ലോകമെമ്പാടും കോടിക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന ജിമെയില്‍ അക്കൗണ്ടുകള്‍ക്ക് പുതിയൊരു സുരക്ഷാ മുന്നറിയിപ്പ് ഗൂഗിള്‍ പുറപ്പെടുവിച്ചു. ഹാക്കര്‍മാരുടെ ആക്രമണം വര്‍ധിച്ചുവരുന്നതിനാല്‍ ഉപയോക്താക്കള്‍ അവരുടെ പാസ്വേഡുകള്‍ ഉടന്‍ തന്നെ മാറ്റണമെന്നും, കരുത്തുറ്റതാക്കണമെന്നും ഗൂഗിള്‍ നിര്‍ദേശിക്കുന്നു. ലളിതമായ പാസ്വേഡുകള്‍ ഉപയോഗിക്കുന്നത് അക്കൗണ്ടുകള്‍ അപകടത്തിലാക്കുമെന്നും, സുരക്ഷയ്ക്കായി 'പാസ്‌കീ' സംവിധാനം ഉപയോഗിക്കുക മികച്ചതാണെന്നും കമ്പനി വ്യക്തമാക്കി.
സമീപകാലത്ത് എഐ അടിസ്ഥാനമാക്കിയുള്ള 'ഇന്‍ഡൈറക്ട് പ്രോംപ്റ്റ് ഇഞ്ചക്ഷന്‍സ്' എന്നൊരു പുതിയ തരത്തിലുള്ള സൈബര്‍ ആക്രമണത്തെക്കുറിച്ചും ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ ഭീഷണി വ്യക്തികളെയും സ്ഥാപനങ്ങളെയും സര്‍ക്കാരുകളെയും ഒരുപോലെ ലക്ഷ്യമിടാന്‍ സാധ്യതയുണ്ടെന്ന് ഗൂഗിള്‍ വ്യക്തമാക്കി.
അതേസമയം, സെയില്‍സ്ഫോഴ്‌സ് ഡാറ്റാബേസ് ഹാക്ക് സംഭവിച്ചതിനെത്തുടര്‍ന്ന് 2.5 ബില്യണ്‍ ജിമെയില്‍ അക്കൗണ്ടുകള്‍ക്ക് അപകടം ഉണ്ടാകാമെന്ന മുന്നറിയിപ്പും കമ്പനി പുറപ്പെടുവിച്ചിരുന്നു. ഗൂഗിള്‍ സപ്പോര്‍ട്ട് സ്റ്റാഫ് എന്ന പേരില്‍ വ്യാജ ഇമെയിലുകളും കോളുകളും വഴി ഉപയോക്താക്കളെ വഞ്ചിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു.
ഗൂഗിളിന്റെ പഠനമനുസരിച്ച്, വെറും 36 ശതമാനം ഉപയോക്താക്കളാണ് പാസ്വേഡുകള്‍ സ്ഥിരമായി മാറ്റാറുള്ളത്. മറ്റുള്ളവര്‍ ഉടന്‍ തന്നെ അവരുടെ പാസ്വേഡുകള്‍ അപ്‌ഡേറ്റ് ചെയ്യുകയും, ഒരേ പാസ്വേഡ് പല അക്കൗണ്ടുകളിലും ഉപയോഗിക്കുന്ന പ്രവണത ഒഴിവാക്കുകയും വേണമെന്ന് മുന്നറിയിപ്പുണ്ട്. ഗൂഗിളിന്റെ നിര്‍ദ്ദേശം വ്യക്തമാണ് സുരക്ഷിതമായ ജിമെയില്‍ ഉപയോഗത്തിനായി പാസ്‌കീ സംവിധാനമാണ് ഏറ്റവും വിശ്വസനീയ മാര്‍ഗം.