ഫഹദ് ഫാസിലിന്റെ ഹിറ്റ് ചിത്രമായ "ഇയോബിന്റെ പുസ്തകം" കണ്ടപ്പോൾ മുതലുള്ള ഒരു ആഗ്രഹമായിരുന്നു, സിനിമയിൽ ഉടനീളം നിറഞ്ഞു നിൽക്കുന്ന, തേയിലത്തോട്ടത്തിനു നടുവിലെ കുന്നിൻ മുകളിലുള്ള, കോടമഞ്ഞിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന, ബ്രിട്ടീഷ് കൊളോണിയൽ ശില്പ ചാതുര്യം നിറഞ്ഞു നിൽക്കുന്ന ആ ബംഗ്ലാവ് കാണുക എന്നുളളത്... 1868 ൽ ബേക്കർ ഫാമിലി പണികഴിപ്പിച്ച സമുദ്രനിരപ്പിൽ നിന്ന് നാലായിരം അടി ഉയരത്തിൽ ആയിരക്കണക്കിന് ഏക്കർ തേയിലത്തോട്ടത്തിന്റെ ഇടയിൽ സ്ഥിതി ചെയ്യുന്ന ആഷ്‌ലി ബംഗ്ലാവ്... കാണാക്കണ്മണി, മൂന്നാമതൊരാൾ തുടങ്ങിയ സിനിമകളിലെയും ബംഗ്ലാവും ഇത് തന്നെ.
ഒരു ദിവസം രാവിലെ ഒരു പ്ലാനിങ്ങുമില്ലാതെ പെട്ടെന്നാണ് ഞങ്ങൾ വാഗമൺ യാത്ര തുടങ്ങിയത്... കാഞ്ഞിരപ്പള്ളിയും മുണ്ടക്കയവും കഴിഞ്ഞു ഞങ്ങളുടെ ബ്രെസ്സ, ആയിരക്കണക്കിന് തണൽ മരങ്ങൾ അതിരിടുന്ന വളഞ്ഞു പുളഞ്ഞ K K റോഡിലൂടെ പതുക്കെ ഹൈറേഞ്ച് കേറാൻ തുടങ്ങി... നിറയെ പച്ചപ്പ് നിറഞ്ഞ K K റോഡിലൂടെയുള്ള യാത്ര മനസ്സിന് സന്തോഷവും ഡ്രൈവിങ്ങിനു ഹരവും പകരുന്ന ഒന്നാണ്... നാലും അഞ്ചും ഏക്കർ തോട്ടത്തിന് നടുവിൽ മതിൽകെട്ടുകളില്ലാത്ത പഴയകാല തറവാട് രീതിയിലുള്ള ഒരു വലിയ വീടും വലിയ ഒരു ജർമൻ ഷെപ്പേർഡ് പട്ടിയും ഒരു തോട്ടക്കാരനും ഉൾപ്പെടുന്ന കാഞ്ഞിരപ്പള്ളി അച്ചായന്മാരുടെ വീടുകൾ ഹൈറേഞ്ചിന്റെ മറ്റൊരു പ്രത്യകതയാണ്.
കുട്ടിക്കാനത്ത് നിന്നും വാഗമണ്ണിലേക്കുള്ള വഴിയിൽ ഏകദേശം 2 കിലോമീറ്റർ പിന്നിട്ടപ്പോഴാണ് ഒരു കറുത്ത ബോർഡ് ശ്രദ്ധയിൽ പെട്ടത്... ആഷ്‌ലി ബംഗ്ലാവ്... ബോർഡ് കണ്ട വഴിയേ വിടാൻ തന്നെ തീരുമാനിച്ചു... ബംഗ്ലാവിന്റെ വഴിയിലേക്ക് തേയില തോട്ടത്തിന്റെ ഇടയിലൂടെ രണ്ട് കിലോമീറ്റർ ഉള്ളിലേക്ക് മല കയറി... നേരെ ചെന്ന് നിന്നത് ആദ്യത്തെ നോ എൻട്രി ഗേറ്റിനു മുന്നിൽ... ഭാഗ്യത്തിന് ഗേറ്റ് പൂട്ടിയിരുന്നില്ല... എന്തായാലും മുന്നോട്ട് വച്ച കാൽ പിന്നോട്ടില്ല എന്നുദ്ദേശിച്ച് ഗേറ്റ് തുറന്നു പതുക്കെ മുന്നോട്ട്... വളഞ്ഞു പുളഞ്ഞ ചെമ്മൺ പാതയിലൂടെ ഏകദേശം ഒരു കിലോമീറ്റർ ചെന്നപ്പോൾ വഴി വളരെ മോശമാവാൻ തുടങ്ങി... തേയിലത്തോട്ടത്തിനിടയിൽ ഇടക്കിടക്ക് പ്രേത സിനിമകളിൽ കാണുന്ന പോലത്തെ ഇടിഞ്ഞു പൊളിഞ്ഞ പഴയകാല കെട്ടിടങ്ങൾ ഗാട്ട് റോഡിലൂടെ കല്ലിൽ കേറി ആടി ആടി കാർ പതുക്കെ മുന്നോട്ട്... ഒരു വണ്ടിക്ക് മാത്രം കടന്നു പോവാൻ പറ്റുന്ന റോഡിൻറെ ഒരു സൈഡ് മുഴുവൻ വിശാലമായ കുഴി ആണ് മോനെ കുഴി... എന്ന് വച്ചാൽ നേരെ ചൊവ്വേ വണ്ടി ഓടിച്ചില്ലേൽ ഇടതു വശത്തെ കുഴിയിൽ കിടക്കാനുള്ള സാധ്യത കൂടുതൽ ആണ്... ആ പ്രദേശത്തെങ്ങും ഒരു മനുഷ്യ ജീവിയെ കാണാൻ കൂടി ഇല്ല... സിനിമയിൽ ഇയ്യോബിന്റെ മകൻ അലോഷിയുടെ ബുള്ളറ്റ് കാതടിപ്പിക്കുന്ന ശബ്ദത്തോടെ പൊടി പാറിച്ചു പോയ വഴികൾ... ആദ്യം കടന്നു വന്ന നോ എൻട്രി ഗേറ്റ് വാച്ചർ പൂട്ടിയിട്ട് പോയാൽ ഇവിടെ പെട്ടു പോകുമല്ലോ...? ഇങ്ങനെയുള്ള അവസരങ്ങളിൽ പോസിറ്റീവ് ചിന്താഗതി ആണ് നല്ലത്... വാച്ചർ ഗേറ്റ് പൂട്ടില്ലെന്നുള്ള വിശ്വാസത്തിൽ വീണ്ടും മുന്നോട്ട്....
പൂത്തു നിൽക്കുന്ന വാകമരങ്ങൾക്കിടയിലൂടെ ഒരു ചെറിയ അരുവി റോഡ് മുറിച്ചു ഒഴുകുന്നുണ്ട്... പഴയ പോസ്റ്റുകൾ ചേർത്തിട്ട് ഒരു പാലം ഉണ്ടാക്കിയിട്ടുണ്ട്... മുകളിൽ നിന്ന് ഒഴുകി ഇറങ്ങുന്ന അരുവി താഴെ കണ്ണെത്താ ദൂരത്തോളം വിശാലമായ തേയിലത്തോട്ടത്തിനിടയിലേക്ക് അപ്രത്യക്ഷമാവുന്നു... ഇടക്കിടക്ക് കോട മഞ്ഞു കാഴ്ചയെ മറച്ചു കൊണ്ട് കടന്നു പോവുന്നു... ഇടക്ക് ഒരു ചേട്ടൻ വഴിയിൽ കൂടി വരുന്നു... വാച്ചർ ആയിരിക്കും പണി പാളിയല്ലോ എന്ന് വിചാരിച്ചിരിക്കുമ്പോൾ പഞ്ച പാവത്തിനെ പോലെ തോന്നിക്കുന്ന ആ ചേട്ടൻ ഞങ്ങളുടെ മുഖത്തു പോലും നോക്കാതെ നിലത്തോട്ടു നോക്കി നടന്നു പോയി... പാവം ചേട്ടനെ തെറ്റിദ്ധരിച്ചു... കുറച്ചു ചെന്നപ്പോൾ വീണ്ടും അടുത്ത നോ എൻട്രി ഗേറ്റ്... അവിടെ നിൽക്കുമ്പോൾ തന്നെ കോട മഞ്ഞിൽ കുളിച്ച് കുന്നൻ മുകളിൽ തലയുയർത്തി നിൽക്കുന്ന ആഷ്‌ലി ബംഗ്ലാവ് കാണാം...
നൂറ്റാണ്ടുകൾ പഴക്കമുള്ള വലിയ മരങ്ങൾക്കിടയിലൂടെ ഒരു കയറ്റം കയറി ചെല്ലുമ്പോൾ അവസാനത്തെ നോ എൻട്രി ഗേറ്റ്... അതും കടന്നു ബംഗ്ലാവിന്റെ മുറ്റത്തേക്ക്.... ബംഗ്ലാവിന്റെ മുറ്റത്തു നിന്നും 3 വഴികളാണ് ബംഗ്ലാവിലേക്ക്... ഇടതുവശത്തുടെയും വലതു വശത്തുടെയും വണ്ടി പോവാൻ പറ്റിയ വഴികളും മധ്യ ഭാഗത്തു കൂടി നടന്നു നേരെ ബംഗ്ലാവിലോട്ട് കേറാൻ ഉള്ള പടവുകളും... നാല് പടവുകൾ പോലെ കല്ല് കൊണ്ട് കെട്ടിയ നടകൾ കയറി വേണം ബംഗ്ലാവിന്റെ മുന്നിൽ എത്താൻ.. പതുക്കെ പടവുകൾ കയറി ഏറ്റവും മുകളിൽ ആ പ്രേത ബംഗ്ലാവിന്റെ മുന്നിൽ എത്തി. 150 വർഷം പഴക്കമുള്ള ബ്രിട്ടീഷ് വാസ്തുശില്പിയുടെ എല്ലാ സൗന്ദര്യവും ഉള്ള ആ ബംഗ്ലാവ് ഞങ്ങളുടെ മുന്നിൽ പകൽ പോലെ തെളിഞ്ഞു വന്നു. ബ്രിട്ടീഷുകാർ കീഴ് ജാതിക്കാരനെ കണ്ടിരുന്ന ബാൽക്കണിയും ബംഗ്ലാവിന്റെ ഉള്ളിലേക്ക് കയറാൻ ഉള്ള പടവുകളെല്ലാം അതു പോലെ തന്നെ.ഒരു ചെറിയ പേടിയോടെ ആണെങ്കിലും നടകൾ കയറി. എല്ലായിടത്തും നോക്കി ആരെയും കണ്ടില്ല. പ്രേത സിനിമകളിൽ നിറഞ്ഞു നിൽക്കുന്ന ഒരു ബംഗ്ലാവാണ് ആഷ്ലി ബംഗ്ലാവ്. ബംഗ്ലാവിന്റെ കർട്ടൺ മാറിക്കിടക്കുന്ന വിടവിലൂടെ ബ്രിട്ടീഷ് സാമ്രാജിത്വത്തിന്റെ ഇരിപ്പിടങ്ങളും ദിവാൻ കോട്ടും പഴയകാല തീൻമേശയും വ്യക്തമായി കാണാം.
നല്ല ഒരു വീഡിയോ ചെയ്യണം, പറ്റിയാൽ ഒരു ലൈവ് ഇടണം എന്നൊക്കെ വിചാരിച്ചു പടിക്കെട്ടിറങ്ങി താഴെയെത്തി ക്യാമറ എടുത്തു 2 ഫോട്ടോ എടുത്തു... പെട്ടെന്ന് ഒരു ചേട്ടൻ അതാ ബംഗ്ലാവ് തുറന്നു പടിക്കെട്ടിറങ്ങി താഴേക്ക് ഓടി വരുന്നു.. പണി പാളിയല്ലോ മോനേ... വന്ന ഉടനെ ചേട്ടന്റെ വക കുറെ ചോദ്യങ്ങൾ... "ആരോട് ചോദിച്ചിട്ടു വന്നു" , "എന്തിനു വന്നു", "എങ്ങനെ വന്നു"... "വേഗം സ്ഥലം വിട്ടോളു" എന്നും... വീഡിയോ ചെയ്യാനാണെന്നും ഫേസ്ബുക് എന്നും യൂട്യൂബ് എന്നും ഒക്കെ പറഞ്ഞിട്ടും ചേട്ടന് ഒറ്റ ഉത്തരം മാത്രമേ ഉള്ളു... വേഗം സ്ഥലം കാലിയാക്കൂ... 5 മിനിറ്റ് മാത്രം സമയം തന്നാൽ മതി പുറത്തു നിന്ന് വീഡിയോ എടുത്തോളാം എന്ന് പറഞ്ഞിട്ടും നോ രക്ഷ... അവസാന ശ്രമമായി 2 ഫോട്ടോ കൂടി എടുത്തോട്ടെ എന്ന് ചോദിച്ചിട്ടു പോലും ചേട്ടൻ സമ്മതിക്കുന്നില്ല... ചെയർമാൻ ഇപ്പോൾ ഇങ്ങോട്ട് വരുന്നുണ്ട്... പുള്ളി കൂടി നിങ്ങളെ കാണുകയാണെങ്കിൽ എനിക്കും പണി കിട്ടും എന്ന് കൂടി ചേട്ടൻ പറഞ്ഞപ്പോൾ ഞങ്ങൾ തിരിച്ചു പോരാൻ തീരുമാനിച്ചു... "നിങ്ങൾ ഇങ്ങോട്ട് വരുന്നുണ്ടെന്നു എന്നെ തോട്ടക്കാരൻ വിളിച്ചു പറഞ്ഞിരുന്നു" എന്നും കൂടി കേട്ടപ്പോൾ വരുന്ന വഴി ഇടയ്ക്കു വച്ച് കണ്ട പഞ്ച പാവം ചേട്ടൻ ആണ് എട്ടിന്റെ പണി തന്നതെന്നും മനസ്സിലായി...
കഷ്ടപ്പെട്ട് അത്രയും വരെ പോയിട്ടും നല്ല ഒരു ഫോട്ടോ പോലും എടുക്കാൻ കഴിയാത്തതിന്റെ വിഷമവുമായി നേരെ കുന്നിറങ്ങി കുട്ടിക്കാനം വാഗമൺ റോഡിലേക്ക്... വാഗമൺ മൊട്ടക്കുന്നുകളും പാലൊഴുകും പാറയും പൈൻ ഫോറെസ്റ്റും വാഗമൺ ലെയ്ക്കും വാശിയോടെ ഷൂട്ട് ചെയ്തു ആഷ്‌ലി ബംഗ്ലാവ് ഷൂട്ട് ചെയ്യാൻ പറ്റാത്തതിന്റെ വിഷമം മാറ്റി..
പ്രശസ്തമായ AVG ഗ്രൂപ്പിന്റെ ചെയർമാൻ A V ജോർജിന്റെ കൈവശം ആണ് ഇപ്പോൾ ബംഗ്ലാവ്... അദ്ദേഹം ഇടയ്ക്കു വന്നു താമസിക്കാനുള്ള വസതിയായും അല്ലാത്ത സമയങ്ങളിൽ സിനിമ ഷൂട്ടിങ്ങുകൾക്കും പ്ലാന്റെഷൻ റിസോർട്ട് ആയും ഇത് ഉപയോഗിക്കുന്നു... 2 മാസങ്ങൾ കഴിഞ്ഞു കോട്ടയം AVG നെക്സ ഷോറൂമിൽ പുതിയ S CRoss കാറിന്റെ വീഡിയോ ഷൂട്ട് ചെയ്യാൻ ക്ഷണം ലഭിക്കുകയുണ്ടായി... സംസാരത്തിനിടയിൽ ജനറൽ മാനേജർ നിനുവിനോട് ആഷ്‌ലി ബംഗ്ലാവിൽ പോയ കാര്യവും നോട്ടക്കാരൻ ഓടിച്ച കാര്യവും പറഞ്ഞു... എന്നെ ജസ്റ്റ് ഒന്ന് വിളിച്ചിരുന്നേൽ ഞാൻ ചെയർമാനോട് പറഞ്ഞു ഷൂട്ട് ചെയ്യാനുള്ള സൗകര്യം ഉണ്ടാക്കി താരമായിരുന്നല്ലോ എന്ന് അദ്ദേഹം... ഇനി അടുത്ത തവണ കുട്ടിക്കാനം വഴി പോകുമ്പോൾ പറഞ്ഞാൽ മതി ഷൂട്ടിംഗ് റെഡിയാക്കി തരാമെന്നും പറഞ്ഞു... പിന്നീട് നിരവധി തവണ അത് വഴി പോയെങ്കിലും നിനുവിനെ വിളിക്കാനും ആഷ്‌ലി ഷൂട്ട് ചെയ്യാനും ഇത് വരെ പറ്റിയിട്ടുമില്ല
NB: ആഷ്‌ലി ബംഗ്ലാവ് ഒരു പ്രൈവറ്റ് പ്രോപ്പർട്ടി ആണ്... അതിനാൽ തന്നെ അവർ പ്രവേശനം നിരോധിച്ചിരിക്കുന്നു... ഈ പോസ്റ്റ് കണ്ടിട്ട് ആഷ്‌ലി ബംഗ്ലാവ് കാണാൻ പോയിട്ട് കാണാൻ പറ്റിയില്ലെങ്കിൽ എന്നെ കുറ്റം പറയരുത്
By:- Rayees Rahim