ഒഴിവുകാല യാത്രകൾ എന്നും ഓർമ്മകളിൽ സൂക്ഷിക്കുവാനുള്ളതാണ്. പ്രിയപ്പെട്ടവർക്കൊപ്പമുള്ള സ്വകാര്യ മുഹൂർത്തങ്ങൾക്കൊപ്പം, അതിന് പ്രചോദനമാകുന്ന അന്തരീക്ഷവും നമ്മിലെ ആ ഓർമ്മകളെ എന്നും ഉണർത്തിയിരുത്തും. അത്തരമൊരു യാത്ര മനസ്സിൽ സൂക്ഷിക്കുന്നു എങ്കിൽ, ഇനി മറ്റൊരിടം തേടി പോകേണ്ടതില്ല. മാലിദ്വീപിന്റെ മാസ്മരിക സൗന്ദര്യം നിങ്ങളിലെ കാമുകനെ തൊട്ടുണർത്തും. ഇപ്പോഴിതാ, ഈ സൗന്ദര്യധാമത്തിന്റെ കിരീടത്തിൽ ഒരു പൊൻതൂവൽ പോലെ സൊനേവ ഫുഷി എന്ന വില്ല സമുച്ചയവും.
വിമാനയാത്രയുടെ ക്ഷീണമൊന്നകറ്റി, ഒരു സ്പീഡ് ലോഞ്ചിൽ കടൽത്തിരകളെ വക്ഞ്ഞ് മാറ്റി കൻഫനാധൂ ദ്വീപിലെത്താം. ഇവിടെയാണ് ലോകത്തിലെ ഏറ്റവും വലിയയ ജലോപരിതല വില്ലകൾ സ്ഥിതിചെയ്യുന്നത്. ഒരു കിടപ്പുമുറി മാത്രമുള്ള വില്ലകൾ 6,285 ചതുരശ്ര അടി വിസ്തീർണ്ണമുള്ളവയാണെങ്കിൽ ഇരട്ട മുറികളുള്ള വില്ലകൾക്ക് 9,224 ചതുരശ്ര അടി വരെ വിസ്തീർണ്ണമുണ്ട്.
എട്ടു വില്ലകളിൽ ഓരോന്നിലും ഉള്ള വാട്ടർ സ്ലൈഡുകൾ നിങ്ങൾക്ക് വ്യത്യസ്ത അനുഭവം പ്രദാനം ചെയ്യുന്നു. സമുദ്രത്തിലേക്ക് ഇറങ്ങിയെത്തുന്ന വാട്ടർ സ്ലൈഡുകൾ, ഇളംവെയിൽ നിറഞ്ഞ പകലുകളിലും നക്ഷത്രങ്ങൾ കണ്ണുചിമ്മുന്ന രാത്രികളിലും നൽകുന്നത് വ്യത്യസ്ത അനുഭവങ്ങളായിരിക്കും. സ്വകാര്യ നീന്തൽക്കുളം ആസ്വാദ്യതയുടെ അളവ് വർദ്ധിപ്പിക്കുന്നു. സുതാര്യമായ ഗ്ലാസ്സ് വിരിച്ച നിലം താഴെയുള്ള സമുദ്ര ജീവിതം കാണാൻ സഹായിക്കുന്നു.
ദ്വീപിലെ പച്ചപ്പിനിടയിൽ നിരവധി വില്ലകൾ തലയുയർത്തി നിൽക്കുന്നുണ്ട്. പ്രകൃതിയോട് ഇണങ്ങിച്ചേർന്ന് ഒരു ജീവിതം നയിക്കുവാൻ സഹായിക്കുന്ന വില്ലകൾ. പിന്നെയും വില്ലകൾ പണിയുവാൻ സ്ഥലം അന്വേഷിക്കുമ്പോഴായിരുന്നു കടലിനു മീതെയുള്ള വില്ലകൾ എന്ന ആശയം കടന്നുവരുന്നത്. കടൽത്തീരത്തെ പൂഴിമണൽ അതിഥികൾക്ക് വിശ്രമിക്കാനുള്ളതാണെന്ന തിരിച്ചറിവായിരുന്നു, തീരത്തെ സ്വന്തമാക്കാതെ കടലിലേക്ക് കളംമാറിച്ചവിട്ടാൻ ഉടമകളെ പ്രേരിപ്പിച്ചത്.
തീരത്തണഞ്ഞ് ഇല്ലാതെയാകുന്ന തിരകൾക്ക് മീതെ വളഞ്ഞുപുളഞ്ഞും പോകുന്ന ഒരു മരപ്പാലം. നീളൻ തടിക്കഷണങ്ങൾ കൊണ്ട് നിർമ്മിച്ചിട്ടുള്ള ഈ പാലത്തിലൂടെ മോട്ടോർ സൈക്കിളിൽ യാത്രചെയ്യുന്നത് ആസ്വാദ്യകരം മാത്രമല്ല, ഒരു വെല്ലുവിളി കൂടിയാണ്. ഈ പാലത്തിന് ഇരുവശവുമായി, തൊട്ടടുത്തല്ലാതെ ചിതറിക്കിടക്കുന്ന എട്ട് വില്ലകൾ. ഭൂമിയിൽ നിന്നും അകന്നുള്ള ജീവിതം ഒരു രാത്രി ആസ്വദിക്കാൻ നൽകേണ്ടത് 2,952 ഡോളർ മുതൽ 7,336 ഡോളർ വരെ.
വിസ്തൃതമായ ഒരു ലിവിങ് ഏരിയയ്ക്ക് പുറമേ വിസ്തൃതിയാർന്ന ഒരു ഡെക്ക്. ഇളം വെയിൽ കാഞ്ഞ് മധുരസ്വപ്നങ്ങൾ പങ്കുവയ്ക്കാൻ ഏറ്റവും സുന്ദരമായ ഒരിടം തന്നെയാണ്. കടലിലേക്ക് തുറക്കുന്നകുളിമുറിയും മറ്റൊരു പ്രത്യേകതയാണ്. മാത്രമല്ല നല്ലോരു ഊൺമുറിയും. പ്രകൃതിദത്തമായ മരത്തടികൾ ഉപയോഗിച്ചാണ് വില്ലകളുടെ അകംഭാഗത്തെ ചുമരുകൾ അലങ്കരിച്ചിരിക്കുന്നത്. ഇളം നീല, പച്ച, മൃദുവായ ബീജസ് നിറങ്ങളിലുള്ള ചുമരുകൾ, നിങ്ങളുടെ ഒഴിവുകാല മാനസികാവസ്ഥക്ക് ഏറ്റവും അനുയോജ്യമായതു തന്നെയാണ്.
ഇത് കുടുംബവുമായുള്ള താമസത്തിന് ഏറ്റവും യോജിച്ച ഒരിടം കൂടിയാണ്. മാസ്റ്റർ ബെഡ്റൂമിന് പുറകിലായി കുട്ടികൾക്കായുള്ള മുറിയുമുണ്ട്. ഇതിന്റെ പുറത്തേക്കുള്ള വാതിൽ ലോക്ക് ചെയ്യുവാൻ കഴിയുന്ന വിധത്തിൽ ഉള്ളതായതിനാൽ, ഏതു പ്രായത്തിലുള്ള കുട്ടികൾക്കും സുരക്ഷ ഉറപ്പാക്കുന്ന ഒന്നാണ്. സമുദ്രത്തിൽ നിന്നും ഏറെ ഉയർന്നു നിൽക്കുന്നതിനാൽ, തിരകളുടെ ഹുങ്കാരം, ഒരു മൂളിപ്പാട്ടായി മാത്രമേ കേൾക്കാൻ കഴിയു. തിരകളുടെ താരാട്ട് കേട്ട് ഒരു രാത്രി മുഴുവൻ സുഖസുഷുപ്തി വാഗ്ദാനം ചെയ്യുന്നു ഈ അപൂർവ്വ വില്ലകൾ.
മാത്രമല്ല, റീസൈക്കിൾ ചെയ്ത സ്‌റ്റൈറോഫോം ഉപയോഗിച്ചുള്ള ഇൻസുലേഷൻ ഉള്ളതിനാൽ, മുറിക്കുള്ളിൽ എപ്പോഴും ഇളം തണുപ്പ് നിലനിൽക്കും, അതുപോലെ കാറ്റിന്റെയും തിരകളുടെയും ശബദത്തിന്റെ കാഠിന്യം കുറയ്ക്കുകയും ചെയ്യും. ദ്വീപിലെ വില്ലയിലും അതോടൊപ്പം സമുദ്രോപരിതല വസതിയിലും താമസിക്കാം എന്നതാണ് ഈ റിസോർട്ടിന്റെ പ്രത്യേകത. മനംകവരുന്ന രണ്ട് വ്യത്യസ്ത അനുഭവങ്ങൾ ഒരേയാത്രയിൽ അനുഭവിക്കാൻ കഴിഞ്ഞ ഒഴിവുകാലം ഓർമ്മകളിൽ എപ്പോഴും നിറഞ്ഞു നിൽക്കും.