യുഎസില്‍ ചില ഉപയോക്താക്കള്‍ക്ക് ക്രിപ്‌റ്റോകറന്‍സി ഇടപാട് നടത്താനുള്ള ഓപ്ഷന്‍ നല്‍കിയിരിക്കുകയാണ് വാട്‌സാപ്പ്. വാട്‌സാപ്പിന്റെ പാരന്റ് കമ്പനിയായ മെറ്റയുടെ ക്രിപ്‌റ്റോകറന്‍സി വാലറ്റായ നോവിയുമായി ബന്ധിപ്പിച്ചാണ് ഇടപാട്. പൈലറ്റ് പ്രോഗ്രാമായാണ് അവതരിപ്പിച്ചിരിക്കുന്നതെന്നതിനാല്‍ കുറഞ്ഞ ആളുകള്‍ക്ക് മാത്രമാണ് ഇപ്പോള്‍ ലഭ്യമാക്കിയിരിക്കുന്നത്. വാട്‌സാപ്പ് പേയ്ക്ക് സമാനമായി ഇടപാടുകള്‍ ചാറ്റില്‍ പ്രത്യക്ഷപ്പെടും.
ഉപയോക്താക്കള്‍ ആദ്യം നോവി അക്കൗണ്ടിലേക്ക് പണമിടണം. ഇത് യു.എസ്.ഡി.പി (പാക്‌സ് ഡോളര്‍) ആയി മാറും. ചട്ടപ്രകാരം സ്ഥാപിതമായ ധനകാര്യ സ്ഥാപനമായ പാക്‌സോസ് ട്രസ്റ്റ് കമ്പനിയുടെതാണ് യുഎസ്ഡിപി. യുഎസ് ഡോളറിന് തുല്യമായ സ്ഥിരതയുള്ള മൂല്യമുള്ള ഡിജിറ്റല്‍ കറന്‍സിയാണ് പാക്‌സ് ഡോളര്‍. അതായത്, ഒരു യുഎസ്ഡിപി എന്നാല്‍ ഒരു യു.എസ് ഡോളറാണ്.
നോവി അക്കൗണ്ടിലെ തുക ഉപയോക്താക്കള്‍ക്ക് സുരക്ഷിതമായി സൂക്ഷിക്കുകയോ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയോ ആവാം. ചാറ്റ് ചെയ്യുന്നതു പോലെ വളരെ ലളിതവും എളുപ്പവുമായിരിക്കും വാട്‌സാപ്പിലെ ക്രിപ്‌റ്റോ ഇടപാടെന്ന് നോവി മേധാവി സ്റ്റീഫന്‍ കാസ്രിയല്‍ വ്യക്തമാക്കുന്നു.
സര്‍വീസ് ചാര്‍ജ് അധികമായി ഈടാക്കാതെയുള്ള സുരക്ഷിത ഇടപാടിനാണ് നോവി ശ്രമിക്കുന്നത്. ഉപയോക്താക്കളില്‍ നിന്നുള്ള പ്രതികരണങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും പദ്ധതി വിപുലീകരണമമെന്നും അദ്ദേഹം വ്യക്തമാക്കി. ചാറ്റ് പോലെ തന്നെ സാമ്പത്തിക വിവരങ്ങളും എന്‍ക്രിപ്റ്റഡ് ആയിരിക്കുമെന്ന് വാട്‌സാപ്പ് വ്യക്തമാക്കി. നോവിയില്‍ അക്കൗണ്ടെടുക്കാന്‍ ഐ.ഡി, ഫോട്ടോ തുടങ്ങിയ രേഖകള്‍ ചോദിക്കുന്നുണ്ട്.