മലയാളികളുടെ മനസ്സില്‍ പോണ്ടിച്ചേരിയുടെ സൗന്ദര്യകാഴ്ചകള്‍ നിറച്ചിട്ട സിനിമയായിരുന്നു സ്വപ്നക്കൂട്. കുഞ്ഞൂഞ്ഞും കമലയും പദ്മയും ദീപുവും അഷ്ടമൂര്‍ത്തിയും അവരുടെ കുസൃതികളും നര്‍മങ്ങളുമൊക്കെ ഇന്നും ആസ്വദിക്കുന്ന പ്രേക്ഷകര്‍ ആ ചിത്രത്തിലൂടെയാണ് പോണ്ടിച്ചേരി എന്ന നാടിനെ കൂടുതല്‍ അറിഞ്ഞത്. സിനിമയില്‍ പൃഥ്വിരാജും കുഞ്ചാക്കോ ബോബനും ജയസൂര്യയും താമസത്തിനെത്തുന്ന വീടാണ് മീരാ ജാസ്മിന്റെയും ഭാവനയുടേയും വീട്. പൊളിഞ്ഞു വീഴാറായതു പോലുള്ള ആ പഴയ വീടിനെ നിറയെ ചെടികളും പൂക്കളും ഒക്കെയായിരുന്നു മനോഹരമാക്കിയത്. മോടിയും പുതുമയും വര്‍ധിച്ച ഈ വീടിന്റെ മുക്കും മൂലയും വരെ മലയാളികള്‍ക്ക് പരിചിതമായിരുന്നു. മുകള്‍ നിലയിലേക്കുള്ള ഗോവണി പടികളിലൂടെ ''ഒരിക്കലും പിരിയില്ല ഞങ്ങള്‍'' എന്നുപാടിയും പറഞ്ഞും രസിപ്പിച്ച നിമിഷങ്ങളും എന്തിന് കൊച്ചിന്‍ ഹനീഫ പാതിരാത്രി ഇരുന്ന് തുണിയലക്കിയ ബാത്ത് റൂം പോലും മലയാളികള്‍ക്ക് സുപരിചിതമാണ്.
സ്വപ്നക്കൂടിലെ നായകന്മാര്‍ താമസിച്ച ആ വീട് ഇന്ന് വിവിധ രുചികളുടെ സംഗമസ്ഥാനമാണ്. മനോഹരമായി പുതുക്കി പണിതും, വിരിഞ്ഞു നില്‍ക്കുന്ന വര്‍ണങ്ങള്‍ കോര്‍ത്തിണക്കി അലങ്കരിച്ചും അതിമനോഹരമാക്കി ഒരുക്കിയിരിക്കുന്ന ഒരിടമാണ് ഇന്നത്. ദി സ്പോട് കഫേ എന്നാണ് ഇതിനു പേര്. പോണ്ടിച്ചേരിയുടെ കാഴ്ചകള്‍ തേടിയിറങ്ങുന്ന സന്ദര്‍ശകര്‍ക്ക് പല പല നിറങ്ങളായിരിക്കും സ്വാഗതം പറയുക. അത്തരമൊരു വര്‍ണകാഴ്ച തന്നെയാണ് ഈ കഫേയും. ഒരുപാടുകാലം അടഞ്ഞുകിടന്നതിനു ശേഷം പുതുക്കി പണിതപ്പോള്‍ അവിടം അതിമനോഹരമാക്കാനും ഇതിന്റെ പുറകിലുള്ളവര്‍ ശ്രമിച്ചിട്ടുണ്ടെന്നു ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലാകും. പോണ്ടിച്ചേരിയിലെ വൈറ്റ് ടൗണിലാണ് സ്പോട് കഫേ സ്ഥിതി ചെയ്യുന്നത്. ആദ്യകാഴ്ചയില്‍ തന്നെ ഹൃദയം കീഴടക്കുന്ന തരത്തിലാണ് അകത്തളങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ചെടികളും ചെറുമരങ്ങളും വിടര്‍ന്നു നില്‍ക്കുന്ന പുഷ്പങ്ങളുമൊക്കെ കണ്ണിനും മനസ്സിനും കുളിര്‍മ നല്‍കും. അതിനു ചേര്‍ന്നു നില്‍ക്കുന്ന വെളിച്ചം കൂടിയാകുമ്പോള്‍ എത്ര സമയം ചെലവിട്ടാലും മതിയാകാതെ വരും. സുഖകരമായ ഈ അന്തരീക്ഷം മാത്രമല്ല, രുചികരമായ ഭക്ഷണവും ഇവിടുത്തെ മെനുവിലുണ്ട്. ആസ്വദിച്ചു കഴിക്കാന്‍ തനതു വിഭവങ്ങളും ഇവിടെ ഒരുക്കിയിരിക്കുന്നു. നിരവധി പേരാണ് ദിവസവും ഇവിടേക്ക് എത്തുന്നത്.
പൊളിഞ്ഞു വീഴാറായി കിടന്ന ആ പഴയ കെട്ടിടമാണ് ഇന്നത്തെ ഈ നിലയിലേക്ക് മാറ്റിയെടുത്തിരിക്കുന്നത് എന്നതു കണ്ടാല്‍ വിശ്വസിക്കാന്‍ പോലും കഴിയില്ല. രു ാലത്തു ഫ്രഞ്ച് കോളനിയായിരുന്ന പോണ്ടിച്ചേരി എന്ന പുതുച്ചേരിയുടെ പഴയ പ്രഭാവത്തിനു ഒട്ടും തന്നെയും മാറ്റം ഇപ്പോഴും വന്നിട്ടില്ല. മഞ്ഞ നിറത്തിലും കാവി നിറത്തിലും പെയിന്റുകള്‍ അടിച്ച വലിയ കെട്ടിടങ്ങള്‍ എല്ലായിടത്തും കാണാം. ഫ്രഞ്ച് കെട്ടിടങ്ങള്‍ക്കു സമാനമായ വലിയ വാതിലുകളും ജനലുകളുമാണ് ഈ കെട്ടിടങ്ങളുടെ പ്രത്യേകത.