണ്ടത്തരമൊക്കെ പറഞ്ഞു. നമുക്ക് നമ്മുടെ പേരു പോലും മറന്നു പോകുന്ന അവസ്ഥയായിരുന്നു. എന്നെ റോഹന്‍ എന്നായിരുന്നു വിളിച്ചത്. പക്ഷെ ഞാന്‍ തിരുത്താനൊന്നും പോയില്ല.'' റോഷന്‍ പറയുന്നു.
ജാന്‍വി കപൂര്‍ നായികയായ ഉലജ് ആണ് റോഷന്‍ മാത്യുവിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ഹിന്ദി ചിത്രം. റോന്ത് ആണ് റോഷന്‍ അവസാനമിറങ്ങിയ സിനിമ. ചിത്രവും ചിത്രത്തിലെ റോഷന്റെ അഭിനയവും കയ്യടി നേടിയിരുന്നു. ഇത്തിരി നേരം ആണ് റിലീസ് കാത്തു നില്‍ക്കുന്ന സിനിമ. പിന്നാലെ ചേര, ചത്താ പച്ചാ തുടങ്ങിയ സിനിമകളും അണിയറയിലുണ്ട്.
ബോളിവുഡ് നടി ജാന്‍വി കപൂറിന് മലയാള സിനിമയോടും കേരളത്തോടും വലിയ ബഹുമാനമാണെന്ന് നടന്‍ പറഞ്ഞു.'ഉലജ്' എന്ന ബോളിവുഡ് ചിത്രത്തില്‍ ജാന്‍വിക്കൊപ്പം പ്രവര്‍ത്തിച്ചപ്പോഴാണ് തനിക്ക് ഇത് നേരിട്ടറിഞ്ഞതെന്നും റോഷന്‍ മാത്യു വ്യക്തമാക്കി. 'പരം സുന്ദരി' എന്ന ചിത്രത്തില്‍ മലയാളികളെക്കുറിച്ചുള്ള അവതരണത്തെയും ഭാഷാപ്രയോഗത്തെയും വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.
ഈ സാഹചര്യത്തിലാണ് റോഷന്‍ മാത്യുവിന്റെ പ്രതികരണം ശ്രദ്ധേയമാകുന്നത്. ജാന്‍വി കപൂര്‍ കഠിനാധ്വാനം ചെയ്യുന്ന, ആത്മാര്‍ത്ഥമായി മെച്ചപ്പെടാന്‍ ആഗ്രഹിക്കുന്ന ഒരു നടിയാണെന്ന് റോഷന്‍ പറഞ്ഞു. മലയാള സിനിമയെ അവര്‍ വേറെ ലെവലായി ആണ് കാണുന്നത്. നമ്മുടെ സിനിമകളും അതുപോലെ ഇവിടെ നിന്നുള്ള അഭിനേതാക്കളും ചെയ്യുന്ന ജോലികള്‍ അവര്‍ സൂക്ഷ്മമായി നിരീക്ഷിക്കാറുണ്ട്. 'പരം സുന്ദരി'യില്‍ മലയാളം അവതരിപ്പിച്ചത് പാളിപ്പോയെങ്കിലും, മൊത്തത്തില്‍ മലയാള സിനിമാ രംഗത്തോടും അവിടുത്തെ ആളുകളോടും അവര്‍ക്ക് ബഹുമാനമുണ്ടെന്നും റോഷന്‍ കൂട്ടിച്ചേര്‍ത്തു.
പരം സുന്ദരി' കണ്ടിട്ട് ജാന്‍വി തനിക്ക് മെസേജ് അയച്ചിരുന്നോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു റോഷന്റെ മറുപടി. എന്നാല്‍ ചിത്രീകരണ സമയത്ത്, മലയാളം സംഭാഷണങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായുള്ള ഡയലോഗ് കോച്ചിനെക്കുറിച്ച് ജാന്‍വി സൂചിപ്പിച്ചതായി അദ്ദേഹം ഓര്‍ത്തു. തിരക്കഥയിലെ പ്രശ്‌നങ്ങളും അവസാന നിമിഷം സിനിമയിലേക്ക് വരുന്ന നടീനടന്മാര്‍ക്ക് മാത്രം പരിഹരിക്കാന്‍ സാധിക്കാത്തതാണെന്നും റോഷന്‍ ചൂണ്ടിക്കാട്ടി. മലയാളം അറിയാത്തവര്‍ക്ക്, അതിന്റെ ശബ്ദം പോലും കേട്ടിട്ടില്ലാത്തവര്‍ക്ക് അതിലെ സംഭാഷണങ്ങള്‍ എത്രത്തോളം മനസ്സിലാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം ചോദ്യം ചെയ്തു.