മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമാണെന്നാണ് പറയുക പക്ഷേ ലൈഫിൽ മാറ്റം വരണം എന്നുണ്ടെങ്കിൽ അതിന് വേണ്ടി ആത്മാർത്തമായി പരിശ്രമിക്കാതെ ദൈവം പോലും നമ്മെ മാറ്റത്തിന് വിധേയമാക്കില്ല എന്നും പറയാറുണ്ട്
2003 മുതല്‍ ഏകദേശം പത്ത് പതിമൂന്ന് വർഷക്കാലം ദുബായ് റാസൽഖൂറിൽ ഹത്ത ഒമാൻ ഹൈവേയുടെ ചാരത്തുളള സർവ്വീസ് റോട്ടിലെ ചെറിയൊരു ബഖാലയിൽ (#Grocery) ആയിരുന്നു എനിക്ക് ജോലി
പ്രത്യേകിച്ച് പുതുമകളൊന്നും ഇല്ലാതെ ജീവിതം ക്ലോക്കിലെ സൂചിപോലെ എന്നും ഒരേ കാഴ്ച്ചകളും ഒരേ ആളുകളേയും കണ്ട് ഒരേ ജോലിയും ചെയ്ത് കറങ്ങി കൊണ്ടിരുന്ന ആ കാലത്ത് വല്ലപ്പോഴും കിട്ടുന്ന ഫ്രീ ടൈമിൽ കണ്ണുകളെ ചില്ലിട്ട ഡോറിന് പുറത്തേക്ക് പായിക്കുമ്പോൾ കിട്ടിയിരുന്ന കുറച്ചു കാഴ്ച്ചകളുണ്ട്
വീതിയേറിയ ഹൈവേയിലൂടെ ചിട്ടയോടെ അതിവേഗം പാഞ്ഞ് പോകുന്ന പലതരത്തിലുള്ള വാഹനങ്ങള്‍ അതിനുമപ്പുറം വിശാലമായി കിടക്കുന്ന ഒഴിഞ്ഞ മൺ പ്രദേശം അതും കഴിഞ്ഞു മുന്നോട്ട് നോക്കിയാൽ മിനിട്ടുകളുടെ മാത്രം വ്യത്യാസത്തിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പറന്നിറങ്ങുന്ന തുമ്പി വലിപ്പത്തിലുളള വിമാനങ്ങൾ അന്ന് ഗ്ലോബൽ വില്ലേജ് ആ ഭാഗത്ത് ആയിരുന്നതിനാൽ ഫെസ്റ്റിവൽ സീസണില്‍ കാണുന്ന ഫയർവർക്ക്സ് ഇതൊക്കെ ആയിരുന്നു അത് (ഇന്നത്തെ #FESTIVAL_CITY)
ദുബായിയെ സംബന്ധിച്ചിടത്തോളം ഇത്തരത്തിൽ ഒഴിഞ്ഞ പ്രദേശങ്ങള്‍ സിറ്റിയുടെ പത്തിരുപത് കിലോമീറ്ററിന് അകത്തായി കാണാന്‍ ബുദ്ദിമുട്ടാണ് അതിന് പല കാരണങ്ങളും പറഞ്ഞു കേട്ടിരുന്നു
ബർ ദുബായിയുടേയും ദേരയുടേയും ഇടയിൽ ദുബായ് ക്രീക്ക് എന്ന പേരിൽ ഒരു നദിയുണ്ട് അത് അവസാനിക്കുന്നത് ഈ ഒഴിഞ്ഞ പ്രദേശത്തായിട്ടാണ് നദിയോട് ചേർന്ന് കിടക്കുന്ന സ്ഥലമായത് കൊണ്ട് ആ ഭാഗം മുഴുവന്‍ ചതുപ്പ് നിലമാണ് എന്നതായിരുന്നു ലുങ്കി ന്യൂസിലൂടെ അന്ന് കേട്ടതില്‍ ഏറ്റവും പ്രബലമായ വാദം അതിനെ സാധൂകരിക്കാൻ എന്ന പോലെ ഇതിന്‍റെ പടിഞ്ഞാറ് ഭാഗത്തായി നിറയെ കണ്ടല്‍ കാടുകളും ഉണ്ട് വേലിയേറ്റ സമയങ്ങളില്‍ അവിടെ വെള്ളം ഉയർന്ന് നിൽക്കുന്നതും കാണാം
കാലം കോട്ടും സൂട്ടും ടയ്യും കെട്ടി മുന്നോട്ട് പോയി കൊണ്ടിരുന്നു പെട്ടെന്ന് ഒരു ദിവസം ഈ ഒഴിഞ്ഞ പ്രദേശത്തേക്കുളള ഞങ്ങളുടെ കാഴ്ച്ചകളെ മറച്ചു കൊണ്ട് റോഡ് സൈഡിൽ രണ്ടാൾ പൊക്കത്തില്‍ ഒരു പാട് ദൂരം കവർ ചെയ്യുന്നരീതിയിൽ വലിയ ബോർഡ് വെച്ചു
സാമാ ദുബായ് എന്ന പേരില്‍ വലിയൊരു പ്രോജക്ട് അവിടെ വരാൻ പോകുന്നു ജല ഗതാഗതം മാത്രം ഉപയോഗിക്കുന്ന വലിയൊരു ടൗണും കമ്മ്യൂണിറ്റിയും അതിനകത്തായി ഉണ്ടാക്കാന്‍ പോകുന്നു (കേട്ടറിവാണ്) അതിന്റെ ഭാഗമായി സെയിൽസ് ഓഫീസ് ഉണ്ടാക്കുന്നു വലിയ സ്ക്രീനിലും ബോർഡിലും പ്രോജക്ടിനെ കുറിച്ചുളള ആഡുകൾ തെളിയുന്നു എല്ലാം കൊണ്ടും ഒരു ഉത്സവ മയം പക്ഷേ അത് അധിക കാലം നീണ്ട് നിന്നില്ല എല്ലാം പെട്ടെന്ന് തന്നെ അവസാനിച്ചു
ലോകത്തെ മുഴുവന്‍ പിടിച്ചു ഞെരുക്കിയ 2008 ലെ സാമ്പത്തിക മാന്ദ്യം ഈ പ്രോജക്ടിനേയും ബാധിച്ചു പിന്നീട് കുറേ കാലത്തേക്ക് ഒച്ചയനക്കം ഒന്നും ഉണ്ടായിരുന്നില്ല പിന്നീട് ബോർഡുകളിൽ നിന്ന് സാമാ ദുബായ് എന്ന പേര് മാറ്റി ദുബായ് ലഗൂൺ എന്നാക്കിയെങ്കിലും പ്രോജക്ട് മന്ദഗതിയില്‍ തന്നെയായിരുന്നു
പക്ഷേ കണ്ടൽ കാടുകള്‍ നിറഞ്ഞു നിന്നിരുന്ന ആ സ്ഥലം ദുബായ് ഗവർമെന്റ് കാര്യമായി തന്നെ പരിഗണിച്ചു അത് വെറും കണ്ടൽ കാട് മാത്രമല്ല അനേകയിനം പക്ഷികളുടെ വൻ സങ്കേതം കൂടിയാണെന്ന് മനസ്സിലാക്കുകയും അവയെ സംരക്ഷിക്കുകയും അതോടൊപ്പം വിനോദ സഞ്ചാരികള്‍ക്ക് അവിടം സന്ദർശിക്കാനുളള എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുക്കുകയും ചെയ്തു അതാണ് ഇന്ന് #RAS_AL_KHOR_WILDLIFE_SANCTUARY
നദി അവസാനിച്ചിടത്ത് നിന്ന് അതിനെ മുന്നോട്ട് നീട്ടി ഊദ് മേത്താ റോഡിന് താഴേ കൂടി ദുബായ് മാളിനും ബുർജ്ജ് ഖലീഫക്കും അടുത്തുകൂടി ബിസിനസ്സ് ബെയും കടന്ന് ജുമൈറ വഴി ഇന്നത്തെ ദുബായിയുടെ ഒട്ടുമിക്ക ആഢംബര ആകർഷകങ്ങളും കണ്ട് ആസ്വദിക്കാൻ പാകത്തിൽ സജ്ജമാക്കി വീണ്ടും കടലിലേക്ക് എത്തുന്ന രീതിയില്‍ #DUBAI_WATER_CANAL ആക്കി അതിനെ മാറ്റി ഇവ രണ്ടും ഇന്ന് ദുബായ് ടൂറിസം ഭൂപടത്തിലെ ഏറ്റവും പ്രാധാന്യ മേറിയ രണ്ട് സ്പോട്ടുകളാണ്
#DUBAI_CREEK_HARBOUR
LUXURY APARTMENTS, ജല കര ഗതാഗതങ്ങൾ, കുട്ടികള്‍ക്ക് കളിക്കാനുളള പ്ലേയിംഗ് ഏരിയകൾ,നിരവധി റൈഡുകൾ, BURJ KHALIFA, DUBAI MALL, DOWNTOWN DUBAI, BURJ AL ARAB, FESTIVAL CITY തുടങ്ങി ദുബായിയുടെ കണ്ണഞ്ചിപ്പിക്കുന്ന വിസ്മയങ്ങളെല്ലാം ഒരുമിച്ച് ഒറ്റ ഫ്രൈമിൽ ദുബായ് ക്രീക്കിലെ ഓളപ്പരപ്പുകൾക്ക് ചാരെ നിന്ന് ഉദയാസ്തമയങ്ങളിലെ സ്വർണ്ണ വർണ്ണ രശ്മികളുടെ തിളക്കത്തിൽ ആസ്വദിക്കാൻ പറ്റിയ മറ്റൊരു സ്ഥലം ഇത് പോലെ ഇപ്പോള്‍ ദുബായിൽ വേറെയുണ്ടാവില്ല അതെല്ലാം ആസ്വദിക്കാനായി പ്രത്യേകം തയ്യാറാക്കിയ വ്യൂ പോയന്റുകളും ഇരിപ്പിടങ്ങളും ബൈനോക്കുലറുകളും അവിടെ ഉണ്ട്
ഒരിക്കല്‍ ചതുപ്പ് നിലമാണെന്ന് പറഞ്ഞു വെറുതെ കിടന്നിരുന്ന പിന്നീട് വലിയ പ്രോജക്ടുകള്‍ തുടങ്ങി നിന്ന് പോയ ആ സ്ഥലത്ത് ഇന്ന് ദുബായ് ക്രീക്ക് ഹാർബർ നമ്മെ വിസ്മയിപ്പിച്ച് തലയുയർത്തി നിൽക്കുന്നു (ബുർജ് ഖലീഫയേക്കാൾ ഉയരമുള്ള ടവർ ഇവിടെ ഉണ്ടാക്കാന്‍ പോകുന്നു എന്നും കേൾക്കുന്നുണ്ട്) യാത്രകളെ ഏറെ ഇഷ്ട്ടപ്പെടുന്ന ഞാൻ ബഖാലയിലെ നാല് ചുവരുകൾക്ക് ഉളളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന എന്റെ ആ ജോലി വിട്ട് ഡ്രൈവറായി വേറൊരു കമ്പനിയിൽ ഇപ്പോള്‍ ജോലി ചെയ്യുന്നു ജോലിയുടെ ഭാഗമായും അല്ലാതേയും ഒരു പാട് സ്ഥലങ്ങള്‍ കാണാന്‍ സാധിക്കുന്നു ദൈവത്തിന് നന്ദി
ക്രീക്ക് ഹാർബറിൽ ഒരുക്കിയ മനോഹര കാഴ്ച്ചകൾ ആസ്വദിച്ച് നടക്കുമ്പോൾ മനസ്സിൽ തെളിഞ്ഞത് ആത്മാർത്ഥമായ പരിശ്രമങ്ങൾ പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് വിജയത്തിൽ എത്തുക തന്നെ ചെയ്യും എന്ന് സ്വന്തം ജീവിതാനുഭവവും ക്രീക്ക് ഹാർബറും എനിക്ക് മുന്നില്‍ ഒരിക്കല്‍ കൂടി തെളിയിച്ച് തരികയാണല്ലൊ എന്നായിരുന്നു.
*******
മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമാണെന്നാണ് പറയുക പക്ഷേ ലൈഫിൽ മാറ്റം വരണം എന്നുണ്ടെങ്കിൽ അതിന് വേണ്ടി ആത്മാർത്തമായി പരിശ്രമിക്കാതെ ദൈവം പോലും നമ്മെ മാറ്റത്തിന് വിധേയമാക്കില്ല എന്നും പറയാറുണ്ട് നല്ല മാറ്റങ്ങള്‍ എല്ലാവരുടെ ജീവിതത്തിലും ഉണ്ടാകട്ടേ...നന്മകൾ നേരുന്നൂ... ഗഫൂർ മേലേതിൽ.