Latest News

സിനിമയില്‍ ഉടനീളമുള്ള അംബാസഡര്‍ കാര്‍ തന്റെ ശേഖരത്തില്‍ നിന്ന് തരാമെന്ന് പറഞ്ഞ് മോഹന്‍ലാലിന്റെ വിളി; ആ വലിയ നടന്‍ അത്രമാത്രം കഥക്കൊപ്പം നില്‍ക്കുന്നുവെന്നതിന് മറ്റൊരു തെളിവും വേണ്ട; തുടരും എന്ന സിനിമയിലേക്കുള്ള യാത്ര എങ്ങനെയെന്ന് പറഞ്ഞ് നിര്‍മ്മാതാവ് രഞ്ജിത്തിന്റെ കുറിപ്പ്

Malayalilife
സിനിമയില്‍ ഉടനീളമുള്ള അംബാസഡര്‍ കാര്‍ തന്റെ ശേഖരത്തില്‍ നിന്ന് തരാമെന്ന് പറഞ്ഞ് മോഹന്‍ലാലിന്റെ വിളി; ആ വലിയ നടന്‍ അത്രമാത്രം കഥക്കൊപ്പം നില്‍ക്കുന്നുവെന്നതിന് മറ്റൊരു തെളിവും വേണ്ട; തുടരും എന്ന സിനിമയിലേക്കുള്ള യാത്ര എങ്ങനെയെന്ന് പറഞ്ഞ് നിര്‍മ്മാതാവ് രഞ്ജിത്തിന്റെ കുറിപ്പ്

മലയാള സിനിമ കണ്ട എക്കാലത്തേയും വലിയ ബ്ലോക്ക് ബസ്റ്റര്‍ വിജയങ്ങളിലൊന്നാണ് മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും. ഇപ്പോഴിതാ, ചിത്രം അന്താരാഷ്ട്ര ചലച്ചിത്ര മേളയ(IFFI)യുടെ ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഈ സന്തോഷം പുറത്ത് വരുമ്പോള്‍ തുടരും എന്ന ചിത്രത്തിലേക്കുള്ള യാത്രയെക്കുറിച്ച് എഴുതിയിരിക്കുകയാണ് നിര്‍മാതാവ് എം.രഞ്ജിത്ത്.

'തുടരും' സിനിമ സംഭവിച്ചതിന്റെ നാള്‍വഴികളെക്കുറിച്ചു കൂടിയാണ് അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ കുറിപ്പ്

കുറിപ്പ് ഇങ്ങനെ:

പ്രേക്ഷകര്‍ വലിയ വിജയമാക്കിയ തുടരും പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു എന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷമാണുണ്ടായത്. ഇന്ത്യ കണ്ട മികച്ച അഭിനേതാവായ ലാലേട്ടന്റെയും  തരുണ്‍മൂര്‍ത്തി എന്ന   സംവിധായകന്റെയും, ഈ സിനിമയുടെ ഭാഗമായ എല്ലാവരുടെയും ആത്മാര്‍ത്ഥതയാണ് ഇങ്ങനെ ഒരു അംഗീകാരം കിട്ടാന്‍ കാരണം എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.തുടരും എന്ന സിനിമയിലേക്കുള്ള യാത്രയും അതിന്റെ വിജയവുമെല്ലാം ഇപ്പോള്‍ മനസ്സിലൂടെ  കടന്നുപോവുകയാണ്   
                       
പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ്, കലാസംവിധായകന്‍ ഗോകുല്‍ദാസ് തന്റെ സുഹൃത്തായ കെ. ആര്‍. സുനിലുമൊത്ത് തിരുവനന്തപുരത്തേക്ക് വന്നത് തനിക്ക് സംവിധാനം ചെയ്യാനായി സുനില്‍ എഴുതിയ സ്‌ക്രിപ്റ്റ് വായിച്ചു കേള്‍പ്പിക്കാനായിരുന്നു. തീര്‍ത്തും സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറുടെ ജീവിതത്തിന്റെ വഴിത്തിരിവുകളിലൂടെ കടന്നുപോകുന്ന ആ കഥ എന്നെ വല്ലാതെ ആകര്‍ഷിച്ചു. കേന്ദ്ര കഥാപാത്രമായ ബെന്‍സിനെയും അയാളുടെ അംബാസഡര്‍ കാറിനേയും ഞാനെവിടെയൊക്കെയോ വച്ച് കണ്ടതുപോലെ! ആ സിനിമ ചെയ്യാമെന്ന് അപ്പോള്‍ തന്നെ മനസിലുറപ്പിച്ചു. 
ബെന്‍സ് എന്ന കഥാപാത്രത്തിന് എന്റെ മനസ്സില്‍ മോഹന്‍ലാലിന്റെ മുഖമായിരുന്നു. കാലങ്ങളായി എനിക്ക് ആഴത്തില്‍ സൗഹൃദമുള്ള ലാലേട്ടനും ഒരു സഹോദരനെപ്പോലെ അടുപ്പമുള്ള ആന്റണി പെരുമ്പാവൂരിനും ആ കഥയിഷ്ടമാകുമെന്നും മനസ്സു പറഞ്ഞു. പ്രതീക്ഷിച്ചതുപോലെ ആദ്യ കേള്‍വിയില്‍ത്തന്നെ ഇരുവരും ഈ സിനിമക്കൊപ്പം നിന്നു. മാത്രമല്ല, തൊട്ടടുത്ത ദിവസം തന്നെ ലാലേട്ടന്റെ വിളിവന്നത് സിനിമയില്‍ ഉടനീളമുള്ള അംബാസഡര്‍ കാര്‍ തന്റെ ശേഖരത്തില്‍ നിന്ന് താരാമെന്ന് പറയാനായിരുന്നു! ആ വലിയ നടന്‍ അത്രമാത്രം ഈ കഥക്കൊപ്പം നില്‍ക്കുന്നുവെന്നതിന് മറ്റൊരു തെളിവും വേണ്ടായിരുന്നു. 

എന്നാല്‍, മോഹന്‍ലാലിനെപ്പോലൊരു താരത്തെ വച്ച് വലിയൊരു സിനിമ സംവിധാനം ചെയ്യുക എന്ന ഭാരിച്ച ഉത്തരവാദിത്വത്തില്‍ നിന്ന് ഗോകുല്‍ദാസ് പിന്നീട് സ്വയം പിന്‍മാറുകയായിരുന്നു. എന്നാല്‍ സുനിലിന്റെ കഥ സിനിമയായി കാണാന്‍ ആ സുഹൃത്ത് ആഗ്രഹിച്ചു. മാത്രമല്ല, ഈ സിനിമക്കൊപ്പം എന്തിനും താനുണ്ടാകുമെന്നും സന്തോഷത്തോടെ പറഞ്ഞു. ഞങ്ങളൊരുമിച്ച് പുതിയ സംവിധായകരിലേക്കുള്ള അന്വേഷണവും തുടങ്ങി. പക്ഷേ, പിന്നീട് ഈ സിനിമയിലേക്ക് പലപ്പോഴായി എത്തിച്ചേര്‍ന്ന, ഏറെ അടുപ്പമുള്ള സംവിധായകരില്‍ ചിലര്‍ക്ക് പല സാഹചര്യങ്ങളാല്‍ ഞങ്ങള്‍ക്കൊപ്പം ഒരുമിച്ച് സഞ്ചരിക്കാനായില്ല. 

അങ്ങനെ വര്‍ഷങ്ങള്‍ പലതും കടന്നുപോയി. അപ്പോഴും ഈ കഥ ലാലേട്ടന്റെയും ആന്റണിയുടെയും മനസ്സില്‍ മായാതെ നിന്നു. കണ്ടുമുട്ടുമ്പോഴെല്ലാം അവര്‍ ഈ കഥയെക്കുറിച്ച് പറഞ്ഞു, സിനിമ സംഭവിക്കാന്‍ അവരും ആഗ്രഹിക്കുന്നുണ്ടായിരുന്നു.
സിനിമ സംഭവിക്കാന്‍ വൈകുമ്പോള്‍ എന്നെക്കാളധികം വേദനിച്ച, കാത്തിരുന്നയാളാണ് സുനില്‍. വല്ലപ്പോഴുമൊക്കെ പരിഭവങ്ങളേതുമില്ലാതെ സുനിലിന്റെ വിളിവരും 'രഞ്ജിത്തേട്ടാ എന്തായി' എന്നു തിരക്കിയുള്ള ആ വിളിക്ക് ഒരുപാട് അര്‍ത്ഥങ്ങളുള്ളതുപോലെ തോന്നും; ഞാന്‍ സിനിമയില്‍ ഉള്ളയാളും സുനില്‍ ഇല്ലാത്തയാളും. എന്നാല്‍, എന്നിലെ നിര്‍മ്മാതാവിലുളള വിശ്വാസം ആ ശബ്ദത്തില്‍ എനിക്കെന്നും അനുഭവപ്പെട്ടിരുന്നു. ഫോട്ടോഗ്രാഫി എക്സിബിഷനുകളിലും മറ്റുമായി സുനില്‍ സജീവവുമായിരുന്നു. 

അതിനിടെ, യുവ സംവിധായകനായ തരുണ്‍ മൂര്‍ത്തിയെ പരിചയപ്പെട്ടത് വലിയ വഴിത്തിരിവായി. അദ്ദേഹം ചെയ്ത രണ്ട് സിനിമകളും എനിക്ക് പ്രിയപ്പെട്ടതായിരുന്നു. വൈകാരിക രംഗങ്ങള്‍ ഏറെയുള്ള സൗദി വെള്ളക്കയോടായിരുന്നു കൂടുതലിഷ്ടം. തന്റെ പുതിയ സിനിമ ചെയ്യാനുള്ള ഒരുക്കത്തിനിടെയായിരുന്നു തരുണ്‍ തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്നത്. സുനില്‍ ഫോട്ടോ എക്സിബിഷന്റെ തിരക്കിലായതിനാല്‍ തരുണിനോട് ഞാനാണ് അന്ന് കഥ പറഞ്ഞത്. ആദ്യ കേള്‍വിയില്‍ത്തന്നെ തരുണിന് കഥയിഷ്ടമായി. അതോടെ, മോഹന്‍ലാലിനെ  വച്ചു സിനിമ ചെയ്യാനായി തരുണ്‍ മനസ്സൊരുക്കി.  തുടര്‍ന്ന് ബിനാലെ നാളുകളിലൊന്നില്‍ മട്ടാഞ്ചേരിയിലെ ഗ്യാലറിയില്‍ പോയി സുനിലിനെ തരുണ്‍ കണ്ടു. പിന്നീടവര്‍ ഒരുമിച്ചുള്ള ചര്‍ച്ചകളിലേക്കും എഴുത്തിലേക്കും തിരിഞ്ഞു. തരുണിന്റെ സഹായികളും ഒപ്പം ചേര്‍ന്നു. എഴുത്തുകാരന്‍ കൂടിയായ തരുണിന് ആ സ്‌ക്രിപ്റ്റിലേക്ക് പുതുതായി പലതും കൂട്ടിച്ചേര്‍ക്കാനുമായി. യാതൊരുവിധ ഇഗോയും കൂടാതെ ഈ സിനിമക്കായി ഇരുവരും കൂടെ നിന്നത് ആ യാത്ര കൂടുതല്‍ സര്‍ഗാത്മകമാക്കി. അവര്‍ തമ്മില്‍ രൂപപ്പെട്ട ആഴത്തിലുള്ള സൗഹൃദത്തിന്റെ ഗുണം സിനിമ നന്നാവാന്‍ കാരണമായി.

ഞാന്‍ സംവിധാനം ചെയ്യുന്ന ഒരു ഷോയുടെ റിഹേഴ്സലിനിടയിലാണ് തരുണിനെ ഞാന്‍ ലാലേട്ടന് പരിചയപ്പെടുത്തുന്നത്. താനേറെ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ആ വലിയ നടനെ തൊട്ടരികില്‍ കണ്ടതിന്റെ തിളക്കം തരുണിന്റെ കണ്ണുകളില്‍ കണ്ടു. ആ സമാഗമം സിനിമയുടെ മറ്റൊരു വഴിത്തിരിവായി. തൊട്ടടുത്ത ദിവസത്തില്‍, തിരക്കഥയുടെ പുതിയ രൂപം ലാലേട്ടന് വായിച്ചു കേള്‍പ്പിച്ചു. അത് അത്രയേറെ ഇഷ്ടപ്പെട്ടതിനാല്‍ ചേട്ടന്‍ അടുത്ത സിനിമയായി ഉടനെ ചെയ്യാമെന്ന് പറയുകയായിരുന്നു.  അന്ന് ആന്റണിയും ഞങ്ങള്‍ക്കൊപ്പൊമുണ്ടായിരുന്നു. ഞാനും തരുണും സുനിലും ലാലേട്ടനൊപ്പം നില്‍ക്കുന്ന, ഒരു ചിത്രം അടുത്ത ദിവസത്തില്‍ ലാലേട്ടന്റെ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടതോടെ 'തുടരും' എന്ന സിനിമ യാഥാര്‍ത്ഥ്യമാവുന്നത് നാടറിഞ്ഞു.

ചിത്രീകരണം തുടങ്ങാന്‍ മുപ്പത്തിയഞ്ച് ദിവസം മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്. സ്‌ക്രിപ്റ്റിന്റെ മിനുക്കുപണികള്‍ നടക്കുന്നതിനിടെ കാസ്റ്റിങ്ങ്, ലൊക്കേഷന്‍ കണ്ടെത്തല്‍ തുടങ്ങിയ ഒരുപറ്റം കാര്യങ്ങളും ഒരേ സമയം തുടര്‍ന്നു. ഞാനുമായി ഏറെ നാളത്തെ സൗഹൃദമുള്ള, കഥാ സന്ദര്‍ഭങ്ങളുടെ വൈകാരികത ഒട്ടും ചോര്‍ന്നുപോകാതെ ഫ്രയിം വക്കുന്ന ക്യാമറാമാനായ ഷാജി ഈ സിനിമക്ക് ഒരു മുതല്‍ക്കൂട്ട് ആകുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.ഈ സിനിമയുടെ വലിയ ശക്തിയായിരുന്നു ഷാജി. കോ ഡയറക്ടറായി ബിനു പപ്പു വന്നതും ഡിക്സണ്‍ പൊടുത്താസ് പ്രൊഡക്ഷന്‍ കാര്യങ്ങള്‍ നിയന്ത്രിച്ചതും അവരുടെ ആത്മാര്‍ത്ഥതയും കാര്യങ്ങള്‍ സുഗമമാക്കി. നായികയായി ശോഭന കൂടി എത്തിയതോടെ, മലയാള സിനിമയിലെ എവര്‍ഗ്രീന്‍ ജോഡികളുടെ ആരാധകരായ കുടുംബ പ്രേക്ഷകരും ഈ സിനിമക്കായി കാത്തിരിക്കാന്‍ തുടങ്ങി. 

എന്നാല്‍, പ്രധാന വില്ലന്‍ കഥാപാത്രമായ ജോര്‍ജ് സാറിനെ മാത്രം കണ്ടെത്താനായില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ കഥ പറയുമ്പോള്‍ സുനില്‍ പറഞ്ഞത് വില്ലന്‍ കഥാപാത്രമായി താഴ്വാരത്തിലെ വില്ലനായി അഭിനയിച്ച സലിം ഗൗസിനെ പോലൊരാള്‍ വേണമെന്നായിരുന്നു. മുന്‍വിധികള്‍ കൂടാതെ ആ കഥാപാത്രത്തിനാപ്പം പ്രേക്ഷകര്‍ സഞ്ചരിക്കണം എന്നതായിരുന്നു കാരണം. ചിത്രീകണം തുടങ്ങാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ, പൂര്‍ണ്ണ സംതൃപ്തിയില്ലാതെ ഹിന്ദിയില്‍ നിന്ന് ഒരു നടനിലേക്ക് ഞങ്ങള്‍ക്ക് എത്തിച്ചേരേണ്ടിവന്നു. എന്നാല്‍, അതിനിടയില്‍ അപ്രതീക്ഷിതമായി സുനിലിന്റെ സുഹൃത്തും ഇന്ത്യയിലെ ഏറ്റവും മുന്‍നിരയിലുള്ള ആഡ് ഫിലിം ഡയറക്റ്ററുമായ പ്രകാശ് വര്‍മ്മ, തന്റെ വലിയ തിരക്കുകള്‍ മാറ്റിവെച്ച് ഈ കഥാപാത്രം ചെയ്യാമെന്ന് സമ്മതിച്ചതോടെ മലയാള സിനിമാ ലോകം എക്കാലവും ഓര്‍ക്കുന്ന ഒരു വില്ലന്റെ പിറവിയുമായി.

നൂറ്റിമൂന്ന് ദിവസം നീണ്ടുനിന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കനത്ത മഴയും ഇടവേളകളുമുണ്ടായി. എന്നാല്‍ ഇതൊന്നും ഞങ്ങള്‍ അറിഞ്ഞതേ ഇല്ല.  ലാലേട്ടന്‍ ബെന്‍സ് എന്ന കഥാപാത്രമായി തകര്‍ത്താടുകയായിരുന്നു.... ഒപ്പം ശോഭനയും പ്രകാശവര്‍മ്മയും ബിനുപപ്പുവും. എഡിറ്റര്‍ നിഷാദിന്റെ മരണം പക്ഷേ, ഞങ്ങളെ തളര്‍ത്തി. സ്‌പോട്ട് എഡിറ്ററായിരുന്ന വി.ബി. ഷഫീക്ക് ആ സ്ഥാനത്തേക്ക് വന്നതോടെ യാത്ര പിന്നെയും തുടര്‍ന്നു. ഭാരതിരാജ, മണിയന്‍പിള്ള രാജുച്ചേട്ടന്‍, ഫര്‍ഹാന്‍ ഫാസില്‍, ഇര്‍ഷാദ്,ആര്‍ഷ ബൈജു,തോമസ് മാത്യു,അമൃത വര്‍ഷിണി, തുടങ്ങിയ പ്രതിഭാധനരായ നിരവധി അഭിനേതാക്കള്‍ ഈ സിനിമയുടെ പ്രധാന ഭാഗമായതും തരുണ്‍ അവരില്‍ തന്റെ കഥാപാത്രങ്ങളെ കണ്ടെടുത്തതും സിനിമക്ക് ഏറെ ഗുണം ചെയ്തു. മാത്രമല്ല, വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്ന വാക്കുപാലിച്ച് ഒപ്പം ശക്തമായി നിന്ന പ്രശസ്ത കലാസംവിധായകന്‍ ഗോകുല്‍ ദാസ്. മലയാളികള്‍ നെഞ്ചിലേറ്റി ട്രെന്റ് സെറ്റര്‍ ആക്കി മാറ്റിയ  ഗാനങ്ങളും പശ്ചാത്തല സംഗീതവുമൊരുക്കി ഞങ്ങള്‍ക്കൊപ്പം രാപകലില്ലാതെ ഈ സിനിമക്കായി നിന്ന ജയ്ക്സ് ബിജോയ്, വരികളെഴുതിയ ഹരി നാരായണന്‍, അന്‍വര്‍അലി, വിനായക് ശശികുമാര്‍,ഗാനങ്ങള്‍ മനോഹരമായി ആലപിച്ച ശ്രീക്കുട്ടന്‍ ചേട്ടന്‍,ഹരിഹരന്‍,ഗോവിന്ദ് വസന്ത്,ജയ്ക്‌സ് ബിജോയ്,അനില രാജീവ്,രാജലക്ഷ്മി,വൈക്കം വിജയലക്ഷ്മി,ഗോകുല്‍,അരവിന്ദ്, കഥയുടെ ആത്മാവിനൊപ്പം സഞ്ചരിച്ച് ശബ്ദവിരുന്നൊരുക്കിയ വിഷ്ണു ഗോവിന്ദ്, ചമയമൊരുക്കിയ പട്ടണം റഷീദ്, അസോസിയേറ്റ് ആര്‍ട്ട് ഡയറക്ടര്‍ ഇന്ദുലാല്‍,കോസ്റ്റ്യൂം ഡിസൈന്‍ ചെയ്ത സമീറ സനീഷ്, സ്റ്റണ്ട് സില്‍വ, പോസ്റ്റര്‍ ഡിസൈന്‍ ചെയ്ത യെല്ലോ ടൂത്ത്സ് മുതല്‍ എന്തിനും എപ്പോഴും കൂടെ നിന്ന ലൈറ്റ് ബോയ്സ് ഉള്‍പ്പടെയുള്ള ഒരുപറ്റം തൊഴിലാളികളുടെ അകമഴിഞ്ഞ അദ്ധ്വാനത്തിന്റെ ഫലം കൂടിയാണ് ഈ സിനിമ. കഥ കേട്ട നാള്‍ മുതല്‍ സിനിമയായി കാണാന്‍ എനിക്കൊപ്പം കാത്തിരുന്ന മറ്റ് രണ്ടു പേരാണ് ചിപ്പിയും മകളായ അവന്തികയും. 

അവരുടെ കാലങ്ങള്‍ നീണ്ട പ്രാര്‍ത്ഥനയും ഈ സിനിമക്കൊപ്പമുണ്ട്. അവന്തിക ഈ സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആയി മാറി എന്നത് ഏറെ സന്തോഷവും അഭിമാനവുമായി. തുടരും എന്ന സിനിമയെ കേവലമൊരു വിജയത്തിനപ്പുറം ഒരു ഇന്റസ്ട്രി ഹിറ്റ് ആക്കി മാറ്റാന്‍ ഞങ്ങള്‍ക്കൊപ്പം നിന്ന, തലമുറകള്‍ വ്യത്യാസമില്ലാതെയെത്തിയ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്കും, വിതരണം ചെയ്ത ആശിര്‍വാദ് റിലീസിലെയും രജപുത്ര റീലീസിലെയും  ജീവനക്കാര്‍ക്കും,കൂടതെ പ്രദര്‍ശിപ്പിച്ച ഓരോ തിയേറ്റര്‍ ഉടമസ്ഥര്‍ക്കും ജീവനക്കാര്‍ക്കും  എല്ലാമാധ്യമ സുഹൃത്തുക്കള്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു. ഈ യാത്രകള്‍ ഇനിയും തുടരുമെന്ന പ്രതീക്ഷയോടെ....

m renjith post about thudarum journey

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES