ക്യുബന്‍ യാത്രക്കാരെ വിസ്മയിപ്പിച്ച് ഞണ്ടുകളുടെ ദേശാടനം

Malayalilife
topbanner
ക്യുബന്‍ യാത്രക്കാരെ വിസ്മയിപ്പിച്ച്  ഞണ്ടുകളുടെ ദേശാടനം

ല്ലാവര്‍ഷവും ക്യുബയിലെ പതിവ് കാഴ്‌ച്ചയാണ് ഞണ്ടുകളുടെ ദേശാടനം. ക്യുബന്‍ കാടുകളില്‍ വസന്തകാല മഴയുടെ ആദ്യതുള്ളികള്‍ പതിക്കുമ്ബോള്‍ ലക്ഷക്കണക്കിന് ഞണ്ടുകളാണ് കാടുവിട്ടിറങ്ങുക. തിരക്കേറിയ നഗര വീഥികള്‍ മറികടന്നും, ഗ്രാമങ്ങളിലെ വീട്ടുമുറ്റങ്ങളിലൂടെ ഉരുണ്ടും അവര്‍ യാത്രയാകുന്നത് മൈലുകള്‍ക്കപ്പുറമുള്ള ബേ ഓഫ് പിഗ്സിലേക്കാണ്. താരതമ്യേന ഊഷ്മളമായ കാലവസ്ഥയുള്ള ഈ കടല്‍ തീരത്ത് ഇവരെത്തുന്നത് രാസലീലകളില്‍ ആറാടി തിമിര്‍ക്കാനാണ്, കൂടെ നിയതിയുടെ നിയമമായ പ്രത്യൂദ്പാദനത്തിനും.

ഞണ്ടുകളുടെ നിലയ്ക്കാത്ത പ്രവാഹം ഏറ്റവുമധികം തലവേദനയുണ്ടാക്കുന്നത് ഹൈവേയിലൂടെ വാഹനമോടിക്കുന്നവര്‍ക്കാണ്. കഴിയുന്നതും ഞണ്ടുകളെ കൊല്ലാതിരിക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ പല അപകടങ്ങളും മുന്‍ വര്‍ഷങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സ്ഥലവാസികള്‍ക്ക് ഈ ഞണ്ടുകളുടെ പ്രയാണം ഒരു തലവേദനയാണെങ്കിലും ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും നിരവധി വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു പരിപാടികൂടിയാണിത്.

തങ്ങള്‍ക്ക് ഈ ഞണ്ടു യാത്ര പരിചിതമാണെന്നാണ് യാത്ര കടന്നുപോകുന്ന വഴിയിലുള്ള നഗരവാസികളും ഗ്രാമീണരും പറയുന്നത്. സാധാരണയായി ഏപ്രില്‍ മാസത്തിലാണ് ദേശാടനം ആരംഭിക്കുന്നതെങ്കില്‍ ഈ വര്‍ഷം വളരെ നേരത്തേ മാര്‍ച്ചില്‍ തന്നെ ഇത് ആരംഭിച്ചിരിക്കുന്നു. സാധാരണയായി അതിരാവിലേയും സായാഹ്നങ്ങളിലുമാണ് ഇവ യാത്ര ചെയ്യുക. അതുകൊണ്ടു തന്നെ ഈ സമയങ്ങളില്‍ വാഹനമോടിക്കുന്നവരോട് കൂടുതല്‍ ശ്രദ്ധിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദേശാടനത്തിന്റെ മൂര്‍ദ്ധന്യ കാലമെത്തുമ്ബോള്‍ ഹൈവേകള്‍ പോലും അടച്ചിടണമെന്ന പരിസ്ഥിതിവാദികള്‍ ആവശ്യപ്പെടാറുമുണ്ട്.

ജെക്കാര്‍സിനസ് റുറികോല എന്ന ശാസ്ത്രീയ നാമമുള്ള കരയില്‍ ജീവിക്കുന്ന ഒരു തരം ചുവന്ന ഞെണ്ടുകളാണ് ക്യുബന്‍ വനാന്തരങ്ങളില്‍ കാണപ്പെടുന്നത്. ഏപ്രില്‍ - മെയ്‌ മാസങ്ങളിലായിരിക്കും വലിയ കൂട്ടമായി ഇവ ദേശാടനം നടത്തുക. ഇത് ജൂലായ് വരെ നീണ്ടു നില്‍ക്കും. ഈ ദേശാടനത്തിനിടെ എല്ലാവര്‍ഷവും ഏകദേശം 35 ലക്ഷം ഞണ്ടുകള്‍ വരെ വാഹനങ്ങള്‍ക്കിടയില്‍ പെട്ട് ചതഞ്ഞരഞ്ഞും മറ്റുമായി മരണപ്പെടാറുണ്ടത്രെ. അതുപോലെ കൂര്‍ത്ത കരങ്ങള്‍ കൊണ്ട് വാഹനങ്ങളുടെ ടയറുകള്‍ പഞ്ചറാകുന്നതും ഒരു സ്ഥിരം സംഭവമാണ്.

 ബഹാമസ്, നിക്കരാഗ്വേ, ജമൈക്ക, ഡൊമിനിക്ക എന്നിവിടങ്ങളിലും ഇത്തരത്തിലുള്ള ഞണ്ടുകളുടെ ദേശാടനം നടക്കാറുണ്ടെങ്കിലും രാജ്യത്തിന്റെ ഒരു മേഖലയില്‍ നിന്നും മറ്റൊരു മേഖലയിലേക്ക് ജനവാസ പ്രദേശങ്ങളിലൂടെ ഞണ്ടുകള്‍ ദേശാടനം നടത്തുന്നത് ക്യുബയില്‍ മാത്രമാണ്.ഇവ എത്തുന്നത് ബേ ഓഫ് പിഗ്സ് ആക്രമണത്തിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതമായ ബേ ഓഫ് പിഗ്സിലാണ്.

ഇവിടെയായിരുന്നു അമേരിക്കയുടെ സി ഐ എ യുടെ പിന്തുണയോടെ ഫിഡല്‍ കാസ്ട്രോയുടെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അമേരിക്കയില്‍ അഭയം തേടിയ ക്യുബന്‍ വിമതര്‍ ആക്രമണം നടത്തിയത്. 1961 ഏപ്രില്‍ 17 നടത്തിയ ഈ ആക്രമണത്തെ പക്ഷെ ഫിഡല്‍ കാസ്ട്രോയുടെ നേതൃത്വത്തിലുള്ള സൈന്യം കേവലം മൂന്ന് ദിവസം കൊണ്ട് പരാജയപ്പെടുത്തി. ലോക കമ്മ്യുണിസ്റ്റ് ചരിത്രത്തിലെ,പ്രത്യേകിച്ചും ഫിഡല്‍ കാസ്ട്രോയുടെ ചരിത്രത്തിലെ ഒരു സുപ്രധാന സംഭവമായിട്ടാണ് ഇത് കണക്കാക്കപ്പെടുന്നത്.

Read more topics: # cuban trip visit
cuban trip visit

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES