കേബിള്‍ കാറും സ്‌കൈ ബ്രിഡ്ജും കണ്ട് വന്ന് റൂമില്‍ വിശ്രമിക്കുമ്പോള്‍ ആണ് തോന്നിയത് ടൗണിലേക്ക് ഒരു നൈറ്റ് റൈഡ് പോകാമെന്ന്. എന്നാല്‍പ്പിന്നെ വൈകിക്കണ്ട, ഇപ്പൊത്തന്നെ പൊയ്ക്കളയാം എന്നു ഞാനും വ്ചാരിച്ചു. ഞങ്ങളുടെ ഹോട്ടലിലെ രാത്രിക്കാഴ്ച വളരെ മനോഹരമായിരുന്നു. ടൗണില്‍ നിന്നും അല്‍പ്പം മാറിയാണെങ്കിലും നല്ലൊരു അടിപൊളി റിസോര്‍ട്ട് ആയിരുന്നു ഞങ്ങള്‍ താമസിച്ചിരുന്ന ഓഷ്യന്‍ റെസിഡന്‍സി. ലങ്കാവിയില്‍ വരുന്നവര്‍ക്ക് ധൈര്യമായി താമസിക്കുവാന്‍ തിരഞ്ഞെടുക്കാന്‍ കഴിയുന്ന ഒരു റിസോര്‍ട്ടും കൂടിയാണിത്.
അങ്ങനെ ഞങ്ങള്‍ നേരത്തെ വാടകയ്ക്ക് എടുത്തിട്ടുള്ള ബൈക്കും എടുത്തുകൊണ്ട് രാത്രി ബൈക്ക് യാത്ര ആരംഭിച്ചു. ഇവിടെ വന്നു കഴിഞ്ഞാല്‍ ഞങ്ങള്‍ എടുത്തിട്ടുള്ള ചെറിയ ബൈക്ക് മുതല്‍ സൂപ്പര്‍ ബൈക്കുകള്‍ വരെ വാടകയ്ക്ക് ലഭിക്കും. അവയ്ക്കൊക്കെ നല്ല റേറ്റ് ആയിരിക്കും. നിങ്ങളുടെ കയ്യില്‍ എത്ര പൈസയുണ്ടോ അതുപോലെയിരിക്കും. അങ്ങനെ ഞങ്ങള്‍ ലങ്കാവിയിലെ തെരുവിലൂടെ രാത്രിക്കാഴ്ചകള്‍ ആസ്വദിച്ചുകൊണ്ട് യാത്ര തുടര്‍ന്നു.
റോഡ് ഒക്കെ വളരെ നല്ലതായിരുന്നു അവിടെ. കൂടാതെ നമ്മുടെ നാട്ടിലെപ്പോലെ റോഡുകളില്‍ അത്രയ്ക്ക് തിരക്കുകള്‍ ഒന്നുമില്ല. എല്ലാവരും റോഡ് നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നതും ഇവിടത്തെ ഒരു പ്ലസ് പോയിന്റാണ്. ധാരാളം സഞ്ചാരികള്‍ സൂപ്പര്‍ ബൈക്കുകള്‍ വാടകയ്ക്ക് എടുത്തുകൊണ്ട് കറങ്ങിനടക്കുന്നത് ഞങ്ങള്‍ക്ക് കാണുവാന്‍ സാധിച്ചു. കാഴ്ചകള്‍ കണ്ടു പോകുന്നതിനിടയില്‍ ഞങ്ങള്‍ക്ക് വിശപ്പിന്റെ വിളി വന്നുതുടങ്ങി. അങ്ങനെ ഞങ്ങള്‍ ഗൂഗിള്‍ മാപ്പില്‍ തപ്പിപ്പിടിച്ചുകൊണ്ട് അവസാനം ഒരു ഇന്ത്യന്‍ റെസ്റ്റോറന്റ് കണ്ടുപിടിച്ച് അവിടേക്ക് എത്തിച്ചേര്‍ന്നു.ആപ്ത്താസ് എന്ന പേരുള്ള ഒരു ഇന്ത്യന്‍ ഹോട്ടലായിരുന്നു അത്. അവിടെ എന്തൊക്കെ കഴിക്കാന്‍ കിട്ടുമെന്ന് ഞങ്ങള്‍ക്ക് ഒരൂഹവും ഉണ്ടായിരുന്നില്ല. ഞങ്ങള്‍ ടൂറും കറക്കവുമൊക്കെയായി വീട്ടില്‍ നിന്നും മാറി നില്‍ക്കാന്‍ തുടങ്ങിയിട്ട് അഞ്ചാറ് ദിവസങ്ങള്‍ ആയിരുന്നു. എനിക്കാണെങ്കില്‍ നല്ല മസാലദോശയും വടയുമൊക്കെ കഴിക്കാന്‍ ഒരു പൂതി. എന്തായാലും ഒന്ന് കയറിക്കളയാം എന്നുവിചാരിച്ച് ഞങ്ങള്‍ ബൈക്ക് പാര്‍ക്ക് ചെയ്തിട്ട് ഹോട്ടലിലേക്ക് കയറി.
ഗൂഗിള്‍ മാപ്പ് കാണിച്ചു തന്നെ ആ റെസ്റ്റോറന്റ് ഒട്ടും മോശമായിരുന്നില്ല. എന്റെ ആഗ്രഹംപോലെ തന്നെ അവിടെ മസാല ദോശ ഉണ്ടായിരുന്നു. ഞങ്ങള്‍ താമസിക്കുന്ന റിസോര്‍ട്ടിലെ ഫുഡ് നല്ലതായിരുന്നു. പക്ഷെ ഒരു വ്യത്യസ്തത പരീക്ഷിക്കുവാനായാണ് ഞങ്ങള്‍ പുറത്തേക്ക് വന്നത്. ഞങ്ങള്‍ മസാലദോശയും ചായയും വെജ്. ഊണും ഒക്കെ ഓര്‍ഡര്‍ ചെയ്തു. തമിഴ് വംശജരായ ആളുകള്‍ നടത്തിയിരുന്ന ഒരു റെസ്റ്റോറന്റ് ആയിരുന്നു അത്. ഭക്ഷണമൊക്കെ നല്ല രുചികരമായിരുന്നു. ഞങ്ങള്‍ വയറുനിറച്ചു ഭക്ഷണം കഴിച്ച ശേഷം അവിടെ നിന്നും വീണ്ടും യാത്ര തുടര്‍ന്നു.
ടൗണ്‍ ഏരിയയിലൊക്കെ ഇനിയും ഒന്നു ചുറ്റിക്കാണണം. റോഡിനിരുവശത്തും ധാരാളം റസ്റ്റോറന്റുകള്‍ കാണാമായിരുന്നു. ലോക്കല്‍ ഫുഡ് മുതല്‍ പക്കാ ഇന്റര്‍നാഷണല്‍ ഐറ്റംസ് വരെ ഇവിടെ ലഭ്യമാണ്. അങ്ങനെ ഞങ്ങള്‍ ലങ്കാവി ഫെയര്‍ മാള്‍ എന്നൊരു മാളിലേക്ക് കയറി. അപ്പോള്‍ സമയം രാത്രി ഒന്പതര കഴിഞ്ഞിരുന്നു. മാളിനുള്ളില്‍ ഒത്ത നടുക്കളത്തിലായി അവിടെ അപ്പോള്‍ ഒരു ബോക്‌സിംഗ് മത്സരം നടക്കുകയായിരുന്നു. ഫ്രീ ആയിട്ട് ഇതൊക്കെ ആളുകള്‍ക്ക് കാണാം. ഞങ്ങള്‍ ജീവിതത്തില്‍ ആദ്യമായിട്ടായിരുന്നു ഒരു ബോക്‌സിംഗ് മത്സരം കാണുന്നത്. നമ്മള്‍ സിനിമകളില്‍ കാണുന്നതുപോലെ ശത്രുതാ മനോഭാവം വെച്ചുള്ള ഇടിയായിരുന്നില്ല അവിടെ കണ്ടത്. മത്സരാര്‍ത്ഥികള്‍ ഓരോ ലാപ് കഴിയുമ്പോഴും പരസ്പരം കെട്ടിപ്പിടിച്ചും വര്‍ത്തമാനം പറഞ്ഞുമൊക്കെ നില്‍ക്കുന്നു. ചുമ്മാ മാളില്‍ കയറിയ ഞങ്ങള്‍ക്ക് അങ്ങനെ നല്ലൊരു ബോക്‌സിംഗ് മത്സരം കാണുവാനും സാധിച്ചു.
രാത്രി പത്തുമണി ആയപ്പോഴേക്കും ഞങ്ങള്‍ മാളില്‍ നിന്നും പുറത്തേക്ക് ഇറങ്ങി. അല്ലെങ്കില്‍ അവര്‍ ഞങ്ങളെ ഇറക്കിവിടുമായിരുന്നു (ചുമ്മാ..). കാരണം മാള്‍ രാത്രി പത്തു മണിയോടെ അടയ്ക്കും. ഞങ്ങള്‍ വീണ്ടും തെരുവീഥിയിലൂടെ ബൈക്ക് പായിച്ചു. പത്തുമണി ആയെങ്കിലും ലങ്കാവി ടൗണ്‍ ഒക്കെ സജീവമായിരുന്നു. അങ്ങനെ ടൗണ്‍ ഒക്കെ വീണ്ടും ഒന്നു കറങ്ങിയശേഷം ഞങ്ങള്‍ തിരികെ ഞങ്ങളുടെ റിസോര്‍ട്ടില്‍ എത്തിച്ചേര്‍ന്നു. ചുമ്മാ ഒന്നു കറങ്ങുവാനായി പുറത്തിറങ്ങിയ ഞങ്ങള്‍ക്ക് ലഭിച്ചത് കിടിലന്‍ രാത്രി അനുഭവങ്ങളും കാഴ്ചകളും. അടിപൊളി.. ഇനി സുഖമായി ഉറങ്ങാം.