Latest News

ഒരു പ്രതിമ സ്ഥാപിച്ച് കാക്കള്‍ക്കും മറ്റും കാഷ്ടിക്കാന്‍ വേണ്ടിയിട്ട് വയ്ക്കണമെന്ന് ഒട്ടും താത്പര്യമില്ല; ഒരു മൂലയ്ക്ക് അച്ഛനെ കെട്ടി പൊതിഞ്ഞ് വച്ചേക്കുന്ന പോലൊരു ഫീലിങ്; കൊട്ടാരകര ശ്രീധരന്‍നായരുടെ മകള്‍ ഷൈലജ വിമര്‍ശനവുമായി രംഗത്ത്

Malayalilife
 ഒരു പ്രതിമ സ്ഥാപിച്ച് കാക്കള്‍ക്കും മറ്റും കാഷ്ടിക്കാന്‍ വേണ്ടിയിട്ട് വയ്ക്കണമെന്ന് ഒട്ടും താത്പര്യമില്ല; ഒരു മൂലയ്ക്ക് അച്ഛനെ കെട്ടി പൊതിഞ്ഞ് വച്ചേക്കുന്ന പോലൊരു ഫീലിങ്; കൊട്ടാരകര ശ്രീധരന്‍നായരുടെ മകള്‍ ഷൈലജ വിമര്‍ശനവുമായി രംഗത്ത്

നടന്‍ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ പ്രതിമയോട് അനാദരവ് കാട്ടുന്നതായി മകളും നടിയുമായ ഷൈലജ ശ്രീധരന്‍ നായര്‍. മൂന്ന് വര്‍ഷമായി കൊട്ടാരക്കര ലൈബ്രറിയുടെ അരികില്‍ അച്ഛനെ മൂടി കെട്ടി വച്ചിരിക്കുകയാണന്ന് മകള്‍ ശൈലജ പറഞ്ഞു. കൊട്ടാരക്കര ഫിലിം സൊസൈറ്റി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ഉദ്ഘാടനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഷൈലജ.

അച്ഛനെ കെട്ടിപ്പൊതിഞ്ഞു മൂലയില്‍ വച്ചിരിക്കുന്നതുപോലെയുള്ള അനുഭവമാണ് കൊട്ടാരക്കര ശ്രീധരന്‍നായരുടെ പ്രതിമ മൂടിവച്ചിരിക്കുന്നതു കാണുമ്പോഴുണ്ടാകുന്നതെന്ന് മകളും നടിയുമായ ഷൈലജ ശ്രീധരന്‍നായര്‍. കൊട്ടാരക്കര ഫിലിം സൊസൈറ്റിയുടെ ഹ്രസ്വചലച്ചിത്രമേളയില്‍ അതിഥിയായി പങ്കെടുക്കുകയായിരുന്നു അവര്‍. സ്വന്തം നാട്ടില്‍ നിന്നും അച്ഛനോട് അനാദരവ് ഉണ്ടാകുന്നത് സങ്കടകരമാണെന്നും ഷൈലജ പറഞ്ഞു.

അദ്ദേഹത്തിന്റെ സ്വന്തം നാട്ടില്‍ നിന്ന് ഒരു അനാദരവ് ഉണ്ടാകരുതെന്നാണ് എന്റെ അപേക്ഷ. മറ്റൊന്നുമല്ല, അച്ഛനോ ഞങ്ങളോ ഒരിക്കലും ആഗ്രഹിച്ചിരുന്നത് അല്ല ഒരു പ്രതിമ സ്ഥാപിക്കണമെന്നത്. അച്ഛന് ഒട്ടും താല്പര്യമുള്ള ഒരു കാര്യമായിരുന്നില്ല. ഒരു പ്രതിമ സ്ഥാപിച്ച് കാക്കള്‍ക്കും മറ്റും കാഷ്ടിക്കാന്‍ വേണ്ടിയിട്ട് വയ്ക്കണമെന്ന് അച്ഛന് ഒട്ടും താത്പര്യമില്ല. അതുകൊണ്ടാണ് ഇത് ഇങ്ങനെ നീണ്ടു പോകുന്നത് എന്ന് ഞാന്‍ ചിലപ്പോള്‍ ചിന്തിക്കാറുണ്ട്.

കാട്ടാരക്കര നഗരസഭ ശ്രീധരന്‍ നായരുടെ പ്രതിമ നിര്‍മിച്ചിട്ട് മൂന്ന് വര്‍ഷമായെങ്കിലും ഇതുവരെയും അനാച്ഛാദനം നടന്നിട്ടില്ല. കൊട്ടാരക്കര മണികണ്ഠനാല്‍ത്തറയില്‍ മൂന്നുവിളക്കിനു സമീപം പ്രതിമ സ്ഥാപിച്ചിരുന്നു എങ്കിലും ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് പ്രതിമ നീക്കം ചെയ്തത്. ശ്രീധരന്‍ നായരുടെ പേരിലുള്ള താലൂക്ക് ലൈബ്രറി അങ്കണത്തിലാണ് ഇപ്പോള്‍ പ്രതിമ മൂടി പൊതിഞ്ഞു വച്ചിരിക്കുന്നത്.

എന്നാലും നാട്ടുകാരായിട്ട് എടുത്ത ഒരു എഫേര്‍ട്ട്, ഞങ്ങള്‍ക്കും ഒരുപാട് സന്തോഷം തോന്നിയ ഒരു മുഹൂര്‍ത്തം, അത് ഈ രീതിയില്‍ അനാദരവ് കാണിച്ച്, ഒരു മൂലയ്ക്ക് അച്ഛനെ കെട്ടി പൊതിഞ്ഞ് വച്ചേക്കുന്ന പോലൊരു ഫീലിങ്. എത്രയും പെട്ടെന്ന് വേണ്ടപ്പെട്ട ഭാരവാഹികള്‍ ഇതിനൊരു തീരുമാനം എടുക്കണമെന്നാണ് എന്റെ അഭ്യര്‍ഥന. ഇത് ഞങ്ങള്‍ക്കെല്ലാവര്‍ക്കും വിഷമം ഉണ്ടാക്കുന്ന കാര്യമാണ്.

സ്വന്തം നാട്ടില്‍ തന്നെ അദ്ദേഹത്തോട് അനാദരവ് കാണിച്ചാല്‍, പിന്നെ എന്താ പറയുക. അദ്ദേഹത്തിന്റെ മകളെന്ന് പറയുമ്പോള്‍ എനിക്ക് കിട്ടുന്ന ബഹുമാനം, അച്ഛന്‍ പോയിട്ട് 38 വര്‍ഷത്തോളമായിട്ടും ആ ബഹുമാനം കിട്ടുന്നുണ്ടെങ്കില്‍ അദ്ദേഹം ചെയ്ത് വച്ച കഥാപാത്രങ്ങള്‍ അതുപോലെ മഹത്തരമായത് കൊണ്ടാണ്. അതെനിക്ക് എവിടെയും ധൈര്യത്തോടെ തലയുയര്‍ത്തി അഭിമാനത്തോടെ പറയാവുന്ന കാര്യമാണ്. ലോകം കണ്ട ഏറ്റവും വലിയ മഹാനടന്റെ മകള്‍ ആണ് ഞാന്‍'.- ഷൈലജ ശ്രീധരന്‍ പറഞ്ഞു.


 

shailaja sreedharan nair

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES