കാപ്പിത്തോട്ടങ്ങൾക്കിടയിലൂടെ ഉള്ള കോടമഞ്ഞു മൂടിയ വഴി ചെന്നവസാനിച്ചത് സാമാന്യം തരക്കേടില്ലാത്ത രണ്ടു റിസോർട്ടുകൾക്കു ഇടയിലാണ്. അടുത്തെങ്ങും ആരെയും കാണാൻ ഇല്ല. അന്നെഷിച്ചു വന്ന സ്ഥലം ഇത് തന്നെ ആണോ എന്നു ഞാനും അശോകനും പരസ്പരം നോക്കി അന്തം വിട്ടു നിന്നപ്പോൾ കോടമഞ്ഞു ചെറുതായി ഒഴിഞ്ഞു. റിസോർട്ടിന്റെ ഗേറ്റിന്റെ അടുത്തായി തമിഴ്നാട് സർക്കാരിന്റെ സ്ഥലപ്പേര് എഴുതിയ പഴകിയ ഒരു മഞ്ഞ ബോർഡ് തെളിഞ്ഞു വന്നു .... സിരുമലൈ.....
"നാളെ എങ്ങോട്ടേലും പോയാലോ". വെള്ളിയാഴ്ച രാവിലേ ഓഫിസിലേക്കു പോകും വഴി മനസ്സിൽ കയറിക്കൂടിയ ചിന്ത ആണ്. തിരക്കിനിടയിൽ എപ്പോളോ മറന്നത് ഉച്ചക്ക് ക്യാന്റീനിൽ ഇരുന്നപ്പോൾ വീണ്ടും വലിഞ്ഞു കയറി വന്നു. പിന്നെ കൂടുതൽ ആലോചിക്കാൻ നിന്നില്ല ഫോൺ എടുത്തു അശോകന് മെസ്സേജ് അയച്ചു. "എങ്ങോട്ട് പോകും" എന്ന അവന്റെ ചോദ്യത്തിന് മറുപടി അപ്പോൾ പറയാൻ പറ്റിയില്ല എങ്ങോട്ടേലും പോകാം എന്നല്ലാതെ എങ്ങോടാണ് പോകുന്നതെന്ന് ഞാനും തീരുമാനിച്ചില്ലാരുന്നു. നോക്കിയിട്ട് പറയാം എന്തായാലും രാത്രി പോകാം എന്നു അവനോട് പറഞ്ഞു. അധികം ആലോചിക്കാതെ തന്നെ പോകാൻ ഉള്ള സ്ഥലം കിട്ടി. ഒരുപാട് കാലമായി പോകണം എന്നു വിചാരിക്കുന്ന സിരുമലൈ പോകാം എന്നു ഉറപ്പിച്ചു അശോകനെ വിളിച്ചു പറഞ്ഞു. ഓഫിസിൽ നിന്നും വീടെത്തി കുളിച്ചു ചോറും കഴിച്ചു ഉടുപ്പൊക്കെ ഇട്ടപ്പോൾ അശോകനും എത്തി. വണ്ടിയിൽ ബാഗും വച്ചു അമ്മയോട് യാത്ര പറഞ്ഞു ഇറങ്ങി. രാത്രി ആയത്കൊണ്ട് വഴിയിൽ അധികം വണ്ടി ഒന്നും ഇല്ല. വിചാരിച്ചതിലും പെട്ടെന്ന് തന്നെ തെന്മലയും തെങ്കാശിയും കഴിഞ്ഞു രാജപാളയം എത്തി. ഒരു ചായ കുടിച്ചാലോ എന്ന അശോകന്റെ ആഗ്രഹം സാധിക്കാൻ ആയി ബൈക്ക് അടുത്ത് കണ്ട ചായക്കടയുടെ മുറ്റത്തേക്ക് ഒതുക്കി. നല്ല കടുപ്പത്തിൽ ഓരോ ചായയും കുടിച്ചു ബൈക്ക് സ്റ്റാർട്ട് ചെയ്തു.
രാജപാളയം മധുര റോഡിൽ അധികം തിരക്ക് ഇല്ലാത്തതിനാലും നല്ല റോഡ് ആയതിനാലും ബൈക്കിൽ സാമാന്യം വേഗത്തിൽ തന്നെ പൊയ്ക്കൊണ്ടിരുന്നു. മധുര കഴിഞ്ഞു സേലം എക്സ്പ്രസ്സ് വഴിയിൽ കയറിയപ്പോൾ വിളിക്കാതെ വന്ന അഥിതിയെ പോലെ ചാറ്റൽ മഴ വന്നു. കയറി നിൽക്കാൻ ഒരു ഇടം നോക്കി കുറെ നേരം വണ്ടി ഓടിച്ചു. കയറി നിൽക്കാൻ സ്ഥലം ഇല്ലാതെ വണ്ടി ഓടിക്കുന്നത് കണ്ടിട്ടാണോ എന്തോ ചാറ്റൽ മഴ അൽപ്പം കഴിഞ്ഞപ്പോൾ റ്റാറ്റാ പറഞ്ഞു പോയി. മുന്നിൽ പോകുന്ന വണ്ടികളുടെ ചക്രത്തിൽ നിന്നും വെള്ളം ദേഹത്തേക്ക് തെറിക്കുന്നതിനാൽ ബൈക്കിന്റെ വേഗത അൽപ്പം കുറച്ചാണ് പൊയ്ക്കൊണ്ടിരുന്നത്. ഡിണ്ടിഗൽ എത്തും മുൻപുള്ള ടോൾ ബൂത്തിനടുത് കണ്ട ഹോട്ടലിൽ കയറി ഓരോ ചായയും കുടിച്ചു ഉടുപ്പിലൊക്കെ പറ്റിയ ചെളിയും കഴുകി യാത്ര തുടർന്നു. കുറച്ചു കൂടി മുന്നിലേക്ക് ചെന്ന് എക്സ്പ്രസ്സ് വേയിൽ നിന്നും പുറത്തിറങ്ങി ഡിണ്ടിഗൽ നഗരം ലക്ഷ്യമാക്കി നീങ്ങി. വെളുപിനെ മൂന്നു മണി ആയിരിക്കുന്നു ഡിണ്ടിഗൽ നഗരം ഉണർന്നു തുടങ്ങുന്നതേ ഉള്ളു. അടുത്ത് കണ്ട ഹോട്ടലിൽ റൂമെടുത്തു, രാവിലെ 6 മണിക്ക് എണീക്കാൻ അലാറവും വച്ചു ഉറങ്ങാൻ കിടന്നു.
പറഞ്ഞു വച്ച പോലെ അലാറം 6 മണിക്ക് തന്നെ അടിച്ചു. ഇത്രയൊന്നും കൃത്യ നിഷ്ഠ ആർക്കും പാടില്ല ഇ കുന്ത്രാണ്ടം കണ്ടു പിടിച്ചവന്റെ വീട്ടുകാരെ സ്മരിക്കാത്ത ആരും ഉണ്ടാകില്ല എന്നു തോന്നുന്നു. എണീറ്റ ഉടനെ ശീലം തെറ്റിക്കാതെ സോഷ്യൽ മീഡിയയിൽ ഹാജർ വച്ചു. അശോകനെയും വിളിച്ചുണർത്തി കുളിയും തേവാരവും എല്ലാം കഴിഞ്ഞു ഹോട്ടൽ റൂം ചെക്ക് ഔട്ട് ചെയ്തു. അടുത്ത് കണ്ട ഹോട്ടലിൽ നിന്നും പ്രാതലും കഴിച്ചു ഹോട്ടൽ ഉടമയോട് സിരുമലൈ പോകാൻ ഉള്ള വഴിയും ചോദിച്ചു മനസിലാക്കി ബൈക്ക് എടുത്തു ഇറങ്ങി. രാവിലെ ആയത്കൊണ്ട് വണ്ടി ഓടിക്കാനും കാഴ്ചകൾ കാണാനും ഒരു പ്രത്യേക രസം. നഗരക്കാഴ്ചകൾ ആസ്വദിച്ചു മുന്നിലേക്ക് പോയിക്കൊണ്ടിരുന്നു. വലതു വശത്തായി സിരുമലൈ 25 KM എന്ന ബോർഡ് കണ്ടു, ഇൻഡിക്കേറ്റർ ഇട്ടു ബൈക്ക് വലത്തേക്ക് സിരുമലൈ പോകുന്ന വഴിയിലേക്ക് ഓടിച്ചു കയറ്റി.
ഇത്രയും നേരം കണ്ട വരണ്ട കാഴ്ചകളെയും കോൺക്രീറ്റ് കെട്ടിടങ്ങളേയും പിന്നിലാക്കി പച്ചപ്പ് നിറഞ്ഞ ഗ്രാമീണ കാഴ്ചകൾ കണ്ടു തുടങ്ങി. ഒട്ടും തിരക്കില്ലാത്ത കാണാൻ മോശമല്ലാത്ത വഴിയോരക്കാഴ്ചകൾ, ദൂരെ ആയി സിരുമലൈ കുന്നുകളും വനമേഖലയും കണ്ടു തുടങ്ങി. വീതി കുറഞ്ഞ എന്നാൽ കുഴിയും കുണ്ടും ഇല്ലാത്ത നല്ലൊരു പാതയാണ് സിരുമലയിലേക്കു ഉള്ളത്. സിരുമലൈ റിസേർവ് വനമേഖലയിൽ കൂടി ഉള്ള ഇ വഴിയിൽ പതിനെട്ടു ഹെയർപിൻ വളവുകളും ഉണ്ട്. തമിഴ്നാട്ടിൽ സാധാരണ കാണുന്ന ഒരു വരണ്ട പച്ചപ്പ് തന്നെ ആണ് താഴ്‌വാരങ്ങളിൽ കാണാൻ കഴിയുന്നത്, ഹെയർപിൻ കയറി മുകളിലേക്കു പോകും തോറും പച്ചപ്പ് കൂടി വരുന്നു. പതിനഞ്ചാമത്തെ വളവു കഴിഞ്ഞതും എവിടെ നിന്നോ ഒട്ടും പ്രതീക്ഷിക്കാതെ കോട വന്നു പൊതിഞ്ഞു. ഹെയർപിൻ വളവുകൾ കഴിഞ്ഞു കയറി എത്തിയത് ഒരു ചെറിയ പള്ളിയുടെ മുന്നിലേക്കാണ് അടുത്തായി ഒരു വാച്ച് ടവറും ഉണ്ട്.
ബൈക്ക് ഒതുക്കി ടവറിലേക്കു കയറി. കോട മൂടിയിരിക്കുന്നതിനാൽ ദൂരക്കാഴ്ച സാധ്യമാകുന്നില്ല എന്നാലും കണ്ണിനു കാണാൻ പറ്റുന്ന അത്രയും ദൂരത്തുള്ള കാഴ്ചകൾ കണ്ടങ്ങനെ നിന്നു. അൽപ നേരത്തെ കാത്തിരിപ്പിനൊടുവിൽ കോടമഞ്ഞു കാറ്റിനൊപ്പം പോയി. ദൂരക്കാഴ്ചകൾ തെളിഞ്ഞു തുടങ്ങി. കോടമഞ്ഞും സിരുമലൈ വനമേഖലയും കയറി വന്ന വഴിയും ചേർന്നൊരു നല്ല കാഴ്ചയാണ് മുന്നിൽ തെളിഞ്ഞു വന്നത്. കുറച്ചു കൂടെ മഞ്ഞു മാറിയെങ്കിൽ ഡിണ്ടിഗൽ നഗരം കൂടി കാണാമായിരുന്നു. മോശം അല്ലാത്ത നല്ലൊരു കാഴ്ചയും കണ്ടു കർത്താവിനു കാണിക്കയും ഇട്ടു ബൈക്ക് എടുക്കാൻ പോയപ്പോൾ ആണ് അടുത്തുള്ള ഒരു ചെറിയ പഴക്കട ശ്രദ്ധിച്ചത്. എന്തേലും പ്രത്യേക പഴം കാണും എന്നു പറഞ്ഞു അശോകൻ അങ്ങോട്ട് നടന്നു. അവന്റെ ഉദ്ദേശം തെറ്റിയില്ല സിരുമലൈ മാത്രം കാണപ്പെടുന്ന ഒരു പ്രത്യേക തരം വാഴപ്പഴം കടയിൽ ഉണ്ടാരുന്ന ചേച്ചി ഞങ്ങൾക്ക് പരിചയപ്പെടുത്തി. നല്ല രുചിയുള്ള ആ വാഴപ്പഴം നമ്മുടെ നാട്ടിൽ ഉള്ള ഏതോ ഒരു വാഴപ്പഴത്തിന്റെ സാദൃശ്യം ഉണ്ട് കാഴ്ചയിൽ. ഔഷധ ഗുണം എന്തോ ഉള്ള ഇ ഇനം വാഴകൾ ഇന്ന് വംശനാശ ഭീഷണി നേരിടുന്നവയാണ് എന്നും അറിയാൻ കഴിഞ്ഞു. പഴവും കഴിച്ചു കഥയും കേട്ടു വാങ്ങിയ പഴത്തിന്റെ കാശും കൊടുത്തു ചേച്ചിയോട് യാത്ര പറഞ്ഞു മല കയറ്റം തുടർന്നു. വനമേഖല കഴിഞ്ഞിരിക്കുന്നു ഇനി മുന്നിലേക്ക് കാപ്പി വിളയുന്ന തോട്ടങ്ങൾ ആണ് ഇടയിലൊക്കെ വേറെ എന്തൊക്കെയോ ഉണ്ട് എന്നാലും കാപ്പി ആണ് കൂടുതൽ.
കാപ്പിത്തോട്ടങ്ങൾക്കിടയിലൂടെ ഉള്ള കോടമഞ്ഞു മൂടിയ വഴി ചെന്നവസാനിച്ചത് സാമാന്യം തരക്കേടില്ലാത്ത രണ്ടു റിസോർട്ടുകൾക്കു ഇടയിലാണ്. അടുത്തെങ്ങും ആരെയും കാണാൻ ഇല്ല. അന്നെഷിച്ചു വന്ന സ്ഥലം ഇത് തന്നെ ആണോ എന്നു ഞാനും അശോകനും പരസ്പരം നോക്കി അന്തം വിട്ടു നിന്നപ്പോൾ കോടമഞ്ഞു ചെറുതായി ഒഴിഞ്ഞു. റിസോർട്ടിന്റെ ഗേറ്റിന്റെ അടുത്തായി തമിഴ്നാട് സർക്കാരിന്റെ സ്ഥലപ്പേര് എഴുതിയ പഴകിയ ഒരു മഞ്ഞ ബോർഡ് തെളിഞ്ഞു വന്നു .... സിരുമലൈ..... ചുറ്റും നോക്കിയിട്ട് ആരെയും കാണാൻ ഇല്ല ഇനിയും മുന്നിലേക്ക് പോയാൽ എന്താണ് കാണാൻ ഉള്ളതെന്ന് അറിയാതെ അവിടെ നിന്നു. അൽപ സമയത്തെ കാത്തിരിപ്പിനൊടുവിൽ കോട മഞ്ഞു വകഞ്ഞു മാറ്റി ഒരു മെലിഞ്ഞ രൂപം കടന്നു വന്നു 'പാണ്ഡിയൻ' റിസോർട്ടിലെ ജോലിക്കാരൻ ആണ്. മുന്നിലേക്ക് പോയാൽ അഗസ്ത്യാർപുരം എന്നൊരു ഗ്രാമം ഉണ്ട് അതിനടുത്തു വെള്ളിമല എന്നൊരു മലയും ഉണ്ട് അവിടൊക്കെ കാണാൻ നല്ല രസം ആണ് എന്നും പുള്ളിയിൽ നിന്നും അറിയാൻ കഴിഞ്ഞു. പുള്ളിയോട് യാത്രയും പറഞ്ഞു മുന്നിലേക്കുള്ള വഴിയിലേക്ക് ബൈക്ക് ഓടിച്ചു. പോകും വഴി പൈൻ മരങ്ങൾ അതിരിടുന്ന കോട മൂടിയ ഒരു ചെറിയ കുളം കണ്ടാണ് വണ്ടി നിർത്തിയത്. കുറച്ചു സമയം അത് കണ്ടു നിന്നിട്ട് വീണ്ടും മുന്നിലേക്ക്.
റിസോർട്ടുകൾ ഒഴിച്ച് നിർത്തിയാൽ നാഗരികത തൊട്ടു തീണ്ടാത്ത ശുദ്ധമായ ഗ്രാമാന്തരീക്ഷം ആണ് മുന്നിലേക്ക് പോകും തോറും കാണാൻ കഴിഞ്ഞത്. കവലയിലും വീടുകൾ കൂടുതൽ ഉള്ള ഇടങ്ങളിലും വൃത്തി അൽപ്പം കുറവാണെങ്കിലും നമ്മുടെ നാട്ടിൽ ഇന്ന് കാണാൻ പറ്റാത്ത നല്ല ഒന്നാം തരം ഗ്രാമീണ കാഴ്ചകളാൽ സമ്പന്നം ആണിവിടെ. ഒരു ഇരുപത്തി അഞ്ചു കിലോമീറ്റർ അപ്പുറത്ത് ഇത് പോലെ ആധുനികത തീണ്ടാത്ത തണുപ്പുള്ള സ്ഥലം ഉണ്ടെന്നു ഡിണ്ടിഗൽ എന്ന ആധുനിക നഗരം സന്ദർശിക്കുന്ന അധികം ആർക്കും അറിയില്ല എന്നതാണ് സത്യം. മുന്നിലേക്ക് പോകും തോറും റോഡ് ചെളിക്കളം ആയി തുടങ്ങി വെള്ളിമല പോകുന്ന വഴിക്കു റോഡ് പണി നടക്കുന്നതാണ് കാരണം. എന്തായാലും വന്ന സ്ഥിതിക്ക് മുന്നിലേക്ക് തന്നെ എന്നുറപ്പിച്ചു ബൈക്ക് ഓടിച്ചു. കുറെ ചെന്നപ്പോൾ ബൈക്കിന്റെ ചക്രങ്ങളിൽ ചെളി നിറഞ്ഞു കറങ്ങാതെ ആയി. അടുത്ത് കിടന്ന ഒരു മരക്കമ്പു ഓടിച്ചെടുത്തു ചെളി കുത്തിക്കളഞ്ഞു. ഒരു വിധം വണ്ടിയെ വെള്ളിമല പോകുന്ന വഴിയുടെ താഴ്‌വാരത്തു എത്തിച്ചു.
അടുത്ത് കണ്ട അമ്പലത്തിന്റെ അടുത്ത് വണ്ടി ഒതുക്കി മുന്നിൽ കണ്ട കല്ല് പാകിയ ചെറിയ നാട്ടു വഴിയിലൂടെ മുന്നിലേക്ക് നടന്നു. കോടമഞ്ഞു ഇടയ്ക്കിടെ അങ്ങോട്ടും ഇങ്ങോട്ടും പറന്നു കളിക്കുന്നു. നടന്നു കയറി ചെന്നത് ഒരു ആശ്രമത്തിന്റെ മുന്നിലേക്കാണ് അഗസ്തിയാർ ശിവശക്തി സിദ്ധർ പീഠം. എന്തൊക്കെയോ പുരാണ ഐതീഹ്യങ്ങൾ ഉള്ള ഒരു സ്ഥലം ആണ് അഗസ്ത്യപുരം ഗ്രാമവും, ആശ്രമവും പരിസരങ്ങളും. ഔഷധ സസ്യങ്ങളുടെ ഒരു കലവറ ആണ് ഇ പ്രദേശം എന്നാണ് കേട്ടത്. അകത്തു കയറി സിദ്ധരെ കണ്ടു വണങ്ങി പ്രസാദവും വാങ്ങി അവർ കാണിച്ച വഴിയിലൂടെ വെള്ളിമല കയറി തുടങ്ങി. നല്ല തണുപ്പ് അല്ലെങ്കിലും ശരീരത്തിന് ക്ഷീണം തോന്നാത്ത നല്ല കാലാവസ്ഥ മല കയറ്റത്തിന്റെ ക്ഷീണം അറിയിക്കുന്നില്ല. വലിയ ബുദ്ധിമുട്ടില്ലാതെ പതിയെ നടന്നു കയറാവുന്ന ഒന്നാണ് വെള്ളിമല. കയറി പോകുന്ന വഴികളിൽ നിന്നുള്ള താഴ്‌വാര കാഴ്ചകൾ നടത്തത്തിന്റെ വേഗം കുറയ്ക്കും. താഴ്‌വാര കാഴ്ചകളും കണ്ടു അമ്പലത്തിന്റെ മുന്നിൽ എത്തി. ഇല പൊഴിഞ്ഞു നിൽക്കുന്ന ചെമ്പക മരങ്ങളും കോടമഞ്ഞും ചേർന്ന് അമ്പലത്തിനു ചുറ്റും ആകർഷകമായ ഒരു വല്ലാത്ത അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നു. അഞ്ഞൂറ് വർഷത്തോളം പഴക്കമുള്ള ശിവലിംഗം ആണ് ഇവിടുത്തെ പ്രത്യേകത. പടി കയറി മുകളിൽ എത്തിയ ഞങ്ങളെ അവിടെ ഉണ്ടായിരുന്ന സന്യാസി ഒരു പുഞ്ചിരിയോടെ സ്വീകരിച്ചു പ്രസാദമായി ഭസ്മവും ചന്ദനവും തന്നു. കുറച്ചു സമയം അവിടെ ചുറ്റി നടന്നു കാഴ്ചകൾ വിശദമായി തന്നെ കണ്ടു. മലമുകളിൽ നിന്നുള്ള താഴ്‌വാര കാഴ്ചകൾ കണ്ടു നിന്നു സമയം പോയത് അറിഞ്ഞില്ല. ധ്യാന നിരതനായിരിക്കുന്ന സന്യാസിയെ ഒന്ന് നോക്കിയിട്ട് ഞങ്ങൾ പതിയെ മല ഇറങ്ങി ആശ്രമത്തിന്റെ അടുത്തെത്തി. വീണ്ടും സിദ്ധരെ കണ്ടു വണങ്ങി ആശ്രമത്തിൽ നിന്നും അന്നദാനവും കഴിച്ചു.
വല്ലാത്ത ഒരു ആകർഷവും ശാന്തതയും ആണ് ഇവിടത്തെ അന്തരീക്ഷത്തിനു അത് ഒരു പക്ഷെ ഇ ആശ്രമത്തിന്റെയും സന്യാസിമാരുടെയും സാമീപ്യം ആകാം അല്ലെങ്കിൽ ഔഷധ സസ്യങ്ങൾ നിറഞ്ഞ ഇ മലനിരകളെ തഴുകി വരുന്ന തണുത്ത കാറ്റിന്റെ ആകാം. അവരോട് യാത്ര പറഞ്ഞു ബൈക്ക് വച്ചിടത്തേക്കു നടന്നു. റോഡിൽ ചെളി ആണെങ്കിലും കയറി വരാൻ തോന്നിയത് നന്നായി ഇല്ലെങ്കിൽ ഇത്രയും നല്ലൊരു അനുഭവം നഷ്ടപ്പെട്ടേനെ. ഇനിയും അവിടെ നിൽക്കണം എന്നുണ്ടാരുന്നു പക്ഷെ സമയം ഇല്ല. ഇനി ഡിണ്ടിഗൽ പോയി ഡിണ്ടിഗൽ കോട്ട കണ്ടതിനു ശേഷം രാത്രി ആകും മുന്നേ തേനി എത്താൻ ഉള്ളതാണ്. സമയം രണ്ടു മണി ആയിരിക്കുന്നു മനസില്ലാ മനസ്സോടെ തിരികെ ഇറങ്ങി തുടങ്ങി. റോഡ് പണി നടക്കുന്ന സ്ഥലം കഴിഞ്ഞു കണ്ട വെള്ളം ഉള്ള ഒരിടത്തു നിർത്തി ബൈക്ക് ഒന്ന് കഴുകി എടുത്തു. ബൈക്ക് കഴുകാൻ ബക്കറ്റ് തന്ന ചേട്ടനോടും ഒത്തിരി നല്ല ഓർമ്മകൾ തന്ന അയാളുടെ നാടിനോടും യാത്രയും പറഞ്ഞു ഡിണ്ടിഗൽ ലക്ഷ്യമാക്കി ബൈക്ക് സ്റ്റാർട്ട് ചെയ്തു.