ഇന്ത്യയിലെ ഏറ്റവും അപകടകരമായ 10 ചുരങ്ങളില്‍ ഒന്നായ ''കൊല്ലിമല അഥവാ മരണമല'' തേടിയൊരു യാത്ര, 70 ഹെയര്‍ ബെന്‍ഡുകള്‍ ഉള്ള വളരെ അപകടം പിടിച്ച ചുരങ്ങളിലൊന്ന്, തേക്കടിയും തമിഴ്‌നാട് പെരിയാറ്റിലെ വെള്ളം കൊണ്ടുപോകുന്ന ഇറച്ചിപ്പാലും മുന്തിരിപ്പാടങ്ങള്‍ക്ക് പേരുകേട്ട കമ്പവും പച്ചക്കറികള്‍ വിളയുന്ന തേനിയും കടന്ന് ഡിണ്ടിഗല്ലും കാരൂറും പിന്നിട്ട് നാമക്കല്‍ വഴി മലനിരകള്‍ കടന്ന് പൂര്‍ത്തീകരിച്ചത് സ്വപ്ന തുല്യമായ മറ്റൊരു യാത്രയാണ്. വെളുപ്പിനെ 4 മണിയോടെയാണ് യാത്രയുടെ തുടക്കം, ആദ്യം ഏറ്റുമാനൂരിലെത്തി കൂട്ടുകാരനേയും കൂട്ടിയാണ് യാത്ര. നല്ല തണുപ്പും കോടമഞ്ഞും പ്രതീക്ഷിച്ചാണ് യാത്ര തുടങ്ങിയത്. പാലയിലും പൊന്‍കുന്നത്തും അത്യാവശ്യം മഞ്ഞുണ്ടായിരുന്നു .ഇരുട്ടിനേയും മഞ്ഞിനേയും വകഞ്ഞ് മാറ്റിക്കൊണ്ട് വണ്ടി മുന്നോട്ട് പോയിക്കൊണ്ടിരുന്നു.
വളഞ്ഞങ്ങാനം എത്തിയപ്പോഴേക്കും സൂര്യഭഗവാന്‍ പതിയെ ഉദിച്ചുയരാന്‍ തുടങ്ങിയിരുന്നു. ഒരു മനോഹര കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാനായി അവിടെ കുറച്ചു നേരം ചിലവഴിച്ചു. മഞ്ഞിന്‍ കണങ്ങളില്‍ തട്ടി ഉദിച്ചുയരുന്ന സൂര്യനെ ഭഗവാനെ കാണാന്‍ഒരു വല്ലാത്ത ഭംഗി തന്നെയാണ്, ഒരു പാട് ദൂരം താണ്ടേണ്ടതിനാല്‍ യാത്ര തുടര്‍ന്നു, കുട്ടിക്കാനവും പീരുമേടും പാമ്പനാറും വണ്ടിപ്പെരിയാറും പിന്നിട്ട് ഞങ്ങള്‍ കുമളിയിലെത്തി.ചെക്ക് പോസ്റ്റിലൊന്നും വല്യ സീന്‍ ഇല്ലാത്തതു കൊണ്ട് വണ്ടി തമിഴ്‌നാട്ടിലേക്ക് പ്രവേശിച്ചു, നല്ല പച്ചപ്പ് നിറഞ്ഞ കാടും 20 അധികം കൊടുംവളവുകളുമുള്ള കാട്, നല്ല ധാരാളം വ്യൂ പോയിന്റുകളുo ഉണ്ട്.തമിഴ്‌നാട് പെരിയാറ്റിലെ വെള്ളം കൊണ്ടുപോകുന്ന പെന്‍സ്റ്റോക്ക് പൈപ്പ് സ്ഥിതി ചെയ്യുന്ന ഇറച്ചി പാലം എന്ന സ്ഥലം ഇവിടെയാണ്. കാട് കഴിഞ്ഞതോടെ അംബാനി അണ്ണന്‍ തമിഴ്‌നാട്ടിലേക്ക് സ്വാഗതം എന്ന മെസേജ് ഇങ്ങ് അയച്ചു തന്നു.
തമിഴ് ഗ്രാമങ്ങളെല്ലാം ഉണര്‍ന്നു വരുന്നതേയുള്ളൂ, റോഡുകളില്‍ അധികം തിരക്കും ഇല്ല. അത്യാവശ്യം നല്ല സ്പീഡില്‍ ബൈക്ക് പോയിക്കൊണ്ടിരുന്നു. കമ്പം ആയതോടെ പൂപ്പാടങ്ങും കൃഷിതോട്ടങ്ങളും കണ്ട് തുടങ്ങിയിരിക്കുന്നു. ഇടയ്ക്ക് ഒന്നു രണ്ടു കരിമ്പിന്‍ പാടങ്ങളും കാണാനിടയായി.ഗ്രാമത്തിന്റെ മുഴുവന്‍ ഭംഗിയും കമ്പത്തും തേനിയിലും കാണാനിടയായി. ഇതിനിടയില്‍ മുന്തിരപ്പാടത്തിറങ്ങി ഒരു ഫോട്ടോഷൂട്ടും കഴിഞ്ഞാണ് യാത്ര തുടര്‍ന്നത്. മുന്തിരി പാകമായി വരുന്നതേയുള്ളൂ എന്തായാലും കാണാന്‍ നല്ല ഭംഗിയുണ്ട്. പിന്നീടുള്ള കാഴ്ചകളില്‍ മുഴുവന്‍ ചോളവും നെല്ല് പാടങ്ങളും ചെറിയ ചെറിയ പൂപ്പാടങ്ങളും കിലോമീറ്ററുകളോളും നീണ്ട നിവര്‍ന്നു കിടക്കുന്ന ഹൈവേ റോഡും മാത്രമായിരുന്നു. ഏകദേശം 2 മണിയോട് കൂടി ഡിന്‍ഡിഗല്ലൂം കാരൂറും പിന്നിട്ട് നാമക്കല്‍ എത്തി.
ഹൈവേയോടും പൊരിഞ്ഞ വെയിലിനോടും വിടപറഞ്ഞ് ഒരു ഗ്രാമത്തിലേക്ക് പ്രവേശിച്ചു. പ്രശാന്ത സുന്ദരമായ ഗ്രാമം കരിമ്പനകള്‍ ധാരാളമായി തല ഉയര്‍ത്തി നില്ക്കുന്നു, അതില്‍ ധാരാളം നൊങ്ങും [ പനം കരിക്ക് ] ഉണ്ടായിരുന്നു. കൃഷിത്തോട്ടങ്ങളാണ് അധികവും. ചോളവും നെല്ലും ഉരുളക്കിഴങ്ങും പട്ടുനൂലു കൃഷിയും മാവിന്‍ തോട്ടങ്ങളും കടന്ന് കൊല്ലിമലയുടെ അടിവാരത്ത് എത്തി. ചുരത്തിന്റെ തുടക്കത്തില്‍ ചെറിയൊരു ചെക്ക് പോസ്റ്റ് ഉണ്ട്. കൊല്ലിമലയുടെ താഴ്വാരമാണ് കരവല്ലി.അവിടെ നിന്നും മലകയറി സെമ്മട് എത്താന്‍ 20 -25 KM വേണം. ഇവിടെയാണ് കൊല്ലിമലയിലേക്കുള്ള 70 ഹെയര്‍ പിന്‍ ഉളള റോഡിന്റെ തുടക്കം. ഇനി 70 ഹെയര്‍ പിന്‍ ഉള്ള ചുരം കയറുക എന്ന ദൗത്യത്തിലേക്കാണ് പോകുന്നത്. റോഡിന്റെ കാര്യത്തില്‍ തമിഴ്‌നാട് സര്‍ക്കാരിനെ അഭിനന്ദിക്കാതിരിക്കാന്‍ വയ്യ. കുമളി മുതല്‍ കൊല്ലി മലവരെ യാത്ര ചെയ്ത റോഡുകളെല്ലാം ഏറ്റവും മികച്ചതായിരുന്നു.
ആദ്യ വളവില്‍ നിര്‍ത്തി ഫോട്ടോ സെഷനും നടത്തിയാണ് യാത്ര തുടര്‍ന്നത്. വല്യ കഷ്ടപ്പാടൊന്നും കൂടാതെ ചുരം താണ്ടാന്‍ പറ്റി. അമിതാവേശം ഇല്ലാതെ ശ്രദ്ധയോടെ വണ്ടി ഓടിക്കേണ്ട ഒരു ചുരം കൂടിയാണ് കൊല്ലി. ചൂടിന്റെ കാഠിന്യം കൊണ്ടാവാം തണുപ്പ് കൂടുതലായി തോന്നിയില്ല. ചുരം കയറി മുകളില്‍ ചെല്ലുമ്പോള്‍ കേരളത്തിലെ മറയൂരിനെ അനുസ്മരിക്കുന്ന പഴം പച്ചക്കറി മാര്‍ക്കറ്റും ചെറിയ കടകളും. ഇനി യാത്ര ആഗായഗംഗയിലേക്കാണ്. മലയാളത്തില്‍ പറഞ്ഞാല്‍ ആകാശഗംഗ. കൊല്ലിമലയില്‍ 16 Km ദൂരെയാണ് ആഗായഗംഗ വെള്ളച്ചാട്ടം. പോകുന്ന വഴിയില്‍ സെമ്മഡു എന്ന സ്ഥലത്ത് താമസ സൗകര്യം റെഡിയാക്കിയിട്ടു വേണം വെള്ളച്ചാട്ടം കാണാന്‍ പോകാന്‍. ഞങ്ങള്‍ പോയ സമയത്ത് വെള്ളം കുറവായ അവസ്ഥയിലായിരുന്നു വെളളച്ചാട്ടം. 1200 പടികള്‍ ഇറങ്ങി വേണം വെള്ളച്ചാട്ടം കാണാന്‍. ഇനി മഴ മാറിമാനം തെളിഞ്ഞ് കാടു പച്ചപ്പണിഞ്ഞ് കുത്തിയൊലിച്ചൊഴുകുന്ന കാട്ടാറും ആഗായഗംഗവെള്ളച്ചാട്ടും കാണാന്‍ ഒരിക്കല്‍ കൂടെ കൊല്ലിമലകയറും എന്ന് മനസ്സിലുറപ്പിച്ചു. അങ്ങനെ ഒരു സ്വപ്ന യാത്ര പൂര്‍ത്തികരിച്ച ചാരുദാര്‍ത്യത്തോടെ മലയിറങ്ങി.