Latest News

മരുത്വാമലയിലേക്ക് ഒരു യാത്ര

ജയേഷ് നന്മിന്‍ഡ
 മരുത്വാമലയിലേക്ക് ഒരു യാത്ര

സമയം : പുലർച്ചെ അഞ്ചു മണി
സ്ഥലം : മാനവീയം വീഥി, തിരുവനന്തപുരം

വിജനമായ ആ തെരുവോരത്ത് സ്ട്രീറ്റ് ലൈറ്റിന്റെ മങ്ങിയ വെളിച്ചത്തിൽ കുറച്ചുപേർ കൂട്ടംകൂടി നിൽക്കുന്നു. അവർ ആരെയോ കാത്തു നിൽക്കുകയാണെന്ന് തോന്നുന്നു. സമയം പോകപ്പോകെ അവരുടെ എണ്ണം കൂടി വന്നു. ഇരുട്ടിന്റെ കട്ടിയും , നിശബ്ദതയും അവിടെ ഒരു ഭീകര അന്തരീക്ഷം സൃഷ്ടിച്ചു.

സമയം അഞ്ചര. കൂട്ടം കൂടിനിന്നവർ നിർത്തിയിട്ട അവരവരുടെ വാഹനങ്ങളിലേക്ക് കേറി എൻജിൻ സ്റ്റാർട്ട് ചെയ്തു. തണുത്ത് നിശബ്ദമായ മാനവീയത്തെ ആ ശബ്ദം കിടുകിടാ വിറപ്പിച്ചു. റോഡിലെ കരിയിലകൾ ആകാശത്തേക്ക് ഉയർന്നു. ചീവീടുകൾ കരച്ചിൽ നിർത്തി. ദൂരെ ചോലക്കാടുകളിൽ കുറുക്കൻ ഓരിയിട്ടു, നരിച്ചീറുകൾ നിയന്ത്രണം വിട്ടപോലെ പറന്നു. പൊടിപാറിച്ചുകൊണ്ട് വണ്ടികൾ വരിവരിയായി അതിവേഗം എങ്ങോട്ടോ പാഞ്ഞു പോയി.

"എൻ്റെ പൊന്നോ, ഒരു വൺ ഡേ ട്രിപ്പടിച്ചതിന് ഇത്രക്കും വല്യ ബിൾഡ്അപ്പ് വേണോ ? ഒന്ന് മയത്തിൽ തള്ളിക്കൂടെ .!"

"ശരിയാണ് എൻ്റെ ഭാഗത്തും തെറ്റുണ്ട്, നേരെ ചൊവ്വെ കാര്യം പറഞ്ഞാൽ മതിയായിരുന്നു. ഇതിപ്പോ ഒരുമാതിരി സുധാകർ മംഗളോദയത്തിന്റെ നോവൽ പോലെ "

അപ്പൊ പറഞ്ഞു വരുന്നത് ഞങ്ങളുടെ മരുത്വാമല റൈഡിനെക്കുറിച്ചാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച തിരുവനന്തപുരം സഞ്ചാരിയിലെ ഒരുകൂട്ടം ആളുകൾ ചേർന്ന് നടത്തിയ യാത്ര. അങ്ങ് ദൂരെ കന്യാകുമാരിക്കടുത്തുള്ള മരുത്വാമല അഥവാ മരുന്ത് വാഴ് മലയിലേക്ക്.

മരുത്വാമല - കന്യാകുമാരിയിൽ നിന്ന് പത്തുകിലോമീറ്ററോളം മാറി, നഗർകോയിൽ -കന്യാകുമാരി ഹൈവേയിൽ നിന്ന് ഇടത്തോട്ടുമാറിയാണ് സ്ഥിതി ചെയ്യുന്നത്. ഐതിഹ്യപ്രകാരം രാമ-രാവണ യുദ്ധത്തിനിടയിൽ മേഘനാഥന്റെ അസ്ത്രമേറ്റുവീണ ലക്ഷ്മണനെ രക്ഷിക്കാനായി ഹനുമാൻ ദ്രോണഗിരി പർവ്വതവുമായി പോകുമ്പോൾ അതിൽ നിന്ന് അടർന്നു വീണുണ്ടായതാണത്രേ മരുത്വാമല. ഒരുപാട് ആയുർവേദ മരുന്നുകളുടെ കാലവറയാണത്രെ ഈ കുന്ന്. മരുത്വാമലയിലെ ഔഷധ സസ്യങ്ങളെകുറിച്ച് ഒരുപാട് പഠനങ്ങളും നടന്നുവരുന്നു.

രാവിലെ 5:30 -തോട് കൂടിയാണ് ഞങ്ങൾ മാനവീയത്ത് നിന്നും യാത്ര തിരിച്ചത്. ഇരുപത്തിനാലോളം പേരുണ്ടായിരുന്നു. എൻ്റെ സുഹൃത്തായ ആനന്ദിന്റെ കാറിലാണ് ഞാൻ കയറിയത്. ഒപ്പം ആനന്ദിന്റെ സഹധർമിണി അപർണ്ണയും, മറ്റൊരു സുഹൃത്ത് അരുണും , അവന്റെ സുഹൃത്ത് അചിത്രയും. ബ്രേക്ഫാസ്റ് കഴിക്കാതിരുന്നതിനാൽ എല്ലാവർക്കും നല്ല വിശപ്പുണ്ടായിരുന്നു. പോകും വഴി ബിസ്ക്കറ്റും , പഴവും കഴിച്ച് വിശപ്പടക്കി. അതിരാവിലെ ആയിരുന്നതിനാൽ റോഡിൽ ട്രാഫിക്ക് കുറവായിരുന്നു. സാധാരണയായി ബാലരാമപുരം - നെയ്യാറ്റിൻകര സ്ട്രെച്ചിൽ നല്ല ട്രാഫിക്ക് ബ്ലോക്ക് കുടുങ്ങേണ്ടതാണ്. പക്ഷെ കന്യാകുമാരി റോഡിൽ കുണ്ടിനും കുഴിക്കും ഒരു കുറവും ഇല്ലായിരുന്നു. മഹാബലി പാതാളത്തിൽനിന്നു വരുന്ന വഴിയാണിതെന്നു റോഡിലെ കുഴി കണ്ട ഏതോ ഒരുത്തൻ ഒരു ക്ളീഷേ കോമഡിയടിച്ചതു ഒരു അശരീരിയായി കാതിൽ മുഴങ്ങിയത് ഞാനോർക്കുന്നു. എട്ടുമണിയോടുകൂടി തന്നെ ഞങ്ങൾ ലക്ഷ്യ സ്ഥാനത്തെത്തി.

ഏകദേശം 800 അടിയോളം ഉയരത്തിൽ , 625 ഏക്കറിൽ വ്യാപിച്ചുകിടക്കുന്നതാണ് മരുത്വാമല. അതിരാവിലെയോ, വൈകുന്നേരമോ ഇവിടെ എത്തുന്നതാണ് ഉചിതം. പ്രത്യേകിച്ചും സൂര്യ ഉദയാസ്തമയങ്ങൾ അതിനുമുകളിൽ നിന്നുകാണുന്നത് നല്ലൊരു അനുഭവമായിരിക്കും എന്ന് തോന്നുന്നു. പിന്നെ വെയിലേറിയാൽ മുകളിൽ കയറുന്നത് കുറച്ച് ദുഷ്കരമാകും, പ്രത്യേകിച്ചും പോകും വഴിയേ തണലായി ഒന്നും തന്നെയില്ലാത്തതുകൊണ്ട്. മരുത്വാമല ഒരു ടൂറിസം ഡെസ്റ്റിനേഷൻ എന്നതിനപ്പുറം ഒരു തീർത്ഥാടനം കേന്ദ്രം കൂടിയാണ്. ട്രെക്കിങ്ങിനായി ഇങ്ങോട്ടു വരുന്ന സഞ്ചാരികളോടൊപ്പം തന്നെ ഒരുപാട് വിശ്വാസികളും ഇവിടേക്ക് ദിനംപ്രതി എത്തുന്നുണ്ട്. ഒരുകാലത്ത് അഗസ്ത്യമുനിയും, പരമാർത്ഥ ലിംഗേശ്വരരുമടക്കം ഒട്ടനവധി ഋഷിവര്യന്മാരും, സന്യാസിമാരും വസിച്ചിരുന്ന സ്ഥലമായിരുന്നു മരുത്വാമല. ഇന്നിവിടെ രണ്ടുമൂന്ന് അമ്പലങ്ങളും , ഒമ്പതോളം പുണ്യ തീർത്ഥങ്ങളും ഉണ്ട്.

മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന മഹത്സന്ദേശം ഉയർത്തിപ്പിടിച്ച നവോധാനനായകനും, സാമൂഹികപരിഷ്കർത്താവുമായ ശ്രീനാരായണ ഗുരു വര്ഷങ്ങളോളം ഇവിടെ താമസിച്ചിരുന്നു. ഗുരുദേവ ദർശനം പിൻതുടരുന്ന ഒട്ടനവധിപേർ ഇവിടെ തീർത്ഥാടകരാണ് വന്നെത്തുന്നുണ്ട്.

താഴെയുള്ള കടയിൽ നിന്ന് കുറച്ചു പഴം വാങ്ങിക്കഴിച്ചു. പലരുടെയും ആക്രാന്തം കണ്ടാൽ രണ്ടുദിവസമായി പട്ടിണി കിടന്നതുപോലെയായിരുന്നു. അവസാനം ഒരു പഴക്കുലതന്നെ കടയിലെ ചേട്ടൻ ഞങ്ങൾക്കെടുത്തു തന്നു. പഴത്തൊലി തിരിച്ചുകൊടുത്തു അമ്പതുപൈസ തിരികെവേണം എന്നുപറഞ്ഞവരും കൂട്ടത്തിൽ ഇല്ലാതില്ല. ഏകദേശം എട്ടരയോടെ ഞങ്ങൾ മരുത്വാമല കയറാൻ തുടങ്ങി. തുടക്കത്തിൽ കുറച്ച് ദൂരം പടികൾ നിർമ്മിച്ചിട്ടുണ്ട്. ഞങ്ങൾ കയറുമ്പോൾ ഒരുപാട് പേർ തിരിച്ചിറങ്ങി വരുന്നുണ്ടായിരുന്നു. കുറച്ചുകൂടെ നേരത്തെ വന്നിരുന്നെങ്കിൽ നന്നായേനെ എന്നെനിക്ക് തോന്നി. ഈ പടികൾ ചെന്നുചേരുന്നത് പരമാര്ഥലിംഗ ശിവ ക്ഷേത്രത്തിനടുത്തേക്കാണ്. തിരുവിതാംകൂർ മഹാരാജാവിന്റെ സന്ദർശത്തിനോടനുബന്ധിച്ചു കഴിഞ്ഞ നൂറ്റാണ്ടിൽ പണി കഴിപ്പിച്ചതാണീ പടികൾ. കരിങ്കൽ കെട്ടുകൾക്കുതാഴെ പാറകൊണ്ടുതന്നെ നിർമ്മിച്ചിട്ടുള്ള ഒരു ചെറിയ ക്ഷേത്രമാണിത്. അതിനുമുൻപിൽ പേരറിയാത്തൊരു തണൽമരം തലയുയർത്തിനിൽക്കുന്നു. മരുത്വാമലയുടെ ഒട്ടുമിക്ക ഭാഗങ്ങളും കരിങ്കല്ലുകൾ നിറഞ്ഞതാണ്. മുകളിലേക്കുള്ള വഴിയും വലിയ പാറക്കല്ലുകൾ ഏറെയുള്ളതാണ്. പരമാര്ഥലിംഗ ക്ഷേത്രത്തിന്റെ മുൻപായി ഒരു ചെറിയ ഹാൾ ഉണ്ട്. കുന്നിന്ചെരുവിൽ ആളുകൾക്ക് ധ്യാനിക്കാനായി ഉണ്ടാക്കിയത്. ഞങ്ങൾ വീണ്ടും മുകളിലേക്ക് കയറി.

കന്നഡ സംസാരിക്കുന്ന ഒരുകൂട്ടം യുവാക്കൾ കൈയിൽ വലിയ ചാക്കുകളുമേന്തി താഴേക്ക് വരുന്നുണ്ട്. കാവിമുണ്ടുപോലെയെന്തോ കഴുത്തിൽ ചുറ്റിയിട്ടുണ്ട്. ഒറ്റനോട്ടത്തിൽ ഹനുമാൻ ഭക്തരാണെന്നു തോന്നുന്നു. കൈയിലെ ചാക്കിൽനിറയെ വഴിയിൽ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് വേസ്റ്റുകളാണ്. ബുദ്ധിശൂന്യരായ സന്ദർശകർ വഴിയിൽ തള്ളിയ പ്ലാസ്റ്റിക്ക് ബോട്ടിലുകളും, കവറുകളും ഇവർ ശേഖരിച്ചു താഴെ എത്തിക്കുകയാണ്. ഒപ്പം തന്നെ മറ്റുള്ളവരെ പ്ലാസ്റ്റിക്ക് വലിച്ചെറിയാതിരിക്കാൻ ബോധവൽക്കരണം നടത്തി ഉപദേശിക്കുകയും ചെയ്യുന്നുണ്ട്. വളരെ നല്ലകാര്യം. അമ്പലത്തിൽപ്പോയി വഴിപാടുനേരുന്നതിലും, ശയനപ്രദക്ഷിണം നടത്തുന്നതിലും എത്രയോ പുണ്യം കിട്ടുന്ന പ്രവർത്തി. അവരെ ദൈവം അനുഹ്രഹിക്കട്ടെ

അല്പദൂരം പിന്നിട്ടാൽ മറ്റൊരു അമ്പലം കാണാം അതിനു താഴെ ഒരു ഒരു ചെറിയ ഹാളും മുകളിൽ ഒരു കൊടിമരവുമുണ്ട്. ആ ചെറിയ ഹാളിലെ വലിയ ജനാലയിലൂടെ നോക്കിയാൽ അങ്ങ് താഴെ പച്ചവിരിച്ച പാടങ്ങളും, പടിഞ്ഞാറുദൂരെ അറബിക്കടലും കാണാം. ട്രെക്കിങ്ങിനാണ് വന്നതെങ്കിലും പോകുംവഴി പല വിധ അമ്പലങ്ങളും , പ്രതിഷ്ഠകളും ഉള്ളതിനാൽ ഇത്തരം സ്ഥലങ്ങളിൽ ചെരുപ്പ് പുറത്തഴിച്ചുവെക്കാനും, നിശബ്ദത പാലിക്കാനും ശ്രദ്ധിക്കുക.

സ്റ്റെപ്പുകൾ തീർന്നു. ഇനിയങ്ങോട്ടുള്ള വഴി കയറാൻ കുറച്ചു ബുദ്ധിമുട്ടേറിയതാണ്. കുത്തനെയുള്ള കയറ്റമാണ്. വഴിയായിട്ടൊന്നും കാണാനില്ല , പലയിടത്തും പാറയിൽ ദിശാസൂചികകൾ വരച്ചിട്ടുണ്ട് അത് നോക്കി പോയാൽ മതി. കുറെ വിദേശികൾ ഇറങ്ങിവരുന്നു. രാവിലെ സൂര്യോദയം കാണാൻ വന്നവരായിരിക്കാം. ഞങ്ങളുടെ കൂട്ടത്തിലെ ചിലർ അവരുടെ കൂടെ ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു. വിദേശികളെ കാണാത്ത പുവർ കൺട്രി ഫെലോസ് ..! വിദേശരാജ്യങ്ങളായ ചെന്നൈ , ബാംഗ്ലൂർ , ശ്രീഹരിക്കോട്ട തുടങ്ങീ സ്ഥലങ്ങളിൽ സ്ഥിരം സന്ദശകനായതിനാൽ ഞാൻ അങ്ങോട്ട് തിരിഞ്ഞുനോക്കിയതേ ഇല്ല.

നടന്നു തളർന്നു തുടങ്ങി, പ്രത്യേകിച്ചും ബ്രേക്ഫാസ്റ് കാര്യമായി കഴിക്കാത്തതും കൂടിയാണ്. വഴിയിൽ ഒന്നുരണ്ടിടത്തു നാരങ്ങാവെള്ളവും , മോരും വിൽക്കുന്ന സ്ഥല വാസികൾ . കൈയിൽ കരുതിയ വെള്ളം തീർന്നിരുന്നു. പത്തുരൂപ കൊടുത്തു ഒരു ഗ്ളാസ് ഉപ്പിട്ട നാരങ്ങാവെള്ളം കുടിച്ചു. ദൂരെ മലമുകളിൽ ഒരു ആഞ്ജനേയ പതാക പാറിക്കളിക്കുന്നു. അതാണ് നമ്മുടെ ലക്ഷ്യസ്ഥാനം. കാര്യമായ തണലൊന്നും ഇനി മുകളിലേക്കുള്ള വഴിയിൽ ഇല്ല. സമയം പത്തിനോടടുക്കുന്നു. വെയിൽ കനത്തു. നന്നായി വിയർക്കുന്നുണ്ട്. ഉപ്പിട്ടവെള്ളം കുടിച്ചത് നന്നായി. ആഞ്ജനേയ പതാക അടുത്തടുത്തു വന്നു കൊണ്ടിരുന്നു. അതിനുമുൻപായി ഒരു മരത്തണൽ കണ്ടു. വഴിയിൽ പടർന്നു പന്തലിച്ചുകിടക്കുന്ന ആ മരത്തിന്റെ ബലമുള്ള ശിഖരങ്ങൾ ഒരു ഊഞ്ഞാലുപോലെ താഴേക്ക് വന്നു നിന്നിരുന്നു. അൽപ്പനേരം അവിടെ വിശ്രമിച്ചു. വീണ്ടും നടത്തം ആരംഭിച്ചു. ലക്ഷ്യസ്ഥാനത്തിനു തൊട്ടുമുമ്പേ വഴി രണ്ടായി പിരിയുന്നു. ഇടത്തോട്ടുള്ള വഴി ഒരു ഗുഹയിലേക്കാണ് നീളുന്നത്. തിരിച്ചിറങ്ങുംവഴി ഗുഹയിൽക്കേറാം എന്ന് വിചാരിച്ചു വലത്തോട്ടുള്ളവഴിയിൽ വച്ചുപിടിച്ചു. നേരെ കേറിചെന്നത് ഒരു ഹനുമാൻ ക്ഷേത്രത്തിനു മുൻപിലേക്കാണ്. മരുത്വാമലയിലെ ഏറ്റവും ഉയരം കൂടിയ ഭാഗമാണിതെന്നു തോന്നുന്നു. മുകളിൽ നല്ല തണുത്ത കാറ്റുണ്ട്. പക്ഷെ വെയിലിനു ഒരു കുറവുമില്ല. ഇടക്കിടെ മേഘങ്ങൾ സൂര്യനെ മറയ്ക്കുമ്പോൾ ഒരുമാതിരി പൊന്മുടിയിൽ കയറിയപ്പോൾ തോന്നി. പലരും മുകളിലെ പാറയിൽ ഇരിക്കുകയും , കിടക്കുകയും ചെയ്യുന്നു. വീട്ടിൽനിന്നു കൊണ്ടുവന്ന ഭക്ഷണ പദാർത്ഥങ്ങൾ പരസ്പരം പങ്കുവെച്ചു. കനത്ത കാറ്റിൽ എൻ്റെ വട്ടത്തൊപ്പി പറന്നു താഴെപ്പോയി.

അടുത്തുതന്നെയായി രണ്ടു പാറകൾ ചെന്നൊരുക്കിയ ചെറിയൊരു തണലിടമുണ്ട്. ഒട്ടുംവെയിലേൽക്കാത്ത ഈ മറവിൽ , കിഴക്കുനിന്നുള്ള തണുത്ത കാറ്റ് ആഞ്ഞടിക്കുന്നു. അങ്ങുദൂരെ പശ്ചിമഘട്ടത്തിലെ തെക്കേയറ്റം കാണാം. എത്ര സമയം വേണമെങ്കിലും. എത്ര ദിവസം വേണമെങ്കിലും ഈ തണലത്ത് അങ്ങനെ ഇരിക്കാമെന്നു തോന്നുന്നു. വെറുതെയല്ല മുനിമാരും ഋഷിമാരും ധ്യാനിക്കാനായി മരുത്വാമല തിരഞ്ഞെടുത്തത്. മരുത്വാമലയുടെ മുകളിൽ നിന്ന് കിഴക്കോട്ടു നോക്കിയാൽ പശ്ചിമഘട്ടംവും, തെക്കോട്ടുനോക്കിയാൽ കന്യാകുമാരിയും, പടിഞ്ഞാറ് അറബിക്കടലും വ്യക്തമായിക്കാണാം. ഇന്ത്യൻ ഭൂപടത്തിലെ V -ആകൃതിയിലുള്ള തെക്കേ മുനമ്പ് അതേപോലെ കാണാം. ഒപ്പം ബംഗാൾ ഉൾക്കടലും , ഇന്ത്യൻമഹാ സമുദ്രവും , അറബിക്കടലും ചേരുന്ന ത്രിവേണി സംഗമവും. അൽപ്പം പടിഞ്ഞാറോട്ടു തലതിരിച്ചാൽ വിവേകാനന്ദപ്പാറയും, തിരുവള്ളുവർ പ്രതിമയും കാണാം. ഇത്രയും മനോഹരവും, വിശദവുമായൊരു പനോരാമിക് വ്യൂ മറ്റെവിടെയും ഞാൻ കണ്ടിട്ടില്ല. ഒരു മണിക്കൂറോളം ഞങ്ങൾ ഇവിടെ ചിലവഴിച്ചു. തിരിച്ചിറങ്ങുമ്പോൾ ഹനുമാൻ ക്ഷേത്രത്തിൽ പ്രസാദവിതരണം ഉണ്ടായിരുന്നു. അവിലും, ശർക്കരയും ചേർത്ത പ്രസാദം വാങ്ങിക്കഴിച്ചു താഴേക്കിറങ്ങി. വെറുതെകിട്ടിയതിനെ ആരും വെറുതെ വിട്ടില്ല.

ഇനി നേരത്തെ കാണാതെ വിട്ട ഗുഹയിൽ കയറണം. ശ്രീനാരായണ ഗുരുദേവൻ വര്ഷങ്ങളോളം ധ്യാനിച്ച ഗുഹയാണത്രെ ഇത്. ഇടക്ക് ചട്ടമ്പിസ്വാമികളും ഇവിടെ വന്നിരുന്നത്രെ. ഗുഹയുടെ കവാടം അൽപ്പം ഇടുങ്ങിയതാണ്. കഷ്ട്ടിച്ചു ഒരാൾക്ക് കേറാൻ പാകത്തിൽ. എന്നാൽ ഉൾവശം വിശാലമാണ്. പുറത്തെ ചൂടൊന്നും അകത്തറിയാനേ ഇല്ല. ഞങ്ങൾ കുറച്ചു നേരം ഗുഹക്കകത്തിരുന്നു. അകത്തു ഒരു പട്ടിയുണ്ട്. കണ്ടാൽ നന്നേ ക്ഷീണിതനായ ഒരുവൻ. ഞാൻ എന്റെ ബാഗിലുണ്ടായിരുന്ന ബിസ്ക്കറ്റ് പാക്കറ്റ് പൊട്ടിച്ച് ഒന്ന് രണ്ടു ബിസ്‌ക്കറ്റുകൾ അതിനിട്ടുകൊടുത്തു. നിമിഷാർഥത്തിൽ കക്ഷി എല്ലാം അകത്താക്കിക്കൊണ്ടിരിക്കുന്നു. നല്ല വിശന്നിരിക്കുകയാണെന്നു മനസ്സിലായി. എൻ്റെ കൈയിലെ ബിസ്‌ക്കറ്റ് പാക്കറ്റ് മുഴുവനോളം അവൻ തിന്നു തീർത്ത്. ഗുഹയിൽ നിന്നിറങ്ങി ഞങ്ങൾ താഴേക്ക് നടക്കാൻ ആരംഭിച്ചു. പഴയ മരത്തണലിൽ എത്തുമ്പോഴേക്കും ചെറിയ ചാറ്റൽമഴ കിട്ടി. കടുത്ത ചൂടിലെ നനുത്ത മഴ ശരിക്കും ഒരാശ്വാസമായിരുന്നു. താഴെ എത്തുമ്പോഴേക്കും മഴ നിന്നു. ID കാർഡൊക്കെ തൂക്കിയ കുറച്ചു നോർത്ത് ഇന്ത്യക്കാർ മുകളിലേക്ക് കയറിപ്പോകുന്നു. കോളേജ് സ്റ്റുഡൻസോ മറ്റോ ആണെന്ന് തോന്നുന്നു. ഈ സമയത്തു മലകേറിയാൽ തിരിച്ചിറങ്ങുമ്പോഴേക്കും കരിഞ്ഞുണങ്ങിപ്പോയത് തന്നെ. പക്ഷെ അവരെ നിരുത്സാഹപ്പെടുത്താൻ നിന്നില്ല. സമയം ഒരുമണി കഴിഞ്ഞിരിക്കുന്നു. എല്ലാരും നന്നെതളർന്നിട്ടുണ്ട്. താഴത്തെ കടയിൽ നിന്ന് ഒരു സർബത്ത് വാങ്ങിക്കുടിച്ചു. നന്നായി വിശക്കുന്നുണ്ട്, യാത്രക്കിടെ കഴിച്ച പഴത്തിനും , ബിസ്‌ക്കറ്റിനും വിശപ്പിന്റെ വിളിയെ തടുക്കാനായില്ല. തിരിച്ചും പോകും വഴി എന്തേലും നന്നായിട്ട് കഴിക്കണം.

ഇനി വിടപറയലിന്റെ സമയമാണ്. രാവിലെമുതൽ താങ്ങായും തണലായും, കളിപറഞ്ഞും ചിരിച്ചും കൂടെക്കൂട്ടിയവരോട് യാത്രപറഞ്ഞു എല്ലാവരും വീട്ടിലേക്ക് തിരിച്ചു. കുറച്ചുപേർ കന്യാകുമാരിയിലേക്കും. തിരിച്ചു വരും വഴി നഗർകോയിലിൽ നിന്ന് ഭക്ഷണം കഴിച്ചു. നല്ല വിശപ്പുണ്ടായിരുന്നതിനാൽ നന്നായിത്തന്നെ വലിച്ചു കേറ്റി. ഫുഡും കഴിച്ചു ഏമ്പക്കവും വിട്ടു നേരെ തിരുവന്തപുരത്തേക്ക് വച്ച് പിടിച്ചു. ഇനി അടുത്ത യാത്രയിൽ കാണാം.


(കടപ്പാട്; ജയേഷ് നന്മിന്‍ഡ)


 

Read more topics: # maruthwamala,# travel
a trip to maruthwamala

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES