പല പല തിരക്കുകൾ കാരണം യാത്രകൾക്ക് വിരാമമിട്ടിരുന്ന മൂന്നു മാസങ്ങൾക്കു ശേഷം, അടുത്ത യാത്രയ്ക്ക് സമയം അതിക്രമിച്ചു എന്നു ഞങ്ങൾ മനസിലാക്കി. അങ്ങനെയാണു ഞങ്ങളുടെ ഈ ഊട്ടി പ്ലാനിന്റെ തുടക്കം. ഈ ചൂട് സമയത്തു ബാംഗ്ലൂർ നിന്നു പോകാൻ പറ്റിയ സ്ഥലങ്ങൾ അന്വേഷിച്ചപ്പോൾ നറുക്കു വീണത് ഊട്ടിക്കായിരുന്നു. അങ്ങനെ ഞാനും എന്റെ ആളും ഞങ്ങളെപ്പോലെ രണ്ടു സുഹൃത്തുക്കളും ഊട്ടിയ്ക്ക് ഒരു വീക്കെൻഡ് ട്രിപ്പിനു കച്ച കെട്ടി. ഊട്ടിയിൽ കാണുവാനുള്ള സ്ഥലങ്ങളെ പറ്റി അന്വേഷണം ആരംഭിച്ചു. സഞ്ചാരിയിലെ പല ഊട്ടി പോസ്റ്റുകളും വായിച്ചു പഠിച്ചപ്പോൾ മനസ്സിലായത് അവിടുത്തെ ടോയ് ട്രെയിൻ യാത്ര ആണ് ഏറ്റവും പ്രധാനം എന്നാണു. അതുകൊണ്ട് തന്നെ അതിനെക്കുറിച്ചാണ് ഞാനിവിടെ കൂടുതൽ വിവരിച്ചിരിക്കുന്നത്. അങ്ങനെ ഊട്ടിയിലേയ്ക്ക് ബസ് ബുക്ക് ചെയ്ത ഞങ്ങൾ മേട്ടുപ്പാളയത്തു ഇറങ്ങി നമ്മുടെ നീൽഗിരി മൗണ്ടെയ്ൻ റയിൽവേസിന്റെ പൈതൃക തീവണ്ടി പിടിക്കാൻ തീരുമാനിച്ചു. സ്റ്റേഷനിൽ ക്യൂ നിന്ന് ജനറൽ ടിക്കറ്റ് എടുക്കുക എന്നതായിരുന്നു ലക്‌ഷ്യം. തലേ ദിവസം ഞങ്ങൾ തൽക്കാൽ ടിക്കറ്റ് എടുക്കാൻ ഒരു വിഫലശ്രമവും നടത്തിയിരുന്നു. ആകെ 9 തൽക്കാൽ ടിക്കറ്റ് ആണ് ഉള്ളത്. അതിൽനിന്നു 4 എണ്ണം കിട്ടണമെന്നു വിചാരിക്കുന്നത് അതിമോഹമാണല്ലോ. അപ്പോൾ പിന്നെ ജനറൽ ടിക്കറ്റ് തന്നെ ശരണം. ബാംഗ്ലൂർ നിന്ന് ബസ് കയറുമ്പോൾ കണ്ടക്ടർ ചേട്ടൻ പറഞ്ഞപോലെ തന്നെ ബസ് രാവിലെ കൃത്യം 6 മണിക്കു മേട്ടുപ്പാളയം എത്തി. അവിടെ ഇറങ്ങി ഇനി റെയിൽവേ സ്റ്റേഷനിലേയ്ക്ക് ഓട്ടോ പിടിക്കണോ എന്നൊക്കെ വിചാരിച്ചു ഗൂഗിൾ മാപ്പ് നോക്കിയപ്പോൾ ഏകദേശം 500m ആണ് സ്റ്റേഷനിലേയ്ക്ക് കാണിക്കുന്നത്. ഞങ്ങൾ നടക്കാൻ തീരുമാനിച്ചു. സ്റ്റേഷനിൽ എത്തിയപ്പോൾ അവിടെ ആദ്യം തന്നെ ഒരു വിജനമായ ടിക്കറ്റ് കൗണ്ടർ. ആഹാ തിരക്കൊന്നുമില്ലല്ലോ എന്ന് വിചാരിച്ചു ടിക്കറ്റ് എടുക്കാൻ ചെന്നപ്പോൾ ആണ് അറിഞ്ഞത് ഈ ട്രെയിനിന്റെ ടിക്കറ്റ് മറ്റേ സൈഡിലെ പ്ലാറ്റ്‌ഫോമിൽ ആണെന്ന്. അവിടെ ചെന്നപ്പോൾ കണ്ട നീണ്ട ക്യൂവിൻ്റെ പിറകിൽ ഞങ്ങളും സ്ഥാനം പിടിച്ചു. അവിടെ നിന്നപ്പോൾ അറിയാൻ കഴിഞ്ഞു വെളുപ്പിനെ 3.30 നു വന്നവർ പോലും ക്യൂവിൻ്റെ നടുക്ക് എത്തിയിട്ടേയുള്ളു എന്നു. എന്നാലും ഞങ്ങൾ ടിക്കറ്റ് കിട്ടും എന്ന പ്രതീക്ഷയിൽ അവിടെ തന്നെ നിന്നു. ആകെയുള്ള രണ്ടു ജനറൽ ബോഗികൾ നിറഞ്ഞു വരുന്നതിനൊപ്പം ഞങ്ങളുടെ പ്രതീക്ഷ മങ്ങിത്തുടങ്ങി. അവസാനം ടിക്കറ്റ് കഴിഞ്ഞതായി പ്രഖ്യാപനവും വന്നു. അങ്ങനെ വിഷമിച്ചു നിൽക്കുമ്പോൾ അറിഞ്ഞു ശനി ഞായർ ദിവസങ്ങളിൽ ഒരു സ്പെഷ്യൽ ട്രെയിൻ ഉള്ളതായി. ശനിയാഴ്ച മേട്ടുപ്പാളയം - കൂനൂർ, ഞായറാഴ്ച കൂനൂർ - മേട്ടുപ്പാളയം. സ്പെഷ്യൽ ട്രെയിനിന് ചാർജ് കൂടുതൽ ആണെന്ന പ്രശ്നം മാത്രമേയുള്ളു. എന്തായാലും വന്ന സ്ഥിതിക്ക് ഞങ്ങൾ അത് ബുക്ക് ചെയ്യാൻ തീരുമാനിച്ചു. കൗണ്ടറിൽ നിന്ന് എടുക്കണമെങ്കിൽ 8 മണി വരെ കാത്തിരിക്കണം. ഞങ്ങൾ ഫസ്റ്റ് ക്ലാസ് ടിക്കറ്റ് ഓൺലൈൻ ബുക്ക് ചെയ്ത് കഴിഞ്ഞു നോക്കിയപ്പോൾ ആദ്യത്തെ 4 സീറ്റുകൾ തന്നെ ആണ് കിട്ടിയതു. അതുകൊണ്ട് ട്രെയിനിൻ്റെ ഏറ്റവും മുൻപിൽ തന്നെ ഇരുന്നു കാഴ്ചകൾ കാണാം. ഫസ്റ്റ് ക്ലാസിനു ഒരു ടിക്കറ്റിനു 1095 രൂപ ആണ് ചിലവായത്. (പക്ഷെ സ്റ്റേഷനിലെ ബോർഡിലും ഇപ്പോൾ IRCTC സൈറ്റിലും 1210 രൂപ ആണ് കാണുന്നത്).
പ്രാഥമിക കർമങ്ങൾക്കു ശേഷം റയിൽവെയുടെ കാന്റീനിൽ നിന്ന് കുറഞ്ഞ വിലയിൽ ഭക്ഷണവും കഴിച്ചു. സ്പെഷ്യൽ ട്രെയിൻ ആയതിനാൽ എല്ലാവര്ക്കും ഓരോ വെൽക്കം കിറ്റ് തരുകയുണ്ടായി: ഒരു ടോയ് ട്രെയിൻ കീ ചെയിൻ, ചായപ്പൊടി, യൂക്കാലിപ്റ്റസ് ഓയിൽ, ഊട്ടി ബുക്ക് ലെറ്റ്. അങ്ങനെ 9.10 നു 'കൂ കൂ കൂകും തീവണ്ടി' കൂകിപ്പാഞ്ഞു തുടങ്ങി. കൽക്കരി തിന്നുന്ന തീവണ്ടിയ്ക്ക് ഇടയ്ക്കിടയ്ക്ക് വെള്ളം മോന്തേണ്ട ആവശ്യമുള്ളതിനാൽ വാട്ടറിങ് സ്റ്റേഷനുകളിൽ വണ്ടി നിർത്തുമ്പോൾ എല്ലാവർക്കും ഇറങ്ങി പ്രകൃതി ഭംഗി ആസ്വദിക്കുകയോ ഫോട്ടോ എടുക്കുകയോ ഒക്കെ ആകാം. കുറച്ചു കഴിഞ്ഞാൽ പിന്നെ കാട്ടിൽ കൂടി ആണ് യാത്ര. പോകുന്ന വഴിയ്ക്കു ഞങ്ങൾ കുരങ്ങുകളെയും മാൻകൂട്ടത്തെയും കാണുകയുണ്ടായി. മറ്റൊരിടത്തു തീവണ്ടിയുടെ കുറച്ചു മുൻപിൽ ആയി ഒരു ആനക്കൂട്ടം നടക്കുന്നുണ്ടായിരുന്നു. റയിൽവെ ഗാർഡ് സിഗ്നൽ ചെയ്തു ട്രെയിൻ സ്ലോ ചെയ്യാൻ തുടങ്ങിയപ്പോഴേയ്കും ആനകൾ കാട്ടിലേക്ക് മറഞ്ഞു. ഫസ്റ്റ് ക്ലാസ്സിലെ ആദ്യത്തെ സീറ്റ് തന്നെ കിട്ടിയത് കൊണ്ട് ആനയെ ഒക്കെ കാണാൻ കഴിഞ്ഞു. മേട്ടുപ്പാളയത്തിനും കൂനൂരിനും ഇടയ്ക്കു 13 തുരങ്കങ്ങൾ ആണ് ഉള്ളത്. അതിൽ ഒരു തുരങ്കത്തിനു തൊട്ടടുത്തായി ട്രെയിൻ നിർത്തിയതിനാൽ അവിടെ ഇറങ്ങി കാണാം. അവിടെ നിന്ന് മുകളിലേയ്ക്കു നോക്കിയാൽ വിസ്തൃതമായ തേയിലത്തോട്ടങ്ങളും താഴേയ്ക്കു നോക്കിയാൽ ഒരു ചെറിയ അരുവിയും കാണാൻ സാധിക്കും. ഇടയ്ക്ക് Hillgrove എന്ന സ്റ്റേഷനിൽ നിർത്തിയപ്പോൾ സ്പെഷ്യൽ ട്രെയിൻ ആയതുകൊണ്ട് ചായയും സമോസയും ലഭിച്ചു
. ഇനിയും കുറയധികം പാലങ്ങളും കടന്നു വേണം കൂനൂർ എത്തുവാൻ. അങ്ങനെ 'മലകൾ, പുഴകൾ, പൂമരങ്ങൾ' ഒക്കെ കണ്ടു കൊണ്ട് ഏകദേശം 12 മണി കഴിഞ്ഞപ്പോൾ ഞങ്ങൾ കൂനൂർ സ്റ്റേഷനിൽ എത്തിച്ചേർന്നു. അവിടെ നിന്ന് 12 .35 നു പുറപ്പെടുന്ന ഉദഗമണ്ഡലം പാസ്സഞ്ചറിൽ വീണ്ടും ഫസ്റ്റ് ക്ലാസ് ടിക്കറ്റ് എടുത്തു: ടിക്കറ്റ് ചാർജ് 185 രൂപ. (ജനറലിൽ സീറ്റ് ഒഴിവു ഇല്ലായിരുന്നതിനാൽ). സ്റ്റേഷനിൽ തന്നെ ഉള്ള ഒരു ചെറിയ കടയിൽ നിന്ന് തൈര്ശാതം പാർസൽ വാങ്ങി. ഒരെണ്ണത്തിന് 20 രൂപ മാത്രമേയുള്ളു. ട്രെയിനിൽ കയറി ഉച്ചഭക്ഷണവും കഴിച്ചു ചെറിയൊരു മയക്കവും പാസ്സാക്കി. കൂനൂർ - ഊട്ടി റൂട്ടിൽ 3 തുരങ്കങ്ങൾ ആണുള്ളത്. മലയുടെ വശത്തു കൂടിയാണ് യാത്ര. ഏകദേശം 2 മണിയോടെ ട്രെയിൻ ഊട്ടി എത്തി. സ്പെഷ്യൽ ട്രെയ്‌നിൻ്റെ ചാർജ് കുറച്ചു കൂടുതലാണെങ്കിലും നമുക്കു ലഭിക്കുന്ന കാഴ്ചകൾ ഒരിക്കലും മറക്കാനാവില്ല. ഫസ്റ്റ് ക്ലാസ്സിലെ ആദ്യത്തെ സീറ്റ് കിട്ടുകയാണെങ്കിൽ ഏറ്റവും നല്ലത്.
അവിടെ റെയിൽവേ സ്റ്റേഷന് എതിർവശത്തുള്ള ഒരു വെജ് ഹോട്ടലിൽ നിന്ന് വീണ്ടും ശാപ്പാട്. അവിടെ നിന്ന് ഞങ്ങളുടെ ഹോംസ്റ്റേയിലേയ്ക്ക് 4km ഉണ്ട്. ഓട്ടോ അണ്ണൻ 200 രൂപ പറഞ്ഞത് 170 വരെയേ കുറയ്ക്കാൻ സാധിച്ചുള്ളൂ. Lovedale ജംഗ്ഷന് അടുത്തായിരുന്നു ഞങ്ങളുടെ ഹോംസ്റ്റേ. ഒരു 2BHK വീട്. അന്ന് അവിടെ വിശ്രമവും അടുത്ത ദിവസം പോകേണ്ട സ്ഥലങ്ങളുടെ ലിസ്റ്റ് തയ്യാറാക്കലും ആയി കഴിഞ്ഞു കൂടി. അടുത്ത ദിവസം ഒരു ടാക്സി ബുക്ക് ചെയ്ത് ദൊഡ്ഡബേട്ട പീക്ക് , ടീ ഫാക്ടറി, ചോക്ലേറ്റ് ഫാക്ടറി, സ്റ്റോൺ ഹൗസ്, ബോട്ട് ഹൗസ് എന്നീ സ്ഥലങ്ങൾ സന്ദർശിച്ചതിനു ശേഷം Lovedale ജംഗ്ഷനിൽ നിന്ന് തന്നെ SRS ബസും കയറി, രാവിലെ 5 മണിയോടെ ബാംഗ്ലൂർ എത്തി. നീലഗിരിയുടെ മടിത്തട്ടിലേയ്ക്കുള്ള ഞങ്ങളുടെ യാത്ര അവിസ്മരണീയമായ ഓർമ്മകൾ സമ്മാനിച്ചുകൊണ്ട് ശുഭമായി പര്യവസാനിച്ചു.